Image

കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോം ((KCAH); ചില യാഥാര്‍ത്ഥ്യങ്ങള്‍: ഫാ. ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍

ഫാ. ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ Published on 18 July, 2018
കേരളാ ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോം ((KCAH); ചില യാഥാര്‍ത്ഥ്യങ്ങള്‍: ഫാ. ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍
പ്രിയ വായനക്കാരും KCAH അംഗങ്ങളും അറിയുന്നതിനു വേണ്ടി ചില സത്യങ്ങള്‍ അറിയിക്കുവാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനാകുന്നു.

ഈയ്യിടെ ഒരു ഫിലിപ്പ് മാരേട്ടിന്റെ ലേഖനം വായിക്കുവാന്‍ ഇടയായി. ശ്രീ തോമസ് കൂവള്ളൂര്‍ വഴി വന്നതായിട്ട് അറിയുന്നു. മേല്പടി ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തികച്ചും അറിവില്ലായ്മയില്‍ നിന്നും എഴുതിയിട്ടുള്ളതാണ്. ഒരു കാര്യം പോലും സത്യമായിട്ടുള്ളവയല്ല.

KCAH എന്ന കമ്പനി 2005-ല്‍ രജിസ്റ്റര്‍ ചെയ്ത് ആരംഭിച്ചതാണ്. പ്രസ്തുത കമ്പനിക്ക് വ്യക്തമായ ഒരു ഭരണഘടനയുണ്ട്. അന്നുമുതല്‍ 2017 നവംബര്‍ 30 വരെ ആ ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ജനറല്‍ ബോഡിയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 15 പേര്‍ അടങ്ങുന്ന ഒരു എക്‌സിക്യൂട്ടീവ് ബോര്‍ഡും ഇതിനുണ്ട്. ഓരോ ബോര്‍ഡ് മീറ്റിംഗിലും എടുക്കുന്ന തീരുമാനങ്ങള്‍ വ്യക്തമായി മിനിറ്റ്‌സില്‍ രേഖപ്പെടുത്തുന്നുമുണ്ട്. വാര്‍ഷിക പൊതുയോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങളാണ് അതാത് കാലങ്ങളില്‍ ഉള്ള ബോര്‍ഡ് നടപ്പില്‍ വരുത്തുന്നത്.

ഓരോ വര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കും KCAH-ന്റെ എല്ലാ അംഗങ്ങള്‍ക്കും അയച്ചു കൊടുത്തിട്ടുള്ളതാണ്. 2017 ഡിസംബര്‍ 2-ന് കൂടിയ KCAH പൊതുയോഗത്തില്‍ റിപ്പോര്‍ട്ടും കണക്കും ഭരണമേറ്റ പുതിയ ബോര്‍ഡ്, ഇതുവരെ ആര്‍ക്കും അയച്ചു കൊടുത്തിട്ടില്ല. ശ്രീ തോമസ് കൂവള്ളൂരിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡാണ് 2017 ഡിസംബര്‍ രണ്ടു മുതല്‍ അധികാരത്തിലുള്ളത്. ഈ ബോര്‍ഡിന്റെ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ ആരെന്ന് അംഗങ്ങള്‍ക്ക് അറിഞ്ഞുകൂടാ.

ശ്രീ തോമസ് കൂവള്ളൂരിന്റെ പത്രവാര്‍ത്ത മാത്രമാണ് പുറത്തുവരുന്നത്. 15 പേരടങ്ങിയ ബോര്‍ഡ് കൂവള്ളൂരിന് ഉണ്ടോ? ഇല്ലെങ്കില്‍ KCAH ന്റെ പ്രസിഡന്റ് എന്നു പറയുന്നതും KCAH ന്റെ ഭരണപരമായ കാര്യങ്ങളില്‍ ശ്രീ കൂവള്ളൂര്‍ ഇടപെടുന്നതും ഭരണഘടനാ വിരുദ്ധമാണ്.

തോമസ് കൂവള്ളൂര്‍ KCAH ന്റെ ആരംഭകാലം മുതലുള്ള ഒരു അംഗമല്ല. വളരെ വൈക് 150 അംഗങ്ങളായതിനുശേഷം ഇതില്‍ നിന്നുമുള്ള ഒരു അംഗത്തിന്റെ മെംബര്‍ഷിപ്പ് വാങ്ങി ഏറ്റവും അവസാനമായി KCAH-ല്‍ ചേര്‍ന്ന ഒരാളുമാണ്. ആയതിനാല്‍ KCAH ന്റെ ആരംഭ കാലത്തേക്കുറിച്ചും ഇതിനു വേണ്ടി അഹോരാത്രം പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിച്ചവരെക്കുറിച്ചും ശ്രീ തോമസ് കൂവള്ളൂരിന് അറിയില്ല.

അറിവില്ലായ്മയുടെ കാലങ്ങളില്‍ കൂടിയാണ് ശ്രീ കൂവള്ളൂര്‍ പോകുന്നത്. 2005 മുതല്‍ 2017 നവംബര്‍ 30 വരെയുള്ള കണക്കും റിപ്പോര്‍ട്ടും കറ തീര്‍ന്നതാണ്. സര്‍വ്വവിധ ഇടപാടുകളും കമ്പനിയുടെ ചെക്ക് മുഖാന്തിരമാണ് നടന്നിട്ടുള്ളത്.

ചില സത്യങ്ങള്‍ ഇവിടെ എഴുതുന്നു:

1) ഈ കമ്പനിയുടെ ഉദ്ദേശം എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഒരു റിട്ടയര്‍മെന്റ് കമ്പനിക്കു വേണ്ടിയായിരുന്നു (ഭരണഘടന നോക്കുക).

2) ഡാളസ് റോയ്‌സ് സിറ്റിയില്‍ 432 ഏക്കര്‍ സ്ഥലം വാങ്ങിച്ച് വീടുകള്‍ പണിയിക്കുക എന്നത് കമ്പനിയുടെ ജനറല്‍ ബോഡി മീറ്റിംഗിന്റെ തീരുമാനമായിരുന്നു.

3) വീടു പണിക്ക് വേണ്ടി സ്ഥലം ഡവലപ് ചെയ്യുന്നതിലേക്ക് ആവശ്യമായ പണം 8 ശതമാനം പലിശയോടുകൂടി കടമമെടുത്തത് ജനറല്‍ ബോഡിയുടെ ഐക്യകണ്‌ഠേനയുള്ള തീരുമാനപ്രകാരമായിരുന്നു.

4) KCAH ന്റെ മെംബര്‍ ആയിരിക്കുന്നവരില്‍ നിന്നുമുള്ള വായ്പയും അതിന്റെ 8 ശതമാനം പലിശയും വീട് എടുക്കുമ്പോള്‍ അതില്‍ ഇളവു ചെയ്തു കൊടുക്കുമെന്ന് വ്യക്തമായി ജനറല്‍ ബോഡി തീരുമാനിച്ചിരുന്നതനുസരിച്ച് എല്ലാ അംഗങ്ങള്‍ക്കും ബോര്‍ഡില്‍ നിന്നും സെക്രട്ടറി ലെറ്റര്‍ അയച്ചിരുന്നു. മാത്രമല്ല, എല്ലാ വര്‍ഷവും കണക്കും റിപ്പോര്‍ട്ടും അയക്കുന്ന കൂട്ടത്തില്‍ ട്രഷറര്‍ വായ്പ തന്നിട്ടുള്ളവര്‍ക്ക് പ്രത്യേകം അയക്കുന്ന സ്റ്റേറ്റ്‌മെന്റ് നിങ്ങളുടെ പലിശത്തുക വീട് പണിയുമ്പോള്‍ ഡിസ്‌കൗണ്ട് ആയി തരുമെന്ന് കാണിച്ചിരുന്നു. (ലോണ്‍ തന്നിട്ടുള്ള ഓരോരുത്തരും അവരവരുടെ വാര്‍ഷിക റിപ്പോര്‍ട്ട് കാണുക).

5) ഈ കമ്പനിയില്‍ 75 പേരോളം വീടുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൈരളി ടി.വി.യുടെ അഭിമുഖത്തില്‍ ഞാന്‍ വീട് എടുത്ത് അങ്ങോട്ട് പോകും എന്ന് പല അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. എല്ലാം ഒരു ആരംഭ ശൂരത്വമായിരുന്നു എന്ന് നിസ്സംശയം പറയാം. 150 പേരില്‍ 100 പേരെങ്കിലും വീട് വാങ്ങിയിരുന്നെങ്കില്‍ ഈ കമ്പനി വളരെ നല്ല വിജയത്തില്‍ എത്തിച്ചേരുമായിരുന്നു. ആകെ 17 വീടുകളാണ് ഇവിടെയുള്ളത്, കൂടാതെ ചെറിയ ഒരു പള്ളിയും ക്ലബ്ബ് ഹൗസും ഉണ്ട്.

6) ഈ കമ്പനി വിജയിക്കാതെ വന്നതിന്റെ അടിസ്ഥാന കാരണം അംഗങ്ങളുടെ നിസ്സഹകരണം ഒന്നുകൊണ്ട് മാത്രമാണ്. ആയതിനാല്‍ ഉത്തരവാദികള്‍ ഇതിന്റെ ഉടമസ്ഥര്‍ മാത്രമാണ്. ശ്രീ തോമസ് കൂവള്ളൂരിനോട് പല പ്രാവശ്യം ആവശ്യപ്പെട്ടു ഇവിടെ വന്ന് ഒരു വീട് എടുക്കുവാന്‍. എന്നാല്‍ അദ്ദേഹത്തിന് യാതൊരു താല്പര്യവുമില്ലായിരുന്നു. മാത്രമല്ല, ഇന്ന് ഇതിന്റെ ചുക്കാന്‍ പിടിക്കുന്ന ഒരു വ്യക്തിയും ഇവിടെ വന്ന് താമസിക്കാന്‍ ആഗ്രഹിക്കുന്നില്ല.

പിന്നെ KCAH SA---- എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് നടക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? 150 അംഗങ്ങളില്‍ 58 പേരില്‍ നിന്നും 2000 മുതല്‍ 2,40,000 വരെ കടം വാങ്ങിയിട്ടുള്ള തുക 1.3 മില്യണ്‍ ആണ്. 2017-ല്‍ ശ്രീ ജോസഫ് ചാണ്ടിയും ഡോ. ജോഷി എബ്രഹാമും (ഇവര്‍ രണ്ടുപേരും ഭൂമി ഈടു വാങ്ങി പണം തന്നിട്ടുള്ളവരാണ്) ഒരു കരാറുണ്ടാക്കി സ്ഥലം വില്‍ക്കുമ്പോള്‍ മൂന്ന് മില്യണ്‍ ഡോളര്‍ തന്നുകൊള്ളാമെന്നും, 58 പേരുടെ വായ്പത്തുക തിരിച്ചു കൊടുത്തുകൊള്ളാമെന്നും സമ്മതിച്ചിരുന്നു.

ശ്രീ ജോസഫ് ചാണ്ടിയുമായുള്ള കരാര്‍ പ്രകാരം ഈ കാര്യങ്ങള്‍ വിശദീകരിച്ച് ഒരു കത്ത് കഴിഞ്ഞ നവംബറില്‍ എല്ലാ അംഗങ്ങള്‍ക്കും ഞാന്‍ അയച്ചിരുന്നു. എന്നാല്‍, ശ്രീ തോമസ് കൂവള്ളൂര്‍ എല്ലാ അംഗങ്ങളോടും ഈ കത്ത് കള്ളമാണെന്ന് പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിച്ചു. മാത്രമല്ല, അധികാരം ഏറ്റയുടന്‍ ശ്രീ തോമസ് കൂവള്ളൂര്‍ ഭൂമി വില്‍ക്കാതിരിക്കാന്‍ സ്റ്റേ ഓര്‍ഡര്‍ വാങ്ങി. ആയതിനാല്‍ ആ 58 പേരുടെ 1.3 മില്യണ്‍ ഡോളര്‍ വെള്ളത്തിലായി.

പഴയ പ്രസിഡന്റിനേയും ബോര്‍ഡ് അംഗങ്ങളേയും പഴി പറയാതെ ശ്രീ തോമസ് കൂവള്ളൂര്‍ ഇവിടെ വന്ന് ഒരു വീട് വെച്ച് താമസിച്ച് KCAH-ന്റെ മാതൃകയാകാന്‍ അദ്ദേഹത്തിനുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

എന്ന്
പുത്തൂര്‍ക്കുടിലില്‍ അച്ചന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക