Image

അല്‍മായയരെ അകറ്റിനിര്‍ത്തുന്നതില്‍ സ്വയം വിമര്‍ശനവുമായി

Published on 18 July, 2018
അല്‍മായയരെ അകറ്റിനിര്‍ത്തുന്നതില്‍  സ്വയം വിമര്‍ശനവുമായി
അഭി. ജോസഫ് പാംപ്ലാനി പിതാവിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ *തമാശക്കുള്ള സമയമല്ലിത്* എന്ന പേരില്‍ ഒരു ആര്‍ട്ടിക്കിള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

*പ്രസ്തുത തരത്തില്‍ ഒരു രചനയും ഒരു മാധ്യമത്തിലും അഭി.പിതാവ് നടത്തിയിട്ടില്ല*.

കുറച്ച് കാലംമുന്‍പ് സമൂഹമാധ്യമങ്ങളില്‍ ഒരു വ്യക്തി എഴുതിയ ആര്‍ട്ടിക്കിള്‍ ആരോ വാട്‌സ്ആപ്പില്‍ എഡിറ്റ് ചെയ്ത് ഷെയര്‍ ചെയ്യപ്പെടുന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നത്.

*ഇത് വിശ്വാസികളില്‍ ആശയക്കുഴപ്പം പരത്താന്‍ നടത്തുന്ന ശ്രമമാണ്*. ഈ ഒരു നീക്കത്തെ അതിരൂപത ശക്തിയുക്തം അപലപിക്കുന്നു.

സാമൂഹിക - രാഷ്ട്രീയ വിഷയങ്ങളിലും, സഭാ കാര്യങ്ങളിലും വ്യക്തമായ നിലപാടുകള്‍ സൂക്ഷിക്കുകയും അത് സഭാത്മകമായി അവതരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അഭി. പാംപ്ലാനി പിതാവെന്ന് ഏവര്‍ക്കും അറിവുള്ള കാര്യമാണ്.

അഭി. പിതാവിന് ജനമനസുകളിലുള്ള സ്വീകാര്യത മലിനപ്പെടുത്താന്‍, ചിലര്‍, സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന ശ്രമം തുടരുകയാണെങ്കില്‍, സൈബര്‍ നിയമനടപടികളെക്കുറിച്ച് ആലോചിക്കുന്നതാണ്.

*തലശേരി അതിരൂപതയുടെ ഓദ്യോഗിക യൂട്യൂബ് ചാനല്‍, സാമൂഹ്യ സമ്പര്‍ക്ക മാധ്യമ അക്കൗണ്ടുകള്‍ എന്നിവ വഴിമാത്രമാണ്* അഭി. പാംപ്ലാനി പിതാവ് വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന പ്രതികരണങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നത്.

*മറ്റ് തരത്തിലുള്ള എല്ലാ ആശയ പ്രചരണത്തെയും അര്‍ഹിക്കുന്ന വിലയോടെ പുറന്തള്ളുമല്ലോ.*

ഈ കാര്യത്തിലെ വാസ്തവം മറ്റുള്ളവരിലേക്കും എത്തിക്കുമല്ലോ

സാമൂഹ്യസമ്പര്‍ക്ക മാധ്യമവിഭാഗം
തലശേരി അതിരൂപത
--------------------------------------------
സിറോ മലബാര്‍ സഭയിലെ പ്രതിസന്ധിക്കു കാരണം അല്‍മായയരെ അകറ്റിനിര്‍ത്തുന്നതിലാണെന്ന സ്വയം വിമര്‍ശനവുമായി തലശേരി സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി . സിറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ നടമാടിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളും പൊറോട്ടു നാടകങ്ങളിലും തനിക്കുള്ള അമര്‍ഷം തുറന്നു പ്രകടിപ്പിച്ച മെത്രാന്റെതായി വന്ന വാട്‌സ് ആപ് സന്ദേശത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയ പല സത്യങ്ങളും സഭ നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും യാഥാര്‍ഥ്യങ്ങളുടെ ചുരുളഴിന്നവയാണ് ഇവിടെ കൊടുത്തിരിക്കുന്ന സന്ദേശത്തിന്റ്‌റെ പൂര്‍ണ രൂപം സൂചിപ്പിക്കുന്നത്.

സഭയുടെ നെടുംതൂണായ അല്‍മായരെ അകറ്റി നിറുത്തി സഭാ നേതൃത്വം അധികാരം ഒറ്റക്ക് കൈയാളുന്നതാണ് സഭയിലെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് പ്രധാന കാരണം എന്ന് സൂചിപ്പിച്ച മാര്‍ പാംപ്ലാനി ഇതു തമാശക്കുള്ള നേരമല്ലെന്നും സഭ നേതൃത്വം അനാവശ്യ പാരമ്പര്യ വിവാദങ്ങളില്‍ നിന്ന് പിന്മാറി യേശുവില്‍ കേന്ദ്രികൃതമായുള്ള സുവിശേഷ വേലയ്ക്കു മുന്‍കൈയെടുക്കണമെന്നും ശക്തമായി വാദിക്കുന്നു,
കുരിശുകളോ ആരാധനാക്രമമോ അല്ല പ്രധാനം യേശുവിലുള്ള വിശ്വാസവും സുവിശേഷവത്കരണവുമായിരിക്കണം സഭ നേതൃത്വം സഭാമക്കള്‍ക്കായി നല്‍കേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ രത്നച്ചുരുക്കം. ആരാധന ക്രമം, കുരിശു തുടങ്ങിയ കാര്യങ്ങളെങ്കിലും മാര്‍പ്പാപ്പക്ക് കീഴിലുള്ള സര്‍വലോക സഭ അംഗീകരിക്കുന്ന ഒന്നാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

മാര്‍ ജോസഫ് പാംപ്ലാനിയുടെ സന്ദേശത്തിന്റെ പൂര്‍ണ രൂപം ചുവടെ:


Mar Joseph Pamplany
Auxilary Bishop, Archdiocese of Thalassery
writes

Received in whatsapp.

തമാശക്കുള്ള സമയമല്ലിത്

കേരള സീറോ മലബാര്‍ കത്തോലിക്കാ സഭ തകര്‍ച്ചയിലേക്കെന്നോ വളര്‍ച്ചയിലേക്കെന്നോയുള്ള നിഗമനങ്ങളില്‍ നിന്നു മാറി, ഇപ്പോള്‍ സഭ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ എങ്ങിനെ മറികടക്കാമെന്ന് ഓരോ സഭാംഗവും ഗൗരവമായി ചിന്തിക്കേണ്ട സമയമാണിപ്പോള്‍. ആരെന്തു തെമ്മാടിത്തരം കാട്ടിയാലും പരി. ആത്മാവു നോക്കിക്കൊള്ളും എന്ന അമിതവിശ്വാസം വേണ്ട - വിതച്ചതു കൊയ്യുമെന്നും, വാളെടുക്കുന്നവന്‍ വാളാലെയെന്നുമുള്ള പ്രമാണങ്ങളും പരി. ആത്മാവിന്റേതു തന്നെയാണ്. അല്‍പ്പം പ്ലാസ്റ്ററൊട്ടിച്ച് മറയ്കാവുന്നതല്ല ഇന്നുള്ള സഭയുടെ മുറിവുകള്‍. മെത്രാന്മാരിലും വൈദികരിലും അത്മായരിലും പക്ഷങ്ങള്‍ പരസ്യമായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. കേരള ക്രൈസ്തവ സമൂഹത്തിന് പ്രത്യേകം ഒരു ആരാധനാക്രമം ഉണ്ടാകുന്നതിനോടോ ലോകത്തിലുള്ള എല്ലാ കേരളീയരും ഒന്നായിരിക്കുന്നതിനോടോ ഞാനെതിരല്ല. പക്ഷെ, സുവിശേഷ പ്രചാരണം എന്ന ആശയത്തില്‍ നിന്നു മാറി പാരമ്പര്യ സംരക്ഷണം ദൗത്യമായി സഭ വ്യാഖ്യാനിക്കുന്നതിനെ എതിര്‍ക്കാതിരിക്കാന്‍ വയ്യ.

ഒരു ക്രിസ്ത്യാനിയുടെ കേന്ദ്രബിന്ദു തോമ്മാശ്‌ളീഹായല്ല, യേശുവാണ്. ഈ പാരമ്പര്യവാദം ഉന്നയിച്ചാലേ സ്വതന്ത്ര റീത്തെന്ന വാദഗതിക്കു സാധുതയുണ്ടായിരിക്കുയുള്ളൂവെന്നതു സത്യമായിരിക്കാം. പക്ഷെ, പ്രാവാസി ജീവിതം നയിക്കുന്നവരെ റീത്തിന്റെ പേരിലും പാരമ്പര്യത്തിന്റെ പേരിലുമായി ഒറ്റപ്പെടുത്തുന്നതിലാണ് അതിപ്പോള്‍ ചെന്നെത്തിയിരിക്കുന്നത്. അതു വരാനിരിക്കുന്ന ഒരു വലിയ പാരയായി മാറുക തന്നെ ചെയ്യും. മറ്റൊരു സംസ്‌കാരം ഈ മണ്ണില്‍ വേണ്ടായെന്നു വിദേശങ്ങളില്‍ പലരും പറഞ്ഞെന്നുമിരിക്കും. ഈ ഒറ്റപ്പെടുത്തല്‍ വടക്കേ ഇന്ത്യയില്‍ സഭാക്കേറ്റ പല പ്രഹരങ്ങളുടേയും കാരണവുമാണ്.

എവിടെയാണു നമുക്കു തെറ്റുപറ്റിയത്? സൂഷ്മമായി പരിശോധിച്ചാല്‍ സീറോമലബാര്‍ മെത്രാന്മാര്‍ക്ക് വേണ്ടിയിരുന്ന അമിതാധികാരമായിരുന്നു ഈ റീത്തുവാദത്തിനു പിന്നിലെന്നു കാണാം. സ്വതന്ത്ര ഭരണാധികാരമുള്ള ഒരു റീത്തായി മാറിയപ്പോഴെ അവര്‍ ചെയ്തത് സഭാ സ്വത്തുക്കള്‍ വിശ്വാസികളില്‍ നിന്നെടുത്തു മാറ്റുകയും വിശ്വാസിയെ ഉപദേശാധികാരത്തിലേക്കു ചുരുക്കുകയുമാണ്. ആരാധനാക്രമം നിശ്ചയിക്കുന്നിടത്തും, 98% വരുന്ന അത്മായരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തില്ല. അത്മായനിന്നജ്ഞനല്ല. ഭ്രാന്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി, നിയമങ്ങള്‍ക്കൊണ്ടും പണപ്പിരിവുകൊണ്ടും വിശ്വാസിയെ വരിഞ്ഞു മുറുക്കി. അന്നു മുതല്‍ രൂപപ്പെട്ടുവരുന്ന അഗ്‌നിപര്‍വ്വതമാണ് ഇപ്പോള്‍ എല്ലാവര്‍ക്കും ഭീഷണിയായി പുകഞ്ഞു കൊണ്ടിരിക്കുന്നത്. ശ്രീ ജോസഫ് പുലിക്കുന്നന്‍ വിടവാങ്ങിയപ്പോള്‍ സഭക്കുള്ളിലുള്ളവരില്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തോട് ഐക്യധാര്‍ഢ്യം പ്രകടിപ്പിക്കുകയാണു ചെയ്തത്. ബിഷപ്പ് ജേക്കബ് മുരിക്കന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി പ്രാര്‍ത്ഥിക്കുകയും ചെയ്തു. നിരവധി മെത്രാന്‍മാരും വൈദികരും പ്രമുഖരും ഉള്‍പ്പെടുന്നു വന്‍ ജനാവലി അദ്ദേഹത്തെ യാത്രയയക്കാന്‍ എത്തുകയും ചെയ്തിരുന്നു. സഭാംഗങ്ങളുടെ ചിന്തകളിലുണ്ടായ മാറ്റമാണിതു കാണിക്കുന്നത്. സ്‌നേഹത്തില്‍ അധികാരവുമില്ല അധികാരത്തില്‍ സ്‌നേഹവുമില്ല - അദ്ദേഹം ആവര്‍ത്തിക്കുമായിരുന്ന ഒരു വാചകമാണിത്. ശരിയല്ലേ? സഭാകാര്യങ്ങളില്‍ അദ്ദേഹത്തോളം അഗാധമായ അറിവു നേടിയ ഒരു വ്യക്തി നമ്മുടെയിടയില്‍ ഇനിയുണ്ടാവാന്‍ ഇടയില്ല. വെറും നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് സഭക്കെതിരെ എഴുതുന്നവര്‍ അജ്ഞാതരായിരുന്നെങ്കില്‍ ഇന്നതല്ല സ്ഥിതി. അത്രമാത്രം മാറ്റമാണുള്ളില്‍ സംഭവിച്ചത്.

മെത്രാന്മാരെക്കാളും വൈദികരേക്കാളും താരതമ്യേന ശുദ്ധജീവിതം നയിക്കുന്നവരാണ് തങ്ങളെന്ന് അത്മായര്‍ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. വളരെ നല്ല ചില വൈദികരും വൈദിക മേലദ്ധ്യക്ഷന്മാരും നമുക്കുണ്ടെന്നുള്ളത് മറക്കുന്നില്ല.
സീറോ മലബാര്‍ സഭ നല്ലതു മാത്രമേ ചെയ്തിട്ടുള്ളൂവെന്നു വാദിക്കുന്നവര്‍ ഓര്‍ക്കുക - കേരള ക്രൈസ്തവരുടെ ഹൃദയത്തില്‍ കൊത്തിയിരുന്ന ക്രൂശിതരൂപമാണ് പാരമ്പര്യ വാദികള്‍ പിഴുതെടുത്തത്. മാര്‍ത്തോമ്മാക്കുരിശെന്ന
അടയാളവും മാര്‍ത്തോമ്മയുമായുള്ള ബന്ധം വളരെ നേര്‍ത്തതാണെന്നു മാത്രമല്ല, അതിലേറെ സൂചനകള്‍ ഇതു പാഷണ്ഡതയുടെ അടയാളമായിരുന്നുവെന്നതിലേക്കും നീളുന്നു. മാര്‍ത്തോമ്മാശ്‌ളീഹാ ഭാരതത്തില്‍ വന്നിരുന്നുവെന്നോ വന്നില്ലായെന്നോ ചരിത്രപരമായി തെളിയിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. വത്തിക്കാന്‍ രേഖകളോട് ഒത്തു ചേരുന്നതല്ല നമ്മുടെ പല ഐതിഹ്യാധിഷ്ഠിത വാദങ്ങളും. എന്തായാലും സഭക്ക് ഒരടയാളം എന്നതിനപ്പ്പുറത്തേക്ക് ഈ താമരക്കുരിശ് ഉപയോഗിക്കപ്പെട്ടു കൂടാ. എല്ലാ രൂപതകളിലും ഇതുപയോഗിക്കപ്പെടുന്നില്ലായെന്നു മാത്രമല്ല സ്വന്തം രൂപതയില്‍ ഇതുപയോഗിക്കാന്‍ പാടില്ലായെന്നു സര്‍ക്കുലര്‍ ഇറക്കിയ മെത്രാന്മാരും ഉണ്ട്. അള്‍ത്താരയില്‍ വെച്ച് ആരാധിക്കപ്പെടാനുള്ള യോഗ്യത ഈ കുരിശിനില്ല, അതെടുത്തു മാറ്റിയാല്‍ സഭയോടുള്ള അനേകരുടെ പക കുറയും. അതിന്റെ പേരില്‍ വെഞ്ചരിപ്പു മാറ്റിവെച്ച പള്ളികള്‍ വളരെ, പല പള്ളികളിലും ഒളിച്ചും പാത്തുമാണിത് സ്ഥാപിച്ചതും. അമേരിക്കയിലെ ഒരു പള്ളിയില്‍ ഇതു പരസ്യമായി വിശ്വാസികള്‍ കത്തിക്കുക വരെ ചെയ്തു.

രണ്ടാമത്തെ അതിപ്രധാനമായ ഭാഗം സഭാധികാരികളും അത്മായനുമായുള്ള ബന്ധമാണ്. അത്മായന്‍ ഒരു കത്തയച്ചാല്‍ അതു കിട്ടിയെന്നുപൊലും മറുപടിയയക്കാനുള്ള സന്മനസ്സുകാണിക്കുന്ന മെത്രാന്മാര്‍ കുറവ്. ഇതില്‍ പെരുത്ത ദിവ്യന്മാരും പെടും. മര്യാദകേട് ഇത്രക്കു വേണോയെന്നാണെന്റെ ചോദ്യം. അത്മായന്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനങ്ങളില്‍ അവനു പ്രവേശനമില്ലെന്നു കൂടി വന്നാല്‍? ലോകം മുഴുവനുമുള്ള കത്തോലിക്കര്‍ മാര്‍പ്പാപ്പാ വിളിച്ചു കൂട്ടിയ കുടുംബസംബന്ധിയായ സിനഡിലേക്കുള്ള അഭിപ്രായസര്‍വ്വേയില്‍ പങ്കെടുത്തെങ്കില്‍ അതിനുള്ള അവകാശം പോലും ഈ സഭാ മക്കള്‍ക്കു നിഷേധിച്ചതാര്? 

വെറും ഉപദേശകസമിതിയായി അത്മായരെ ചുരുക്കി! അയ്യായിരം പേര്‍ക്കിരിക്കാവുന്ന വലിപ്പത്തിലുള്ള പള്ളി, അതില്‍ കയറുന്നവര്‍ എവിടെയിരിക്കണമെന്ന് അച്ചന്‍ പോലീസ് തീരുമാനിക്കും. എങ്ങിനെയെല്ലാം അവനെ പിഴിയാമെന്നും നിയന്ത്രിക്കാമെന്നുമുള്ളതാണ് വൈദികരുടെ നോട്ടം. പള്ളിക്കുള്ളില്‍ നടക്കുന്ന സ്‌ത്രോത്രക്കാഴ്ച്ച 25000 ല്‍ കുറയ്യാന്‍ പാടില്ലെന്ന് ഒരു വികാരി കല്‍പ്പിക്കുന്നത് ഞാന്‍ കേള്‍ക്കാനിടയായി. ഈ ചിന്താഗതിയേ മാറണം. തിരിച്ചറിവ് സിനഡുകാഴ്ചയിലൂടെയെന്ന നിലപാടു മാറ്റി തനത് ഉള്‍ക്കാഴ്ചയിലൂടെയെന്ന ചിന്തയിലേക്ക് നാം വരണം. 

അത്മായരുടെ നിലപാട് എപ്പോഴും ഒന്നായിരിക്കണമെന്നില്ല, അതിനെയും ബഹുമാനത്തോടെ കാണാന്‍ എല്ലാവര്‍ക്കും കഴിയണം. അങ്ങിനെയായിരുന്ന കഴിഞ്ഞ കാലത്തില്‍ സഭ വളരുകയായിരുന്നുവെന്നത് മറക്കരുത്.
അടുത്തത്, ആരാധനാക്രമമാണ്. വികലമായ വ്യഖ്യാനങ്ങളാണ് സര്‍വ്വത്ര! ഇവിടെ, തിരിഞ്ഞു നില്‍ക്കണോ കുനിഞ്ഞു നില്‍ക്കണോയെന്നതല്ല അത്മായന്റെ പ്രശ്‌നം - ശാന്തമായി മന:സമാധാനത്തോടെ പള്ളിക്കുള്ളില്‍ ആയിരിക്കാന്‍ കഴിയുന്നുണ്ടൊയെന്നതാണ്. 75% സാമ്പാറും 25% ചോറുമായി ഭക്ഷിക്കുന്നതിനെ ചോറുണ്ടുവെന്നല്ല സാമ്പാറു കുടിച്ചുവെന്നാണ് പറയുക. ഇടയലേഖനമായും, അറിയിപ്പുകളായും മുക്കാല്‍ മണിക്കൂര്‍ തോന്ന്യാസമാണ് മിക്ക ഞായറാഴ്ചകളിലും. 

ഗാനങ്ങളുടെ പേരില്‍ നടക്കുന്ന പ്രകടനങ്ങളേയും ഞാന്‍ സാമ്പാറിന്റെ ഗണത്തില്‍ പെടുത്തും - അതും വരും എക്‌സ്ട്രാ 15 മിനിറ്റ്. കാതടപ്പിക്കുന്ന ഈ പ്രകടനം മനുഷ്യനെ കോരിത്തരിപ്പിക്കുകയല്ല, അലോസരപ്പെടുത്തുകയാണു ചെയ്യ്യുക. ലത്തീന്‍ കുര്‍ബാന (പ്രത്യ്യേകിച്ചു വിദേശങ്ങളില്‍ നടക്കുന്നത്) കണ്ടിട്ടുള്ളവര്‍ക്ക് ഇതിന്റെ വ്യത്യാസം മനസ്സിലാകും. ശരിക്കും പറഞ്ഞാല്‍, കുര്‍ബ്ബാനക്ക് വളരെ കുറച്ചു പ്രാധാന്യമേ നാം പള്ളികളില്‍ കൊടുക്കുന്നുള്ളൂ.
ഇതുപോലെ പ്രാധാന്യമേറിയതാണ് സഭാ നടപടികളുടെ പേരില്‍ നടക്കുന്ന തോന്ന്യാസങ്ങള്‍. ഓരോന്നിനും സിനഡു കാണാത്ത മാനങ്ങളുണ്ടെന്നു മനസ്സിലാക്കുക. അടുത്ത കാലത്ത് നടപ്പാക്കിയ ഒരു പരിഷ്‌കാരമാണ് കല്യാണത്തിനു തലേന്ന് വധൂ വരന്മാരുടെ വീട്ടില്‍ അച്ചന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയെന്നത്.

മലബാറിലെ ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ പിരിവെടുത്ത നടത്തിയ കല്യാണത്തിന്റെ കഥ കേട്ടു. അച്ചന്‍ പ്രാര്‍ത്ഥനക്കു വരുമ്പോള്‍ വാര്‍ഡിലുള്ള എല്ലാവരെയും വിളിക്കുന്ന പതിവായി. അവര്‍ക്കു സദ്യകൊടുക്കാനുള്ള ക്രമീകരണങ്ങളും പതിവായി, ഈ വീട്ടുകാരനും ചിലവായി 50,000 രൂപാ ആ വകയില്‍. വേദപാഠമായിരുന്നു പണ്ടു പഠിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നടക്കുന്നത് മതപഠനമാണ്. കുട്ടികള്‍ ഭയന്നാണ് ഇതില്‍ പങ്കെടുക്കുന്നത് - അത്ര ചിട്ടകളാണിവിടെ. സിനഡെടുക്കുന്ന തീരുമാനം ചോദ്യം ചെയ്യാന്‍ പാടില്ല, വിവാഹത്തിനു വൈദികനാണു കാര്‍മ്മികന്‍ തുടങ്ങിയ യുക്തിക്കോ സത്യത്തിനോ നിരക്കാത്ത തനതു വസ്തുതകളാണ് പിഞ്ചു മനസ്സിലേക്കു തള്ളി വിടുന്നത്. അപ്രമാദിത്യം മാര്‍പ്പാപ്പാ തന്നെ തള്ളിക്കളഞ്ഞു. സത്യത്തിനൊരു നിര്‍വ്വചനമുണ്ട് - സത്യമായതിനു മാറ്റമില്ല, മാറുന്നതു സത്യവുമല്ലെന്ന്. എന്റെ ചെറുപ്പത്തിലുള്ളതൊന്നുമല്ല ഇപ്പോള്‍ പള്ളിയില്‍ കാണുന്നത്. അപ്പോള്‍ ഞാന്‍ ചോദിക്കട്ടെ, എന്തായിരുന്നു സത്യം? അവധിക്കാലം കുട്ടികളുടെ അവകാശമാണ്, അവരുടെ ക്രിയേറ്റിവിറ്റി അവര്‍ക്കു പ്രകടിപ്പിക്കാനുള്ള ഒരവസരം. ഉത്ഥാനോല്‍സവത്തിന്റെയും ഇന്റന്‍സീവിന്റെയും പേരില്‍ അതവര്‍ക്കു നിഷേധിക്കുന്നത് തെറ്റാണ്. 

വൈദിക വിദ്യാര്‍ത്ഥികള്‍ക്കു കൊടുക്കുന്ന പരിശീലനത്തിലും കാതലായ തെറ്റുണ്ട്. ഇല്ലായിരുന്നെങ്കില്‍ ആര്‍ഭാട പ്രിയരും അധികാര മോഹികളുമായ ഒരു വൈദിക സമൂഹം ഇവിടുണ്ടാകുമായിരുന്നില്ല. അറിവു സഭാഗ്രന്ഥങ്ങളില്‍ മാത്രമാണെന്നു വിശ്വസിച്ചു വശായിരിക്കുന ഒരു തലമുറയാണവിടെ കാണുന്നത്.

സെമിത്തേരികളുടെയും അതില്‍ അടക്കപ്പെടാന്‍ ആവശ്യമുള്ള വികാരിയുടെ അനുവാദത്തിന്റെയും പേരില്‍ ഇവിടെ നടക്കുന്ന കൊള്ള അപ്പാടെ നിര്‍ത്തണം. ശവസംസ്‌കാരം പോലും എത്ര നീട്ടാമെന്നുള്ളതാണ് സഭാധികാരികളുടെ ചിന്ത. അത്മായന്‍ മരിച്ചാല്‍ അവനെ സംസ്‌കരിക്കാനുള്ള കടമ സഭയുടേതാണ്, അതിനു പോലും കഴിയുന്നില്ലെങ്കില്‍ എന്തിനീ സംവിധാനം? വിശുദ്ധന്മാരുടെ പേരില്‍ ഓരോ പള്ളികളിലും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും പൂര്‍ണ്ണമായും നിര്‍ത്തിയേ മതിയാവൂ. ഒന്നും തന്നെ യേശു കേന്ദ്രീകൃതമല്ലെന്നു കാണുക. പുണ്യവാന്മാരല്ല സ്വര്‍ഗ്ഗം നിയന്ത്രിക്കുന്നത്. മാത്രവുമല്ല, യേശുവിന്റെ സമീപത്തേക്ക് ചെല്ലുവാന്‍ ഒരു മാധ്യമത്തിന്റെയും ആവശ്യവുമില്ല - കൂദാശകളൊന്നും അത്മായനു വിലപറയാന്‍ ഉപയോഗിക്കപ്പെടേണ്ടതുമല്ല.  
Join WhatsApp News
Joseph Padannamakkel 2018-07-18 15:16:12
യുവചിന്തകനായ തലശേരി സഹായ മെത്രാൻ ബിഷപ്പ് പാംപ്ലാനിയുടെ ഈ ലേഖനം വളരെ ഹൃദ്യവും വസ്തുതാപരമായി എഴുതിയതുമാണ്. അന്തരിച്ച ശ്രീ പുലിക്കുന്നേൽ സാറിനെ ഒരു സഭാ പണ്ഡിതനായി വിശേഷിപ്പിച്ച ബിഷപ്പ് പാംപ്ലാനിയുടെ അഭിപ്രായങ്ങളിൽ അഭിനന്ദിക്കുകയും ചെയ്യുന്നു. കാലഹരണപ്പെട്ടുപോയ സഭയിൽ ബിഷപ്പ് പാംപ്ലാനിയുടെ ചിന്തകൾ മറ്റു മെത്രാന്മാർക്കും അധികാര മത്തു പിടിച്ച പുരോഹിതർക്കും ലഭിച്ചിരുന്നെങ്കിൽ സഭയിൽ ഒരു ഉടച്ചുവാർക്കലിൽക്കൂടി  നവോത്ഥനം പ്രതീക്ഷിക്കാമായിരുന്നു.  
 
മദ്ധ്യകാലങ്ങളിൽ ഇറാക്കിലെ കള്ളന്മാരെയും കൊള്ളക്കാരെയും കൊലപാതകികളെയും തൂക്കിക്കൊല്ലാനായി ഉപയോഗിച്ചിരുന്ന 'മാനിക്കേയൻ' കുരിശാണ് സീറോ മലബാർ സഭയുടെ ഔദ്യോഗിക ചിഹ്നം. മാനിക്കേയൻ തന്നെ സഭയുടെ തെറ്റായ വിശ്വാസം പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഒരു പാഷണ്ഡിയായിരുന്നു. പവ്വത്ത് ബിഷപ്പിന്റെ കടുംപിടുത്തം കാരണമാണ് നിന്ദ്യമായ ഒരു കുരിശിനെ സീറോ മലബാർ സഭയിൽ പ്രതിഷ്ഠിക്കാൻ കാരണമായതും അതിന്റെ പേരിൽ സമുദായ അംഗങ്ങൾ തമ്മിൽ പരസ്പ്പരം തല്ലു കൂടേണ്ടി വന്നതും. വൈകൃതമായ ആ കുരിശ് തോമ്മാശ്ലീഹായുടേതല്ലെന്ന് ബിഷപ്പ് പാംപ്ലാനി തന്റെ ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ചർച്ച് ആക്റ്റിനെപ്പറ്റി ലേഖനത്തിൽ സൂചിപ്പിക്കുന്നില്ലെങ്കിലും സഭയിൽ അല്മെനിയുടെ പങ്കാളിത്വത്തെ ബിഷപ്പ് ഊന്നി പറയുന്നുണ്ട്. അതുപോലെ സെമിനാരിയിൽ പുരോഹിതരെ അധികാരഭ്രമികളായി പുറത്തു വരാനാണ് പരിശീലിപ്പിക്കുന്നതെന്ന അദ്ദേഹത്തിൻറെ അഭിപ്രായവും ശരി വെക്കുന്നു. അഹങ്കാരവും അധികാരമോഹവും കേരളത്തിലെ മിക്ക ബിഷപ്പുമാർക്കുമുള്ള ദുർഗുണങ്ങളാണ്.  പാരമ്പര്യ വാദവും മാർത്തോമ്മായുടെ അസ്തിത്വവും പൊള്ളയാണെന്നുള്ള ഒരു മെത്രാന്റെ അഭിപ്രായവും സഭ മനസിലാക്കേണ്ടതുണ്ട്. 

സീറോ മലബാർ പള്ളിയിലെ ആരാധന ക്രമങ്ങളെ സംബന്ധിച്ചും ബിഷപ്പ് വിവരിക്കുന്നുണ്ട്. ഒരു  തരം യോഗാ പോലുള്ള വ്യായാമമാണ് കുർബാനയിൽ സംബന്ധിക്കുന്നവർക്ക് ലഭിക്കുന്നത്. വൃദ്ധന്മാരും യുവാക്കളും കുഞ്ഞുങ്ങളും ഒരു പോലെ കുർബാനയ്ക്കിടയിൽ അമ്പതു പ്രാവശ്യമെങ്കിലും മിലിട്ടറി മോഡലിൽ എഴുന്നേൽക്കുകയും ഇരിക്കുകയും മുട്ടുകുത്തുകയുമായി വ്യായാമങ്ങൾ ചെയ്യണം.  അച്ചന്മാരുടെ നീണ്ട ബോറടിച്ച പ്രസംഗങ്ങൾ പള്ളിയോടു തന്നെ വെറുപ്പുണ്ടാക്കുന്നു. പിന്നീട് പള്ളിക്ക് സംഭാവന, പള്ളിപ്പണി മുതലായ സ്ഥിരം അഭ്യർത്ഥനകൾ വേറെയും. ചത്തു കഴിഞ്ഞാലും സെമിത്തേരിയിൽ മറവു ചെയ്യാൻ കൊള്ളപ്പണവും ചോദിക്കും. 

ഇന്ന് ഭൂരിഭാഗം കത്തോലിക്കരും പള്ളിയോട് അകന്നു പോയ വസ്തുതയും ബിഷപ്പ് പാംപ്ലാനി  അംഗീകരിക്കുന്നുണ്ട്. കാലഹരണപ്പെട്ട ചിന്താഗതികളുമായി നടക്കുന്ന ഇന്നത്തെ സഭാ നേതൃത്വം മാറ്റങ്ങൾ ആഗ്രഹിക്കുന്നുമില്ല. അല്മെനികൾക്കും പങ്കുള്ള ഒരു സഭയെയാണ് ബിഷപ്പ് പാംപ്ലാനി ആഗ്രഹിക്കുന്നത്. അതിന് സഭാസ്വത്തുക്കളിൽ അല്മെനികൾക്കും പങ്കുള്ള ചർച്ച് ആക്റ്റ് പാസാക്കേണ്ടതുമുണ്ട്.

മെത്രാന്മാരെക്കാളും വൈദികരേക്കാളും വിശുദ്ധ ജീവിതം നയിക്കുന്നത് അല്മെനികളെന്നത് ഒരു മെത്രാൻ പറയുന്നതും വിസ്മയകരം തന്നെ. ഈ ചിന്തകൾ മറ്റു പുരോഹിതർക്കുണ്ടായിരുന്നെങ്കിൽ  പൗരാഹിത്യം ഇത്രമാത്രം അധഃപതിക്കില്ലായിരുന്നു. ഇന്നുള്ള പൗരാഹിത്യം മദ്ധ്യകാല ഘട്ടത്തിലെ അധികാര മോഹികളായ ബൂർഷാ ചിന്തകർക്ക് തുല്യമാണ്. കൂദാശകളും ശുദ്ധീകരണ സ്ഥലവും വിറ്റാണ് വത്തിക്കാൻ കൊട്ടാരം പണി കഴിപ്പിച്ചത്. സഭയുടെ ദുഷിച്ച ഫ്യുഡൽ ചിന്താഗതികൾ നിറഞ്ഞ പുരോഹിതർ കാരണമാണ് പ്രൊട്ടസ്റ്റന്റ് സഭകളുണ്ടായതും.

ബിഷപ്പ് പാംപ്ലാനി പറഞ്ഞപോലെ, കേരളത്തിലെ ബിഷപ്പുമാർ ഒരു അല്മായൻ കത്ത് അയച്ചാൽ മറുപടി അയക്കില്ല. കാക്കനാട്ടുനിന്നു ആലഞ്ചേരിയുടെ ഓഫീസ് അറിഞ്ഞ ഭാവവും കാണിക്കില്ല. സഭാപ്രശ്നങ്ങളുമായി ആരെങ്കിലും കാക്കനാട്ട് എത്തിയാൽ കർദ്ദിനാൾ ആലഞ്ചേരി പത്തായത്തിനുള്ളിൽ ഒളിച്ചിരിക്കും. അടുത്ത കാലത്തെ ജലന്ധർ ബിഷപ്പുമായുള്ള കന്യാസ്ത്രി വിവാദങ്ങളിൽ ആലഞ്ചേരിയുടെ സമീപനവും അതിന് തെളിവാണ്. മാന്യമായി അല്മെനികളോട് എങ്ങനെ പെരുമാറണമെന്നു പഠിക്കാനായി കേരളത്തിലെ ബിഷപ്പുമാർക്കു പ്രായോഗിക പരിശീലനം നൽകുന്നതു നന്നായിരിക്കും. 
Joseph 2018-07-18 17:35:13
വ്യാജ ലേഖനമായിരുന്നെങ്കിൽ ഇങ്ങനെയുള്ള ഒരു പ്രതികരണത്തിന് ഞാൻ മുതിരുകയില്ലായിരുന്നു. ആരാണെങ്കിലും ഈ വ്യാജൻ ബുദ്ധിമാൻ തന്നെ. പാംപ്ലാനിയുടെ ഈ ലേഖനത്തിലുള്ള പ്രതികരണം കണ്ടപ്പോൾ അഭിവന്ദ്യ പിതാവെന്നു വിളിക്കാനുള്ള യോഗ്യത ഒന്നും അദ്ദേഹത്തിൽ കാണുന്നില്ല. അതുപോലെ വ്യാജൻ എഴുതിയ ലേഖനത്തിന്റെ പേരിൽ നടപടികളെടുക്കുമെന്നു ഭീഷണി മുഴക്കിയാലും വിലപ്പോവില്ല. അമേരിക്കൻ പ്രസിഡന്റിനെ വരെ വിമർശിക്കാൻ രാജ്യത്തിലെ പൗരന്മാർക്ക് അവകാശമുണ്ട്. പാംപ്ലാനിക്ക് കൊടുത്ത അഭിനന്ദനങ്ങൾ തിരിച്ചെടുത്തുകൊണ്ടു വ്യാജനെ അഭിന്ദിക്കുന്നു. കാരണം ലേഖനം സത്യമാണെന്ന് ഞാനും വിശ്വസിച്ചു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക