Image

എയര്‍സെല്‍- മാക്‌സിസ് കേസില്‍ പി. ചിദംബരത്തിനും മകനുമെതിരെ സി.ബി.ഐ കുറ്റപത്രം

Published on 19 July, 2018
എയര്‍സെല്‍- മാക്‌സിസ് കേസില്‍ പി. ചിദംബരത്തിനും മകനുമെതിരെ സി.ബി.ഐ കുറ്റപത്രം

ന്യൂഡല്‍ഹി: എയര്‍സെല്‍- മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിരമിച്ചതും നിലവില്‍ സര്‍വീസിലുള്ളവരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം പതിനാറ് പേര്‍ കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സി.ബി.ഐ പ്രത്യേക ജഡ്ജി ഒ.പി സൈനിക്ക് മുന്‍പാകെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ജൂലൈ 31ന് കേസ് പരിഗണിക്കും.

അനുബന്ധ കുറ്റപത്രത്തിലാണ് ചിദംബരത്തെക്കൂടി പ്രതിചേര്‍ത്തിരിക്കുന്നത്. നേരത്തെ ജൂണ്‍ 13ന് സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ കാര്‍ത്തി ചിദംബരത്തിന്റെ പേര് മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കെ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് വഴിവിട്ട സഹായം ചെയ്തുവെന്നാണ് കേസ്. ഷീന ബോറ വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയുടെ ഐ.എന്‍.എക്‌സ് മീഡിയക്കും കാര്‍ത്തി ചിദംബരത്തിന്റെ ഇടനിലയിലൂടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ നിയമവിരുദ്ധ സഹായം ചെയ്തുവെന്ന കേസ് നിലവിലുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക