Image

മതം, ജാതി, ഉപജാതികള്‍.. പിന്നെ മദം പൊട്ടിയ മനുഷ്യരും! (ജീന രാജേഷ് )

ജീന രാജേഷ് Published on 17 July, 2018
മതം, ജാതി, ഉപജാതികള്‍.. പിന്നെ മദം പൊട്ടിയ മനുഷ്യരും! (ജീന രാജേഷ് )
എന്താണ് മതം? എന്താണ് അവ നമുക്ക് പകര്‍ന്നു തരുന്ന പാഠം? സാമൂഹിക ജീവിയായ മനുഷ്യനെ സന്മാര്‍ഗ്ഗ ജീവി കൂടിയാക്കുക എന്നതാണ് ഓരോ മതത്തിന്റെയും ലക്ഷ്യമെന്ന് നമുക്ക് വളരെ പ്രത്യക്ഷത്തില്‍ കാണാം. അപരിമേയമായ ഒരു ശക്തിയിലുള്ള വിശ്വാസമാണ് ഭൂമിയിലേറെ മനുഷ്യരെയും ജീവിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നത്. നന്മ തിന്മകളുടെ പാഠങ്ങളിലൂടെ സമൂഹത്തില്‍ അടിസ്ഥാന പരമായി വേണ്ടുന്ന അച്ചടക്കവും നന്മയും നിലനിര്‍ത്താനാണ് ഓരോ മതങ്ങളുടെയും ശ്രമം. 

ബൈബിള്‍ ആകട്ടെ, ഭഗവത് ഗീതയാകട്ടെ ഖുറാനാകട്ടെ മാനുഷിക മൂല്യങ്ങളെക്കുറിച്ചും നന്മ തിന്മകളെക്കുറിച്ചുമുള്ള പാഠങ്ങളാണ് നമുക്കെല്ലാം പറഞ്ഞു തരുന്നത്.

കാലാ കാലങ്ങളായി പലരും മതഗ്രന്ഥങ്ങളെ വ്യാഖ്യാനം ചെയ്യുകയും സാധാരണ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്തു പോരുന്നു. ഇവരെക്കുറിച്ച് ഒന്ന് ചിന്തിക്കുക; അവരും നമ്മളെപ്പോലെ കേവല മനുഷ്യരാണ്. മതഗ്രന്ഥങ്ങളെ സാമൂഹിക നന്മക്കുപകരിക്കുന്ന രീതിയില്‍ വ്യഖ്യാനം ചെയ്യുന്നവരോടൊപ്പം തന്നെ അതിനെ തങ്ങളുടെ സൌകര്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി പലതരത്തില്‍ വ്യഖ്യാനിച്ച് സാമാന്യ ജനത്തെ ആശയക്കുഴപ്പത്തില്‍ ആക്കുന്നവരുമുണ്ട്. ഓര്‍ക്കുക! ഇത് കാലാ കാലങ്ങളായി നടന്നു പോരുന്ന ഒരു പ്രക്രിയയാണ്. പ്രാചീനങ്ങളായ പല മതങ്ങളും ഇന്ന് വളച്ചൊടിക്കപ്പെട്ട ചരിത്രത്തിന്റെയും ദുര്‍വ്യാഖ്യാനങ്ങളുടെയും ഇടയില്‍ ശ്വാസം മുട്ടുകയാണ്. ലോക നന്മക്കുതകുന്ന രീതിയില്‍ എഴുതി വയ്ക്കപ്പെട്ടിട്ടുള്ള പല ശ്ലോകങ്ങളും വചനങ്ങളുമൊക്കെ പലരും പല രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ സാമാന്യ ജനങ്ങളായ നമുക്കെന്തു ചെയ്യാനാവും? അതീവ ജാഗ്രതയോടെ ഇത്തരം സാഹചര്യങ്ങളെ സമീപിക്കുകയല്ലാതെ! നമുക്ക് സത്യവും നീതിയും അന്വേഷിച്ചേ മതിയാവൂ.

മാര്‍ക്‌സ് പറയുന്നതൊന്നു കേള്‍ക്കൂ... 'മതപരമായ വ്യഥ ഒരേസമയം തന്നെ യഥാര്‍ത്ഥ വ്യഥയുടെ പ്രകടനവും യഥാര്‍ത്ഥ വ്യഥയോടുള്ള പ്രതിഷേധവുമാണ്. മതം അടിച്ചമര്‍ത്തപ്പെട്ടവന്റെ ദീര്‍ഘനിശ്വാസമാണ്, ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണ്, ആത്മാവില്ലാത്ത സാഹചര്യങ്ങളുടെ ആത്മാവാണ്' ശരിയാണത്! ദുരിത പര്‍വ്വങ്ങളില്‍ പെട്ടുഴലുന്നവര്‍ക്ക് അപരിമേയമായ ഒരു ശക്തിയില്‍ ഉറച്ചു വിശ്വസിക്കാതെ വയ്യ! വ്യഥകളുടെ അവസാനം തനിക്കൊരു നന്മ വരുമെന്ന ചിന്ത. അല്ലെങ്കില്‍ ഇഹലോക ജീവിതത്തിനപ്പുറം മറ്റൊന്നുണ്ട് അതുമല്ലെങ്കില്‍ പുനര്‍ജന്മവും ഒടുവിലൊരു മുക്തിയും ഉണ്ടാകുമെന്നൊരു ചിന്തയാണ് ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളെയും മുന്നോട്ടു നയിക്കുന്നത്. ആ ഒരു ചിന്തയാണ് സമൂഹത്തില്‍ നാം കാണുന്ന പല അച്ചടക്കങ്ങള്‍ക്കും കാരണവും. ഇതൊന്നുമില്ലായിരുന്നെങ്കില്‍ അതി ഭീകരമായ അരാജകത്വം കളിയാടിയേനെ.

മുകളില്‍ പറഞ്ഞ വാചകങ്ങള്‍ക്കവസാനം പക്ഷെ മാര്‍ക്‌സ് മറ്റൊന്ന് കൂടി പറയുന്നുണ്ട് അത് 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്നതാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പായി തീരുന്നിടത്ത് 'അരാജകത്വം' വീണ്ടും തുടങ്ങുകയാണ് എന്നോര്‍ക്കുക! പലരും മതങ്ങളുടെ കറുപ്പില്‍ മയങ്ങി ഏതാണ് ശരിയെന്നും തെറ്റെന്നും അറിയാതെ പെട്ടു പോകുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ശ്രീ നാരായണഗുരു പ്രബോധിപ്പിച്ചതുപോലെ 'അറിവിലൂടെ സ്വതന്ത്രരരാകുകയാണ്' വേണ്ടത്. എങ്കിലേ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരുതാനാകൂ.
കാലാ കാലങ്ങളായി ഒരോ മതത്തിലും പലവിധ അനീതികളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കടന്നു കൂടിയിട്ടുണ്ട്. ഒരോ മതപ്രബോധകരുടെയും ഒപ്പം, ഓരോ വിശ്വാസിയുടെയും കടമയാണ് താന്‍ ആയിരിക്കുന്ന ഇടത്തെ ശുദ്ധി വരുത്തുക എന്നത്. നമ്മള്‍ രണ്ടോ മൂന്നോ നേരം കുളിക്കുന്നവരല്ലേ.. 

നമ്മുടെ വീടുകളും അതു പോലെ വൃത്തിയാക്കുന്നു. അതേ പോലെ തന്നെയാണിതും. നമ്മുടെ മനസ്സും ചിന്തകളും ആദര്‍ശങ്ങളുമൊക്കെ ഇടയ്ക്കിടെ തുടച്ചു മിനുക്കി ശുദ്ധിയാക്കി കൊണ്ടിരിക്കണം. അല്ലെങ്കില്‍ അഴുക്ക് അടിഞ്ഞു കൂടി ആകെ വൃത്തികേടാവും. ആദ്യം നമ്മുടെ മനസ്സ് മലിനമാകും, പിന്നെ പതിയെ ചുറ്റുമുള്ളവരിലേക്കും അത് വ്യാപിക്കും.

ഈ കുറിപ്പിന്റെ തുടക്കം തലവാചകമായി ഞാനെഴുതി 'മദം പൊട്ടിയ' മനുഷ്യരെന്ന്. അവരാണ് ആദ്യം പറഞ്ഞ മതമെന്ന കറുപ്പില്‍ മയങ്ങിയവര്‍. അവരെ അതേ രീതിയില്‍ തന്നെ പരിഗണിക്കുക. കറുപ്പ് തിന്നു ഉന്മത്തനായ ഒരാള്‍ പറയുന്നത് നമ്മള്‍ അവഗണിക്കാറേയുള്ളു അത് പോലെ തന്നെയാവണം ഇതും. പറഞ്ഞു തിരുത്താനാവുന്നവരെയേ തിരുത്താനാകൂ. അല്ലാത്തവരെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തുക. എത്രമാത്രം അവരെ നമ്മള്‍ നമ്മുടെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നുവോ അത്രമാത്രം അവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരും. അതേയുള്ളൂ ഇപ്പോള്‍ നമ്മളെ വരിഞ്ഞു മുറുക്കുന്ന മതാന്ധത എന്ന മഹാവിപത്തിനെ പ്രതിരോധിക്കാനുള്ള വഴി.

ഒരോ മതത്തിലുമുണ്ട് മതപണ്ഡിതന്മാര്‍! ഗുരുസ്ഥാനീയര്‍. അവരുടെ മത പ്രബോധനങ്ങളും പ്രഘോഷണങ്ങളും, വ്യഖ്യാനങ്ങളുമെല്ലാം വേണം നമുക്ക്. പക്ഷെ ഗുരു മുഖത്തു നിന്നും വരുന്ന വ്യാഖ്യാനങ്ങളുടെ ആധികാരികതകളെയും, കാര്യകാരണങ്ങളെയും വിശകലനം ചെയ്യാനും വേണമെങ്കില്‍ മറു ചോദ്യം ചോദിക്കാനുമുള്ള ആര്‍ജ്ജവവും അറിവും ഒരോ വിശ്വസിക്കുമുണ്ടാവണം. ശാസ്ത്രം വളരുകയാണ്, മനുഷ്യന്റെ അറിവ് വികസിക്കുകയാണ്. അതിനര്‍ത്ഥം പഴയതെല്ലാം തെറ്റാണ് എന്നല്ല 'ഇതു തെറ്റ് ഇതു ശരി' എന്ന് മനസ്സിലാക്കാനുള്ള ആര്‍ജ്ജവമാണ് വ്യക്തികള്‍ നേടേണ്ടത്.
അവസാനമായി ഒന്നു കൂടി, ഒന്നും മറ്റൊന്നിനു പകരമല്ല. ഹിന്ദു മതത്തിനു പകരമല്ല ക്രിസ്തുമതം അതു പോലെ ക്രിസ്തുമതത്തിനു പകരമാവില്ല ഹിന്ദു മതമോ അല്ല മറ്റേതെങ്കിലും മതമോ... ഓരോന്നിലും ഓരോ രീതിയിലാണ് നന്മതിന്മകളെ ആഖ്യാനം ചെയ്യുന്ന രീതി. ഞാന്‍ ബൈബിളിന്റെ ഉദ്‌ബോധനത്തില്‍ അകൃഷ്ടയാണ് എന്നതിനാല്‍ എന്റെ ചുറ്റുമുളളവരെല്ലാം അങ്ങിനെ തന്നെ ആയിരിക്കണം എന്ന് ശഠിക്കുന്നതില്‍ അര്‍ത്ഥമില്ല. 

മതമെന്നാല്‍ നമ്മുടെ ഏറ്റവും വ്യക്തിപരവും സ്വകാര്യവുമായ ഒരു കാര്യമാണ് എന്ന് ഒരു വട്ടം ചിന്തിച്ചു നോക്കൂ. അത് ജീവിതത്തോടുളള നമ്മുടെ സമീപനം മാത്രം. അതിന് സമൂഹത്തിലുള്ള പ്രസക്തി അതെങ്ങനെയാണ് മറ്റൊരു ആശയത്തേക്കാള്‍ നന്നായി പ്രവര്‍ത്തിക്കുകയും ആശയങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത് എന്നത് മാത്രമാകണം. അതിനപ്പുറം അത് നിന്റെയും എന്റെയും വളരെ സ്വകാര്യമായ ഒന്നാണ്. നമ്മള്‍ ഒരുമിച്ചു ചേരുന്ന സമൂഹത്തില്‍ 'മതാനുയായി' എന്നതിനെക്കാളും ഉപരിയായി നമ്മള്‍ മനുഷ്യര്‍ മാത്രമാണ്... വ്യക്തികള്‍ മാത്രമാണ്!!



മതം, ജാതി, ഉപജാതികള്‍.. പിന്നെ മദം പൊട്ടിയ മനുഷ്യരും! (ജീന രാജേഷ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക