Image

കൂടെ, മികച്ച ദൃശ്യാനുഭവം

Published on 18 July, 2018
 കൂടെ, മികച്ച ദൃശ്യാനുഭവം
ജീവിതത്തിന്റെ വിലയറിയിക്കാനുള്ള ഏറ്റവും നല്ല ഉപാധി മരണം മാത്രമാണ്‌. ബന്ധങ്ങളുടെ ഇഴയടുപ്പവും ആഴവും തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാര്‍ഗവും അതിനെ മുഖാമുഖം കാണുക എന്നതു തന്നെയാണ്‌.

എപ്പോഴും കൂടെ നിര്‍ത്തേണ്ട ബന്ധങ്ങളുടെ കഥയാണ്‌ അഞ്‌ജലീ മേനോന്‍ സംവിധാനം ചെയ്‌ത കൂടെ എന്ന ചിത്രം. ഹൃദയസ്‌പര്‍ശിയായ സ്‌നേഹബന്ധങ്ങളുടെ കഥ. നിറക്കൂട്ടുകളില്ലാതെ, ചമയങ്ങളില്ലാതെ തെളിഞ്ഞ നീരൊഴുക്കു പോലെ കുളിര്‍മ്മയുള്ള ദൃശ്യാനുഭവം.

തികഞ്ഞ വൈകാരികാനുഭവമാണ്‌ കൂടെ നല്‍കുന്നത്‌. ഓരോ നിമിഷവും അത്‌ പ്രേക്ഷകമനസിലേക്ക്‌ കടന്നു വന്നുകൊണ്ടിരിക്കും. മനസിനെ മഥിക്കുന്ന എന്തോ ഒന്ന്‌. കുടുംബബന്ധങ്ങളാണ്‌ അഞ്‌ജലീമേനോന്റെ സിനിമകളുടെ ചട്ടക്കൂട്‌. അതിനുള്ളിലാണ്‌ മനുഷ്യബന്ധങ്ങളുടെ തീവ്രമായ ജീവിതാനുഭവങ്ങളെ കരുത്തുറ്റ ആഖ്യാനശൈലി കൊണ്ട്‌ അവര്‍ പണിതുയര്‍ത്തുന്നത്‌. ഉസ്‌താദ്‌ ഹോട്ടല്‍, ബാംഗ്‌ളൂര്‍ ഡേയ്‌സ്‌, മഞ്ചാടിക്കുരു, തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെയും കാണാവുന്നത്‌ ബന്ധങ്ങളും അവയുടെ അടുപ്പവും അകല്‍ച്ചയുമൊക്കെ തന്നെയാണ്‌.

ജോഷ്വ(പൃഥ്വിരാജ്‌) എന്ന ചേട്ടന്റെയും ജെനിന്‍(നസ്രിയ) എന്ന അനിയത്തിക്കുട്ടിയുടെയും കഥയാണ്‌ കൂടെ. ചെറുപ്പത്തില്‍ തന്നെ ജോലിക്കായി നാടു വിട്ടു പോയ ചെറുപ്പക്കാരനാണ്‌ ജോഷ്‌. വളരെ അന്തര്‍മുഖനായ ഒരു പ്രവാസി. തന്റെ കൗമാര പ്രായത്തില്‍ തന്നെ വീടു വിട്ടു ഗള്‍ഫില്‍ ജോലിക്കായി പോകേണ്ടി വന്നത്‌ മാതാപിതാക്കളുടെ നിര്‍ബന്ധം മൂലമാണ്‌. ജെനിയുടെ രോഗത്തിന്‌ ചികിത്സയ്‌ക്കായുള്ള പണം കണ്ടെത്താന്‍ വേണ്ടിയാണ്‌ അയാള്‍ക്ക്‌ പ്രവാസിയാകേണ്ടി വരുന്നത്‌. അതില്‍ അയാള്‍ക്ക്‌ അവരോട്‌ നല്ല ദേഷ്യവുമുണ്ട്‌.

തിരികെ വരുന്ന ജോഷിന്‌ മാതാപിതാക്കളോടുള്ള അകല്‍ച്ചയും ദേഷ്യവും അപ്പോഴും ശമിക്കുന്നില്ല. ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും അയാളുടെ ഉള്ളില്‍ സ്ഥാനമില്ല. കുടുംബവുമായി അയാള്‍ക്ക്‌ വലിയ അടുപ്പമൊന്നുമില്ല. ജന്‍മനാ രോഗിയായ ജെനിന്റെ മരണവാര്‍ത്തയറിഞ്ഞാണ്‌ അയാള്‍ നാട്ടിലെത്തുന്നത്‌. പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെ അയാള്‍ തന്നെ തിരിച്ചറിയുന്നു. അനിയത്തി ജെനിനെയും. അധികമൊന്നും കണ്ടിട്ടില്ലാത്ത ജെനിയെ അയാള്‍ അടുത്തറിയുന്നത്‌ അവളുടെ മരണശേഷം അവളുടെ ആത്മാവിലൂടെയാണ്‌.

അയാളുടെ ചെറുപ്പകാലത്തെ ചില അനുഭവങ്ങള്‍ അവള്‍ മനസിലാക്കി കൊടുക്കുന്നുണ്ട്‌. പരുക്കനായ ജോഷിനെ സ്‌നേഹിക്കാനും ജീവിതത്തെ ആസ്വദിക്കാനും പഠിപ്പിക്കുകയാണ്‌ ജെനിന്‍. ജോഷ്വയേക്കാള്‍ 15 വയസിന്‌ ഇളയതാണ്‌ അവള്‍.

പൃഥ്വിരാജാണ്‌ കഥയുടെ കേന്ദ്രബിന്ദു. വൈകാരികഭാവങ്ങളുടെ ചുഴികളില്‍ വീണു പോകുന്ന കഥാപാത്രമാണ്‌ ജോഷ്വ. പൃഥ്വിയുടെ കൈകകളില്‍ ജോഷ്വ ഭദ്രമായിരുന്നു. താരപരിവേഷം അഴിച്ചു വച്ച്‌ ജോഷ്വയുടെ ഉള്ളിലേക്ക്‌ കടന്നു ചെല്ലാന്‍ പൃഥ്വിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ സിനിമയില്‍ ഊര്‍ജ്ജം നിറയ്‌ക്കുന്നതു മുഴുവന്‍ നസ്രിയയുടെ ജെനിന്‍ എന്ന കഥാപാത്രമാണ്‌. നാലു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഗംഭീരമായ തിരിച്ചുവരവാണ്‌ നസ്രിയ നടത്തിയത്‌.

ജെനിന്‍ എന്ന കുസൃതിക്കാരിയായ അനിയതതിക്കുട്ടിയായി നസ്രിയ തിളങ്ങി. ജോഷ്വയും ജെനിനും ബ്രൗണി എന്ന നായയും കൂടി ഊട്ടിയിലൂടെയുള്ള യാത്രയാണ്‌ ചിത്രത്തിന്റെ ഏറിയ പങ്കും. മറ്റു കഥാപാത്രങ്ങളൊക്കെ ഇതിനിടെ വന്നു പോകുന്നവരാണ്‌. പാര്‍വതി അവതരിപ്പിക്കുന്ന സോഫി എന്ന കഥാപാത്രവും ഇങ്ങനെ തന്നെ. ഇവര്‍ക്കിടയില്‍ പ്രണയം തളിരിടുന്നുണ്ടെങ്കിലും അതിന്‌ സിനിമയില്‍ വലിയ പ്രാധാന്യമില്ല. എന്നാലും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന അവസരങ്ങളില്‍ തന്റേതായ ഒരു സ്റ്റൈല്‍ നിലനിര്‍ത്താന്‍ പാര്‍വതിക്കു കഴിയുന്നുണ്ട്‌.

ഫ്‌ളാഷ്‌ബാക്കുമായി ചേര്‍ന്ന ഇടകലര്‍ത്തിയുളള കഥാഖ്യാനമാണ്‌ ചിത്രത്തില്‍. അതുകൊണ്ടു തന്നെ മുഷിയുന്നില്ല. രഞ്‌ജിത്‌, അതുല്‍ കുല്‍ക്കര്‍ണി, മാലാ പാര്‍വതി, റോഷന്‍ മാത്യു തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. രഘു ദീക്ഷിതിന്റെ സംഗീതവും ലിറ്റില്‍ സ്വയമ്പിന്റെ ഛായാഗ്രഹണവും സിനിയ്‌ക്ക്‌ മുതല്‍ക്കൂട്ടാണ്‌. ഒന്നോര്‍ക്കുക, അഞ്‌ജലീമേനോന്റെ സിനിമകളാണെങ്കിലും ഉസ്‌താദ്‌ ഹോട്ടലും ബാംഗ്‌ളൂര്‍ ഡേയ്‌സുമല്ല, കൂടെ. അത്‌ തികച്ചും മറ്റൊരു ചലച്ചിത്രാനുഭവമാണ്‌. അതു കണ്ടു തന്നെ അറിയണം.







.





















































































































































































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക