Image

മഴ: ഏഴ്‌ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി, സംസ്ഥാനത്ത്‌ ജാഗ്രതാ നിര്‍ദ്ദേശം

Published on 15 July, 2018
മഴ: ഏഴ്‌ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധി, സംസ്ഥാനത്ത്‌ ജാഗ്രതാ നിര്‍ദ്ദേശം
കോഴിക്കോട്‌ : കനത്ത മഴയെത്തുടര്‍ന്ന്‌ സംസ്ഥാനത്തെ ഏഴ്‌ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി,പത്തനംതിട്ട, തിരുവനന്തപുരം,കൊല്ലം, എറണാകുളം,കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്‌ച അവധിയാണ്‌. പൊതുപരീക്ഷകള്‍,സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങിയവയക്ക്‌ മാറ്റമില്ല. ഇന്നലെ മുതല്‍ ശക്തമായ കാറ്റോടുകൂടി പെയ്യുന്ന മഴ പലയിടത്തും വ്യാപകമായ നാശമുണ്ടാക്കി. വൈദ്യുതി വിതരണത്തെയും ബാധിച്ചിട്ടുണ്ട്‌.

ശക്തമായ മഴയേ തുടര്‍ന്ന്‌  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശംപുറപ്പെടുവിച്ചു. ജൂലായ്‌ 17 വരെ അതിശക്തമായ മഴ ലഭിക്കും എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണ്‌ പൊതുജനങ്ങള്‍ക്കുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു

തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്‌ക്ക്‌ കാരണമാകാമെന്നാണ്‌ അതോറിറ്റി പറയുന്നത്‌. അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ചുവടെ:

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത്‌ (രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ്‌ ഉയരുവാന്‍ സാധ്യതയുണ്ട്‌. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത്‌ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

മലയോര മേഘലയിലെ റോഡുകള്‍ക്ക്‌ കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്‌ എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
മരങ്ങള്‍ക്ക്‌ താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന്‌ അഭ്യര്‍ത്ഥിക്കുന്നു
ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത്‌ എന്ന്‌ പൊതുജനങ്ങളോട്‌ അഭ്യര്‍ത്ഥിക്കുന്നു
പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക