Image

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്: മുന്‍ നിലപാടിലുറച്ച് ആലഞ്ചേരി: കന്യാസ്ത്രീയുടെ പരാതിയില്‍ ലൈംഗീക പീഡനം ഉന്നയിച്ചിരുന്നില്ലെന്ന് കര്‍ദ്ദിനാളിന്റെ മൊഴി

Published on 18 July, 2018
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്: മുന്‍ നിലപാടിലുറച്ച് ആലഞ്ചേരി: കന്യാസ്ത്രീയുടെ പരാതിയില്‍ ലൈംഗീക പീഡനം ഉന്നയിച്ചിരുന്നില്ലെന്ന് കര്‍ദ്ദിനാളിന്റെ മൊഴി
തിരുവനന്തപുരം: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പല തവണ ബലാത്സംഗം ചെയ്തുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ സംഘം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ പരാതിയില്‍ ലൈംഗീക പീഡനം ഉന്നയിച്ചിരുന്നില്ല എന്നാണ് ജോര്‍ജ് ആലഞ്ചേരി മൊഴി നല്‍കിയിരിക്കുന്നത്. അന്വേഷണസംഘം കൊച്ചിയിലെ സീറോ മലബാര്‍ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തിയാണ് മൊഴിയെടുത്തത്. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള നാലാംഗ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

മൂന്നു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലില്‍ കര്‍ദ്ദിനാള്‍ മുന്‍ നിലപാട് ആവര്‍ത്തിച്ചു. തന്നെ നേരിട്ടെത്തി കണ്ടാണ് കന്യാസ്ത്രീ പരാതി നല്‍കിയെന്ന് വ്യക്തമാക്കിയ ആലഞ്ചേരി, പരാതിയില്‍ മഠത്തിനുള്ളിലെ മാത്രം കാര്യങ്ങളായിരുന്നുവെന്നും അത് അതീവ രഹസ്യ സ്വഭാവമുണ്ടെന്ന് പറഞ്ഞതിനാലാണ് പുറത്തു പറയാതിരുന്നതെന്നും ആലഞ്ചേരി പറഞ്ഞു. മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സഭയുടെ മേലധികാരികളെ അറിയിക്കാന്‍ ഉപദേശിച്ചിരുന്നതായും കര്‍ദ്ദിനാളിന്റെ മൊഴിയില്‍ പറയുന്നു.  രഹസ്യ സ്വഭാവം പരിഗണിച്ച് മറ്റാരോടും പരാതി വെളിപ്പെടുത്തിയില്ലെന്നുമാണ് കര്‍ദ്ദിനാളിന്റെ മൊഴി.

ബിഷപ്പിനെതിരായ പരാതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വത്തിക്കാന്‍ പ്രതിനിധി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിരുന്നുവെന്ന് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. 2017 ല്‍ മഠത്തിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവുമായെത്തി എറണാകുളത്ത് വെച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി എഴുതി നല്‍കിയെന്നാണ് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി. എന്നാല്‍ ഇക്കാര്യം കര്‍ദ്ദിനാള്‍ മാധ്യമങ്ങളോട് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക