Image

രാമനിലൂടെ വാല്‍മീകി കാണിച്ചുതരുന്നത് കര്‍മ്മത്തിലൂടെ ഈശ്വരത്വം ആര്‍ജ്ജിക്കുന്ന മനുഷ്യനെ (രാമായണ ചിന്തകള്‍ -1)

അനില്‍ പെണ്ണുക്കര Published on 17 July, 2018
രാമനിലൂടെ വാല്‍മീകി കാണിച്ചുതരുന്നത് കര്‍മ്മത്തിലൂടെ ഈശ്വരത്വം ആര്‍ജ്ജിക്കുന്ന മനുഷ്യനെ (രാമായണ ചിന്തകള്‍ -1)
രാമായണത്തിന്റെ പ്രത്യേകത എന്താണ് ?.അത് അറിയണമെങ്കില്‍ രാമന്‍ ആരായിരുന്നു എന്ന് അറിയണം,പഠിക്കണം .അതറിഞ്ഞാല്‍ രാമാവതാരത്തിന്റെ അര്‍ഥം ഗ്രഹിക്കാന്‍ കഴിയും .സുഭദ്രമായ ഒരു ജീവിതവ്യവസ്തയിലെക്കും ,ധര്‍മ്മിഷ്ട്ടമായ വ്യക്തിജീവിതത്തിലേക്കും ഓരോ വ്യക്തികളെയും പ്രാപ്തരാക്കുക എന്നതാണ് രാമകഥയുടെ ആത്യന്തികമായ ലക്ഷ്യം.

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ.
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം.

ഭൗതികലോകത്തിലെ സുഖഭോഗങ്ങളെല്ലാം തന്നെ വളരെ കുറച്ചുസമയത്തേയ്ക്കുമാത്രം ഉണ്ടെന്നപ്രതീതി തരുന്നവയാണുലക്ഷ്മണാ…എല്ലാം ഒരു മിന്നല്‍ പോലെ, ക്ഷണമാത്രയില്‍ വന്നുപോകുന്നവയാണു. ചുട്ടുപഴുത്തിരിക്കുന്ന ഇരുമ്പിന്റെ മുകളില്‍ പതിച്ച ഒരു തുള്ളി ജലമെത്രപെട്ടെന്നാണോ അപ്രത്യക്ഷമാകുന്നത് അതുപോലെയാണീ മനുഷ്യജന്മം. യുഗങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ മനുഷ്യായുസ്സെത്ര നിസ്സാരമാണ് .

ലക്ഷ്മണനോടു പറയുന്നതായി തോന്നുമെങ്കിലും ഇത് നമ്മളോടല്ലേ ശ്രീരാമദേവന്‍ പറയുന്നത്? എന്നെന്നും നിലനില്‍ക്കുന്ന പരമസത്യത്തെ അന്വേഷിക്കൂ,നാളെ എന്തു സംഭവിക്കുമെന്നുനമുക്കറിയില്ല. ക്ഷണപ്രഭാചഞ്ചലമായ ഈ മനുഷ്യജന്മം ഒരു നിമിഷം പോലും പാഴാക്കാതെ, ‘ഏതൊന്നറിഞ്ഞാല്‍ എല്ലാമറിയുന്നുവോ, ശാശ്വതമായ ആ സത്യത്തെ സാക്ഷാത്കരിക്കൂ…’ ഭോഗങ്ങളെല്ലാം മിന്നല്‍ പോലെ വന്നുപോകുന്ന താല്‍ക്കാലികസുഖങ്ങള്‍ മാത്രം .
ശ്രീരാമന് പലവിധ സങ്കല്പ്പങ്ങളുണ്ട് .വാല്‍മീകി രാമനെ മനുഷ്യനായിട്ടാണ് സങ്കല്പ്പിച്ചതെങ്കില്‍ ,എഴുത്തച്ചനു രാമന്‍ പൂര്‍ണ്ണമായും ഈശ്വരനും,ഈശ്വരാവതാരവുമാണ് .കാവ്യാസ്വാദകര്‍ക്ക് ധര്‍മ്മരൂപനായ വീരനായകനായും ,ഭക്തര്‍ വിഷ്ണുവിന്റെ അവതാരമായും ജ്ഞാനികള്‍ പരമാത്മാവായും ശ്രീരാമനെ കാണുന്നു .

എഴുത്തച്ഛനിലൂടെ മലയാളികള്‍ക്ക് പരിചിതമായ രാമന്‍ വിശേഷണ പദങ്ങളുടെ ഒരു സമാഹാരമാണ് .ധര്‍മ്മം ,മര്യാദ , ത്യാഗം എന്നിവയുടെ ഭാവം കൂടിയാണ് രാമന്‍ .
തന്റെ സുഖം നോക്കാതെ മറ്റുള്ളവര്‍ക്കുവേണ്ടി ഏതു ക്ലേശവും അനുഭവിക്കുവാന്‍ തയ്യാറാകുക എന്നതാണ് ത്യാഗ മനോഭാവം .വനവാസം സ്വീകരിച്ചതാണ് ശ്രീരാമന്റെ ഒന്നാമത്തെ ത്യാഗം .ഭരതന്‍ മുഴുവന്‍ അയോധ്യാ വാസികളുമായി ചെന്ന് രാജ്യം കാല്‍ക്കല്‍ അടിമ വച്ചിട്ടും സത്യപരിപാലനത്തിനുവേണ്ടി രാജ്യം സ്വീകരിക്കാതിരുന്നതാണ് മറ്റൊരു ത്യാഗം.ഇന്ദ്രജിത്തിനെ അസ്ത്രമേറ്റ് പടക്കളത്തില്‍ ലക്ഷ്മണന്‍ വീണു കിടക്കുന്നത് കണ്ടു ജീവനെ ത്യജിക്കാന്‍ പോലും തയ്യാറായ സഹോദരനാണ് രാമന്‍ .
.
സീതാപരിത്യാഗത്തിലും ലക്ഷ്മണ തിരസ്കാരത്തിലുമെല്ലാം പരകൊടിയിലെത്തിനില്‍ക്കുന്നത് രാമനിഷ്ട്ടയാണ് .ആ നിഷ്ട്ടകളിലൂടെ മനുഷ്യജീവികള്‍ക്ക് ഒരു പുതിയ പ്രത്യയ ശാസ്ത്രം ഒരുക്കുകയായിരുന്നു വാല്മീകി .
രാമനിലൂടെ വാല്‍മീകി കാണിച്ചുതരുന്നത് കര്‍മ്മത്തിലൂടെ ഈശ്വരത്വം ആര്‍ജ്ജിക്കുന്ന മനുഷ്യനെയാണ് .നല്ല മാര്‍ഗത്തിലൂടെ സഞ്ചരിച്ചാല്‍ മഞ്ചാടിക്കുരു പോലും കൂട്ടമായി വരും ,അതല്ല അനീതിയുടെ പാതയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ സഹോദരന്റെ സഹായം പോലും കിട്ടില്ലന്നും രാമായണം പറയുന്നു.

രാമായണ രചനയ്ക്ക് മുന്‍പ് ഒരിക്കല്‍ വാല്‍മീകി നാരദ മഹര്‍ഷിയോട് ഒരു ചോദ്യം ചോദിച്ചു.ആരാണ് ഉത്തമ പുരുഷന്‍ ? എന്തൊക്കെയാണ് ഉത്തമ പുരുഷന്‍റെ ലക്ഷണങ്ങള്‍ ?
വാല്‍മീകിയുടെ ചോദ്യത്തിന് "രാമന്‍" എന്നായിരുന്നു നാരദരുടെ ഉത്തരം .ഒരു ഉത്തമ പുരുഷന്‍ എങ്ങനെയാണെന്നറിയാന്‍ രാമനെ മനസിലാക്കിയാല്‍ മതി എന്നായിരുന്നു നാരദരുടെ ഉപദേശം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക