Image

ഒരു തുള്ളി (കവിത -നവീന സുഭാഷ്)

Published on 23 July, 2018
ഒരു തുള്ളി (കവിത -നവീന സുഭാഷ്)
ആദ്യമൊക്കെ ഒരു തുള്ളിയായ്
മാത്രമേ ഇറ്റുവീണിരുന്നുള്ളൂ...

അപ്പോഴൊക്കെ തൊണ്ട വരണ്ട്
വേഴാമ്പല്‍ പോലെ നീ
ദാഹമറിയിച്ച് കൊണ്ടിരുന്നു...

ഇത്ര കൊടിയ വേനലിലേക്ക്
നിന്നെ
വലിച്ചെറിഞ്ഞതാരായിരിക്കണം?

പതിയെ
നിന്നിലേക്കിറങ്ങുകയായിരുന്നു...

ബാഷ്പീകരിക്കപ്പെട്ടതെങ്ങനെ
യെന്നത് അപ്പോള്‍
വിസ്മൃതിയിലമര്‍ന്നിരുന്ന്
പോയ്ക്കാണും...

പിന്നെ ചരിഞ്ഞ് പെയ്യുന്ന ചാറ്റല്‍
മഴയാകാന്‍ എനിക്ക് തന്നെ
കൊതി തോനിത്തുടങ്ങി....

നീ നനഞ്ഞ് മതിയാവാതെ
നനയും കുളിയുമില്ലാത്തവനായ്
ഒരു ഭ്രാന്തനെപ്പോലെ
അലയുന്നത് കണ്ട്
പൊറുക്കാഞ്ഞിട്ടാകണം
ഒരു കര്‍ക്കിടകം തന്നെ നിനക്ക്
ധാരയായ്ത്തന്ന് നിന്റെ മൂര്‍ദ്ധാവ്
മുതല്‍
ഉടല്‍ക്കോണുകളൊന്നുപോലും
ഒഴിവാക്കാതെ കുതിര്‍ത്ത്
കളഞ്ഞത്...

നിന്നിലെ ഉഷ്ണസഞ്ചാരിക്ക്
എന്നെന്നേക്കായ് ഒരു
മോക്ഷമെന്നേ
കണക്കാക്കിയിരുന്നുള്ളൂ...

നിനക്കായ് മാത്രം നടുമുറ്റമുള്ള
ഒരു ക്ഷേത്രമാകണമെന്നേ
കരുതിയിരുന്നുള്ളൂ...

ആദ്യമൊക്കെ ഇറയത്തിരുന്ന്
ചിമ്മാനിപ്പാറ്റലാല്‍ മുഖം
കഴുകുമ്പോള്‍ ഞാന്‍ തൊടാതെ
തൊട്ടെന്ന് പറഞ്ഞ്
എത്ര മഴനിലാവില്‍ നീ
സ്വപ്നത്തില്‍ നിന്ന്
പിടഞ്ഞെഴുന്നേറ്റിരുന്ന്
വാതോരാതെ കഥകള്‍
പറഞ്ഞു...

ഒറ്റപ്പെയ്ത്തില്‍
കുത്തിയൊലിച്ചുപോയ
പുഴപോലെ നീ ഇന്ന്
അപ്രത്യക്ഷനാകുമ്പോള്‍...

വീണ്ടും വീണ്ടും ഞാന്‍
ആര്‍ത്തലച്ച് തന്നെ പെയ്ത്
വീഴട്ടെ....

മഴക്കെടുതിയില്ലാതെ പ്രളയം
വരുമ്പോള്‍ അലഞ്ഞെത്തുന്ന
കൊതുമ്പു തോണികളില്‍
ഏതോ ഒന്നില്‍ നീ
ഒളിച്ചിരിപ്പുണ്ടാകുമെന്നെനിക്കുറപ്പാണ്...

ചുണ്ടകലങ്ങളെന്തെന്നറിയാതെ
അപ്പോള്‍ നമുക്ക് പരസ്പരം
കുടിച്ച് വറ്റിക്കണം...
പ്രളയമൊടുക്കണം...

വരണ്ട സ്വപ്നങ്ങളില്‍
നമുക്കൊരുമിച്ചിരുന്ന് ഈര്‍പ്പം
നിറയ്ക്കണം
ഒരു തുള്ളി (കവിത -നവീന സുഭാഷ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക