Image

പരാജയങ്ങളുടെ കാലം കഴിഞ്ഞു, തെന്നിന്ത്യയാകെ കളം നിറഞ്ഞ് മമ്മൂട്ടി

Published on 16 July, 2018
പരാജയങ്ങളുടെ കാലം കഴിഞ്ഞു,  തെന്നിന്ത്യയാകെ കളം നിറഞ്ഞ് മമ്മൂട്ടി
കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മോശം വര്‍ഷങ്ങളായിരിക്കാം. തുടരെ തുടരെ ഇരുപതോളം സിനിമകളാണ് പരാജയപ്പെട്ടത്. അതും വന്‍ പരാജയങ്ങള്‍ മാത്രം. മമ്മൂട്ടിയുടെ ഇന്‍ഷ്യല്‍ കുറഞ്ഞ് ഒരു ചെറുതാരങ്ങളുടേതിനൊപ്പമെത്തി. നിരൂപകര്‍ മുതല്‍ ആരാധകര്‍ വരെ വിമര്‍ശിക്കാന്‍ തുടങ്ങി. അതേ സമയം പുലിമുരുകന്‍ പോലെയുള്ള വമ്പന്‍ സിനിമകളുമായി മോഹന്‍ലാല്‍ കുതിപ്പ് തുടരുകയും ചെയ്യുകയായിരുന്നു.
ടാപ്പിംഗ് കാലം കഴിയാറായ റബര്‍ മരം സ്ലോട്ടര്‍ വെട്ടുന്നത് പോലെ മമ്മൂട്ടി തന്‍റെ താരമൂല്യത്തെ സോട്ടര്‍ വെട്ടാന്‍ കൊടുത്തിരിക്കുകയാണ് എന്നുവരെയായി വിമര്‍ശങ്ങള്‍. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും അതിജീവിച്ച് മമ്മൂട്ടി വീണ്ടും കളം നിറഞ്ഞിരിക്കുന്നു. 
മലയാളത്തില്‍ ഏബ്രഹാമിന്‍റെ സന്തതികളെ വിജയത്തിലെത്തിച്ചുകൊണ്ട് വമ്പന്‍ തിരിച്ചു വരവ്. ചിത്രം ഇരുപത് കോടി ക്ലബിലെത്തിയതോടെ ആരാധകരും സന്തോഷത്തിലായി. തുടര്‍ന്ന് തെലുങ്കിലെ യാത്രയുടെ ടീസര്‍ എത്തുന്നു. ശബ്ദവും സൗന്ദര്യവും കൊണ്ട് വെറും മുപ്പത് സെക്കന്‍റ് ടീസറിലൂടെ മമ്മൂട്ടി വിസ്മയിപ്പിച്ചു. തെന്നിന്ത്യന്‍ സിനിമയാകെ രാജശേഖര റെഡ്ഡിയായിട്ടുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടം കണ്ട് അത്ഭുതം കൊണ്ടു. 
ഇപ്പോഴിതാ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന്‍റെ ടീസറും എത്തിയിരിക്കുന്നു. വിദേശ ഫെസ്റ്റിവെലുകളില്‍ വലിയ പ്രശംസകള്‍ ഏറ്റുവാങ്ങിയിട്ടാണ് പേരന്‍പ് റിലീസിനൊരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ തന്നെ പുത്തന്‍ ഏടാകുമെന്നാണ് പേരന്‍പിനെക്കുറിച്ച് നിരൂപകര്‍ പറയുന്നത്. പേരന്‍പിലൂടെ മമ്മൂക്കയ്ക്ക് ദേശിയ പുരസ്കാരം ഉറപ്പെന്നും പറയപ്പെടുന്നു. പേരന്‍പിലെ ടീസറിലെ മമ്മൂക്കയുടെ പ്രകടനം കാണുമ്പോള്‍ തന്നെ അറിയാം ചിത്രത്തിന്‍റെ റേഞ്ച് മറ്റൊരു തലത്തില്‍ തന്നെയാകുമെന്ന്. 
എന്തായാലും തിരിച്ചുവരവില്‍ തെന്നിന്ത്യയെയാകെ തന്നെ പിടിച്ചു കുലുക്കികൊണ്ടാണ് മമ്മൂട്ടി മടങ്ങിയെത്തുന്നത് എന്നത് ആരാധകര്‍ക്ക് ഏറ്റവും ആശ്വാസം പകരുന്നതാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക