Image

ഭിന്നത വിതയ്ക്കുന്നതാര് (വേലി തന്നെ വിളവ് തിന്നുമ്പോള്‍- 2, അഗസ്റ്റിന്‍ കണിയാമറ്റം, റിട്ട. ജഡ്ജി )

Published on 18 July, 2018
ഭിന്നത വിതയ്ക്കുന്നതാര് (വേലി തന്നെ വിളവ് തിന്നുമ്പോള്‍- 2, അഗസ്റ്റിന്‍ കണിയാമറ്റം, റിട്ട. ജഡ്ജി )
സീറോ മലബാര്‍ സഭയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ആലഞ്ചേരി പിതാവാണ്, 2011 മേയ് മാസത്തില്‍ അതിനു മുമ്പുണ്ടായിരുന്നു രണ്ടു മേജര്‍ ആര്‍ച്ച് ബിഷപ്പുമാരെയും പരിശുദ്ധ സിംഹാസനം നിയമിക്കുകയായിരുന്നു.

തന്റെ തെരഞ്ഞെടുപ്പിനുശേഷം ആലഞ്ചേരി പിതാവിന് എറണാകുളം ബസിലിക്കാ ഹാളില്‍ വെച്ച് ഒരു പൗരസ്വീകരണം നല്‍കുകയുണ്ടായി. അന്നവിടെ വെച്ച് അഭിവന്ദ്യ ആലഞ്ചേരി പിതാവിന്റെ പ്രസംഗം കേള്‍ക്കാന്‍ ഈ ലേഖകന് ഭാഗ്യമുണ്ടായി. തദ്ദവസരത്തില്‍ ആലഞ്ചേരി പിതാവ് ഗദഗദ കണ്ഠനായി പറഞ്ഞു. ഈ സ്ഥാനം സ്വീകരിക്കണോ വേണ്ടയോ എന്ന് തിരിച്ചറിവു ലഭിക്കാന്‍ സക്രാരിക്കു മുമ്പില്‍ പ്രാര്‍ത്ഥനാനിരതനായി നിന്ന തന്റെ തോളില്‍ ദൈവദൂതന്റേതുപോലുള്ള ഒരു സ്പര്‍ശം അനുഭവപ്പെട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ ആ കരങ്ങള്‍ അഭിവന്ദ്യ തുങ്കുഴിപ്പിതാവിന്റേതായിരുന്നു. തുങ്കുഴി പിതാവ് പറഞ്ഞു. ആലഞ്ചേരി, സ്ഥാനം ഏറ്റെടുക്കുക എന്ന്. അഭിവന്ദ്യ തൂങ്കുഴി പിതാവിന്റെ ആ വാക്കുകളാണത്രെ സ്ഥാനം ഏറ്റെടുക്കാന്‍ ആലഞ്ചേരി പിതാവിന് ധൈര്യം പകര്‍ന്നു നല്‍കിയത് .

കുര്‍ബ്ബാന ക്രമത്തില്‍ പോലും ഇന്നുവരെ അഭിപ്രായ ഐക്യം കൈവരുത്താന്‍ കഴിയാത്ത സീറോ മലബാര്‍ സഭയില്‍, മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ തിരഞ്ഞെടുപ്പും ആ അഭിപ്രായ വ്യത്യാസം നിഴലിച്ചിരുന്നിരിക്കാം എന്ന ഒരു ധ്വനിയാണ് ആലഞ്ചേരി പിതാവിന്റെ പ്രസംഗത്തില്‍ നിന്നും ഉണ്ടായത്. അതിനു മുമ്പ് സീറോ മലബാര്‍ സഭയുടെ സിനഡുകളില്‍ നടന്ന ചില മെത്രാന്‍ തെരഞ്ഞെടുപ്പുകളില്‍ നടന്നതെന്തെന്ന് പരിശോധിക്കുമ്പോള്‍ ഈ സംശയം ബലപ്പെടുന്നു.

ഉദാഹരണത്തിന് ഒരു കാര്യം മാത്രം എടുക്കാം. 22 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം 1995 ല്‍ അഭിവന്ദ്യ തുങ്കുഴി പിതാവ് മാനന്തവാടി രൂപതയില്‍ നിന്നും, താരതമ്യേന ചെറിയ രൂപതയായ താമരശ്ശേരിയിലേക്ക് ട്രാന്‍സ്ഫര്‍ ആക്കപ്പെട്ടു തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം മാനന്തവാടിക്കുവേണ്ടി ഒരു മെത്രാനെ കണ്ടെത്താനുള്ള നിലയ്ക്കാത്ത അന്വേഷണമായിരുന്നു. 1983 ല്‍ നിലയ്ക്കലില്‍ തോമാകുരിശിന്റെ പേരില്‍ വിവാദം കുത്തിപ്പൊക്കുവാനും, അങ്ങനെ താനറിയാതെ തന്നെ പരോക്ഷമായി കേരളത്തില്‍ ഹിന്ദു ഐക്യവേദിയുണ്ടാക്കുകയും, ആര്‍.എസ്.എസിന്റെ വളര്‍ച്ചക്ക് വിത്തുപാകുകയും ചെയ്ത മെത്രാനായിരുന്നു മെത്രാന്‍ തെരഞ്ഞെടുപ്പുകള്‍ നടന്ന അക്കാലത്ത് സിനഡില്‍ മേല്‍ക്കൈ. അദ്ദേഹത്തിന്റെ സില്‍ബന്ധികളെയാണ് ഭൂരിഭാഗം രൂപതകളിലും അക്കാലത്ത് മെത്രാന്‍മാരായി തെരഞ്ഞെടുത്തത്.

പക്ഷേ മാനന്തവാടി രൂപതയില്‍ ഇപ്രകാരമുള്ള ഒരു സില്‍ബന്ധിയെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. തുങ്കുഴി പിതാവിനോട് തോളോടു തോള്‍ ചേര്‍ന്നു നിന്ന് 1997 വരെ മാനന്തവാടി രൂപതക്ക് സ്തുത്യര്‍ഹമായ രീതിയില്‍ നേതൃത്വം നല്‍കിയ ഒരു അച്ചനെ ആ രൂപതയില്‍ മെത്രാനായി തെരഞ്ഞെടുക്കാനായിരുന്നു നിലയ്ക്കല്‍ തോമ കുരിശിന്റെ വക്താവായിരുന്ന മെത്രാനൊഴിച്ച് മറ്റെല്ലാ മെത്രാന്മാരും തീരുമാനിച്ചത്. പക്ഷേ നിലയ്ക്കല്‍ തോമ കുരിശിന്റെ വക്താവായിരുന്ന മെത്രാന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് കാര്യങ്ങള്‍ അപ്പാടെ മാറി മറിഞ്ഞു. മാനന്തവാടി രൂപതയുമായി പുലബന്ധം പോലുമില്ലാതിരുന്ന ഒരു വൈദീകനെ ബിഷപ്പാക്കി മാനന്തവാടിക്കാരുടെ തലയില്‍ കെട്ടിവെച്ചു. ആ തീരുമാനത്തിന്റെ കെടുതികള്‍ മാനന്തവാടി രൂപതയെ സാരമായി ബാധിച്ചു. ഞാനറിയുന്നിടത്തോളം ആലഞ്ചേരി പിതാവും നിലയ്ക്കല്‍ തോമ കുരിശിന്റെ വക്താവായിരുന്ന മെത്രാന്റെ നോമിനി തന്നെ സീറോമലബാര്‍ സഭ അദ്ദേഹത്തിന്റെ ഭരണത്തില്‍ ചരിത്രത്തില്‍ ഏറ്റവും നാണംകെട്ട ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

ആലഞ്ചേരി പിതാവ് രാജിവെക്കാന്‍ പോകുന്നു എന്ന് രണ്ടുമൂന്നു മാസം മുമ്പ് വാര്‍ത്തയുണ്ടായിരുന്നു. എങ്കില്‍ ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ രാജി വച്ചതുപോലുള്ള അന്തസ്സ് ഉള്ള ഒരു നടപടി ആകുമായിരുന്നു അത്. ആലഞ്ചേരി പിതാവിന്റെ യശസ്സ് തദ്വാര വാനോളം ഉയരുമായിരുന്നു. പക്ഷേ ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ എവിടെ നില്‍ക്കുന്നു ആലഞ്ചേരി എവിടെ നില്‍ക്കുന്നു? പൂച്ചയെ തെരണ്ടി വാലുകൊണ്ടടിച്ചാല്‍ അതിനെ ഓടിയ്ക്കാന്‍ കഴിയില്ലല്ലോ

ഇന്ത്യന്‍ പാര്‍ലമെന്റിന്റെയും, കേരള നിയമസഭയുടെയും, ഇന്ത്യയിലെ എല്ലാ കോടതികളുടെയും നടപടി ക്രമങ്ങള്‍ ആര്‍ക്കും വീക്ഷിക്കാന്‍ അവസരമുണ്ട്. ബലാല്‍സംഗ കേസുകളുടെയും മറ്റും വിചാരണകളെ രഹസ്യമായി നടക്കാറുള്ളൂ. സീറോമലബാര്‍ സഭ സമിതികളുടെ നടപടികള്‍ അവയെ പണം കൊടുത്ത് നിലനിര്‍ത്തുന്ന അല്‍മായര്‍ക്കെങ്കിലും ഏറ്റവും കുറഞ്ഞപക്ഷം ഒന്ന് വീക്ഷിക്കാനുള്ള അവസരമെങ്കിലും സഭാ പിതാക്കന്മാര്‍ക്ക് ഏര്‍പ്പെടുത്തിക്കൂടെ? തല്ലുകൊള്ളാന്‍ ചെണ്ടയും, പണം വാങ്ങാന്‍ മാരാരും എന്ന അവസ്ഥയ്ക്ക് ഒരു ചെറിയ മാറ്റമെങ്കിലും വരുത്തികൂടെ?
Join WhatsApp News
Joseph Padannamakkel 2018-07-20 07:15:28
റിട്ടയേർഡ് ജസ്റ്റിസ് അഗസ്റ്റിൻ കണിയാമറ്റത്തിന്റെ ലേഖനം സീറോ മലബാർ സഭയുടെ ദുഷിച്ച ചരിത്ര സംഭവങ്ങളെപ്പറ്റി ഒരു ഉൾകാഴ്ച നൽകുന്നുണ്ട്. ലേഖനത്തിൽ വസ്തുതകൾ പലതും ചൂണ്ടി കാണിക്കുന്നു. സത്യങ്ങൾ പുറത്തു വരുംതോറും സീറോ മലബാർ സഭയുടെ അടിത്തറതന്നെ ഇളകുന്നുവോയെന്ന് തോന്നിപ്പോവുന്നു. പത്രോസിന്റെ പാറയെന്നു ക്രിസ്തു ഉപമിച്ച സഭയുടെ വ്യക്തിപ്രഭാവം മണൽക്കൂമ്പാരത്തിൽ പണി കഴിപ്പിച്ച സഭയുമാകുന്നു. അപമാനഭാരം താങ്ങാനാവാത്ത സഭയുടെ തലവനാണ് കർദ്ദിനാൾ ആലഞ്ചേരിയെന്നു പറയാതെ വയ്യ. 

മാർ ജേക്കബ് തൂംകുഴി 1973 മുതൽ ഇരുപത്തി രണ്ടു വർഷം മാനന്തവാടി രൂപതയുടെ ആദ്യത്തെ ബിഷപ്പായി ഭരണം നടത്തിയിരുന്നു. അതിനുശേഷം 1975-ൽ അദ്ദേഹം താമരശേരിയുടെ ബിഷപ്പായപ്പോൾ ചുമതല വഹിച്ചത് മോൺസിഞ്ഞോർ ജോസഫ് കണിയാമറ്റമായിരുന്നു. 1997-ൽ രണ്ടു വർഷത്തിനുശേഷം ഇമ്മാനുവേൽ പൊത്തനാംമുഴി എന്ന കർമ്മീലീത്ത വൈദികൻ അവിടെ ബിഷപ്പായി ചുമതല ഏറ്റെടുത്തു. മോൺസിഞ്ഞോർ ജോസഫ് കണിയാമറ്റം ലേഖകന്റെ ബന്ധുക്കാരനാണോയെന്നു അറിഞ്ഞുകൂടാ. ബിഷപ്പ് പൊത്തനാംമൂഴിയുടെ നിയമനം സംബന്ധിച്ച രാഷ്ട്രീയം വ്യക്തമായി ഈ ലേഖനത്തിൽനിന്നും മനസിലാക്കാൻ സാധിക്കുന്നില്ല. ചങ്ങനാശേരി ആർച്ച് ബിഷപ്പ് പവ്വത്തിലാണ് അവിടെ പുരോഹിത രാഷ്ട്രീയം കളിച്ചതെന്നു മനസിലായി.    

മാനന്തവാടി രൂപത കേരളത്തിലെ കുപ്രസിദ്ധ രൂപതകളിലൊന്നാണ്. അതിന്റെ ഇപ്പോഴത്തെ രൂപതാ അധികാരി ജോസ് പൊരുന്നേടമെന്ന ഒരു ബിഷപ്പും.

മാനന്തവാടി രൂപതയിലെ ഒരു വികാരിയുടെ ചില രഹസ്യ വിവരങ്ങൾ പുറത്തു വിട്ട വിശ്വാസിയുടെ ഭാര്യയുടെ കുമ്പാസാര രഹസ്യം വികാരി കുർബാനക്കിടയിൽ അടുത്തയിടെ പരസ്യമായി പറഞ്ഞതും വലിയ വിവാദമായി മാറിയിരുന്നു. മാത്രമല്ല ആ കുടുംബത്തെ കൂദാശകൾ സ്വീകരിക്കുന്നതിൽനിന്നും പള്ളിയിൽ മുടക്കുകയും ചെയ്തു. ബിഷപ്പ് ജോസ് പൊരുന്നേടം വികാരിയുടെ പക്ഷം ചേർന്ന് വിശ്വാസിക്ക് വിലക്കു കല്പ്പിച്ചതിൽ കൂട്ടുനിൽക്കുകയും ചെയ്തു. 

അതുപോലെ, ഫാദർ റോബിന്റെ കൗമാരക്കാരിയിൽ ഉണ്ടായ അവിഹിത ഗർഭത്തെയും മറച്ചു വെക്കാൻ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് ഇതേ മാനന്തവാടി ബിഷപ്പായിരുന്നു.

രൂപതാ വക കർണ്ണാടകയിലുണ്ടായിരുന്ന അറുന്നൂറ്റി ഇരുപത് ഏക്കർ ഭൂമിയാണ് ചുളു വിലക്ക് ഒരു ശതകോടി മുതലാളി വാങ്ങിയത്. അതിലെ ഇടനിലക്കാരൻ ഒരു വികാരി തട്ടിയെടുത്തത് മൂന്നു കോടി രൂപയും. ഈ വസ്തു കച്ചവടത്തിന്റെ കണക്കുകൾ ഇടവക ജനങ്ങളെ കാണിക്കാതെ ഒളിച്ചു വെച്ചിരിക്കുകയാണ്. സഭയിലെ കള്ളന്മാർ കപ്പലിനകത്തു തന്നെയുണ്ട്. അതുകൊണ്ടാണ് ലേഖകൻ വേലി തന്നെ വിളവ് തിന്നുന്നുവെന്ന തലവാചകം ലേഖനത്തിനു കൊടുത്തിരിക്കുന്നതും.

നിലക്കൽ പ്രശ്നമുണ്ടാക്കി അവിടെ നിലയ്ക്കൽ തോമ്മാ ശ്ളീഹായുടേതെന്നു പറഞ്ഞു കള്ളക്കുരിശു സ്ഥാപിക്കാൻ പ്രചോദനം നൽകിയത് ചങ്ങനാശേരി ആർച്ച് ബിഷപ്പായിരുന്ന 'പവ്വത്തിൽ' ആയിരുന്നു. മത സൗഹാർദ്ദത്തിന്റെ ഈറ്റില്ലമായിരുന്ന കേരളമണ്ണിൽ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും രണ്ടു തട്ടിലാക്കാൻ കാരണമാക്കിയതും പവ്വത്ത് ബിഷപ്പിന്റെ വിചാര ശൂന്യങ്ങളായ പ്രവർത്തികളായിരുന്നു. മറ്റുള്ളവരുടെ പവിത്രമായ ആരാധന സ്ഥലങ്ങളായ ശബരി മലയുടെ പരിസരങ്ങൾ കൈവശപ്പെടുത്താൻ മോഹിച്ച ആ ബിഷപ്പ് തന്നെയാണ് സീറോ മലബാർ സഭയിൽ ഇത്രമാത്രം കുത്തിത്തിരിപ്പുകൾ ഉണ്ടാക്കിയതും.

നൂറ്റാണ്ടുകളായി ആരാധിച്ചിരുന്ന കുരിശിന്റെ സ്ഥാനത്ത് ക്ലാവർ കുരിശു സ്ഥാപിച്ചു വിശ്വാസികളെ രണ്ടു തട്ടിലാക്കിയതും ഈ ബിഷപ്പ് തന്നെ. 'കർദ്ദിനാൾ ആലഞ്ചേരി' പവ്വത്തു ബിഷപ്പിന്റെ മാനസ പുത്രനെന്നതും ശരി തന്നെ. 

സീറോ മലബാർ സഭ തികച്ചും ഒരു ചർച്ചിയാനിറ്റിയായത് പവ്വത്ത് ബിഷപ്പിന്റെ കാലം മുതലാണ്. മാർ കാവുകാടനെപ്പോലെയുള്ള പരിശുദ്ധരായ ബിഷപ്പുമാരും വൈദിക പ്രമാണികളും സഭയ്ക്കുണ്ടായിരുന്ന കാര്യം മറക്കുന്നില്ല.

സഭയുടെ പല ചരിത്ര സത്യങ്ങളും ഓർമ്മിപ്പിച്ചതിൽ ലേഖകനു നന്ദി. ലേഖനം എഴുതുമ്പോൾ വില്ലന്മാരായ കഥാപാത്രങ്ങളുടെ പേരുവിവരങ്ങളും കൂടി എഴുതുക. വായനക്കാർക്ക് അത് കൂടുതൽ ചരിത്രത്തെ അവലോകനം ചെയ്യാൻ സഹായകമാവും. 
francis thadathil 2018-07-21 22:47:42
yes. mr. Joseph .He is the nephew of late Fr.Joseph Kaniamattam.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക