Image

മുഖ്യമന്ത്രിയെ അമേരിക്കന്‍ മലയാളികള്‍ അപമാനിച്ചോ? മന്ത്രി ശൈലജ ടീച്ചര്‍ക്ക് നന്ദി, നമസ്‌കാരം (കുഞ്ഞാപ്പി)

കുഞ്ഞാപ്പി Published on 17 July, 2018
 മുഖ്യമന്ത്രിയെ അമേരിക്കന്‍ മലയാളികള്‍ അപമാനിച്ചോ? മന്ത്രി ശൈലജ ടീച്ചര്‍ക്ക് നന്ദി, നമസ്‌കാരം (കുഞ്ഞാപ്പി)
മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെപറ്റി ചില കൂപ മണ്ഡൂകങ്ങള്‍ ചിലക്കുന്നത് കേട്ടപ്പോള്‍ ഒന്നു പ്രതികരിച്ചു കളയാമെന്നു കുഞ്ഞാപ്പി തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ അമേരിക്കയില്‍ അപമാനിച്ചു എന്നു വരെ കേട്ടു, വായിച്ചു.

കേരളത്തിന്റെ, ലോകമെങ്ങുമുള്ള കേരളീയന്റെയും, മുഖ്യമന്ത്രിയെ അപമാനിക്കാന്‍ അമേരിക്കന്‍ മലയാളികളെന്താ അത്ര വിവര ദോഷികളാണോ? അദ്ധേഹം ഏതു പാര്‍ട്ടിക്കാരനായാലും കേരളത്തിന്റെ പ്രതിനിധിയാണ്. അതറിയാന്‍ കഴിയാത്തവരല്ല അമേരിക്കയിലെ മലയാളി സമൂഹം. മുഖ്യമന്ത്രിയുടെ വില ഞങ്ങള്‍ക്കറിയാം.

അമേരിക്കന്‍ മലയാളികളില്‍ നല്ലൊരു പങ്ക് മധ്യ തിരുവിതാംകൂറില്‍ നിന്നു വന്നവരാണ്. പാരമ്പര്യമായി കോണ്‍ഗ്രസുകാര്‍. പക്ഷെ മുഖ്യമന്ത്രിക്ക് അര്‍ഹിക്കുന്ന ആദരവ് നല്കാന്‍ അവര്‍ വിസമ്മതിച്ചു എന്ന് ആരെങ്കിലും പറയുന്നത് സത്യം അറിയാത്തവരാണ്, അഥവാ സത്യം അറിയാന്‍ താല്പര്യമില്ലാത്തവരാണ്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്കു പുറപ്പെടുന്നു എന്ന് സ്ഥിരീകരിച്ചതു മുതല്‍ ഒരു വിഭാഗം മീഡിയയയും സോഷ്യല്‍ മീഡിയയും നിരത്തി വച്ച ആരോപണങ്ങള്‍ ഏതൊരു മലയാളിയേയും ലജ്ജിപ്പിക്കുന്നതാണ്. ഇവര്‍ക്കൊന്നും വേറെ പണിയില്ലെ എന്നു അമേരിക്കയിലെ സാദാ മലയാളി ചോദിച്ചാല്‍ കുറ്റം പറയാനില്ല.
ഇതറിഞ്ഞു കൊണ്ടാകണം അമേരിക്കന്‍ യാത്രയുടെ കാര്യം വളരെ വൈകി മാത്രം ഔദ്യോഗികമായി സ്ഥിരീകരിച്ചതും.

തുടര്‍ന്ന് ട്രോളുകളും പരിഹാസങ്ങളും കണ്ടു. മാര്‍ക്‌സിസ്റ്റുകാരന്‍ അമേരിക്കയില്‍ പോകുന്നത് എന്തോ ഭയങ്കര സംഭവമായും ചിലര്‍ കണ്ടു. മുഖ്യമന്ത്രിയെ ക്ഷണിച്ചത് ഫൊക്കാന ആണ്. യാത്രക്ക് തയ്യാറെടുപ്പുകള്‍ നടത്തിയത് ഫൊക്കാന സ്ഥാപക പ്രസിഡന്റ് ഡോ. എം. അനിരുദ്ധനും.

കേരളത്തില്‍ പണി തീര്‍ന്നു കൊണ്ടിരിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (തോന്നക്കല്‍) സ്ഥാപിക്കുന്നതിനു പ്രവര്‍ത്തിച്ച അമേരിക്കന്‍ മലയാളി ഡോ. എം.വി. പിള്ളയാണു ലോകത്തെ ആദ്യ വൈറൊളജി ഗവേഷണ കേന്ദ്രംഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി സന്ദര്‍ശിക്കണമെന്ന നിര്‍ദേശം വച്ചത്. മെരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമാണിത്.

ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനു ക്യൂബയിലും വിയറ്റ്‌നാമിലുമടക്കം 24 രാജ്യങ്ങളിലെ വൈറസ് ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധമുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് സാമ്പത്തിക സഹായം നല്കാന്‍ കെല്പുള്ള സ്ഥാപനമല്ലെന്നു ഡയറക്ടര്‍ ഡോ. റോബര്‍ട്ട് ഗാലോ തന്നെ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ മികച്ച ഗവേഷകരെ കണ്ടെത്താനും പരിശീലിപ്പിക്കാനും ഇന്‍സ്ടിറ്റ്യൂട്ടിനാവും. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് പലരും മലയാളികളാണ്.

അവിടെ സന്ദര്‍ശിച്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും അവിടെയുള്ള ശാസ്ത്ര്ഞ്ജരുമായി ചര്‍ച്ച നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം മനസിലാക്കി. കേരളത്തിലെ ഇന്‍സ്ടിറ്റ്യൂട്ടുമായി സഹകരിക്കാമെന്ന് ഡോ. ഗാലോ അറിയിച്ചു. എച്.ഐ.വി. കണ്ടുപിടിച്ചവരില്‍ ഒരാളാണു ഗാലോ. 
ചൈനയിലെ വൈറൊളജി ഇന്‍സ്ടിറ്റ്യൂട്ടിനു ഡോ. ഗാലൊയുടെ പേരാണു കൊടുത്തിരിക്കുന്നത്‌ 

പോരാന്‍ നേരത്ത് അവിടത്തെ ഉദ്യോഗസ്ഥരെല്ലാം പങ്കെടുത്ത യോഗത്തില്‍ ഗാലോ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഓരൊ ഫലകം നല്കി. സന്ദശനത്തിന്റെ ഒരു തെളിവ്. അമേരിക്കന്‍ സംഘടനകളുടെ യോഗത്തില്‍ തലങ്ങും വിലങ്ങും ഫലകം സമ്മാനിക്കുന്നത് വിമര്‍ശകര്‍ക്ക് അറിയില്ലായിരിക്കാം.

അവാര്‍ഡ് സമ്മേളനം ഭയങ്കര മോശമായി എന്നാണു കേരളത്തില്‍ നിന്നു ഒരു വിഭാഗം റിപ്പോര്‍ട്ട് ചെയ്ത്. എലിവേറ്ററിലെങ്ങാണ്ടും വച്ച് കൊടുത്തതാണത് എന്നു മറ്റൊരു കൂട്ടര്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കിട്ടിയ പോലുള്ള സ്വീകരണമൊന്നും കിട്ടിയില്ലെന്നു മറ്റു ചിലര്‍.

ദോഷം പറയരുതല്ലൊ, ഫലകം മുഖ്യമന്ത്രിയും ശൈലജ റ്റീച്ചറും വളരെ കാഷ്വല്‍ ആയി വാങ്ങി മേശപ്പുറത്തു വച്ചു. കാമറായില്‍ നോക്കി ഇരുവരും ഇളിച്ചു കാട്ടുമെന്നു കരുതി നിന്ന ഫോട്ടോ തൊഴില്കാര്‍ (കുഞ്ഞാപ്പി അടക്കം) ഇളിഭ്യരായി.

ഇനി മുഖ്യമന്ത്രി കോട്ട് ഇട്ടതിനെയാണു മറ്റൊരു കൂട്ടര്‍ ട്രോളിയത്. അത് കേരളത്തില്‍ നില നിലക്കുന്ന ചീഞ്ഞ മനസിന്റെ മറ്റൊരു പ്രതിഫലനം. ഓരോ രംഗത്തു ചെല്ലുമ്പോഴും അതിനു അനുസ്രുതമായ വേഷം വേണം. അതാണു മാന്യത. ശവസംസ്‌കാരത്തിനു ചെല്ലുമ്പോള്‍ അമേരിക്കക്കാര്‍ (മലയാളികളെ കൂട്ടണ്ട) കറുത്ത കോട്ടും സ്യൂട്ടും ധരിച്ച് ഗൗരവ ഭാവത്തിലാണെത്തുക. മരിച്ചയാളോടുള്ള ആദരവാണ് അതിലൂടെ കാട്ടുക. വിവാഹത്തിനു ചെല്ലുമ്പോള്‍ ഏറ്റവും നല്ല വേഷം (മലയാളിയും ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നു) ജോലി ഇന്റര്‍വ്യൂവിനു കാഷ്വല്‍ ഡ്രസുമിട്ട് ആരെലും പോകുമോ?

അപ്പോള്‍ കേരള മുഖ്യമന്ത്രി അമേരിക്കയില്‍ ഏതു വേഷത്തില്‍ വരണം? അവസരത്തിനൊത്ത വേഷം വേണം. ചിക്കാഗോയില്‍ സ്വീകരണത്തില്‍ മുഖ്യമന്ത്രി വന്നത് മുണ്ടുടുത്താണ്. കാരണം അവിടെ മലയാളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

ബാ
ള്‍ട്ടിമൂറിലെ ഇന്‍സ്റ്റിറ്റ്യൂട്ടുമായും ഡയറക്ടര്‍ ഡോ. ഗാലോയുമായും സഹകരിക്കുന്നതിനെപറ്റി ചിലര്‍ പ്രതികരിക്കുന്നത് കണ്ടപ്പോള്‍ ദുഖം തോന്നി. അമേരിക്കയില്‍ വാഴ്‌സിറ്റികളും ഇന്‍സ്റ്റിറ്റ്യൂട്ടുകളുമൊക്കെ സ്വതന്ത്ര സ്ഥാപനങ്ങളാണ്. അവക്കൊക്കെ ദുഷ്ട ലക്ഷ്യം ആരോപിക്കുന്നത് കടുംകൈയ്യാണ്.അവ മനുഷ്യ രാശിയുടെ നന്മക്കായാണു പ്രവര്‍ത്തിക്കുന്നത്. രണ്ടു പതിറ്റാണ്ടു മുന്‍പ് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, മൂന്നാറില്‍ ഒരു ഗവേഷണ കേന്ദ്രം തുടങ്ങാമെന്നു പറഞ്ഞപ്പോള്‍ ഉണ്ടായ കോലാഹലം മറക്കാനാവില്ല. മൂന്നാറില്‍ കേന്ദ്രം വരാതിരുന്നതു കൊണ്ട് ആര്‍ക്ക് നഷ്ടം? ജോണ്‍സ് ഹോപ്കിന്‍സിനു ഒരു നഷ്ടവും വന്നില്ല
അന്ന് അതിനെ എതിര്‍ത്ത ഇടതു പക്ഷക്കാരാണു ഇപ്പോള്‍ ഭരിക്കുന്നതെന്നതും സ്മരണീയം. അമേരിക്കയില്‍ നിന്നു പാര വച്ചവരെയും അറിയാം.

ഇനി അമേരിക്കന്‍ മലയാളികള്‍ മുഖ്യമന്ത്രിയെ അപമാനിച്ചെന്നതിനെ പറ്റി. എപ്പോള്‍ അപമാനിച്ചു എന്നു വിമര്‍ശകര്‍ പറയണം.

ഫൊക്കാനയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തു. പ്രസംഗിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ശൈലജ ടീച്ചര്‍ എന്നിവര്‍ക്ക് ബഹുമാന സൂചകമായി ഫൊക്കാന പ്രസിഡന്റും കൊടുത്തു ഓരോ ഫലകം വീതം (കേരളത്തിലെ വിമര്‍ശകര്‍ക്കും ഓരോന്നയക്കാമായിരുന്നു.)

അതിനു ശേഷം ന്യു യോര്‍ക്കിലേക്കു മടങ്ങിയ മുഖ്യമന്ത്രി ചിക്കാഗോയില്‍ പോയി ഫൊക്കാന മിഡ്വെസ്റ്റ് യോഗത്തില്‍ പങ്കെടുത്തു. ചെങ്കൊടിക്കു പിറവി കൊടുത്ത ഹേ മാര്‍ക്കറ്റ് സ്‌ക്വയര്‍ വെടിവയ്പ് നടന്ന സ്ഥലത്തു പോയി. അവിടെ ഒന്നും ഇല്ലാതിരുന്നതിനാല്‍ അന്നു വെടിയേറ്റു മരിച്ചവരുടെ ശവകുടീരങ്ങല്‍ സന്ദര്‍ശിച്ചു. സ്വാമി വിവേകാനന്ദന്‍ പ്രസംഗിച്ച സഥലം സന്ദര്‍ശിച്ചു.

ഇത്രയുമാണു നടന്നത്. ഇതില്‍ ഇത്ര കുറ്റം പറയാന്‍ എന്തുണ്ട്?

ഇനി മന്ത്രി ശൈലജ ടീച്ചര്‍ക്ക് ഒരു അഭിവാദനം കൂടി ഇതോടൊപ്പം. മന്ത്രി ആയാല്‍ ഇങ്ങനെ വേണം. ജനങ്ങളുമായി അവരിലൊരാളായാണു മന്ത്രി ഇടപെട്ടത്. കാര്യങ്ങള്‍ വ്യക്തമായി വിശദീകരിച്ചു.

അതു പോലെ ആര്‍ദ്രം പദ്ധതിക്കു പിന്തുണയും തേടി. അമേരിക്കയില്‍ എം.ഡി. പോലെ ഒരു ബേസിക്ക് മെഡിക്കല്‍ ഡിഗ്രി ആണു എം.ബി.ബി.എസ്. പക്ഷെ അതിനു ഒരു വിലയുമില്ലാത്ത രീതിയാണു കേരളത്തിലെന്നു മന്ത്രി പറഞ്ഞു. എം.ബി.ബി.എസ്. മാത്രമുള്ള ഡോക്ടറെ രോഗികള്‍ക്കു കാണണ്ട. പ്രൈമറി ഹെല്ത്ത് സെന്ററില്‍ ആര്‍ക്കും പോകണ്ട. ചെറിയ പനിക്കു വരെ മെഡിക്കല്‍ കോളജിലേക്കു ഇരച്ചു കയറുന്നു. പഠനത്തിനും ഗവേഷണത്തിനുമൊന്നും മെഡിക്കല്‍ കോളജുകളില്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ല.

എം.ബി.ബി.എസ് മാത്രമുള്ള ഡോക്ടര്‍മാരാകട്ടെ ഉപരിപഠനത്തിനു നെട്ടോട്ടമോടുന്നു.

ഒരു പരിഹാരമായിട്ടാണു പ്രൈമറി ഹെല്ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നത്. 570 സെന്ററുകളില്‍ 170 എണ്ണത്തില്‍ പദ്ധതി നടപ്പാക്കി വരുന്നു. വൈകിട്ടു വരെ ആശുപത്രി പ്രവര്‍ത്തിക്കുക. നാലു ഡോക്ടരമാരും നഴ്‌സുമാരും ലാബും അടക്കം സംവിധാനങ്ങല്‍ ഒരുക്കുക. മുറികള്‍ ആധുനികവല്ക്കരിച്ച് എല്ലാ സംവിധാനവും ഏര്‍പ്പെടുത്തുക. പുറത്ത് ഒരു പൂന്തോട്ടം സ്ഥാപിക്കുക, ഇതൊക്കെയാണു പദ്ധതി.

ഒരു കേന്ദ്രത്തിനു രണ്ടര കോടി ചെലവു വരും. ഇതില്‍ ഒരു പങ്കോ മുഴുവനുമോ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്‌പൊണ്‍സര്‍ ചെയ്യാം. അവരുടെ പേര്‍ അവിടെ എഴുതി വയ്ക്കും.

സ്വന്തം ദേശത്തെ ഹെല്ത്ത് സെന്ററുകളുമായി ബന്ധപ്പെടാന്‍ മന്ത്രി അഭ്യര്‍ഥിച്ചു. പുറത്ത് ആയിരങ്ങള്‍ വേണ്ടി വരുന്ന പരിശോധനക്ക് ഇവിടെ രണ്ടോ മൂന്നൊ രൂപ മതിയാവും.

പലരും കയ്യോടെ പണം നല്കാന്‍ തയ്യാറായെങ്കിലും സ്വീകരിക്കാന്‍ മന്ത്രി വിസമ്മതിക്കുകയും ചെയ്തു. നേരിട്ടു പ്രാദേശിക തലത്തില്‍ ബന്ധപ്പെടാന്‍ അവര്‍ അഭ്യര്‍ഥിച്ചു.

നല്ല പദ്ധതി. നല്ല നിര്‍ദേശം, നല്ല മന്ത്രി. നമുക്കും ഇതില്‍ പങ്കു ചേരാം. 

നിപ്പ വൈറസിനെതിരായ മന്ത്രിയുടെ നേത്രുത്വത്തെ യു.എന്നില്‍ അഭിനന്ദിക്കുകയും ചെയ്തു. ഡോ. ജോസ് കാനാട്ടാണു മന്ത്രിയുടെ സന്ദര്‍ശനത്തിനു ചുക്കാന്‍ പിടിച്ചത്

വാല്ക്കഷണം. മന്ത്രിയെപറ്റി നല്ലതു പറഞ്ഞുവെങ്കിലും മന്ത്രി പ്രസംഗത്തിന്റെ സമയം കുറക്കണം എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ. ഒരു മണിക്കൂര്‍ ഒന്നര മണിക്കൂര്‍ ഒക്കെ കേട്ടിരുന്നാല്‍ മുഷിയില്ലെങ്കിലും അത്ര വേണോ? പ്രത്യേകിച്ച് അമേരിക്കയില്‍. 
നന്ദി നമസകാരം 
Join WhatsApp News
vayanakkaran 2018-07-18 08:39:27
60,000 rupeesnte kannada vangiyathu arude money anennukoodi kunjappi onnu thirakkunnathu nallathayirikkum!!!
Mathew V. Zacharia. Former New York State School Board member ( 1993- 2002) 2018-07-18 15:18:15
Kunjappy: Well deserved commentary about Kerala Prime Minister
Mathew V. Zacharia. Indian American. New York
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക