Image

ഇസ്ലാമിസ്റ്റുകളും ഹിന്ദുത്വഭീകരരും; മത തീവ്രവാദത്തെ മതേതരവാദികള്‍ കൈകാര്യം ചെയ്യേണ്ട വിധം

ജയമോഹന്‍ എം Published on 23 July, 2018
ഇസ്ലാമിസ്റ്റുകളും ഹിന്ദുത്വഭീകരരും; മത തീവ്രവാദത്തെ മതേതരവാദികള്‍ കൈകാര്യം ചെയ്യേണ്ട വിധം
മതഭീകരാവാദം ഇന്ത്യയിലെങ്ങും മുമ്പില്ലാത്ത വിധം ശക്തമാകുന്നതാണ് മോദി കാലത്തിലെ യഥാര്‍ഥ്യം. മതേതര കേരളം പോലും മതഭീകരവാദത്തിന്‍റെ ആസുര ശക്തി അനുഭവിച്ചു തന്നെ അറിയുകയാണ്. മഹാരാജാസിലെ അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രെണ്ട് പ്രതിക്കൂട്ടിലാകുമ്പോള്‍ സാഹത്യകാരന്‍റെ കുടുംബത്തെപ്പോലും ഭീഷണിപ്പെടുത്തിക്കൊണ്ട് അയാളുടെ സര്‍ഗസൃഷ്ടിയെ കൊന്നുകളയുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. മതേതര കേരളം രണ്ടു മതശക്തികളെയും ആവും വിധം ചെറുക്കുന്നുണ്ടെങ്കിലും ചെറുത്തു നില്‍പ്പിലെ പിഴവുകളിലൂടെ പിഴവുകള്‍ സൃഷ്ടിക്കുന്ന വിള്ളലുകളിലൂടെ അവര്‍ വീണ്ടും വീണ്ടും അകത്തേക്ക് കയറിക്കൂടുന്നു എന്നതാണ് യഥാര്‍ഥ്യം. 
ഇസ്ലാമിറ്റുകളും സംഘപരിവാരവും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണെങ്കിലും അതിനെ രണ്ടിനെയും ഒന്നായിക്കണ്ട് എതിര്‍ക്കുക എന്നത് പ്രായോഗികമല്ല. രണ്ടിനെതിരെയും പ്രതിരോധം തീര്‍ക്കേണ്ടത് കൃത്യമായ യുക്തിയോടെ തന്നെയായിരിക്കണം. പലപ്പോഴും ഇടതുപക്ഷം ഈ യുക്തിയില്ലായ്മ കാണിക്കുന്നു എന്നത് തന്നെയാണ് ഇരുകൂട്ടരുടെയും വളര്‍ച്ചയുടെ പ്രധാന കാരണവും. 
എങ്ങനെയാണ് സംഘപരിവാരത്തിനെതിരെയും ഇസ്ലാമിസ്റ്റുകള്‍ക്കെതിരെയും നടത്തേണ്ട പ്രതിരോധത്തെ പരുവപ്പെടുത്തിയെടുക്കേണ്ടത്. 
സംഘപരിവാരം അവരുടെ അനുയായികളും അനുഭാവികളുമായി പരിവര്‍ത്തനം ചെയ്തെടുക്കുന്ന ഹിന്ദു കാനേഷുമാരിയുടെ മുമ്പില്‍ വെക്കുന്ന പ്രശ്നങ്ങള്‍ എന്തെല്ലാം എന്ന് നോക്കുക. 
അയോധ്യയിലെ രാമക്ഷേത്രം 
പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രു 
ലൗ ജിഹാദ് .... ഈ വിധമാണ് അവര്‍ ഹിന്ദുക്കളുടെ മുമ്പിലേക്ക് നീക്കി വെക്കുന്ന പ്രശ്നങ്ങള്‍. 
ഹിന്ദുവിനെന്നല്ല ഏതെങ്കിലും സമാന്യ ജനത്തിന് അവന്‍റെ ജീവിതവുമായോ അതിജീവനവുമായോ ബന്ധപ്പെടുന്നതല്ല ഹിന്ദുത്വ സംഘങ്ങള്‍ ഉയര്‍ത്തുന്ന ഈ പ്രശ്നങ്ങള്‍. 
അയോധ്യയില്‍ രാമക്ഷേത്രം പണിയുക എന്നത് ആരുടെയും ഉദരപ്രശ്നമാകുന്നില്ല. അതിജീവനത്തിന്‍റെ പ്രശ്നമാകുന്നില്ല. പ്രശ്നം വെറും മനോനിലയുടേതാണ്. 
ഇനി പാകിസ്ഥാന്‍ വിരോധത്തിന്‍റെ കാര്യം നോക്കുക. പാകിസ്ഥാന്‍റെ കാര്യം അതിര്‍ത്തിയില്‍ പട്ടാളവും പിന്നെയുളളത് ഡല്‍ഹിയിയെ രാഷ്ട്രീയ ഭരണ നേതൃത്വവും കൈകാര്യം ചെയ്യേണ്ടതാണ്. പൊതുജനം നേരിട്ട് ഇടപെടേണ്ടതല്ല.
പിന്നീടുള്ളത് ലൗജിഹാദ് പോലെയുള്ള വിഷയങ്ങള്‍. ഹൈക്കോടതി പോലും തള്ളിക്കളഞ്ഞതാണ് ലൗജിഹാദ് വിഷയങ്ങള്‍. എന്നാല്‍ ഹാദിയകേസ് പോലെയുള്ള വിഷയങ്ങളില്‍ ഒരു സംഘടിത പദ്ധതി ആരോപിച്ചാല്‍ തന്നെ അത് ഹിന്ദു കാനേഷുമാരി നേരിടുന്ന ഒരു രാഷ്ട്രീയ പ്രശ്നമല്ല തന്നെ. അത് ഒരു സ്വതന്ത്ര്യ വ്യക്തിയുടെ തിരഞ്ഞെടുപ്പിന്‍റെ കാര്യമാണ്. 
ഇവിടെ നേരിട്ട് ഹിന്ദുവിനെ ബാധിക്കാത്ത, ഹിന്ദുക്കളുടെ ജീവന്‍റെയോ സ്വത്തിന്‍റെയോ പ്രശ്നങ്ങളല്ലാത്ത  കാര്യങ്ങളെ ഇതാ നിന്‍റെ പ്രശ്നം എന്ന മട്ടില്‍ അവതരിപ്പിക്കുകയാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ രീതി. ഇവിടെ ഹിന്ദു കാനേഷുമാരിയെ ജാതിക്കുളളില്‍  നിര്‍ത്തിക്കൊണ്ടു തന്നെ, സവര്‍ണ്ണജാതിയെ അഥവാ ബ്രാഹ്മണ സ്വത്വത്തെ മതരൂപമെന്ന നിലയില്‍ കാണിച്ചുകൊണ്ട്, അവനില്‍ ദുരഭിമാനത്തെ വൈകാരികമായി ഉണര്‍ത്തുക എന്നതാണ് ചെയ്യപ്പെടുന്നത്. തന്‍റെ സ്വത്വം അഭിമാനം  മുസ്ലിമിനാല്‍ കമ്മ്യൂണിസ്റ്റിനാല്‍, കമ്മ്യൂണിസ്റ്റ് അനുഭാവികളാല്‍ ചോദ്യം ചെയ്യപ്പെടുന്നു എന്ന് തോന്നുന്ന ഹിന്ദു, ഒരു മുറിവേറ്റ വ്യക്തിത്വമായി സ്വയം മാറുന്നു. അഥവാ അവന് മുറിവേല്‍ക്കാന്‍ പോകത്തിനുള്ള ഒരുവ്യാജ സ്വത്വത്തെ, അഭിമാനത്തെ, അവന് സംഘപരിവാരം അവന്‍ പോലും അറിയാതെ നിര്‍മ്മിച്ചുകൊടുക്കുന്നു.  
അതിന്‍റെ ഫലമോ
ഏതെങ്കിലും ഹിന്ദുത്വസംഘടനയുടെ ക്ലാസുകളിലോ, ആയുധപരിശീലന കളരികളിലോ പോകാത്തവര്‍ പോലും ഒരു പ്രത്യേക നിമിഷത്തില്‍ ഹിന്ദുത്വത്തിന്‍റെ പടയാളിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ആ നിമിഷത്തെ തീരുമാനിക്കാന്‍ ഹിന്ദുത്വത്തിന് കഴിയുന്നു. പൊതുവിലുള്ള കാഴ്ചയില്‍ സ്വസ്ഥമായ മിഡില്‍ക്ലാസ് ജീവിതം നയിച്ചുപോരുന്നവര്‍ പോലും തങ്ങളുടെ വ്യാജ അഭിമാനത്തിനേല്‍ക്കുന്ന മുറുവുമായി ജീവിക്കുന്ന എന്നതാണ് യഥാര്‍ഥ്യം. 
മേജര്‍ രവിയെപ്പോലെയൊരാളെക്കൊണ്ട് ന്യുനപക്ഷ വിരുദ്ധത പറയിക്കുന്നത് ഈ വ്യാജ അഭിമാനബോധമാണ്. മേജര്‍ രവിയുടെ വ്യാജ അഭിമാന ബോധത്തില്‍ നിന്നും ക്ലാസുകള്‍ കേള്‍ക്കുന്ന മോഹന്‍ലാലിന് നോട്ട് നിരോധനം ഒരു മികച്ച കാര്യമായി തോന്നുന്നു. നോട്ട് നിരോധിക്കുന്നത് കൊണ്ട് അതിര്‍ത്തിയില്‍ തീവ്രവാദം കുറയുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നു. (സത്യം ഇതൊന്നുമല്ല എന്ന യഥാര്‍ഥ്യം അവര്‍ അറിയുന്നില്ല) മോഹന്‍ലാലിന്‍റെ സുഹൃത്തായ മഞ്ജുവാര്യര്‍ക്ക് ഭാരതീയ സംസ്കൃതിയില്‍ ആകര്‍ഷണം തോന്നുകയും ദേശിയതയോട് താത്പര്യം വര്‍ദ്ധിക്കുകയും ഹിന്ദുചിഹ്നങ്ങള്‍ പേറുന്ന ആള്‍ ദൈവങ്ങളെ ദേശിയതയുടെ പ്രതീകങ്ങളായി തോന്നുകയും ചെയ്യുന്നു. ഫലത്തില്‍ മേജര്‍ രവിയും, മോഹന്‍ലാലും മഞ്ജു വാര്യരും ഹിന്ദുത്വ വാദികളല്ല. എന്നാല്‍ അവര്‍ പോലും അറിയാതെ അവര്‍ ഹിന്ദുത്വത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകും 
അതുപോലെ തന്നെയാണ് എസ്.ഹരിഷിന്‍റെ മീശ എന്ന നോവല്‍ നിരോധിക്കണം എന്ന് പറയുന്ന ശരാശരി മലയാളി ഹിന്ദു പ്രത്യക്ഷത്തില്‍ ഹിന്ദുത്വവാദിയല്ല. മറിച്ച് ഹിന്ദുത്വത്തിന്‍റെ പരീക്ഷണ ശാലയിലെ ഇര മാത്രമാണ് അയാള്‍. 
എന്നാല്‍ ഇസ്ലാമിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ അങ്ങനെയുള്ളതല്ല. ഉദാഹരണത്തിന്... 
ബാബറി മസ്ജിദ് അക്രമിക്കപ്പെടുകയും കലാപത്തില്‍ നൂറുകണക്കിന് മുസ്ലിങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു. 
ഗുജറാത്ത് കൂട്ടക്കൊല. 
സ്വതന്ത്ര്യ ഇന്ത്യയിലെ നിരവധിയായ മുസ്ലിംഹത്യകള്‍.
പശുവിന്‍റെ പേരില്‍ മുസ്ലിം അക്രമിക്കപ്പെടുന്നത്. 
ഇതെല്ലാം ഏതെങ്കിലും വ്യാജ സ്വത്വത്തിന് നേരെ ഉയരുന്ന പ്രശ്നങ്ങളല്ല. മറിച്ച് ഇന്ത്യന്‍ മുസ്ലിമിന്‍റെ ജീവനും സ്വത്തിനും സ്വത്വത്തിനും നേരെ ഉയരുന്ന നൂറു ശതമാനം യഥാര്‍ഥ്യമായ പ്രശ്നങ്ങളാണ്, സത്യങ്ങളാണ്. 
ഇവിടെയാണ് മുസ്ലിം സമൂഹം ആ സമൂഹത്തിന് പുറത്ത് നിന്ന് അനുഭവിക്കുന്ന പ്രശ്നം പോലെ തന്നെ ആ സമൂഹത്തിന് അകത്തു നിന്നും അനുഭവിക്കുന്ന പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത്. മുസ്ലിം നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ (പോപ്പുലര്‍ ഫ്രെണ്ട്, എസ്.ഡി.പി.ഐ, ജമാത്തെ ഇസ്ലാമി) പോലെയുള്ള സംഘടനകള്‍ രംഗപ്രവേശനം ചെയ്യുന്നു. നൂറുശതമാനം മൗദൂദിയന്‍ മോഡല്‍ പൗരോഹിത്യ ഭരണം ആഗ്രഹിക്കുന്ന ഇവര്‍ മുസ്ലമിന്‍റെ യഥാര്‍ഥ പ്രശ്നങ്ങളെ ഏറ്റെടുക്കുന്നു എന്നതാണ് ഏറ്റവും ്വലിയ പ്രശ്നം. 
അതായത് ഫലത്തില്‍ ഇസ്ളാമിറ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ശരിയാണ് എന്ന് വരുന്നു. അവരെ നിങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ തെറ്റാണ് എന്ന് പറഞ്ഞ് എതിര്‍ക്കാന്‍ കഴിയാതെ വരുന്നു. അങ്ങനെ എതിര്‍ത്താന്‍ അത് മുസ്ലിമീനെതിരെയുള്ള എതിര്‍പ്പായി മാറുന്നു. അവിടെ മുസ്ലീം കമ്മ്യൂണിറ്റിയില്‍ അവര്‍ക്ക് സ്വീകാര്യത ലഭിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. 
ഇവിടെയാണ്  മതേതര കക്ഷികള്‍, സംഘടനകള്‍, സാംസകാരിക നായകര്‍ തുടങ്ങിയവര്‍  ഇസ്ലാമിസ്റ്റുകളെയും ഹിന്ദുത്വ വാദികളെയും ഒരുപോലെയല്ല എതിര്‍ക്കേണ്ടത് എന്ന് മനസിലാക്കേണ്ടത്. 
ഹിന്ദുത്വവാദികള്‍ പശുസംരക്ഷണം, ലൗജിഹാദ്, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അവയുടെ പൊള്ളത്തരം ജനത്തിന് വിവരിച്ചുകൊടുത്ത് ജനത്തിനെ യഥാര്‍ഥ്യ ബോധത്തിലേക്ക് കൊണ്ടു വരുക എന്നതാണ് ചെയ്യേണ്ടത്. സമൂഹത്തെ കൂടുതല്‍ പുരോഗമനവും സര്‍ഗ്ഗശേഷിയുള്ളതുമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഹിന്ദുത്വഭീകരത താനേ കുറഞ്ഞുവരുകയും ഇല്ലാതാകുകയും ചെയ്യും. സര്‍ഗ്ഗശേഷിയുള്ള, യഥാര്‍ഥ്യബോധമുള്ള സമൂഹത്തില്‍ വേരുപിടിക്കാന്‍ ശേഷിയില്ലാത്ത ഒന്നാണ് ഹിന്ദുത്വം. 
എന്നാല്‍ ഇസ്ലാമിസ്റ്റുകളെ പ്രതിരോധിക്കേണ്ടത് തീര്‍ച്ചയായും ഈ വിധമല്ല. മുസ്ലിമിന്‍റെ യഥാര്‍ഥ പ്രശ്നങ്ങളെ ഏറ്റെടുക്കാന്‍ ഇസ്ലാമിസ്റ്റുകളെ അനുവദിക്കാതിരിക്കുക എന്നതാണ് പ്രധാനം. മുസ്ലിമിന്‍റെ പ്രശ്നങ്ങളെ മതേതര സമൂഹം നേരിട്ട് ഏറ്റെടുത്ത് പരിഹരിക്കേണ്ടതുണ്ട്. അവിടെ ഇസ്ലാമിസ്റ്റിന് അവസരം സ്വാഭാവികമായും നഷ്ടപ്പെടും. ഈ വിധത്തില്‍ കൂടുതല്‍ പക്വമായ രാഷ്ട്രീയ പ്രതിരോധത്തിലേക്ക് കേരളം കടന്നു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. 

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക