Image

മീശയും ശബരിമല യാത്രയും (ഉഷ .എസ്)

Published on 21 July, 2018
മീശയും ശബരിമല യാത്രയും (ഉഷ .എസ്)
കുറച്ചു ദിവസങ്ങളായി നമ്മുടെ കേരളവും, സോഷ്യല്‍ മീഡിയയും ഇളകിമറിയുകയാണ്. വാദങ്ങള്‍ , പോസ്റ്റുകള്‍, കമന്റുകള്‍, അങ്ങനെ ആകെ ബഹളമയം. കാര്യം മറ്റൊന്നുമല്ല. മാതൃഭൂമിയിലെ നോവലും സ്ത്രീകളുടെ ശബരിമലയാത്രയും. രണ്ടു വിഷയവും ഹിന്ദുത്വവാദികള്‍ ഏറ്റെടുത്തുക്കഴിഞ്ഞു. ആദ്യത്തേതില്‍ അമ്പോ അവര്‍ സ്ത്രീവാദികളാണ്. സംഗതി സ്ത്രീവിരുദ്ധമാണത്രേ. രണ്ടാമത്തേതില്‍ സ്ത്രീ ഏതൊക്കെ സ്ഥലത്തു പോകണമെന്ന് കോടതിയല്ല തങ്ങളാണ് നിശ്ചയിക്കുക എന്ന ഭാവവും. എങ്ങനെയുണ്ട് സ്ത്രീസ്‌നേഹം?

'മാതൃഭൂമിയിലെ പുതിയ നോവല്‍ത്തുടക്കം മനോഹരമായൊരു സ്വപ്നം പോലെ..' കഥയിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തില്‍ സ്ത്രീകള്‍ ഒരുങ്ങിവരുന്നത് സെക്‌സ് ആഗ്രഹിച്ചാണെന്നും തിരുമേനിമാരാണ് നായകരെന്നുമുളള അര്‍ത്ഥത്തിലുളള പരാമര്‍ശമായിരുന്നു വിഷയം. എഴുത്ത് എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്ന വിശ്വാസമുളളതുകൊണ്ട് നോവലിനെതിരെയല്ല മറിച്ച് അതിനെത്തുടര്‍ന്നുണ്ടായ സ്ത്രീയവഹേളനങ്ങളെ കുറിച്ചാണ് പറയുന്നത്.

സ്ത്രീകള്‍ അമ്പലത്തിലല്ല ഒരിടത്തും ഒരുങ്ങിവരുന്നത് സെക്‌സിനു പ്രലോഭിപ്പിക്കാനോ ക്ഷണിക്കാനോ ഒന്നുമല്ല. അങ്ങനെയൊരു ചിന്ത ചില ആണ്‍സദസ്സുകളിലെങ്കിലും ചര്‍ച്ചാവിഷയമാവാറുണ്ട്. പ്രിയസഹോദരന്മാരേ നിങ്ങളിനിയും നിങ്ങളുടെ പാതിജനങ്ങളെ മനസ്സിലാക്കിയിട്ടില്ല. ആണിന് സെക്‌സ് ശരീരത്തിലായിരിക്കാം. പെണ്ണിനത് മനസ്സിലാണ്. പെണ്ണ് അവള്‍ക്കിഷ്ടപ്പെടുന്നവനുമായേ സെക്‌സിനു തയ്യാറാവൂ. അണിഞ്ഞൊരുങ്ങി സുന്ദരിയാവുകയെന്നത് അവളുടെ ഇഷ്ടം. ഒരുപരിധിവരെ അവളെ രൂപപ്പെടുത്തിയ സമൂഹത്തിന്റെ പങ്ക്. പെണ്ണ് അണിഞ്ഞൊരുങ്ങി നടക്കേണ്ടവളാണെന്ന പുരുഷകേന്ദ്രീകൃതസമൂഹം അവളില്‍ രൂപപ്പെടുത്തിയ വിശ്വാസം. ആണ്‍കുഞ്ഞിനെ മുട്ടതേച്ച് ശരീരം ബലപ്പെടുത്തുമ്പോള്‍ പെണ്‍കുഞ്ഞിനെ പാലും മഞ്ഞളും തേച്ച് സുന്ദരിയാക്കുന്നു. അവിടം മുതല്‍ തുടങ്ങുകയായി ഈ പരുവപ്പെടുത്തല്‍.

സ്ത്രീകള്‍ അവര്‍ക്കിഷ്ടമുളള വേഷമണിയട്ടെ. അണിയലും കലയാണ്. എല്ലാ സ്ത്രീകളും അണിഞ്ഞൊരുങ്ങാറുമില്ല. അതിഷ്ടമില്ലാത്തവരും അറിയാത്തവരുമുണ്ട്. ഇതൊക്കെ ഓരോരുത്തരുടേയും സ്വകാര്യകാര്യം. നമ്മുടെ സൗന്ദര്യം മാത്മല്ല ഏതു കാര്യവും പുകഴ്ത്തുന്നത് ആണിനും പെണ്ണിനുമിഷ്ടം. പാട്ട്, നൃത്തം, നര്‍മ്മരസമുളള സംഭാഷണം എന്തിന് നമ്മുടെ വീട്ടിലെ ഭക്ഷണം നന്നായിരുന്നു എന്നു പറയുന്നതു പോലും ഏവര്‍ക്കുമിഷ്ടം. ഈ എഫ്ബിയില്‍ തന്നെ പോസ്റ്റും നാട്ടി ലൈക്കും കമന്റും എണ്ണി അതിന്റെ ചോട്ടില്‍ തന്നെ കുത്തിയിരിക്കുന്നതെന്തിന്? ഇതൊന്നും സെക്‌സിനല്ലല്ലോ? സ്വയം ആഘോഷിക്കലിലും വലിയ ഉന്‍മാദമെന്ത്?

ഇനി നോവലിലെ സംഭാഷണം പൊതുവഭിപ്രായമല്ല മറിച്ച് ഒരു കഥാപാത്രത്തിന്റെ അഭിപ്രായം മാത്രം. ഒരു നെഗറ്റീവ് കഥാപാത്രം പറഞ്ഞ സ്ത്രീവിരുദ്ധത പൊതുവായ സ്ത്രീവിരുദ്ധാഭിപ്രായമായി കാണേണ്ടതുണ്ടോ? അങ്ങനെയെങ്കില്‍ നമ്മുടെ ഇതിഹാസങ്ങളും പുരാണഗ്രന്ഥങ്ങളും ഒക്കെ ഒരു പുനര്‍വായനയ്ക്ക് സമയമായി. പുരുഷനിര്‍മ്മിതസമൂഹത്തിലെ എഴുത്തുകളില്‍ സ്ത്രീവിരുദ്ധത ഏറിയിരിക്കും. ഇനി സ്ത്രീകളും കുട്ടികളും ധാരാളമായി കാണുന്ന സീരിയലുകളിലെ സ്ത്രീവിരുദ്ധതയോ? സിനിമകളോ? ഈയടുത്തയിട കസബ പോലും വിമര്‍ശിക്കപ്പെട്ടത് നായകകഥാപാത്രം സ്ത്രീയെ അവഹേളിച്ചതുകൊണ്ടാണ്. നെഗറ്റീവ്കഥാപാത്രങ്ങളുടെ പെരുമാറ്റം തിരിച്ചറിയാനുളംല വിവേകം സഹൃദയര്‍ക്ക് എന്നുമുണ്ട്.

സ്ത്രീവിരുദ്ധതയല്ല പ്രധാനമായും ഈ പ്രശ്‌നം ആളിക്കത്തിച്ചതെന്ന് ഏത് മന്ദബുദ്ധിയ്ക്കും മനസ്സിലാവും. അമ്പലവും പൂജാരിയും വന്നതാണ് പ്രശ്‌നം. അക്കൂടെ നിങ്ങള്‍ സ്ത്രീകളെ കൂട്ടുപിടിക്കേണ്ട. കലയും സാഹിത്യവും എല്ലാം തങ്ങള്‍ക്കിഷ്ടമുളളതു മാത്രമേ പറയാവൂ എന്നത് അഹങ്കാരമാണ്. കേരളം ഇവര്‍ക്ക് കീഴടങ്ങുന്നു(അതോ മാതൃഭൂമിയോ?) എന്നതാണ് ഹരീഷിന്റെ നോവല്‍ പിന്‍വലിക്കുന്നതിലൂടെ മാതൃഭൂമി തെളിയിക്കുന്നതും..

ഇതിനൊപ്പം കൂട്ടിവായിക്കാന്‍ പറ്റുന്ന ഒന്നു തന്നെ ശബരിമല സ്ത്രീപ്രവേശനം. വര്‍ഷങ്ങള്‍ക്കുമുമ്പ് ശബരിമലപോക്ക് വളരെ ശ്രമകരമായിരുന്നു. വന്‍കാടുകളും വന്യമൃഗങ്ങളും. കളളന്മാരുടെ ശല്യം. ഗതാഗത സൗകര്യമില്ല. കല്ലും മുള്ളും ചവുട്ടി ദുര്‍ഘടമായ യാത്ര. ഈ യാത്രയെ അതിജീവിക്കാനുളള ശാരീരിക മാനസിക ബലം നേടിയെടുക്കാനാണ് നാല്പത്തിയൊന്നു ദിവസം വ്രതം. ഓരോ വീട്ടില്‍ നിന്നും മലയ്ക്കുപോകുന്നവരെ സങ്കടത്തോടെയാണ് യാത്രയാക്കുന്നത്. അപകടങ്ങള്‍ അന്ന് സര്‍വ്വസാധാരണമാണല്ലോ? അപ്പോള്‍ തെളിയിക്കുന്ന കെടാവിളക്ക് അവര്‍ക്കു കാവലായി തിരിച്ചു വരുന്നതുവരെ കത്തിക്കൊണ്ടിരിക്കും. യൗവ്വനയുക്തരായ സ്ത്രീകള്‍ക്ക് പലതു കൊണ്ടും ഈ യാത്ര പറ്റിയിരുന്നില്ല. കുഞ്ഞുങ്ങളേയും പ്രായമായ സ്ത്രീകളേയും പീഡിപ്പിക്കുന്ന കാട്ടാളന്മാര്‍ അന്നുണ്ടായിരുന്നില്ലെന്നു വേണം കരുതാന്‍. എന്നിരുന്നാലും യാത്രാസംഘത്തില്‍ അന്ന് സ്ത്രീജനങ്ങള്‍ തീരെ കുറവായിരുന്നു.

ഇപ്പോള്‍ ഗതാഗതസൗകര്യം വര്‍ദ്ധിച്ചു. കാടൊന്നും പഴയ വന്‍കാടുകളല്ല. എവിടേയും സഹായവുമായി നമ്മുടെ പോലീസ് സംഘവും. പണ്ടത്തെപ്പോലെ നാല്പത്തിയൊന്നു വ്രതം പലരുമെടുക്കാറുമില്ല. തലേദിവസം മാലയിട്ട് കാറില്‍ വിനോദയാത്രയ്‌ക്കെന്നവണ്ണം പോയി പിറ്റേദിവസം തന്നെ വരുന്ന വഴി ഏതേലും അമ്പലത്തില്‍ കയറി മാലയൂരി അടുത്തുകണ്ട ഹോട്ടലില്‍ കേറി നോണും തട്ടി വരുന്നവരുമുണ്ട്. പെണ്ണിനാകട്ടെ ആര്‍ത്തവം വരാത്ത ദിനം നോക്കി യാത്ര പോകാം. ഇനി വ്രതം വേണേല്‍ ഇന്ന് മെന്‍സസ് മാറ്റിവയ്ക്കാനുളള സംവിധാനങ്ങളുമുണ്ട്.. അല്ലെങ്കിലും ആര്‍ത്തവവും അമ്പലവും കൂട്ടിക്കലര്‍ത്താതെ സാഹചര്യം പോലെ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പണ്ടേയുണ്ട്. മുമ്പ് അമ്പലത്തിന്റെ പരിസരത്തു പോകാത്തവര്‍ ഇപ്പോള്‍ ചേര്‍ന്നുളള ഓഡിറ്റോറിയങ്ങളില്‍ വേണ്ടപ്പെട്ട കല്യാണങ്ങള്‍ക്കെത്തുന്നുണ്ട്. ചെറുപ്പത്തില്‍ എന്റെ പ്രിയപ്പെട്ടവരുടെ രണ്ടു വിവാഹങ്ങള്‍ക്ക് ഞാന്‍ ആര്‍ത്തവദിനത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതിനുശേഷമുളള കുറ്റബോധം കണ്ട് ധൈര്യം തന്നത് എന്റെ അമ്മയായിരുന്നു. സര്‍പ്പക്കാവും അമ്പലവുമൊക്കെ രൂപപ്പെടുത്തിയ അന്തരീക്ഷത്തില്‍ വളര്‍ന്നിട്ടും അമ്മ പ്രായോഗികമതിയായിരുന്നു. ഇതൊക്കെ പെണ്ണിന്റെ വിവേചനശക്തിയ്ക്കനുസരിച്ച് ചെയ്യേണ്ടതാണെന്നും തീരുമാനങ്ങള്‍ നമ്മുടേതു മാത്രമാണെന്നും പറഞ്ഞുതന്നത് അമ്മയായിരുന്നു.

ഇനി പെണ്ണുങ്ങള്‍ പോയാലുണ്ടാകുന്ന മാലിന്യം. ആണുങ്ങള്‍ സൃഷ്ടിക്കാത്ത മാലിന്മൊന്നും പെണ്ണുമുണ്ടാക്കില്ല. ആര്‍ത്തവദിനങ്ങളില്‍ നമുക്കുവേണ്ടപ്പെട്ട ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്നല്ലാതെ ശബരിമലയ്ക്കുവരാനൊന്നും ആര്‍ക്കും പൂതിയുണ്ടാവില്ല. അവര്‍ അവര്‍ക്ക് സൗകര്യമായ ദിവസങ്ങളില്‍ യാത്ര ചെയ്‌തോളും. ടൂറിസ്റ്റുകള്‍ കൂടി മലിനീകരണം കൂടുന്നുവെന്ന് നാം ടെന്‍ഷന്‍ പിടിക്കാറില്ലല്ലോ. വരുമാനത്തിലൊരുഭാഗം ബുദ്ധിപൂര്‍വ്വം വിനിയോഗിച്ച് മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ സംഘടിപ്പിക്കുക.

പിന്നെ തട്ടലും മുട്ടലും പീഡനവും അവിടെയുമാവും എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളൂ ഈ വ്രതമൊക്കെയെടുത്തു പോയിട്ടും തങ്ങളുടെ നേര്‍പാതിവരുന്ന കൂട്ടരെ ശരീരങ്ങളായി മാത്രമേ കാണാന്‍ കഴിയുന്നുളളുവെങ്കില്‍ അവരെ പൂട്ടിയിടണം. അവര്‍ മനുഷ്യരല്ല. ആണ്‍പെണ്‍സ്‌ക്കൂള്‍ തിരിച്ച് കൊച്ചിലേമുതലേ രണ്ടറകളിലാക്കി വളര്‍ത്തി പരസ്പരം കാണാന്‍ പാടില്ലാത്ത രണ്ടുവിഭാഗമായി ചിത്രീകരിച്ച നമ്മുടെ മനസ്സു മാറാന്‍ ശബരിമലയിലല്ല ഒരിടത്തും പോയിട്ട് കാര്യമില്ല.

ഇപ്പോള്‍ കേള്‍ക്കുന്ന വാദം തന്നെ കൊല്ലാന്‍ നോക്കിയ വളര്‍ത്തമ്മയോട് പ്രതിഷേധിച്ചാണല്ലോ അയ്യപ്പന്‍ കൊട്ടാരം വിടുന്നത്. മാതൃഭാവം ശരീരത്തില്‍ ശേഷിക്കുന്ന സ്ത്രീകളെ കാണേണ്ടാ എന്നാണത്രേ പറഞ്ഞത്. വ്യക്തിപരമായി പറഞ്ഞാല്‍ എനിക്ക് 55വയസ്സ്. ഇനി മതപരമായും മലകയറാം. പക്ഷേ എനിക്ക് നല്ല പ്രായത്തില്‍ സ്ത്രീയാണെന്ന ഒറ്റകാരണത്താല്‍ നിഷേധിച്ച മലകയറ്റം ഇനി ഈ വാതംപിടിച്ച പ്രായത്തില്‍ എനിക്കു വേണ്ട. ഞാന്‍ ഇവിടെ സേലത്തെ മല കയറി ആയിരത്തെട്ടു ശിവലിംഗം ദര്‍ശിച്ചോളാം. ഒന്നുമില്ലേലും അര്‍ദ്ധനാരീശ്വരനാണല്ലോ.

മാതൃഭാവം ശരീരത്തില്‍ ശേഷിക്കുന്ന ആരും വരേണ്ടെന്നല്ലേ പറഞ്ഞത്? മാതൃഭാവം ഗര്‍ഭപാത്രത്തിലോ ആര്‍ത്തവത്തിലോ ഒന്നുമല്ല. അത് ഓരോ കുഞ്ഞിനോടുമുളള മക്കളോടുളള സ്ത്രീയുടെ അമ്മയുടെ മുഖത്തും ശരീരത്തിലും ഓളംവെട്ടുന്ന ഭാവമാണ്. അതറിയാത്ത ആരോ ആണ് അയ്യപ്പന്റെ ജിഹ്വയായി ഇത് പറഞ്ഞത്. അല്ലാതെ അയ്യപ്പനല്ല. അല്ലെങ്കിലും എല്ലാം മനുഷ്യനിര്‍മ്മിതമല്ലേ?

ഇതിനിടെ ഏതുകോടതിവിധി വന്നാലും എന്റെ വീട്ടിലെ സ്ത്രീകള്‍ മല ചവിട്ടില്ല എന്നൊരു സന്ദേശവും പ്രചരിക്കുന്നു. അത് പറയേണ്ടത് സ്ത്രീകളാണ്. ഒരു വീട്ടില്‍ സ്ത്രീക്ക് ഇത്രയേ സ്വാതന്ത്ര്യമുള്ളോ? മകള്‍, സഹോദരി, അമ്മ, ഭാര്യ ഇവര്‍ക്കൊക്കെ എവിടെ പോണം പോകില്ല എന്നു പറയാന്‍ സ്വയം കഴിയട്ടെ. പോകേണ്ടെന്ന് ആ വീട്ടിലെ പുരുഷന്മാരല്ല പറയേണ്ടത്. ഏതായാലും നമ്മുടെ നാട് ഭ്രാന്താലയമാകാതിരിക്കട്ടെ!
-------------------

നോവലിലെ ഈ സംഭാഷണ ശകലമായിരുന്നു പ്രശ്‌നം 

പെണ്‍കുട്ടികള്‍ എന്തിനാണ് ഇങ്ങനെ കുളിച്ച് സുന്ദരിമാരായി അമ്പലത്തില്‍ പോകുന്നന്നത്? ആറു മാസം മുന്‍പ് വരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കല്‍ ചോദിച്ചു. 'പ്രാര്‍ത്ഥിക്കാന്‍' ഞാന്‍ പറഞ്ഞു. 'അല്ല, നീ ഒന്നുകൂടെ സൂക്ഷിച്ച് നോക്ക്, ഏറ്റവും നല്ല വസ്ത്രങ്ങള്‍ ഏറ്റവും ഭംഗിയായി അണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വമായി പ്രഖ്യാപിക്കുകയാണവര്‍'. ഞാന്‍ ചിരിച്ചു. 'അല്ലെങ്കില്‍ അവരെന്താണ് മാസത്തില്‍ നാലോ അഞ്ചോ ദിവസം അമ്പലത്തില്‍ വരാത്തത്? തങ്ങള്‍ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാര്‍'
മീശയും ശബരിമല യാത്രയും (ഉഷ .എസ്)
Join WhatsApp News
ഒരു സ്ത്രീ 2018-07-21 21:22:14
അപ്പൊ പോസിറ്റീവ് കഥാപാത്രം അത് മറിച്ചു പറയുന്നുണ്ടോ ?
ഇനി അത് മറിച്ചു പറയിപ്പിച്ച് എഴുതി വരുമായിരിക്കും അതുവരെ 
കാത്തിരിക്കാം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക