Image

അമ്മ മരത്തിലെ ബലിക്കാക്ക; ആ അമ്മയ്ക്ക് നീതി കിട്ടിയോ? (അബ്ദുള്‍ റഷീദ്)

Published on 25 July, 2018
അമ്മ മരത്തിലെ ബലിക്കാക്ക; ആ അമ്മയ്ക്ക് നീതി കിട്ടിയോ? (അബ്ദുള്‍ റഷീദ്)

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഖ്യപ്രതികള്‍ക്കു തൂക്കുകയര്‍.
ആ അമ്മയ്ക്ക് നീതി കിട്ടിയോ?
അറിയില്ല.
ഒരിക്കല്‍ ആ അമ്മയെ നേരില്‍ കണ്ട ഓര്‍മ്മ.
മുറ്റത്തെ നനഞ്ഞ മുരിങ്ങമരത്തിന്റെ കൊമ്പില്‍ ചാറ്റല്‍മഴയേറ്റിരിക്കുന്ന കാക്കയെ ചൂണ്ടി അമ്മ പറഞ്ഞു : ''എന്റെ മോനാണ് അത്. എന്നും വരും, മഴയായാലും വെയില്‍ ആയാലും ഒക്കെ വന്ന് ഞാന്‍ കൊടുക്കുന്ന വറ്റ് ഉണ്ണും...'

ഒന്നും മനസിലാവാതെ ഞാന്‍ അമ്പരപ്പോടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അമ്മ ആവര്‍ത്തിച്ചു: ''എന്റെ മോന്‍ ഈ ഭൂമി വിട്ടു പോയിട്ടില്ല. എനിക്ക് കൂട്ടായിട്ടു ഇവിടെ തന്നെ ഉണ്ട്..''

എട്ടു വര്‍ഷം മുന്‍പുള്ള ഒരു പുലര്‍കാലം ആയിരുന്നു അത്. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ ഒരു രാത്രി മുഴുവന്‍ ഇരുമ്പു പൈപ്പുകൊണ്ട് ഉരുട്ടി ചതച്ചു കൊന്ന ഉദയകുമാറിന്റെ അമ്മയെ കണ്ടു സംസാരിക്കാന്‍ സൈഫുദീനും സവാദ് റഹ്മാനും എന്‍.പി സജീഷും കൂടി നിര്‍ബന്ധിച്ചു പറഞ്ഞയച്ചതായിരുന്നു എന്നെ. കിട്ടാത്ത നീതിക്കു വേണ്ടി പോരാട്ടം തുടരുന്ന കുറെ പാവം മനുഷ്യരുടെ ജീവിതം ആയിരുന്നു അത്തവണ ''മാധ്യമം'' വാരികയുടെ വാര്‍ഷികപതിപ്പിന്റെ വിഷയമായി അവരുടെ മനസില്‍ ഉണ്ടായിരുന്നത്.

ഉദയകുമാറിന്റെ അമ്മ പ്രഭാവതിയുടെ മുന്നിലാണ് ഞാന്‍. കരമനയാറിന്റെ തീരത്തുള്ള കൊച്ചു വീട്ടില്‍ കണ്ണീരുറവയില്‍ വിങ്ങി അമ്മ നിന്നു. എനിക്ക് ഒട്ടും മനസിലാവാത്ത നേര്‍ത്ത ഏതോ യുക്തിയുടെ ഞാണില്‍ ആയിരുന്നു അപ്പോള്‍ അമ്മയുടെ മനസ്. മകന്‍ മരിച്ചതിന്  ശേഷം മുടങ്ങാതെ വീട്ടില്‍ വരുന്ന ഒരു കാക്ക മകന്റെ ആത്മാവ് ആണെന്ന് ആ അമ്മ വിശ്വസിക്കുന്നു. അമ്മ ദിവസവും ആ കാക്കയോട് സംസാരിക്കുന്നു. വാത്സല്യത്തോടെ ശകാരിക്കുന്നു. ചോറൂട്ടുന്നു...

''എന്തിനാടാ എന്നെ വിഷമിപ്പിക്കാനായിട്ടു നീ ഇങ്ങനെ മഴയും വെയിലുംകൊണ്ട് വരുന്നത് എന്ന് ഒരു ദിവസം ഞാന്‍ കരഞ്ഞു കൊണ്ട് ചോദിച്ചു. പിന്നെ കുറെ ദിവസം അവന്‍ പിണങ്ങി വന്നില്ല. അപ്പൊ എനിക്കും സങ്കടമായി. ഒരാഴ്ച കഴിഞ്ഞപ്പോ അവന്‍ പിന്നേം വന്നു..'' - അമ്മ പറഞ്ഞു.

പ്രഭാവതിയമ്മയുടെ ഒരേയൊരു മകന്‍ ആയിരുന്നു ഉദയന്‍. അച്ഛന്‍ ഉപേക്ഷിച്ചുപോയതില്‍ പിന്നെ അമ്മ വീട്ടു ജോലി ചെയ്തു വളര്‍ത്തിയ പൊന്നുമോന്‍. അടുക്കളപ്പണിക്കു പോകുന്ന വീട്ടിലൊക്കെ അമ്മ ഒക്കത്തുവച്ചു കൊണ്ടുനടന്നു വളര്‍ത്തിയ മോന്‍ വലുതായപ്പോഴും അമ്മയുടെ ചെല്ലക്കുട്ടി ആയിതന്നെ തുടര്‍ന്നു.

''ഇത്രേം വലുതായിട്ടും ചിലപ്പോ ഞാന്‍ ചോറ് വാരി കൊടുക്കുമായിരുന്നു. 'ജോലി ചെയ്തതിന്റെ കൂലി കിട്ടി. അമ്മയ്ക്ക് ഓണക്കോടിയുമായിട്ടു വരാന്നു പറഞ്ഞു പോയതാ അവന്‍. എന്റെ കൈയില്‍ 2000 രൂപ ഉണ്ടാരുന്നു. 'ഇതും കൂടെ വെച്ചോടാ' എന്ന് പറഞ്ഞു ഞാന്‍ കൊടുത്തു. അതുമായിട്ടാ പോലീസ് പിടിച്ചോണ്ടു പോയത്...'

' പണം മോഷ്ടിച്ചതല്ലേടാ'' എന്ന് ചോദിച്ചാണ് പോലീസ് ഉദയനെ കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനില്‍ കൊണ്ടുപോയി പണം മുഴുവന്‍ പൊലീസുകാര്‍ എടുത്ത ശേഷം പോകാന്‍ അനുവദിച്ചു. പക്ഷെ അമ്മയ്ക്ക് ഓണക്കോടി വാങ്ങാനുള്ള പണം തിരിച്ചു തരാതെ പോകില്ല എന്ന് ഉദയന്‍ വാശിപിടിച്ചു. അതോടെ പോലീസിന്റെ ഭാവം മാറി. 2005 സെപ്റ്റംബര്‍ 27 ന്, കേരളത്തിന്റെ തലസ്ഥാനനഗരം ഓണാഘോഷത്തില്‍ മുങ്ങിനില്‍ക്കുന്ന രാത്രിയില്‍, ഫോര്‍ട്ട് സ്റ്റേഷനിലെ ഇരുട്ടറയില്‍ പോലീസ് ആ ചെറുപ്പക്കാരന്റെ ജീവന്‍ പറിച്ചെടുത്തു. അവന്റെ പോക്കറ്റിലെ വെറും 4000 രൂപ കിട്ടാത്ത അരിശത്തില്‍..!

''എന്റെ പൈസ തന്നാല്‍ ഞാന്‍ പൊക്കോളാം സാറേ. സാറന്മാര്‍ വീട്ടില്‍ വന്നു അമ്മയോട് ചോദിച്ചോ. അത് എന്റെ കൂലിപൈസയും അമ്മ തന്നതും കൂടിയാ...' എന്ന് ഉദയന്‍ പോലീസിനോട് കരഞ്ഞു പറഞ്ഞതായി പിന്നീട് സാക്ഷിമൊഴികള്‍ വന്നു.

ഒരു രാത്രി മുഴുവന്‍ ഉദയനെ മലര്‍ത്തി കിടത്തി ഉരുട്ടിയ ചോര പുരണ്ട ആ ഇരുമ്പുപൈപ്പ് പിന്നീട് പോലീസ് സ്റ്റേഷനില്‍നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്തു. ചതയാത്ത ഒരിഞ്ചു സ്ഥലം ഉദയന്റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുപ്പതു മുറിവുകള്‍, ചതച്ചുപൊട്ടിച്ച കാല്‍ ഞരമ്പുകള്‍, രക്തംപൊടിഞ്ഞ രോമകൂപങ്ങള്‍..

''കുഞ്ഞു വേദന പോലും അവനു പേടിയായിരുന്നു. പനി വന്നാല്‍ കുത്തിവെപ്പ് പേടിച്ചു ആശൂത്രീല്‍ പോവൂല്ല. ദൈവമേ എന്ന് വിളിക്കേണ്ട സമയത്തൊക്കെ 'അമ്മേ..' എന്നേ വിളിക്കൂ. ഞാന്‍ കളിയാക്കുമ്പോ എന്നോട് പറയും 'എന്റെ ദൈവം അമ്മയാണെന്ന്...' എന്റെ കുഞ്ഞ് ആ രാത്രീലും പ്രാണന്‍ പോകുന്ന വേദനയില്‍ 'അമ്മേ..' എന്ന് ഒരുപാടു തവണ വിളിച്ചുകാണും...' - അമ്മ കണ്ണുതുടച്ചു.

കേരളത്തെ ഞെട്ടിച്ച ആ ഉരുട്ടികൊല നടന്നിട്ട് ഇപ്പോള്‍ 12 വര്‍ഷം കഴിഞ്ഞു. പോലീസ് - ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ പലപ്പോഴും വഴിതെറ്റി. കുറ്റക്കാരായ പൊലീസുകാരെ മുഴുവന്‍ രക്ഷിച്ചു വന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് നമ്മുടെ നിയമചരിത്രത്തിലെ വലിയൊരു തമാശ രേഖയായി. പക്ഷേ, ആ അമ്മ നീതി തേടി വാതിലുകള്‍ മുട്ടിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഇന്ന് ആ പാവം ചെറുപ്പക്കാരനെ ഉരുട്ടിക്കൊന്നവര്‍ക്ക് കോടതി തൂക്കുകയര്‍ വിധിച്ചിരുന്നു.

പിന്നീട് പലതവണ, അത്തരം അമ്മമാരുടെ മുന്നില്‍ വാര്‍ത്തകള്‍ക്കായി ഇരിക്കേണ്ടി വന്നപ്പോഴും ഞാന്‍, എന്നും പുലര്‍ച്ചെ കാക്കയ്ക്കു ചോറ് വിളമ്പുന്ന ഉദയകുമാറിന്റെ അമ്മയെക്കുറിച്ചാണ് ഓര്‍ത്തത്.

അന്ന്, വിതുമ്പുന്ന സംസാരത്തിനിടയിലും, അടുപ്പുകല്ലിലെ ഒരു ചെറിയ പാത്രം പഴഞ്ചോര്‍ എടുത്തു ഉദയന്റെ അമ്മ മുരിങ്ങ മരത്തിന്റെ ചുവട്ടില്‍ വെച്ചിരുന്നു. പിന്നെ മോന് വിളമ്പും പോലെ അതില്‍ വാത്സല്യത്തൊടെ അതില്‍ കറികള്‍ വിളമ്പി. കൈകള്‍ കൊട്ടി കാക്കയെ വിളിച്ചു. കാത്തിരുന്നതുപോലെ കാക്ക പാറിവന്നു വേഗത്തില്‍ പഴഞ്ചോറുണ്ട് തിരികെ മരത്തിലേക്ക് പറന്നു. മകന്‍ മരിച്ചതു മുതല്‍ അമ്മ ഊട്ടുന്ന ബലിക്കാക്ക. അമ്മ മരത്തിലെ ബലിക്കാക്ക

''നീതി കിട്ടിയിട്ടേ അവന്‍ പോകൂ. അതുവരെ ഈ ഭൂമീല്‍ തന്നെ കാണും. അല്ലെങ്കില്‍ പിന്നെ ഞാനും കൂടി കൂട്ട് പോകണം. ജീവിച്ചിരിക്കാന്‍ കൊതി ഉണ്ടായിട്ടല്ല. പക്ഷെ, ഇനി ഒരു അമ്മക്ക് ഈ ഗതി വരാതിരിക്കാന്‍ എങ്കിലും ഞാന്‍ കേസ് നടത്തണം...'

ഒന്ന് നിര്‍ത്തി അമ്മ എന്നോട് ചോദിച്ചു: ' മോന് അറിയാമോ, അമ്മമാരുടെ കണ്ണീരിന് വല്ലാത്ത ശക്തിയുണ്ട്. പല നാടുകളും അമ്മമാരുടെ കണ്ണീരില്‍ വെന്തെരിഞ്ഞു പോയിട്ടുണ്ട്, പുരാണത്തിലൊക്കെ... എന്റെ ഈ കണ്ണുനീരും വെറുതെയാവില്ല...'

ഞാന്‍ ഒന്നും മിണ്ടിയില്ല. ചോദ്യങ്ങള്‍ ഒക്കെ തീര്‍ന്നു പോയിരുന്നു. അമ്മ പറഞ്ഞത് ശരിവെച്ചു മുരിങ്ങ മരത്തിലെ കാക്ക നീട്ടിക്കരഞ്ഞു. ചില്ല ഉലഞ്ഞു. ചുവട്ടില്‍ അമ്മ നനഞ്ഞു നിന്നു.
ഈശ്വരാ, അമ്മമാരുടെ കണ്ണീരില്‍ ഈ നാട് വെന്തെരിഞ്ഞു പോകാതിരിക്കട്ടെ! 
അമ്മ മരത്തിലെ ബലിക്കാക്ക; ആ അമ്മയ്ക്ക് നീതി കിട്ടിയോ? (അബ്ദുള്‍ റഷീദ്)
അബ്ദുള്‍ റഷീദ്
Join WhatsApp News
Sudhir Panikkaveetil 2018-07-25 19:17:12
നീതി കിട്ടുകയില്ല . ശിക്ഷാവിധി വന്നു; 
അത് നിയമത്തിന്റെ ഒരു കള്ളക്കളി.
മൂന്ന് പേര് ജാമ്യം എടുത്തു . തൂക്കുകയർ 
വിധിക്കപ്പെട്ടവർ അപ്പീൽ പോകും. 
നിയമപാലകരായ ഞങ്ങൾ കൃത്യ നിർവ്വഹണത്തിനിടയിൽ 
കൈയബദ്ധം ക്ഷമിക്കുക. പ്രസിഡന്റ് 
ഹാ മൂളുന്നു.

ഇനിയുള്ളത് ദൈവമാണ്. ദൈവം ചോദിക്കുമെന്ന 
കള്ളനോട്ടു ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞു.
ദൈവം ഒരു ചുക്കും ചെയ്യില്ല. പിന്നെ എന്ത് 
ചെയ്യും. ഒന്നും ചെയ്യാൻ പറ്റാത്ത 
നിസ്സഹായാവസ്ഥയിൽ വേദനിക്കുക. ഇങ്ങനെ ഒരു ദുരന്തം വന്നാൽ 
എല്ലാവരുടെയും ഗതി ഇത് തന്നെ. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക