Image

ചേലക്കര സെന്റ് ജോര്‍ജ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന മുടങ്ങി

Published on 16 July, 2018
ചേലക്കര സെന്റ് ജോര്‍ജ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന മുടങ്ങി
ചേലക്കര: ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടരുന്ന ചേലക്കര സെന്റ് ജോര്‍ജ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന മുടങ്ങി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി കോടതിവിധി വന്നശേഷമുള്ള ആദ്യ ഞായറാഴ്ചയിലെ കുര്‍ബാനയാണ് മുടങ്ങിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് റിസീവറായ വില്ലേജ് ഓഫീസര്‍ പള്ളി തുറന്നുകൊടുക്കാതിരുന്നതാണ് കാരണം. പള്ളിക്ക് പുറത്ത് യാക്കോബായ വിഭാഗം പ്രാര്‍ഥന നടത്തി.

ശനിയാഴ്ച വൈകീട്ടുണ്ടായ സംഘര്‍ഷാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചയും വലിയ പോലീസ് സംഘം പള്ളിക്ക് അടുത്തുണ്ടായിരുന്നു. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മുന്‍ ഞായറാഴ്ചകളില്‍ റിസീവര്‍ ഓരോ വിഭാഗത്തിനും സമയക്രമം നിശ്ചയിച്ച് ആരാധനയ്ക്ക് പള്ളി തുറന്നുകൊടുക്കുകയായിരുന്നു. മൂന്നുദിവസംമുമ്പാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി വിധി വന്നത്. ഇത് അംഗീകരിക്കാന്‍ യാക്കോബായ വിഭാഗം തയ്യാറായില്ല.

ഞായറാഴ്ച രാവിലെ പതിവുപോലെ കുര്‍ബാനയ്ക്കായി ഇരുവിഭാഗവും പള്ളിക്ക് പുറത്തെത്തി. യാക്കോബായ വിശ്വാസികള്‍ പള്ളിക്കവാടത്തിന് മുന്നില്‍ നിലയുറപ്പിച്ചു. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും യാക്കോബായ വിശ്വാസികള്‍ തയ്യാറായില്ലെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത മാര്‍ ഏലിയാസ് അത്തനാസിയോസിന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ പ്രധാന കവാടത്തിന് മുന്നില്‍ നിലയുറപ്പിച്ചു. ഒടുവില്‍ ഒരുമണിയോടെ ഇരുവിഭാഗവും പിരിഞ്ഞുപോയി.

ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയല്ലെന്നും സഭാതര്‍ക്കപരിഹാരത്തിന് ഏത് ഉടമ്പടിക്കും യാക്കോബായസഭ തയ്യാറാണെന്നും തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത മാര്‍ ഏലിയാസ് അത്തനാസിയോസ് പറഞ്ഞു.

റവന്യൂ-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനുള്ള സാഹചര്യം ഒരുക്കാത്തത് കോടതിവിധിയുടെ ലംഘനമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാവികാരി ഫാ. കെ.പി. ഐസക് പറഞ്ഞു.

സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് പള്ളി തുറന്നുകൊടുക്കാതിരുന്നതെന്ന് തഹസില്‍ദാര്‍ ഇ.എന്‍. രാജു പറഞ്ഞു. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക