Image

സ്വാതന്ത്ര്യം എവിടെ? (ജോസഫ് പൊന്നോലി)

Published on 22 July, 2018
സ്വാതന്ത്ര്യം എവിടെ? (ജോസഫ് പൊന്നോലി)

എല്ലാ വർഷവും ജൂലൈ 4 നു അമേരിക്കയിൽ  സ്വാതന്ത്ര്യ ദിനം ആചരിക്കുന്നു. അടുത്ത മാസം ഓഗസ്റ്റ് 15 നു  ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ സ്വാതന്ത്ര്യ ദിനത്തെപ്പറ്റിയും സ്വാതന്ത്ര്യത്തെ കുറിച്ചും   ചില ചിന്തകൾ ഇവിടെ കുറിക്കുകയാണ്.

എവിടെയും ചങ്ങലകൾ

എന്താണ് സ്വാതന്ത്ര്യം?    രാഷ്ട്രീയ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, മാനസിക സ്വാതന്ത്ര്യം,   മത സ്വാതന്ത്ര്യം, അങ്ങനെ സ്വാതന്ത്ര്യത്തിന്റെ വിവിധ മുഖങ്ങൾ പരിശോധിക്കുമ്പോൾ  നമ്മൾ ശരിക്കും സ്വതന്ത്രരാണോ? റൂസ്സോ പറഞ്ഞതുപോലെ ‘ മനുഷ്യൻ ജനിക്കുന്നത് സ്വതന്ത്രനായിട്ടാണ്.  പക്ഷെ അതിനുശേഷം മനുഷ്യൻ എല്ലായിടത്തും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.”


കാറൽ മാർക്സ് പറയുകയുണ്ടായി ‘ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല… നിങ്ങളുടെ ചങ്ങലകൾ ഒഴിച്ച്.”

സ്വാതന്ത്ര്യം അമേരിക്കയിൽ

അമേരിക്കയിൽ ജനാധിപത്യം ഉടലെടുത്തതിന്റെ സാഹചര്യം മനസ്സിലാക്കാൻ അമേരിക്കൻ കോളനിവല്‍ക്കരണത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കേണ്ടിയിരിക്കുന്നു.   


15 -)o  നൂറ്റാണ്ടിൽ തുടങ്ങിയ അമേരിക്കൻ  യൂറോപ്യൻ കോളനിവല്‍ക്കരണം 1607 ൽ  വിർജിനിയയിൽ ആദ്യത്തെ ബ്രിട്ടീഷ് കോളനി സ്ഥാപനത്തിലേക്ക് വഴി തെളിച്ചു. ബ്രിട്ടീഷ് കോളനിവല്‍ക്കരണം കൊണ്ട് സ്വാതന്ത്ര്യം നഷ്ടപ്പെട്ടവർ ആണ് ഇവിടുത്തെ തദ്ദേശ അമേരിക്കൻ ഇന്ത്യൻസ്.


1621ൽ  ഇംഗ്ലണ്ടിലെ മത പീഡനത്തിൽ നിന്നും രക്ഷപെടാൻ പിൽഗ്രിം ഫാദേഴ്‌സ് മസ്സാച്ചുസെറ്റ്സിൽ എത്തി കോളനി സ്ഥാപിച്ചു.  1732 ൽ ജോർജിയ പതിമൂന്നാമത്തെ അമേരിക്കയിലെ ബ്രിട്ടീഷ് കോളനി ആയി.


കോളനികളിലെ ജോലി ചെയ്യാൻ വലിയ തോതിൽ അടിമകളെ ആഫ്രിക്കയിൽ നിന്നും കോളണികളിലേക്കു ഇറക്കുമതി ചെയ്തു.


തുടർന്നുണ്ടായ ബ്രിട്ടീഷ് ഭരണത്തിന്റെ ആധിപത്യവും ചൂഷണവും  എതിർത്ത കോളനിസ്റ്റ്‌കൾ 1776 ൽ   സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തോമസ് ജെഫേഴ്സൺ  എഴുതിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഇപ്രകാരം എഴുതിയിട്ടുണ്ട്.


We hold these truths to be self-evident, that all men are created equal, that they are endowed by their Creator with certain unalienable Rights, that among these are Life, Liberty and the pursuit of Happiness.”  (പ്രത്യക്ഷത്തിൽ തന്നെ പ്രകടമാകുന്നതായി ഞങ്ങൾ കരുതുന്ന സത്യങ്ങൾ ആണ്: എല്ലാ മനുഷ്യരും തുല്യരാണ്, എല്ലാവര്ക്കും സൃഷ്ടാവു അന്യരുടെ അധീനതയിൽ പെടുത്താൻ സാധ്യമല്ലാത്ത

ചില അവകാശങ്ങൾ നൽകിയിട്ടുണ്ട്.  അവയിൽപെട്ടതാണ് ജീവൻ, സ്വാതന്ത്ര്യം,  സൗഭാഗ്യവും സന്തോഷവും നേടുക എന്നുള്ളത്’


സ്വാതന്ത്ര്യത്തിനും സ്വയാധികാരത്തിനും വേണ്ടി പൊരുതി ഒരു നീണ്ട  യുദ്ധത്തിലൂടെ അമേരിക്കയിൽ അവർ സ്വാതന്ത്ര്യം സ്ഥാപിക്കുകയുണ്ടായി.  1781 ഒക്ടോബറിൽ  യോർക്‌ടൗണിൽ ബ്രിട്ടീഷ് ആർമി തോൽവി സമ്മതിച്ചു. 1787 ൽ അമേരിക്കൻ കോൺസ്റ്റിട്യൂഷൻ നിലവിൽ വന്നു.   


അമേരിക്ക എന്നും സ്വാതന്ത്ര്യം തേടുന്നവരുടെ ഒരു അഭയ കേന്ദ്രമായിട്ടുണ്ട്. കഴിഞ്ഞ 400 വർഷത്തോളം സ്വാതന്ത്ര്യം തേടി അമേരിക്കയിലേക്ക് കുടിയേറിയ  ജനങ്ങളുടെ ചരിത്രം അമേരിക്കയിലെ സ്വാതന്ത്ര്യത്തിന്റെ മാഹാത്മ്യം ചൂണ്ടി കാണിക്കുന്നു.  സ്റ്റാച്യു ഓഫ് ലിബർട്ടിയും എല്ലിസ് ഐസ്ലൻഡും പറയുന്ന കഥകൾ കരളലിയിപ്പിക്കുന്നതാണ്. പലരും യൂറോപ്പിൽ നിന്നും മത സ്വാതന്ത്ര്യം തേടി വന്നവർ ആണ്.    അയർലണ്ടിലെ ഉരുളക്കിഴങ്ങു ദാരിദ്യത്തിൽ നിന്നും രക്ഷപെട്ട ഐറിഷ്, നാസി ജർമനിയിൽ നിന്നും രക്ഷ പെട്ട യഹൂദർ, യൂറോപ്യൻസ്, ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും രക്ഷ പെട്ട സിഖുകാർ,  ദാരിദ്യത്തിൽ നിന്നും ചൂഷണത്തിൽ നിന്നും രക്ഷ പെട്ട ചൈനാക്കാർ, അങ്ങനെ പല കഥകളും. സ്പാനിഷ് സിവിൽ വാറിന് ശേഷം അമേരിക്കയിൽ കുടിയേറിയ സ്പാനിഷ് ഇമ്മിഗ്രന്റ്‌സ് ഇവരെല്ലാം അമേരിക്കയെ സ്വാതന്ത്ര്യന്റെ ഈറ്റില്ലമായി കണ്ടവരാണ്.


അതേ സമയം അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ മോശമായ ചില അവസ്ഥയും ചൂണ്ടി കാണിക്കാനുണ്ട്.  അമേരിക്കയിലെ അടിമത്തവും, കറുത്ത വർഗക്കാരോടുള്ള വിവേചനവും സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷവും അമേരിക്ക മൂടി വച്ചു.  1861 ൽ തുടങ്ങിയ സിവിൽ വാർ എബ്രഹാം ലിങ്കന്റെ നേതൃത്വത്തിൽ അടിമത്വം അമേരിക്കയിൽ നിർത്തലാക്കിയെങ്കിലും 1950- 60 കളിലെ സിവിൽ റൈറ്സ് മൂവ്മെന്റിന്റെ പരിണത ഫലമായിട്ടാണ്  കറുത്ത വർഗക്കാർക്കു സിവിൽ റൈറ്സ് (പൗരാവകാശങ്ങൾ )ലഭ്യമായത്. അതിനു മാർട്ടിൻ ലൂതർ കിങ്ങിന് സ്വന്തം ജീവൻ ബലി അർപ്പിക്കേണ്ടി വന്നു. സ്ത്രീകൾക്കും വോട്ടവകാശം കിട്ടാൻ 1920 വരെ കാത്തിരിക്കേണ്ടി വന്നു.


പക്ഷേ ഇന്നും കറുത്ത വർഗക്കാർ ഇവിടെ വിവേചനം അനുഭവിക്കുന്നു എന്നുള്ളതാണ് സത്യം.  കഴിഞ്ഞ മാസം ന്യൂ യോർക്ക് റോചെസ്റ്ററിൽ ഒരു സ്കൂളിൽ വാലിഡിക്റ്റേറിയൻ ആയി പ്രസംഗിക്കാൻ സ്കൂൾ പ്രിൻസിപ്പൽ ഒരു കറുത്ത വിദ്യാർത്ഥിയെ അനുവദിച്ചില്ല എന്ന വാർത്ത വായിക്കുകയുണ്ടായി.

ജനാധിപത്യം  

ജനാധിപത്യം സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമായിട്ടാണ് കരുതപ്പെടുന്നത്. എല്ലാ മനുഷ്യർക്കും  തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, സംവാദത്തിലൂടെ തീരുമാനങ്ങൾ എടുക്കാനുള്ള ഒരു പരിതഃസ്ഥിതി, മാനവീകതയ്ക്കും, മനുഷാവകാശങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന ഒരു സാമൂഹ്യ സംവിധാനം, ഇവയെല്ലാം ജനാധിപത്യത്തിന്റെ സവിശേഷതകൾ ആയി കരുതാം.


അമേരിക്കയും ഇന്ത്യയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങൾ ആയി പരിഗണിക്കപ്പെടുമ്പോൾ  ഇവിടെ വിവരിച്ച മാനദണ്ഡങ്ങൾ നോക്കുകയാണെങ്കിൽ ഇന്ത്യയും അമേരിക്കയും ഇനിയും ജനാധിപത്യത്തിന്റെ പാതയിൽ ബഹുദൂരം പോകാനുണ്ട് എന്ന് തോന്നുന്നു.

സാമ്പത്തിക സ്വാതന്ത്ര്യം

കമ്മ്യൂണിസ്റ്റ്, അറബ്, ആഫ്രിക്കൻ രാജ്യങ്ങൾ ഒഴിച്ച് രാഷ്ട്രീയ സ്വാതന്ത്ര്യം ഇന്ന്  ലോകത്തിൽ പൊതുവെ ഉണ്ടെങ്കിലും, ദാരിദ്യം ഇന്നും ലോകത്തിന്റെ പല ഭാഗത്തും മനുഷ്യരെ സാമ്പത്തിക അടിമത്തത്തിൽ  കഴിയാൻ നിർബന്ധിതരാക്കുന്നു. 1920 -21 കാലഘട്ടത്തിലെ അമേരിക്കയുടെ സാമ്പത്തിക മാന്ദ്യം  സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം നമ്മെ ഓർമ്മിപ്പിക്കുന്നു.


“ദാരിദ്യമില്ലാത്ത ഒരു ലോകമാണ് ഞങ്ങളുടെ സ്വപ്നം “  “Our Dream is a World Free of Poverty.” എന്നാണു വേൾഡ് ബാങ്കിന്റെ ദൗത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്.


2013 ലെ കണക്കനുസരിച്ചു  ലോക ജനസംഖ്യയുടെ 10.7 % (767 മില്യൺ  ആൾക്കാരുടെ വരുമാനം വെറും US$1.90 ആണ്.  അതി ദാരിദ്യത്തിൽ കഴിയുന്നവർ കൂടുതലും സബ് സഹാറൻ ആഫ്രിക്കയിൽ ആണ്.  ദാരിദ്യത്തിൽ കഴിയുന്നവർ കൃഷിയെ ആശ്രയിക്കുന്നവരും, വിദ്യാഭ്യാസം കുറഞ്ഞവരും ആണ്.  തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, എലെക്ട്രിസിറ്റി, സുരക്ഷിതമായ കുടി വെള്ളം, ഈ രംഗങ്ങളിലെല്ലാം ദാരിദ്യത്തിൽ കഴിയുന്നവർക്ക്  സഹായം ആവശ്യമാണ്.

സ്വാതന്ത്ര്യം ഇന്ത്യയിൽ

1947 ൽ ഇന്ത്യ  ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തിൽ  നിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്നും  തീവ്രവാദവും, അഴിമതിയും, രാഷ്ട്രീയ കൊലപാതകങ്ങളും, വെറുപ്പിന്റെയും അസഹിഷ്ണതയുടെയും രാഷ്ട്രീയവും  ഇന്ത്യൻ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു. നിയമ പാലനവും സാമൂഹ്യ നീതിയും ഇന്നും ഇന്ത്യയിൽ ഒരു സ്വപ്നമായി അവശേഷിക്കുന്നു.  തിരഞ്ഞെടുപ്പിലും മറ്റും നടക്കുന്ന അഴിമതിയും, പരക്കെ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും, അധികാര ദുർവിനിയോഗവും ഉത്‌കണ്‌ഠ ജനിപ്പിക്കുന്നു.  അധികാരം കുത്തക മുതലാളിമാരുടെയും, അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും കൈകളിൽ അമ്മാനമാടുകയാണ്.  


ഇന്ത്യ ഇന്നും സ്വതന്ത്രയാണോ എന്നുള്ള ചോദ്യം അവശേഷിക്കുന്നു.

സോഷ്യലിസം

സാമൂഹ്യ ജീവിതവും, സാമൂഹ്യ വ്യവസ്ഥിതിയും സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകങ്ങൾ ആണ്. സാമ്പത്തിക വികസനത്തിന്റെ അന്തരം, സാമ്പത്തിക വിവേചനം, ഇവ സാമൂഹ്യ സ്വാതന്ത്ര്യത്തിനെ ബാധിക്കുന്നു.  അവിടെയാണ് സോഷ്യലിസത്തിന്റെ പ്രസക്തി.


സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഹ്യൂമൻ ഡെവലപ്മെന്റ് ഇന്ഡക്സില് മുൻപിൽ നിൽക്കുന്നു.  അവിടെ വിദ്യാഭ്യാസവും, ആരോഗ്യ സംരക്ഷണവും സൗജന്യമാണ്. സാമൂഹ്യ സുരക്ഷ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു അവിടെ കൂടുതലാണ്.


ലോകത്തിൽ ഏറ്റവും സന്തോഷമുള്ള ജനത ഭൂട്ടാനിൽ  ആണ് എന്ന് കരുതപ്പെടുന്നു. ഭൂട്ടാനിലെ ജനങ്ങളുടെ ജീവിത നിലവാരം അളക്കപ്പെടുന്നത്  ‘ഹാപ്പിനെസ്സ് ഇൻഡക്സ് ‘ ഉപയോഗിച്ചാണ്.

മാനസിക സ്വാതന്ത്ര്യം

ചോദ്യം ചെയ്യപ്പെടാത്ത ആചാരങ്ങളും, വിശ്വാസ, തത്വ, രാഷ്ട്രീയ സംഹിതകളും മനുഷ്യ മനസ്സുകളെ  മാനസിക അടിമത്തത്തിലേക്കു തള്ളി വിടുന്നു. മത മൗലികത, വെറുപ്പും, വിദ്വേഷവും, തീവ്ര വാദവും മനുഷ്യനെ മാനസിക അടിമകളാക്കി മാറ്റും.  സ്വതന്ത്രമായ മനസ്സിനേ പൂർണ സ്വാതന്ത്ര്യം അനുഭവിക്കാനാകൂ. അവിടെയാണ് ജനാധിപത്യ സംവിധാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും.

മനുഷ്യാവകാശ ലംഘനങ്ങൾ

മനുഷ്യാവകാശ ലംഘനങ്ങൾ സ്വാതന്ത്ര്യത്തെ എവിടെയും ഹനിക്കുന്നതാണ്.  പ്രത്യേകിച്ച് സ്ത്രീകളും, കുട്ടികളും, ഇതിനു ഇരയാകുന്നു. പല തരത്തിലുള്ള വിവേചനങ്ങളും ഇന്ന് പ്രത്യേകിച്ച് ഇന്ത്യയിൽ നടമാടുന്നുണ്ട്. ദളിതർ, സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവർ പല തരത്തിലുള്ള വിവേചനങ്ങളും അനുഭവിക്കേണ്ടി വരുന്നു.  മതത്തിന്റെയും വിശ്വാസ സംഹിതയുടെയും പേരിൽ നടക്കുന്ന വിവേചനം, ആക്രമണം, ഇവയെല്ലാം മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടികയിൽ പെടുന്നു. യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്സ് 1948 എടുത്തു പറയുന്നു: “ ...recognition of the inherent dignity and of the equal and inalienable rights of all members of the human family is the foundation of freedom, justice and peace in the world.

— Preamble to the Universal Declaration of Human Rights, 1948

ലോകത്തിൽ സ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവയുടെ അടിസ്ഥാനം മനുഷ്യ കുടുംബത്തിലെ ഓരോ അംഗങ്ങളിലും അന്തര്‍ലീനമായ മാന്യതയുടെയും  തുല്യവും, അന്യരുടെ അധീനതയിൽ പെടുത്താൻ സാധ്യമല്ലാത്തതുമായ അവകാശങ്ങളുടെയും അംഗീകാരമാണ്.”

സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ

നമുക്ക് എന്തും തോന്നുന്നത് പോലെ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടോ? സ്വാതന്ത്ര്യം ചങ്ങലകൾ പൊട്ടിക്കുമ്പോൾ, ഒരു വിരോധാഭാസം എന്ന വണ്ണം ഒരു ചോദ്യം ഉദിക്കുന്നു: സ്വാതന്ത്ര്യത്തിനു ചങ്ങലകൾ ആവശ്യമാണോ ?

അമിതമായ സ്വാതന്ത്ര്യം  സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇവിടെയാണ്

നിയമങ്ങളുടെ ആവശ്യകതയും പ്രസക്തിയും എടുത്തു പറയേണ്ടത്. നിയമം സമുദായത്തിന്റെ  ആദര്ശങ്ങളുടേയും പെരുമാറ്റ ചട്ടങ്ങളുടെയും ഒരു ക്രോഡീകരണമാണ്. ഓരോ രാജ്യത്തിലും ജനങ്ങൾ തന്നെ അവരുടെ പ്രതിനിധികളിലൂടെ നിയമങ്ങൾ സൃഷ്ടിക്കുന്നു.  ഉദ്യോഗസ്ഥർ നിയമങ്ങൾ നടപ്പാക്കുന്നു. നീതി ന്യായ വ്യവസ്ഥ തർക്കങ്ങളിൽ തീർപ്പു കല്പിക്കുകയും, കുറ്റക്ര്യത്യങ്ങളിൽ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്നു.  നിയമവും നീതിയും സാമൂഹ്യ ആരോഗ്യത്തിന് അത്യാവശ്യ ഘടകമാണ്.

വിപ്ലവ സ്വാതന്ത്ര്യം

നിയമങ്ങൾ  നീതി നടപ്പാക്കാൻ പരാജയപ്പെടുമ്പോൾ  വിപ്ലവങ്ങൾ ഉടലെടുക്കുന്നു. എഴുത്തുകാരും സാഹിത്യകാരന്മാരും  സമൂഹത്തെയും വ്യക്തി ജീവിതത്തെയും വിലയിരുത്തുമ്പോൾ ചിലപ്പോൾ അത്  വിപ്ലവങ്ങൾക്ക് വഴി തെളിക്കുന്നു. ഫ്രഞ്ച്, അമേരിക്കൻ സ്വാതന്ത്ര്യ വിപ്ലവത്തിലും,  അമേരിക്കൻ സിവിൽ വാറിലും സാഹിത്യ കൃതികളുടെ പങ്കു വലുതായിരുന്നു. ഉദാഹരണം: വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’.


പക്ഷെ ചിന്തകൾ സ്വതന്ത്രമായിരിക്കണം.  സ്വന്തം അഭിപ്രായങ്ങൾ സ്വതന്ത്രമായി രേഖപ്പെടുത്താനും,  സംവാദത്തിൽ ഏർപ്പെടാനും മനുഷ്യന് സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.


മനുഷ്യ പുരോഗതിക്കു കാരണം തന്നെ അങ്ങനെ സ്വതന്ത്രമായി ചിന്തിച്ചവരാണ്.  അതിനു വേണ്ടി പലർക്കും സ്വന്തം ജീവൻ ബലി അർപ്പിക്കേണ്ടി വന്നിട്ടുണ്ട്.   സോക്രട്ടീസ്, നസ്‌റായനായ . യേശു, എബ്രഹാം ലിങ്കൺ, മഹാത്‌മാ ഗാന്ധി, മാർട്ടിൻ ലൂതർ കിംഗ്….ഇവർ ചില ഉദാഹരങ്ങൾ ആണ്.

ഉത്തരവാദിത്ത സ്വാതന്ത്ര്യം

സ്വാതന്ത്ര്യം പൂർണതയിൽ എത്തണമെങ്കിൽ ഓരോ വ്യക്തിയും ഉത്തരവാദിത്തത്തോടെ  പെരുമാറണം. മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുക, അവരുടെ അഭിപ്രായങ്ങൾക്കു ഇടം കൊടുക്കുക. ആരോഗ്യകരമായ  സംവാദങ്ങളിൽ ഏർപ്പെടുക. പൊതുവായ തീരുമാനങ്ങൾ പാലിക്കുക, നിയമങ്ങൾ പാലിക്കുക, വോട്ട് ചെയ്യുക, അങ്ങനെ എല്ലാവരും ഉത്തരവാദിത്തത്തോടുകൂടി പെരുമാറിയെങ്കിൽ മാത്രമേ സ്വാതന്ത്ര്യം നിലനിൽക്കുകയുള്ളൂ.  


കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യം സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുകയേയുള്ളു.  ഇരുപതാം നൂറ്റാണ്ടിലെ രണ്ടു ലോക മഹാ യുദ്ധങ്ങൾ തന്നെ സ്വേച്ഛാധിപത്യത്തിൽ നിന്നും ലോകത്തെ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു.


സ്വാതന്ത്ര്യം സംരക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ഉണർന്നിരിക്കണം.  വെണ്ടേൽ ഫിലിപ്സ് ആണ് പറഞ്ഞത്


Eternal vigilance is the price of liberty; power is ever stealing from the many to the few. The manna of popular liberty must be gathered each day or it is rotten. The living sap of today outgrows the dead rind of yesterday. The hand entrusted with power becomes, either from human depravity or esprit de corps, the necessary enemy of the people. Only by continued oversight can the democrat in office be prevented from hardening into a despot; only by unintermitted agitation can a people be sufficiently awake to principle not to let liberty be smothered in material prosperity.”


“നിതാന്തമായ ജാഗ്രത സ്വാതന്ത്ര്യ സംരക്ഷണത്തിനു കൊടുക്കേണ്ട  വിലയാണ്. അധികാരത്തിലുള്ളവർ ചിലർ എപ്പോഴും പൊതു സ്വത്തു മോഷ്ടിച്ച്  അവരുടെ സ്വന്തമാക്കുന്നു. ഓരോ ദിവസവും സ്വാതന്ത്ര്യത്തിന്റെ മന്നാ നമ്മൾ പെറുക്കി എടുത്തില്ലെങ്കിൽ അത് അഴുകിപ്പോകും.  ഇന്ന് കിട്ടുന്ന ജീവനുള്ള നീര് ഇന്നലെ ജീവൻ നശിച്ച പട്ടയുടെ മുകളിൽ പ്രത്യക്ഷപ്പെടുന്നു. . നമ്മൾ വിശ്വസിച്ചു അധികാരം ഏൽപ്പിക്കുന്ന കൈകൾ ധാര്‍മ്മികാധഃപതനത്തിലൂടെയോ, ദുഷിച്ച സംസർഗം കൊണ്ടോ  ജനങ്ങളുടെ എതിരാളികൾ ആകുന്നു. തുടർച്ചയായ മേൽനോട്ടം വഴി മാത്രമേ തിരഞ്ഞെടുക്കുന്നവരെ സ്വേച്ഛാധിപതികൾ ആകുന്നതിൽ നിന്നും തടയുവാൻ നമുക്ക് സാധിക്കൂ.    ഭൗതീക അഭിവൃദ്ധിയിൽ ശ്വാസം മുട്ടി സ്വാതന്ത്ര്യം മരിക്കാതിരിക്കണമെങ്കിൽ തുടർച്ചയായ ബഹളം/ ജാഗ്രത/ഉണർവ് കൂടിയേ തീരൂ. “


ഇവിടെയാണ് എഴുത്തുകാരുടെയും മാധ്യമങ്ങളുടെയും ധർമ്മവും കടമയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക