Image

ഹരീഷിന്റെ 'മീശ' നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറെന്ന് സമകാലിക മലയാളം വാരിക

Published on 22 July, 2018
ഹരീഷിന്റെ 'മീശ' നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറെന്ന് സമകാലിക മലയാളം വാരിക
ഹിന്ദു മതമൗലിക വാദികളുടെ ഭീഷണിയെത്തുടര്‍ന്ന് പ്രസിദ്ധീകരണം നിര്‍ത്തിയ എസ് ഹരീഷിന്റെ 'മീശ' നോവല്‍ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് സമകാലിക മലയാളം വാരിക. എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ല. എഴുത്തുകാരനു നേരെ ഉയരുന്ന ഭീഷണിയില്‍ ഛേദിക്കപ്പെടുന്നത് വായനക്കാരുടെ ശിരസ്സുകള്‍തന്നെയാണ്. ഇപ്പോള്‍ മുട്ടുമടക്കിയാല്‍ നാളെ നമ്മള്‍ മുട്ടിലിഴയേണ്ടിവരുമെന്നും സമകാലിക മലയാളം വാരിക, പത്രാധിപ സമിതി അഭിപ്രായപ്പെട്ടു.
എഴുത്തുകാരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സംരക്ഷകരായി വായനക്കാരും സാംസ്‌കാരികലോകവും പ്രസിദ്ധീകരണശാലകളും അണിനിരക്കേണ്ട കെട്ടകാലമാണിത്. എസ് ഹരീഷിന് സമകാലിക മലയാളം വാരികയുടെ പൂര്‍ണപിന്തുണ അറിയിക്കുന്നതായും പത്രാധിപ സമിതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കുടുംബാംഗങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് നോവലിസ്റ്റ് എസ്. ഹരീഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മാതൃഭൂമി അഴ്ചപ്പതിപ്പില്‍ ഈയിടെയാണ് നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളത്തെ പറ്റി പ്രതിപാദിക്കുന്നതാണ് നോവല്‍. നോവലിലെ ചില പരാമര്‍ശത്തിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കുടുംബാംഗങ്ങളെയും നോവലിസ്റ്റിനെതിരെയും പച്ചത്തെറി വിളിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. ഇതോടെയാണ് നോവല്‍ പിന്‍വലിക്കാന്‍ ഹരീഷ് തീരുമാനിച്ചത്.
സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച ചില ഭാഗങ്ങളാണ് ഹിന്ദു സംഘടനകളെ പ്രകോപിപ്പിച്ചത്. ആക്രമണവും ഭീഷണിയും അസഹ്യമായതിനെ തുടര്‍ന്ന് ഹരീഷിന് ഫേസ്ബുക്ക് പേജ് ഡിആക്റ്റിവേറ്റ് ചെയ്യേണ്ടി വന്നു. തുടര്‍ന്ന് ഹരീഷിന്റെ ഭാര്യയുടെ ഫേസ്ബുക്ക് കണ്ടെത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന ഭീഷണികളും തെറിവിളികളും തുടരുകയാണ്. ഹരീഷിന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പോസ്റ്ററുകള്‍ തയ്യാറാക്കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു
വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ
എസ്. ഹരീഷിന്റെ നോവല്‍ മീശ തുടര്‍ന്ന് പ്രസിദ്ധീകരിക്കാന്‍ സമകാലിക മലയാളം വാരിക തയ്യാറാണ്. എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ല. എഴുത്തുകാരനുനേരെ ഉയരുന്ന ഭീഷണിയില്‍ ഛേദിക്കപ്പെടുന്നത് വായനക്കാരുടെ ശിരസ്സുകള്‍തന്നെയാണ്. ഇപ്പോള്‍ മുട്ടുമടക്കിയാല്‍ നാളെ നമ്മള്‍ മുട്ടിലിഴയേണ്ടിവരും. ഹരീഷിനും കുടുംബാംഗങ്ങള്‍ക്കും നേരെയുള്ള സംഘപരിവാര്‍ ഭീഷണിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. എഴുത്തുകാരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സംരക്ഷകരായി വായനക്കാരും സാംസ്‌കാരികലോകവും പ്രസിദ്ധീകരണശാലകളും അണിനിരക്കേണ്ട കെട്ടകാലമാണിത്. എസ്.ഹരീഷിന് സമകാലിക മലയാളം വാരികയുടെ പൂര്‍ണപിന്തുണ അറിയിക്കുന്നു.
പത്രാധിപസമിതി
സമകാലിക മലയാളം വാരിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക