Image

മീരാജാസ്‌മിന്‍ തിരിച്ചെത്തുന്നു...

Published on 28 March, 2012
മീരാജാസ്‌മിന്‍ തിരിച്ചെത്തുന്നു...
മീരാജാസ്‌മിന്‍ എവിടെയാണ്‌...പ്രേക്ഷകരും സിനി. മക്കാരും ഒരുപോലെ ചോദിച്ചുകൊണ്ടിരുന്ന ചോദ്യമാണിത്‌. ഏറെക്കാലമായി മീരാജാസ്‌മിനെക്കുറിച്ച്‌ ഒരു അറിവുമുണ്ടായിരുന്നില്ല. തെന്നിന്ത്യയിലെമ്പാടും നിറഞ്ഞു നിന്ന മീര കഴിഞ്ഞ ഒരു വര്‍ഷമായി ഒരു സിനിമയിലും അഭിനയിച്ചിരുന്നില്ല. പൂര്‍ണ്ണമായും സിനിമാലോകത്തെ മീരയും മീരയെ സിനിമാലോകവും ഉപേക്ഷിച്ച അവസ്ഥ.

എന്നാലിപ്പോള്‍ മീരാജാസ്‌മിന്‍ തിരിച്ചെത്തുന്നു എന്നതാണ്‌ പുതിയ വാര്‍ത്ത. മലയാളത്തിലേക്ക്‌ മീരയുടെ മടങ്ങിവരവ്‌ ചെറിയ രീതിയിലുമല്ല. മീരയുടെ പ്രീയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെയാണ്‌ മീരയുടെ രണ്ടാംവരവ്‌. മോഹന്‍ലാലാണ്‌ ഈ ചിത്രത്തില്‍ നായകന്‍. സ്‌നേഹവീടിനു ശേഷം വീണ്ടും ലാലും സത്യനും ഒന്നിക്കുന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ്‌ നടത്തുമ്പോള്‍ മീരാജാസ്‌മിന്‌ വീണ്ടും മലയാള സിനിമയില്‍ ഒരു സ്ഥാനം ലഭിക്കുമെന്ന്‌ കരുതാം.

ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലാണ്‌ സത്യന്‍ അന്തിക്കാടും മീരാജാസ്‌മിനും അവസാനമായി ഒന്നിച്ചത്‌. അതിനു മുമ്പ്‌ വിനോദയാത്ര, രസതന്ത്രം, അച്ചുവിന്റെ അമ്മ എന്നീ സത്യന്‍ അന്തിക്കാട്‌ ചിത്രങ്ങളിലും മീര നായികയായിരുന്നു. സത്യന്‍ അന്തിക്കാട്‌ സിനിമകളിലൂടെ മീരാജാസ്‌മിന്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട്‌ മലയാള സിനിമയിലെ താരസംഘടനയായ അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങളെതുടര്‍ന്നും ലൊക്കേഷനുകളില്‍ സ്ഥിരമായി വൈകിയെത്തുന്നുവെന്ന നിര്‍മ്മാതാക്കളുടെ പരാതിയെ തുടര്‍ന്നും മീരാജാസ്‌മിന്റെ മലയാള സിനിമയിലെ കരിയര്‍ താളം തെറ്റി. പ്രമുഖ സംവിധായകര്‍ തന്നെ മീരക്കെതിരെ ശക്തമായി രംഗത്തു വന്നു. ഇതോടെ മലയാളത്തില്‍ നിന്നും വിട്ടു നിന്ന മീരക്ക്‌ തമിഴിലും തെലുങ്കിലും കൂടെ അവസരങ്ങള്‍ നഷ്‌ടമായതിനെ തുടര്‍ന്ന്‌ സിനിമയില്‍ നിന്നും തന്നെ മാറി നില്‍ക്കേണ്ടി വന്നു. ഒരുവര്‍ഷം മുമ്പ്‌ അവര്‍ അഭിനയിച്ച ഫോര്‍ ഫ്രെണ്ട്‌സ്‌, പാട്ടിന്റെ പാലാഴി എന്നീ രണ്ടു സിനിമകളും തികഞ്ഞ പരാജയങ്ങളായത്‌ അവരെ സിനിമയില്‍ നിന്നും പൂര്‍ണ്ണമായി അകറ്റി.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മീരയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോലും അപ്രത്യക്ഷമായിരുന്നു. മാന്‍ഡലിന്‍ വിദഗ്‌ധന്‍ രാജേഷുമായുള്ള മീരയുടെ പ്രണയം തകര്‍ന്നുവെന്നും അതാണ്‌ മീര സിനിമയില്‍ നിന്നും മാറാനുള്ള കാരണങ്ങളെന്നും പറയപ്പെടുന്നു. എന്തായാലും ഹൈദ്രബാദിലെ താമസം അവസാനിപ്പിച്ച്‌ മീര ഇപ്പോള്‍ കേരളത്തിലുണ്ട്‌. സിനിമകളില്‍ നിന്നും തത്‌കാലത്തേക്ക്‌ വീട്ടു നിന്നുകൊണ്ട്‌ സ്വന്തം കുടുംബത്തോടെപ്പം കഴിയുകയാണ്‌ മീരാജാസ്‌മിന്‍. ഒരുകാലത്ത്‌ വീട്ടുകാരുമായി നിലനിന്ന പ്രശ്‌നങ്ങളെല്ലാം അവര്‍ക്കിടയില്‍ പരിഹരിക്കപ്പെട്ടു കഴിഞ്ഞു. ഇനി സിനിമയിലേക്കില്ല എന്ന തീരുമാനം പോലും മീര എടുത്തിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

എന്നാല്‍ മീരയെ പോലെ ഒരു നടിക്ക്‌ തീര്‍ച്ചയായും മലയാള സിനിമയില്‍ ഒരു സ്ഥാനമുണ്ടെന്ന തിരിച്ചറിവില്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധമാണ്‌ ഇപ്പോള്‍ സിനിമയിലേക്ക്‌ ഒരു രണ്ടാംവരവിന്‌ കാരണം. മീരയുമായി നല്ല ബന്ധമുണ്ടായിരുന്ന സത്യന്‍ അന്തിക്കാടും തന്റെ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക്‌ വരാന്‍ മീരയെ നിര്‍ബന്ധിച്ചു. അങ്ങനെയാണ്‌ ഇപ്പോള്‍ ലാല്‍ പ്രോജക്‌ടിന്റെ ഭാഗമായി മീര എത്തുന്നത്‌.

മീരയുടെ മടങ്ങിവരവില്‍ മലയാള സിനിമയിലെ ഒരു വിഭാഗം അസംതൃപ്‌തരാണെന്നും പറയപ്പെടുന്നു. മീരയെ വീണ്ടും മലയാള സിനിമയുടെ ഭാഗമായി എത്തിക്കുന്നത്‌ ഒഴിവാക്കണമെന്ന താത്‌പര്യമുള്ളവര്‍ ലാല്‍ ചിത്രത്തില്‍ നിന്നും മീരയെമാറ്റാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ്‌ അണിയറ സംസാരം. എന്തായാലും മലയാളത്തില്‍ മീരാജാസ്‌മിന്‍ സത്യന്‍ അന്തിക്കാടു ചിത്രത്തിലൂടെ തിരിച്ചെത്തുമെന്ന്‌ തന്നെ പ്രതീക്ഷിക്കാം.
മീരാജാസ്‌മിന്‍ തിരിച്ചെത്തുന്നു...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക