Image

നീരാളി: മരണത്തിനും ജീവിതത്തിനുമിടയില്‍ ചില നിമിഷങ്ങള്‍

Published on 20 July, 2018
നീരാളി: മരണത്തിനും ജീവിതത്തിനുമിടയില്‍ ചില നിമിഷങ്ങള്‍
മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭ. നോക്കെത്താദൂരത്ത്‌ കണ്ണും നട്ട്‌ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഇന്നും പ്രേക്ഷകര്‍ ഏറെ ആരാധനയോടെ സ്‌നേഹിക്കുന്ന നദിയാ മൊയ്‌തു. ഇവര്‍ രണ്ടു പേരും വീണ്ടും ഒരു ചിത്രത്തില്‍ നായികാ നായകന്‍മാരായി എത്തുന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ്‌ നീരാളി. 

ചെറുപ്പത്തിന്റെ കുസൃതികള്‍ കാട്ടിയ ശ്രീകുമാറും ഗേളിയും മനസില്‍ ഇന്നും പച്ചപിടിച്ചു നില്‍ക്കുമ്പോഴാണ്‌ സംവിധായകന്‍ അവരെ സണ്ണിയും മോളിക്കുട്ടിയുമാക്കി വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്നത്‌. അവരെ കുറ്റം പറയാന്‍ കഴിയില്ല. രണ്ടു പേരും നന്നായി തകര്‍ത്തഭിനയിച്ചിട്ടുണ്ട്‌. പ്രശ്‌നം തിരക്കഥയും പ്രമേയത്തിന്റെ ആഖ്യാനരീതിയിലുമാണെന്നു മാത്രം. 

ബോളിവുഡില്‍ ഒരു ചിത്രം ചെയ്‌ത അജോയ്യുടെ മലയാളത്തിലെ ആദ്യ ചിത്രമാണ്‌ നീരാളി. നവാഗതനായ സാജു തോമസിന്റെതാണ്‌ തിരക്കഥ. ഏതൊരു ചലച്ചിത്രത്തിന്റെയും എന്‍ട്രി എന്നു പറയുന്നത്‌ വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. അതു പോലെ തന്നെ അവതരണരീതിയും വളരെ പ്രസക്തം. മോഹന്‍ലാല്‍, നദിയ മൊയ്‌തു എന്നീ താരങ്ങളെ വച്ച്‌ തികച്ചും വ്യത്യസ്‌തമായ ഒരു പ്രമേയം അവതരിപ്പിക്കുമ്പോള്‍ അതിന്‌ പുതുമ വേണമെന്നും പ്രേക്ഷകന്റെ ആസ്വാദനരീതികള്‍ക്കനുസരിച്ചും ആകണം എന്നുള്ളത്‌ പറയേണ്ടകാര്യമില്ലല്ലോ. 

ഈ വര്‍ഷം മോഹന്‍ലാലിന്റേതായി ആദ്യം റിലീസാകുന്ന ചിത്രമാണ്‌ നീരാളി. രത്‌നക്കല്ലുകളുടെ മൂല്യം നിര്‍ണയിക്കുന്ന ജെമ്മോളജിസ്റ്റാണ്‌ സണ്ണി(മോഹന്‍ലാല്‍). അയാളുടെ ഭാര്യയാണ്‌ മോളിക്കുട്ടി(നദിയ). മോളി പ്രസവത്തിനായി ആസുപത്രിയിലാണെന്ന വിവരമറിഞ്ഞ്‌ തന്റെ സുഹൃത്തായ വീരപ്പന്റെ (സുരാജ്‌) കാറില്‍.ബാംഗ്‌ളൂരില്‍ നിന്നും കാറില്‍ യാത്ര പുറപ്പെടുകയാണ്‌ സണ്ണി. 

രണ്ടു പേരും നല്ല സന്തോഷത്തോടെ കളിചിരികളും തമാശയുമൊക്കെയായി വരുമ്പോള്‍ വഴിക്ക്‌ റോഡ്‌ മുറിച്ചു കടന്ന ഒരാളെ രക്ഷിക്കാന്‍ വേണ്ടി പെട്ടെന്ന്‌ വണ്ടി വെട്ടിത്തിരിക്കുന്നു. അപ്പോള്‍ കാര്‍ ബസിലിടിച്ച്‌ റോഡിന്റെ സംരക്ഷണഭിത്തിയും തകര്‍ത്ത്‌ താഴേക്ക്‌ പതിക്കുകയാണ്‌. എന്നാല്‍ അഗാധമായ കൊക്കയിലേക്ക്‌ വീഴാതെ ഒരു മരത്തില്‍ തടഞ്ഞ്‌ കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്നു. ഒന്നു പിടിവിട്ടാല്‍ പൊടി പോലും കിട്ടാത്ത കൊക്കയിലേക്കാണ്‌ വണ്ടി വീഴുക.

 ഭയാനകമായ ദൃശ്യം. നീരാളിയെ പോലെ ചുറ്റിപ്പിടിക്കുന്ന ആ ഭയത്താല്‍ ചുറ്റിവരിയപ്പെട്ട്‌ മരണത്തിനും ജീവിതത്തിനുമിടയില്‍ ഒരു നേര്‍ത്ത നൂലില്‍ തൂങ്ങിയാടുന്നതുപോലെയുള്ള നിമിഷങ്ങള്‍. ജീവിതത്തിന്റെ കരയിലേക്ക്‌ അണയാനുള്ള സണ്ണിയുടെ അഭിവാഞ്ചയുടെ ബദ്ധപ്പെടലുകള്‍. മരണത്തെ മുന്നില്‍ കാണുന്ന മനുഷ്യന്റെ ജീവിതത്തോടുള്ള അടങ്ങാത്ത ആസക്തി. അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങള്‍. ഇതൊക്കെയാണ്‌ നീരാളിയെന്ന സിനിമയുടെ ആകെയുള്ള കഥ. 

ഇത്തരമൊരു രംഗത്തോടെ സിനിമയുടെ ആദ്യപകുതി ഏതാണ്ട്‌ അവസാനിക്കുകയാണ്‌. ഇതുവരെ പരിചയമില്ലാത്ത ഒരു ദൃശ്യാനുഭവം പ്രേക്ഷകന്‌ സമ്മാനിച്ചുകൊണ്ടാണ്‌ ഇടവേളയെത്തുന്നത്‌. ഉദ്വേഗഭരിതം എന്നു തന്നെ പറയാം. എന്നാല്‍ അതു പൂര്‍ണമായും നിലനിര്‍ത്തുന്നതില്‍ ചെറിയ പരാജയം സംഭവിച്ചു എന്നു പറയാതെ വയ്യ. 

അതു പോലെ തന്നെ യുക്തിക്കു നിരക്കാത്ത കുറേ കാര്യങ്ങളും സംവിധായകന്‍ തിരക്കഥയില്‍ ഒരുക്കിയിരിക്കുന്നു. തലകീഴായി കൊക്കയിലേക്ക്‌ തൂങ്ങിക്കിടക്കുന്ന വണ്ടിയുടെ ബോണറ്റില്‍ കയറി നിന്ന്‌ പ്രസംഗിക്കുന്നതില്‍ തുടങ്ങി നിരവധി കാര്യങ്ങളാണ്‌ പ്രേക്ഷകന്റെ സാമാന്യ ബുദ്ധിക്കും യുക്തിക്കും ദഹിക്കാത്ത വിധത്തില്‍ ഈ ചിത്രത്തില്‍ കാണുന്നത്‌. എന്നിരുന്നാലും കഥയുടെ മുക്കാല്‍ ഭാഗവും മോഹന്‍ലാല്‍ എന്ന നടന്റ അഭിനയമികവു കൊണ്ട്‌ സ്‌ക്രീനിലേക്ക്‌ തന്നെ കണ്ണും നട്ടിരിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നതാണ്‌. ഇടയ്‌ക്കല്‍പം ക്ഷമ പരീക്ഷിക്കുന്നുണ്ടെങ്കിലും ലാലിന്റെ പ്രകടനം തന്നെയാണ്‌ ചിത്രത്തിന്റെ ഹൈലൈറ്റ്‌. 

സുരാജുമൊത്തുള്ള കോമ്പിനേഷന്‍ സീനില്‍ സന്ദര്‍ഭത്തിനു യോജിച്ച തമാശകളും പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്‌. മോളിക്കുട്ടിയായി വന്ന നദിയയും തിളങ്ങി. പാര്‍വതിയും സുരാജും തങ്ങളുടെ കഥാപാത്രങ്ങളോട്‌ പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്‌. നാസര്‍, ദിലീഷ്‌ പോത്തന്‍, ബിനീഷ്‌ കൊടിയേറി എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. സന്തോഷ്‌ തുണ്ടിയിലിന്റെ ഛായാഗ്രഹണവും സ്റ്റീഫന്‍ ദേവസ്യയുടെ സംഗീതവും ചിത്രത്തിന്‌ മുതല്‍ക്കൂട്ടാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക