Image

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് (പി. സിസിലി)

Published on 17 July, 2018
നോക്കെത്താ ദൂരത്ത് കണ്ണും നട്ട് (പി. സിസിലി)
ഇക്കഴിഞ്ഞ ദിവസം ഫേസ് ബുക്കില്‍ വായിക്കാന്‍ ഇടയായ ഒരു സംഭവമാണ് ഈ എഴുത്തിനാധാരം .'വൃദ്ധ മാതാപിതാ ക്കള്‍ അനാഥര്‍' .സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ന്ന തട്ടിലുള്ളവര്‍ അനേകായിരങ്ങള്‍ക്ക് അറിവിന്റെ പാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തര്‍ അധ്യാപകര്‍ .....രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ചു നല്ലകാലം പിന്നിട്ട ജവാവാന്മാര്‍ എന്തുകൊണ്ട് ഇവര്‍ക്ക് ഇങ്ങനെ സംഭവിക്കുന്നു ?ആ ഒരു പഠനം അനിവാര്യമാണ്. സാധാരണയായി ഒരു പ്രശ്‌നം ഉണ്ടാവുമ്പോള്‍ മാത്രമാണ് മലയാളി അതിനെക്കുറിച്ച് ചിന്തിക്കുകയും പരിഹാരം തേടാനായി പരിശ്രമിക്കുകയും ചെയ്യുക. സ്വന്തം തടിയേല്‍ തട്ടാത്ത വല്ലതുമാണെങ്കില്‍ പിന്നെ ആ വഴിക്ക് തിരിഞ്ഞു നോക്കുന്ന പ്രശ്‌നമേയില്ല . ''അവനവനാത്മ സുഖത്തിനാച്ചരിക്കുന്നത് അപരന് സുഖത്തിനായി വരേണം ''ഈ കവി വാക്യം സ്വന്തം മാതാപിതാക്കള്‍ക്ക് മക്കള്‍ നിഷേധിക്കുന്നു എന്ന് വരുമ്പോഴും സമൂഹ മനസ്സാക്ഷി ഉണരുന്നില്ല .അതിനു നേരെ പ്രതികരിക്കുന്നില്ല. ലോകം ഒരു വിരല്‍ത്തുമ്പില്‍ ഒതുങ്ങിയപ്പോള്‍ മാതാപിതാക്കളും മക്കളും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു. മാതാപിതാക്കള്‍ സമ്പാദിച്ച പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്ന മക്കള്‍ ..... യുവതലമുറയുടെ ആര്‍ത്തി സമൂഹത്തെ ആകമാനം കാര്‍ന്നു തിന്നുന്ന ഒരു മറാരോഗമായിട്ടുണ്ട് .....കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണത്തിനും സഹോദരങ്ങള്‍ തമ്മിലുള്ള അനൈക്യത്തിനും മാതാപിതാക്കള്‍ വൃദ്ധമന്ദിരങ്ങളെ പുല്‍കാനും എല്ലാം കാരണം ആര്‍ത്തി തന്നെ .ഇതിനു നല്ലൊരു ആധ്യാത്മിക ചികിത്സതന്നെ അനിവാര്യമായിരിക്കുകയാണ് .പണം സമ്പാദിക്കുന്നതും ചെലവിടുന്നതും ഏറെ സൂക്ഷ്മതയോടും ആധ്യാല്മിക മൂല്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുമായിരിക്കണം .ചുരുക്കി പറഞ്ഞാല്‍ പണം മനുഷ്യനെ നിയന്ത്രിക്കാതെ മനുഷ്യന്റെ വരുതിയിലാവണം പണം .
പണം കൊടുത്ത് വാങ്ങാവുന്ന ഒന്നല്ല സമാധാനം എന്ന് പണം കൈകാര്യം ചെയ്യുന്ന മനുഷ്യനെ ഒന്ന് ബോധ്യപ്പെടുത്താന്‍ മനുഷ്യന്റെ ഒരു കണ്ടുപിടുത്തങ്ങള്‍ക്കും ആവില്ല . സ്വയം ബോധ്യപ്പെടണം .അതുവരെ ഉറ്റവരെ കാത്ത് ദൂരത്തു കണ്ണും നട്ടിരിക്കുന്നവരുടെ കണ്ണീര്‍ ഒഴുകികൊണ്ടേയിരിക്കും

ഒരു നേരിയ അസുഖം വരുമ്പോഴേക്കും വയസ്സായവരെ മരണത്തിനു വിട്ടുകൊടുക്കാന്‍ ഇഷ്ടപ്പെടുന്ന മക്കള്‍ . അമ്മ മരിക്കാന്‍ ഇനി എത്ര ദിവസം കുടി ലീവ് എടുത്തു കാത്തിരിക്കണം എന്നോര്‍ത്ത് അസ്വസ്ഥരാവുന്ന മക്കള്‍ . വീട്ടിലെ തൊഴുത്ത് സമാനമായ മുറിയില്‍ മാതാപിതാക്കളെ കിടത്തുന്ന മക്കള്‍ . വിദേശത്തു പോയി പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ മാതാപിതാക്കളെ മറക്കുന്ന മക്കള്‍. ആനുകാലിക പംക്തികളില്‍ സ്ഥിരം ഇടം പിടിക്കുന്ന കോളങ്ങളുടെ ഒരു പട്ടികയാണ് മുകളില്‍ വിവരിച്ചത്. ഇരുപതിനും അറുപതിനും ഇടയ്ക്കുള്ള പ്രായക്കാരെല്ലാം വീട്ടില്‍ നിന്നും അകലെ കഴിയുന്നവരാണ്. അവരുടെ ജീവിതത്തില്‍ അമ്മ അച്ഛന്‍ എന്നത് ഒരു ഫോണ്‍ കാളില്‍ അല്ലെങ്കില്‍ ചുവരില്‍ തുങ്ങുന്ന ഒരു ഫോട്ടോയില്‍ ഒതുങ്ങുന്നു .
വാര്‍ദ്ധക്യത്തില്‍ മക്കളും സുഹൃത്തുക്കളും കൈ എത്താദൂരത്തും മരണം തൊട്ടടുത്തും എത്തുന്നു. ഉറ്റവരെ തേടി മരണം എത്തുമ്പോള്‍ സ്വന്തം ജീവന്‍ കൊടുത്ത് മരണത്തെ മടക്കി അയച്ചിട്ടുള്ള എത്രയോ സംഭവ കഥകള്‍ കേട്ടിരിക്കുന്നു. ഉറ്റവരുടെ മടുപ്പാണ് വാര്‍ദ്ധക്യം എളുപ്പം മരണത്തിന്റെ കൈയ്യില്‍ അകപ്പെടുന്നത് .എത്ര ആരോഗ്യമുണ്ടെങ്കിലും പണമുണ്ടെങ്കിലും പലപ്പോഴും മരണത്തിന്റെ മുമ്പില്‍ വാര്‍ദ്ധക്യം കീഴടങ്ങി പോവുന്നത് സ്‌നേഹത്തിന്റെ എണ്ണ തനിക്കു ചുറ്റും നില്‍ക്കുന്നവരില്‍ വറ്റി കരിന്തിരി കത്തുന്നത് കൊണ്ടാണ്''.ഇനി ആരെയും ബുദ്ധിമുട്ടിക്കാതെ അങ്ങ് കടന്നു പോവട്ടെ ''.മരണത്തോട് മല്ലിടുന്ന വൃദ്ധജനത്തിന്റെ കാതുകളില്‍ ഉറ്റവരുടെയും ഉടയവരുടെയും ആ സ്വരം മുഴങ്ങുമ്പോള്‍ മരണം അതിന്റെ ഹസ്തം പിടിമുറുക്കിയിരിക്കും. പണ്ടെങ്ങോ കേട്ട ഒരു കഥ ഓര്‍മ്മിക്കുന്നു. ഈ കഥയില്‍ രണ്ടു പേര് മാത്രം . ഭര്‍ത്താവും ഭാര്യയും .ഒരുനാള്‍ ഭര്‍ത്തവിനു രോഗം പിടിപെട്ടു .ഏതു നിമിഷവും മരണം സംഭവിക്കാം എന്ന അവസ്ഥയില്‍ എത്തി. അങ്ങനെ കിടക്കുമ്പോള്‍ അടുക്കളയില്‍നിന്ന് പലഹാരത്തിന്റെ നല്ല മണം... . കൊതി മൂത്ത അയാള്‍ ഭാര്യേ വിളിച്ചു .എത്ര വിളിച്ചിട്ടും മറുപടി ഇല്ല. അയാള്‍ ഒരുതരത്തില്‍ ഉരുണ്ടു പിരണ്ട് അടുക്കളയിലെത്തി. അയാളെ കണ്ട് ഭാര്യ ഞെട്ടി . പലഹാരം കഴിക്കാനാണ് വന്നതെന്ന് പറഞ്ഞ ക്ഷണം ഭാര്യയുടെ മറുപടി .''ഇത് നിങ്ങളുടെ മരണാന്തര ചടങ്ങില്‍ സംബന്ധിക്കുന്നവര്‍ക്ക് വിള മ്പാനുളളതാണ്.'' .അത് കേട്ട മാത്രയില്‍ അയാള്‍ മരിച്ചു പോയി എന്നാണ് കഥ . ജീവിച്ചിരിക്കെ ഒന്നും ചെയ്യാതെ മരണാന്തരം പരസ്യവും ഫോട്ടോയും, സദ്യയും കെങ്കേമമായി നടത്തുന്ന കാഴ്ച്ചകള്‍ ദിവസവും നാട്ടില്‍ നടക്കുമ്പോള്‍ എങ്ങിനെ ഈ കഥ മറക്കാനാവും .അല്‍പ്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ രക്ഷിക്കാനാവുമായിരുന്ന എത്രയോ വാര്‍ദ്ധക്യങ്ങളുണ്ട് മരണാനന്തര ആര്‍ഭാടത്തിനായി ചെലവിടുന്നതിന്റെ ഒരംശം ജീവിച്ചിരിക്കുമ്പോള്‍ ഭക്ഷണത്തിനും മരുന്നിനായി ചെലവിട്ടിരുന്നെങ്കില്‍ അവര്‍ അത്രവേഗം കല്ലറയില്‍ വിശ്രമിക്കില്ലായിരുന്നു ''ആരെയും കഷ്ടപ്പെടുത്താതെ പോയി''എന്ന് പറയുന്നതിന്റെ പിന്നിലെ ചേതോവികാരം ജീവിച്ചിരിക്കുന്നവരുടെ സ്വാര്‍ഥതമാത്രം മാതാപിതാക്കളോട് ഒരു വാക്ക്.

ആരെയും ആശ്രയിക്കാതെ വാര്‍ദ്ധക്യത്തില്‍ ജീവിക്കാന്‍ യുവത്വത്തിലേ മാതാപിതാക്കള്‍ പരിശീലിച്ചു തുടങ്ങണം . ഋതു ഭേദങ്ങള്‍ ഓരോന്നും കടന്നെത്തുമ്പോഴും സായാഹ്നം മനോഹരമാണ്. എന്നാല്‍ കാലചക്രത്തിന്റെ കറക്കത്തില്‍ കൌമാരവും യവ്വനവും കടന്നു വാര്‍ദ്ധക്യത്തില്‍ എത്തുന്ന മനുഷ്യന്‍ വല്ലാതെ അസ്വസ്തനാവുന്നത് എന്തുകൊണ്ട് ? ഒരു സുപ്രഭാതത്തില്‍ നിനച്ചിരിയാതെ എത്തുന്ന ഒരു അവസ്ഥയല്ല വാര്‍ദ്ധക്യം. രോഗങ്ങള്‍ ഒഴിച്ചു നിറുത്തിയാല്‍ ചിട്ടയായി ജീവിക്കുന്നതില്‍ വരുന്ന പിഴവാണ് വാര്‍ദ്ധക്യം ആസ്വാദ്യകര മാവാത്തത്. ആത്മീയതയുടെ പിന്‍ബലമില്ലാതെ വരുന്നതാണ് മിക്കവരിലും വാര്‍ദ്ധക്യം ഭയപ്പാട് ജനിപ്പിക്കുന്നത്. മറ്റൊന്നിലും ഏര്‍പ്പെടാനുള്ള സാഹചര്യമോ ശാരീരിക അവസ്ഥയോ ഇല്ലായെങ്കില്‍പ്പോലും മനസ്സ് ദൈവത്തില്‍ മാത്രം അര്‍പ്പിക്കാന്‍ സാധിച്ചാല്‍ വാര്‍ദ്ധക്യം സായം സൂര്യന്റെ പ്രഭയോടെ ശോഭിച്ചു നില്ക്കും അതിന്റെ തണല്‍ പറ്റി വേണം മക്കളും പേരകുട്ടികളും പ്രകാശിക്കേണ്ടത്. വാര്‍ദ്ധക്യം ആര്‍ക്കൊക്കെ കിട്ടും എന്നു മുമ്പേ പറയാനാവില്ല പ്രായത്തെ പ്രധിരോധിക്കുന്ന പ്രധാനഘടകം മാനസീകാരോഗ്യം തന്നെ. എഴുപതു കഴിഞ്ഞാലും ഒരാളിലുള്ള സര്‍ഗ്ഗവാസനകളോ കഴിവുകളോ നശിക്കുന്നില്ല ഇത്തരം കഴിവുകള്‍ യവ്വനത്തില്‍ വേണ്ടപോലെ ഉപയോഗപ്പെടുത്താന്‍ പലര്‍ക്കും സാധിച്ചെന്ന് വരില്ല. പലതരത്തിലുള്ള ജീവിത വ്യഗ്രതയിലൂടെയും ചുമതലകളിലൂടെയും കടന്നു പോവുന്ന യവ്വനഘട്ടത്തില്‍ സമയം കിട്ടാതെ വരിക സ്വാഭാവികമാണ് . വാര്‍ദ്ധക്യത്തില്‍ കാലും നീട്ടിയിരുന്നു വിശ്രമിക്കാന്‍ തുടങ്ങുന്നതിനു മുമ്പായി ഇതുവരെ ജീവിതത്തില്‍ പരീക്ഷിക്കാന്‍ തയ്യാറാകാത്തവയെ എടുത്ത് നിര്‍ഭയം പരീക്ഷിച്ചു തുടങ്ങാം അങ്ങനെ ഒരു വ്യക്തിത്വം വളര്‍ത്തിയെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് വാര്‍ദ്ധക്യം .പുസ്തക രചന ചിത്ര രചന കംബ്യുട്ടര്‍ പഠനം തുടങ്ങി ഒട്ടനവധി മേഖലകള്‍ പരീക്ഷിക്കാവുന്നതാണ്. ഇതിന്റെ ഒരു അഭ്യാസം ജിവിതത്തിന്റെ ഓരോരോ ഘട്ടങ്ങളിലായി സ്വയം വളര്‍ത്തിയെടുക്കണീ. എഴുപതും എണ്‍പതും കഴിഞ്ഞ വൃദ്ധര്‍ സ്വയം കാറോടിച്ചു ഷോപ്പിങ്ങും മറ്റും നടത്തുന്നത് അമേരിക്കയിലെ ഒരു സാദാ കാഴ്ച്ചയാണ് .അവിടുത്തെ സാമൂഹിക പശ്ചാത്തലവും കുഞ്ഞിലെതന്നെ അവ ര്‍ക്കു കിട്ടുന്ന പരിശീലനവുമാണ് പ്രായീ ചെല്ലുമ്പോഴും എല്ലാക്കാര്യങ്ങളും സ്വയം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നത്. കൂണ് പോലെ വൃദ്ധസദനങ്ങള്‍ കെട്ടി പൊക്കുന്നതിനുപകരം നമ്മുടെ വൃദ്ധജനങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പറ്റും വിധം സാമൂഹ്യവ്യവസ്ഥിതി മറ്റുമേഖലയിലെ പുരോഗതിക്കൊപ്പം പൊളിച്ചെഴുതാന്‍ സര്‍ക്കാരിനും സാമൂഹ്യ ക്ഷേമപ്രവര്‍തത്ത കര്‍ക്കും സാദ്ധ്യമാകട്ടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക