Image

അപരിചിത (കഥ -അനു സജി)

Published on 24 July, 2018
അപരിചിത (കഥ -അനു സജി)
മലബാറില്‍ നിന്നും ഊട്ടിയിലേയ്ക്കുള്ള ഒരു യാത്രയ്ക്കിടയിലാണ് ഞാനവരെ കണ്ടത്. ആദ്യമായാണ് ഇത്രയും നീണ്ട ഒരു ബസ് യാത്ര ചെയ്യുന്നത്. ബസ് യാത്രകളുടെ ഒരു ഗുണം, ആളുകളെ, അവരറിയാതെ നിരീക്ഷിക്കാന്‍ പറ്റുമെന്നതാണ്. കണ്‍മുന്നില്‍ കാണുന്നവര്‍ക്കെല്ലാം അവര്‍ക്കനുയോജ്യമായ ഒരു വീടും വീട്ടുകാരെയും കൂട്ടുകാരെയും ജോലിയുമൊക്കെ കൊടുക്കുന്നത് എന്റെ ഒരു സന്തോഷമാണ്. അവരുടെ പെരുമാറ്റങ്ങള്‍ക്കനുസരിച്ച് ചിലപ്പോഴൊക്കെ അവയൊക്കെ മാറ്റിക്കൊണ്ടുമിരിക്കും.

അങ്ങനെ എന്റെ സങ്കല്‍പ ലോകത്തില്‍ സുഖമായി ഞാന്‍ വിരാജിക്കുന്ന നേരത്താണ്, പണ്ടെന്നോ വായിച്ച ഒരു പുസ്തകത്തില്‍ നിന്നിറങ്ങി വന്നപോലെ, അവര്‍ എന്റെ മുന്നില്‍ വന്നിരുന്നത്. കഴിഞ്ഞുപോയ ഏതോ നൂറ്റാണ്ടില്‍ നിന്ന് ടയിംമെഷീനില്‍ വന്നിറങ്ങിയതു പോലൊരു സ്ത്രീ.

മെലിഞ്ഞുണങ്ങിയ ദേഹം. ആത്മവിശ്വാസം തുളുമ്പുന്ന ചലനങ്ങള്‍. നല്ല എണ്ണക്കറുപ്പ് നിറം. മൂക്കില്‍ വലിയ മൂക്കുത്തി. രണ്ടു കൈ നിറച്ചും വളകള്‍,കഴുത്തില്‍ വലിയ മാലകള്‍ രണ്ടു മൂന്നെണ്ണം. കാതില്‍ പല വലുപ്പത്തിലുള്ള വളയന്‍ കമ്മലുകള്‍. സാരി പോലുള്ള ഒരു വസ്ത്രം ധരിച്ചിട്ടുണ്ട്. മുടി ഉച്ചിയില്‍ മുളപോലുള്ള ഒരു പ്രത്യേക വളയം കൊണ്ട് കെട്ടിയിരിക്കുന്നു. കയ്യില്‍ ഒരു തുണിസഞ്ചിയും കയറുകൊണ്ടുണ്ടാക്കിയ ഒരു സഞ്ചിയുമുണ്ട്. അത് ഭദ്രമായി ചേര്‍ത്തുപിടിച്ചിടരിക്കുന്നു.

എത്രപെട്ടന്നാണ് എന്റെ സങ്കല്‍പലോകം ചുരുങ്ങിച്ചുരുങ്ങി ആ വിചിത്രവസ്ത്രധാരിണിയില്‍ മാത്രമൊതുങ്ങി നിന്നത്.
നോക്കിനോക്കിയിരിക്കെ അവര്‍ അതിസുന്ദരിയായി എനിക്കുതോന്നി. മെലിഞ്ഞ ആ ദേഹം സ്വന്തമാക്കാന്‍ ഈ നൂറ്റാണ്ടിലെ എത്രയൊ സുന്ദരികള്‍ പട്ടിണി കിടക്കുന്നു. അവരുടെ ആഭരണങ്ങള്‍ ഏതോ വലിയ ഡിസൈനര്‍ ചെയ്തതാവാം. ഫാഷന്‍ മാസികകളിലും റാമ്പുകളിലും മാത്രം കാണുന്ന തരം വസ്ത്രധാരണം. ഏഴഴകുണ്ടെന്ന് കവികള്‍ വാഴ്ത്തിയത് ഈ എണ്ണക്കറുപ്പ് തന്നെ. സംശയമില്ല.
ഏതോ നൂറ്റാണ്ടിലെ വലിയ
ഗോത്രത്തിലെ രാജകുമാരിയാണിതെന്ന് ഞാനുറപ്പിച്ചു. നിയമങ്ങളുണ്ടാക്കുവാന്‍ പ്രാപ്തിയുള്ള പിതാവിന്റെ മകള്‍. പലഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ പങ്കെടുത്തു വിജയിച്ചവള്‍. അവളുടെ സ്വയം വരത്തിനാണ് രാജകുമാരന്‍മാര്‍ മല്‍സരിച്ചത്. അവള്‍ക്ക് മാല യുണ്ടാക്കാനാണ് കടലിന്റെയടിയിലെ മുത്തു തേടി യവര്‍ പോയത്. അവളാണ് കാട്ടിലെ പൊയ്കയില്‍ മല്‍സ്യകന്യകയുടെ വീടു തേടിപ്പിടിച്ചത്. അവള്‍ക്കാരെയും ഭയമില്ലായിരുന്നു. ശുദ്ധമായ വായുവു ശ്വസിക്കുവാനും മാലന്യങ്ങളില്ലാത്ത വെള്ളം കുടിക്കുവാനും സാധിച്ചവള്‍.

പെട്ടന്നു ബസ് നിന്നു. രാജകുമാരിയുടെ പുറകിലിരുന്ന ഞാന്‍ ബസു നിര്‍ത്തിയ ശക്തിയില്‍ മുന്നോട്ടാഞ്ഞു. അവരെ തൊട്ടുതൊട്ടില്ല എന്നപോലെ മുന്നോട്ടു ചെന്നിട്ട് അതുപോലെ തന്നെ തിരിച്ചുവന്നു. അപ്പോഴാണ് ഞാനതു ശ്രദ്ധിച്ചത്. രാജകുമാരിയുടെ ഒരു തുണിസഞ്ചിയില്‍ ശാന്തമായുറങ്ങുന്ന ഒരു കുഞ്ഞ്. ഭാവിയിലെ മൂപ്പനെയാണ് കുമാരി ഒരു കംഗാരുഅമ്മയെപ്പോലെ കാത്തു സൂക്ഷിക്കുന്നതതെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

ബസിനുമുന്നില്‍ വട്ടം ചാടിയ നാല്‍ക്കാലി അലസഗമനം ചെയ്തു കൊണ്ട് പുച്ഛത്തില്‍ ഡ്രൈവറെ ഒന്നുനോക്കി. അതുമനസിലാക്കിയ ഡ്രൈവറും പിന്നെ കിളിയായി സ്വയം പ്രഖ്യാപിച്ച അയാളുടെ സഹായിയും എന്തൊക്കെയോ ചീത്ത പറഞ്ഞു. ഞാനീ ഭൂമിയുടെ ഒരവകാശിയെന്ന് പറഞ്ഞ നാല്‍ക്കാലിയെ നോക്കാതെ ബസ്സ് വീണ്ടും മുന്നോട്ട്‌പോയി. ഈ നൂറ്റാണ്ടിലെ ആളുകളുടെ സംസ്‌കാരം മോശമാണെന്ന് രാജകുമാരി കരുതുമോയെന്ന് ഞാന്‍ മാത്രം ശങ്കിച്ചു.

എന്റെ ചിന്തകള്‍ പല നൂറ്റാണ്ടുകളിലൂടെ മനുഷ്യന്‍ രൂപപ്പെടുത്തിവരുന്ന സംസ്‌കാരങ്ങളിലൂടെ വെറുതേ സഞ്ചരിച്ചു കൊണ്ടിരുന്നു.
ഉച്ചവെയിലില്‍ പ്രകൃതി തളര്‍ന്നു തുടങ്ങി. പുറകോട്ടു പാഞ്ഞു പോകുന്ന കാഴ്ച്ചകളിലെ മരങ്ങള്‍ തലകുനിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.
ഇടയ്ക്ക് ഭക്ഷണം കഴിക്കാനായി ബസ്സ് എവിടെയോ നിര്‍ത്തിയപ്പോഴാണാ കാഴ്ച കണ്ടത്. അടുത്ത് നിര്‍ത്തിയിട്ടിരുന്ന ബെന്‍സ് കാറില്‍ നിന്ന് കോട്ടും സ്യൂട്ടും സോക്‌സും ഷൂസും ടൈയും ഒക്കെ കെട്ടിയ ഒരാള്‍ പുറത്തിറങ്ങുന്നു. പൊള്ളുന്ന വെയിലിനും അയാളുടെ വേഷത്തിനും ഒരുചേര്‍ച്ചയുമില്ലായിരുന്നു.
എന്റെ രാജകുമാരിക്ക് ഈ കാഴ്ച വിചിത്രമായി തോന്നുമെന്ന് കരുതി നോക്കിയപ്പോളാണ് ആ കോട്ടുധാരിയുടെയടുത്ത് അവര്‍ നില്‍ക്കുന്നത് കണ്ടത്. കൈയില്‍ ഉണ്ടായിരുന്ന തുണിസഞ്ചി അയാള്‍ക്ക് കൈമാറി വേറൊരു പൊതി അവര്‍ വാങ്ങിച്ചു.
ആ തുണിസഞ്ചിയില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞു മൂപ്പനെയും കൊണ്ട് ബെന്‍സ് കാറില്‍ വന്നയാള്‍ ചുറ്റും പൊടി പടര്‍ത്തിക്കൊണ്ട് പാഞ്ഞു പോയി.
എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ അവര്‍ എന്റെ മുന്നിലെ ഒരു ബഞ്ചില്‍ വന്നിരുന്നു.
ആരും അവരെ ശ്രദ്ധിക്കുന്നില്ല. അവരുടെ മിഴികള്‍ നിറഞ്ഞൊഴുകുന്നു.
'എന്തിനാണ് കരയുന്നത്? എന്റെ ചോദ്യം കേട്ട് അമ്പരപ്പോടെ അവരെന്നെ തുറിച്ചുനോക്കി.
'എന്റെ കുഞ്ഞ്. അവനെങ്കിലും നന്നായി ജീവിക്കട്ടെ'
മറ്റോന്നും പറയാതെ കണ്ണുകളില്‍ നിന്നും പെയ്യുന്ന തീമഴ തോര്‍ത്താതെ അവര്‍ നടന്നകന്നു.
അപരിചിത (കഥ -അനു സജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക