Image

അവിശ്വാസ പ്രമേയം അവതരിപ്പിച്ചു, വോട്ടെടുപ്പ്‌ വൈകീട്ട്‌ ആറുമണിക്ക്‌

Published on 20 July, 2018
അവിശ്വാസ പ്രമേയം അവതരിപ്പിച്ചു, വോട്ടെടുപ്പ്‌ വൈകീട്ട്‌ ആറുമണിക്ക്‌

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ടി.ഡി.പി അംഗം ജയദേവ്‌ ഗല്ല ആണ്‌ അവിശ്വാസം പ്രമേയം അവതരിപ്പിച്ചത്‌. പ്രമേയാവതരണത്തിനു ശേഷം സഭയില്‍ ചര്‍ച്ച നടക്കുകയാണ്‌. വോട്ടെടുപ്പ്‌ വൈകിട്ട്‌ ആറുമണിക്കാണ്‌ നടക്കുക.

534 അംഗ സഭയില്‍ 312 അംഗങ്ങളുടെ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍.ഡി.എകുണ്ട്‌. 147 അംഗങ്ങളാണ്‌ പ്രമേയത്തെ അനുകൂലിക്കുന്നത്‌. എന്നാല്‍ 76 അംഗങ്ങളുടെ നിലപാടിന്റെ കാര്യം അവ്യക്തമാണ്‌. 268 അംഗങ്ങളുടെ പിന്തുണയാണ്‌ ബിജെപിക്ക്‌ വേണ്ടത്‌. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി രാഷ്ട്രീയപോരാട്ടത്തിനായിരിക്കും ഭരണപ്രതിപക്ഷ കക്ഷികള്‍ ചര്‍ച്ച വിനിയോഗിക്കുക.
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന്‌ ശിവസേന വിട്ടുനില്‍ക്കുകയാണ്‌. ശിവസേനക്ക്‌ 18 എംപിമാരാണ്‌ ലോക്‌സഭയിലുള്ളത്‌. ബിജു ജനതാദള്‍ അംഗങ്ങള്‍ സഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി.

അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി ഇന്നത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്‌.

ആന്ധ്രക്ക്‌ പ്രത്യേക പാക്കേജ്‌ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ ടി.ഡി.പി. അവിശ്വാസപ്രമേയത്തിനു നോട്ടീസ്‌ നല്‍കിയതെങ്കിലും കര്‍ഷകപ്രശ്‌നങ്ങള്‍, ആള്‍ക്കൂട്ടക്കൊല, ദളിത്‌ പ്രക്ഷോഭം, സാമ്പത്തിക പ്രതിസന്ധികള്‍, വിദേശനയം തുടങ്ങിയ വിഷയങ്ങളായിരിക്കും സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിക്കുക.

 ചര്‍ച്ചക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി തെരഞ്ഞെടുപ്പ്‌ പ്രചാരണപരിപാടികളുടെ തുടക്കമാക്കാനാണ്‌ ബി.ജെ.പി. തീരുമാനം. പ്രധാനമന്ത്രിയുടെ മറുപടിക്കുശേഷമാവും വോട്ടെടുപ്പ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക