Image

സമാധാനത്തിന്റെ ടോയ്‌ലെറ്റ് (ജോര്‍ജ് തുമ്പയില്‍: ലൗഡ് സ്പീക്കര്‍ 40)

ജോര്‍ജ് തുമ്പയില്‍ Published on 17 July, 2018
സമാധാനത്തിന്റെ ടോയ്‌ലെറ്റ് (ജോര്‍ജ് തുമ്പയില്‍: ലൗഡ് സ്പീക്കര്‍ 40)
ട്രംപും ഉന്നും തമ്മിലുള്ള സമാധാന ഉടമ്പടി സ്ഥലത്തു നിന്നും കൗതുകം ജനിപ്പിക്കുന്ന ഒരു വാര്‍ത്ത പിറന്നു. അത് ഇങ്ങനെ, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായാണത്രേ. വിദേശരാജ്യങ്ങളിലെ ചാരസംഘടനകള്‍ തന്റെ ആരോഗ്യവിവരങ്ങള്‍ ശേഖരിക്കാതിരിക്കുന്നതിനാണ് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം എത്തിയതെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അങ്ങനെയൊന്നും കിമ്മിനെ തോല്‍പ്പിക്കാനാവില്ലെന്ന് ഇതോടെ വ്യക്തം. ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗിന്റെ സ്വകാര്യ ജറ്റ് വിമാനത്തിലാണു കിം സിംഗപ്പൂരിലെത്തിയത്. സെന്റ് റീജിസ് ഹോട്ടലിലാണ് കിം തങ്ങിയത്. വിദേശയാത്ര നടത്തുമ്പോഴൊക്കെ കിം ഇങ്ങനെയാണോ എന്നു ചോദിക്കണ്ട്. കാരണം, ഇതിനുമുമ്പ് കിം രണ്ടുതവണമാത്രമാണ് വിദേശയാത്ര നടത്തിയിട്ടുള്ളത്. അതാവട്ടെ, രണ്ടും പ്രത്യേക ട്രെയിനില്‍ ബെയ്ജിംഗിലേക്കായിരുന്നു. അതു കൊണ്ട് തന്നെ പ്രത്യേക ടോയ്‌ലെറ്റിന്റെ ആവശ്യം അന്നില്ലായിരുന്നു. ഇനി സഞ്ചരിക്കുന്ന ടോയ്‌ലെറ്റിന്റെ ആവശ്യം കൂടുമെന്നാണ് വാര്‍ത്തകള്‍. കാരണം, കിം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സമാധാനം വര്‍ദ്ധിപ്പിക്കാനായി യാത്ര ചെയ്യാന്‍ ഒരുങ്ങുകയാണത്രേ. എന്തായാലും, അവിടൊക്കെയും ഈ ടോയ്‌ലെറ്റ് ഒരു താരമായി മാറാനാണ് സാധ്യത. സമാധാനവും ടോയ്‌ലെറ്റും തമ്മിലുള്ളത് അഭേദ്യമായ ബന്ധമാണെന്നു മാന്യവായനക്കാര്‍ക്ക് ഇപ്പോഴെങ്കിലും മനസ്സിലായില്ലേ?

*** ***** *****

നിധി തേടി നടക്കുന്നവരെക്കുറിച്ച് നാം എവിടെയൊക്കെ വായിച്ചിരിക്കുന്നു. നിധിവേട്ടക്കാരെക്കുറിച്ചല്ല ഈ കുറിപ്, മറിച്ച് ഒരു നിധിയെക്കുറിച്ചാണ്. കാലങ്ങളായി അടഞ്ഞു കിടക്കുന്ന ഈ വീട്ടീല്‍ നിന്ന് കണ്ടെടുത്തത് വലിയൊരു കുടം. അതില്‍ നിറയെ പൊന്നിന്‍ നാണയങ്ങളും. കടംകഥയല്ല. നടന്ന സംഭവം. അതും ഫ്രാന്‍സിലെ ക്രുംപെറില്‍. വീട് പൊളിക്കാനെത്തിയവര്‍ കണ്ടെടുത്ത ഈ കുടത്തില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള നിധിയാണ് കണ്ടത്. 1870 ല്‍ പുറത്തിറക്കിയ 600 ബെല്‍ജിയം സ്വര്‍ണനാണയങ്ങള്‍. അവിശ്വസനീയം എന്നേ പറയേണ്ടു. . വീട് പൊളിച്ചുനീക്കാനെത്തിയ സംഘമാണ് വീടിന്റെ സ്‌റ്റോര്‍ റൂമില്‍നിന്ന് നിധി കണ്ടെത്തിയത്. ഈയംകൊണ്ടുണ്ടാക്കിയ ഒരു കുടത്തിനുള്ളിലായിരുന്നു സ്വര്‍ണനാണയങ്ങള്‍ സൂക്ഷിച്ചിരുന്നത്. അതു കൊണ്ടു തന്നെ സ്വര്‍ണത്തിനൊന്നും തെല്ലും ശോഭ നഷ്ടപ്പെട്ടിരുന്നില്ല. മൂല്യം വച്ചു നോക്കിയാല്‍ കോടിക്കണക്കിനു രൂപ വരും. അതായത് പഴമയുടെ മൂല്യമാണ് ഇതിന്റെ ശോഭ വര്‍ദ്ധിപ്പിക്കുന്നത്. എന്തായാലും നിധി കണ്ടവര്‍ അതു സ്വന്തമാക്കി വീട്ടില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചില്ല. അവരതു നേരെ, പോലീസിന് കൈമാറി. ഫ്രാന്‍സില്‍ പലേടത്തും ഇത്തരം നിധികള്‍ ഇതിനു മുന്‍പും കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇവിടെ ഇത്തരം നിധികള്‍ കൈകാര്യം ചെയ്യുന്നതിനു വേണ്ടി നിയമവും ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ച് ഈ നിധികള്‍ കണ്ടെത്തിയാല്‍ അതില്‍ പകുതി നിധി ഇരുന്ന സ്ഥലത്തിന്റെ ഉടമസ്ഥനും ബാക്കി പകുതി നിധി കണ്ടെടുത്തയാള്‍ക്കും അവകാശപ്പെട്ടതാണ്. വേറെ വല്ല രാജ്യത്തുമായിരുന്നുവെങ്കില്‍ അതു സര്‍ക്കാര്‍ സ്വന്തമാക്കിയേനെ. അതു കൊണ്ടു തന്നെ അങ്ങനെ കിട്ടുന്നവര്‍ അതൊന്നും തന്നെ പോലീസിനെ അറിയിക്കാതെയിരുന്നെനേ. എന്തായാലും നിധി വേട്ടക്കാര്‍ ഇനി ക്രുംപെറില്‍ തമ്പടിക്കുമെന്ന് ഉറപ്പ്. അടച്ചിട്ടിരിക്കുന്ന കൊട്ടാരക്കെട്ടുകളിലെ പഴയ കുടത്തില്‍ എവിടെയെങ്കിലും ഒരു സ്വര്‍ണ്ണനാണയം എങ്കിലും ഒളിച്ചിരിപ്പുണ്ടാവുമെന്ന് അവര്‍ക്കറിയാം. അതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ കഥകളാവാം ഇനി കേള്‍ക്കാന്‍ പോവുക.

*** ***** *****

ബിഎംഡബ്ല്യൂ ആഗ്രഹിക്കുന്നത് ഒരു തെറ്റാണോ? ഒരു തെറ്റുമില്ല. ജീവിച്ചിരിക്കുമ്പോള്‍ സ്വന്തമാക്കാന്‍ ഏറെ കൊതിച്ചു. സാധിച്ചില്ല. മരിച്ചു കഴിഞ്ഞപ്പോള്‍ മക്കള്‍ അറിഞ്ഞു അച്ഛന് അങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നുവെന്ന്. അച്ഛന്റെ ആഗ്രഹമല്ലേ. എന്നാല്‍ പിന്നെ അതു നടത്തി കൊടുത്തിട്ടു തന്നെ കാര്യമെന്നായി മക്കള്‍. നേരെ പോയി, പുതിയ ബിഎംഡബ്ല്യു ഒരെണ്ണം വാങ്ങി. വില ഏതാണ്ട് 70,000 യുഎസ് ഡോളര്‍. നേരെ അപ്പന്റെ ജഡം അതിനകത്താക്കി. വലിയൊരു കുഴിയെടുത്തു. മിന്നുന്ന ബിഎംഡബ്ല്യു കാര്‍ അപ്പാടെ കുഴിച്ചു മൂടുക. എന്തൊക്കെയാണ് ഈ കേള്‍ക്കുന്നത്. തികച്ചും സത്യം തന്നെ. സംഭവം നടന്നത് നൈജീരിയയിലാണ്. അസുബൂക്കി എന്നാണ് മരണപ്പെട്ടയാളുടെ പേര്. അദ്ദേഹത്തിന് ബിഎംഡബ്ല്യൂ കാറുകളോട് അഗാധമായ പ്രേമമായിരുന്നുവത്രേ. നൈജീരിയയിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലായ നൈജിയാണ് ഈ കൗതുകവാര്‍ത്ത പുറത്തു വിട്ടത്. അതോടെ ലോകമാധ്യമങ്ങളും സംഭവം ഏറ്റെടുത്തു. എന്നാല്‍ ഇതു നൈജീരിയയില്‍ മാത്രമുള്ള സംഭവമാണെന്നു പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ. സമാനമായ സംഭവം ചൈനയിലും നടന്നു. അവിടെ പക്ഷേ ബിഎംഡബ്ല്യു ആയിരുന്നില്ല നായകന്‍. ഒരു സില്‍വര്‍ഗ്രേ നിറത്തോടു കൂടിയ സെഡാന്‍ കാറായിരുന്നു. ചൈനയിലെ ബവോഡിംഗ് പ്രദേശത്താണ് സംഭവം നടന്നത്. ശവപ്പെട്ടിക്കു പകരം മരണപ്പെട്ടയാള്‍ അവസാനമായി ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന്റെ കാറു തന്നെയാണ് ഇവിടെ ശവപ്പെട്ടിയായി ഉപയോഗിച്ചത്. അദ്ദേഹത്തെ കിടത്തിയ കാര്‍ ഒരു എക്‌സ്‌കവേറ്ററിന്റെ സഹായത്തോടെയാണ് കുഴിയിലേക്ക് ഇറക്കിയത്. അതിനു ശേഷം മണ്ണിട്ടു മൂടുകയും ചെയ്തു.എന്തായാലും ഈ അസാധാരണമായ മൃതസംസ്‌കാര ചടങ്ങുകളുടെ ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഈ രണ്ടു സംഭവങ്ങളും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ലോകത്ത് ഇങ്ങനെ എത്രയെത്ര വൈവിധ്യമാര്‍ന്ന സംഭവങ്ങള്‍ നടക്കുന്നു. മനുഷ്യര്‍ക്കെന്താ ഭ്രാന്തുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇതു ഭ്രാന്തല്ല, അതിനും മുകളിലുള്ള മാനസിക വിഭ്രാന്തിയെന്നേ പറയേണ്ടതുള്ളു.







സമാധാനത്തിന്റെ ടോയ്‌ലെറ്റ് (ജോര്‍ജ് തുമ്പയില്‍: ലൗഡ് സ്പീക്കര്‍ 40)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക