Image

പിണറായി വിജയന്‍ സാറേ, എന്നെയൊന്ന്‌ കൊന്നുതരാമോ?':കൃഷ്‌ണകുമാരന്‍ നായര്‍

Published on 21 July, 2018
പിണറായി വിജയന്‍ സാറേ, എന്നെയൊന്ന്‌ കൊന്നുതരാമോ?':കൃഷ്‌ണകുമാരന്‍ നായര്‍
മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിക്കാരനും തന്നോട്‌ ചെയ്‌തത്‌ വലിയ ഉപദ്രവമായിപ്പോയെന്ന്‌ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരില്‍ അറസ്റ്റിലായ കൃഷ്‌ണകുമാരന്‍ നായര്‍. ഫേസ്‌ബുക്ക്‌ വീഡിയോയിലൂടെയാണ്‌ കൃഷ്‌ണകുമാരന്‍ നായര്‍ ഇക്കാര്യം പറയുന്നത്‌.

'എന്നെയൊന്ന്‌ കൊന്നുതരുമോ' എന്ന്‌ പലതവണ ആവര്‍ത്തിക്കുന്നുണ്ട്‌ വീഡിയോയില്‍. അന്ന്‌ മദ്യപിച്ചങ്ങനെ പറഞ്ഞു. അതിന്റെ പേരില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലിവരെ അവര്‌ തെറിപ്പിച്ചു എന്നു പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം ഈ ആവശ്യം ആവര്‍ത്തിക്കുന്നത്‌.

'താങ്കളെന്നോട്‌ ചെയ്‌തത്‌ വലിയ ഉപദ്രവമായിപ്പോയി. താങ്കളും താങ്കളുടെ പാര്‍ട്ടിക്കാരും എന്നോട്‌ ചെയ്‌തത്‌. അബുദാബിയില്‍ നിന്നും എന്നെക്കൊണ്ട്‌ മാപ്പുപറയിച്ചു' എന്നു പറഞ്ഞാണ്‌ വീഡിയോ തുടങ്ങുന്നത്‌.

'വയ്യടോ, ഇങ്ങനെ ജീവിക്കാന്‍ വയ്യ. ഞാനേറ്റവും ഇഷ്ടപ്പെട്ട രണ്ട്‌ മുഖ്യമന്ത്രിമാരുണ്ട്‌ കേരളത്തില്‍. രണ്ടല്ല മൂന്നുപേര്‌. ഒന്ന്‌ സഖാവ്‌ ഇ.കെ നായനാര്‍, രണ്ട്‌ കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി.' എന്നു പറഞ്ഞുകൊണ്ടും ഒന്നു കൊന്നുതരാമോയെന്ന ചോദ്യം അദ്ദേഹം ആവര്‍ത്തിക്കുന്നു.
'എന്നെ ആര്‍.എസ്‌.എസുകാര്‌ കൊന്നാലും കുഴപ്പമില്ല, ബി.ജെ.പിക്കാര്‌ കൊന്നാലും കുഴപ്പമില്ല, കമ്മ്യൂണിസ്റ്റ്‌ കാര്‌ കൊന്നാലും കുഴപ്പമില്ല, എസ്‌.ഡി.പി.ഐക്കാര്‌ കൊന്നാലും കുഴപ്പമില്ല.' എന്നും കൃഷ്‌ണകുമാരന്‍ നായര്‍ പറയുന്നു.


ഫേസ്‌ബുക്ക്‌ വീഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയതിന്റെ പേരിലാണ്‌ കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂര്‍ കൈമത്ത്‌ പുത്തന്‍ പുരയില്‍ കൃഷ്‌ണകുമാരന്‍ നായരെ അറസ്റ്റു ചെയ്‌തത്‌. അബുദാബിയില്‍ ജോലി ചെയ്യവേയായിരുന്നു ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്‌. നാട്ടിലെത്തി മുഖ്യമന്ത്രിയെ വധിക്കുമെന്നായിരുന്നു ഭീഷണി.

അബുദാബിയിലെ ജോലി നഷ്ടപ്പെട്ട ഇയാള്‍ നാട്ടിലേക്ക്‌ തിരിക്കവേ ദല്‍ഹി വിമാനത്താവളത്തില്‍ വെച്ച്‌ അറസ്റ്റിലായിരുന്നു. തീഹാര്‍ ജയിലില്‍ അടച്ച അദ്ദേഹത്തെ പിന്നീട്‌ ദല്‍ഹി പൊലീസ്‌ കേരള പൊലീസിന്‌ കൈമാറുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക