Image

കോളേജ്‌ യൂണിഫോമില്‍ മീന്‍ വിറ്റ പെണ്‍കുട്ടി ഇനി പ്രണവ്‌ മോഹന്‍ലാലിനൊപ്പം ബിഗ്‌ സ്‌ക്രീനിലേക്ക്‌

Published on 25 July, 2018
 കോളേജ്‌ യൂണിഫോമില്‍ മീന്‍ വിറ്റ പെണ്‍കുട്ടി ഇനി പ്രണവ്‌ മോഹന്‍ലാലിനൊപ്പം ബിഗ്‌ സ്‌ക്രീനിലേക്ക്‌
കൊച്ചി: പാലാരിവട്ടം തമ്മനം ജംഗ്‌ഷനില്‍ കോളേജ്‌ യൂണിഫോമില്‍ മീന്‍ വിറ്റിരുന്ന ഹനാന്‍ ന്നപെണ്‍കുട്ടി പ്രണവ്‌ മോഹന്‍ലാലിനൊപ്പം വെള്ളിത്തിരയിലേക്ക്‌. അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെയാണ്‌ ഹനാന്‍ ക്യാമറയ്‌ക്ക്‌ മുന്നിലേക്ക്‌ വരുന്നത്‌.

ഹനാന്റെ ജീവിതകഥ മാധ്യമങ്ങളിലൂടെയാണ്‌ അരുണ്‍ ഗോപി അറിയുന്നത്‌. തൃശ്ശൂര്‍ സ്വദേശിനിയായ ഹനാന്‍ തൊടുപുഴയിലെ അല്‍അസര്‍കോളജിലെ മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാര്‍ത്ഥിനിയാണ്‌.

അച്ഛനും അമ്മയും പണ്ടേ വേര്‍പിരിഞ്ഞ ഹനാന്റെ വരുമാനം കൊണ്ടാണ്‌ കുടുംബം മുന്നോട്ട്‌ പോകുന്നത്‌. അമ്മയെക്കൂടാതെ പ്ലസ്‌ടുവിന്‌ പഠിക്കുന്ന അനിയനുമുണ്ട്‌ ഹനാന്‌.

ചിത്രത്തില്‍ ഹനാന്‌ വേഷം നല്‍കുമെന്ന്‌ സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞതായി മാനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ്‌ സിനിമയുടെ നിര്‍മാണം.

പ്രണവിന്റെയും അരുണിന്റെയും രണ്ടാമത്തെ ചിത്രമാണ്‌ ഇരുപത്തൊന്നാം നൂറ്റാണ്ട്‌. ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ്‌ ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്‌. കളരിയും വഴങ്ങും. കഴിവ്‌ തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു.



ഹനാനെ കുറിച്ച്‌ അരുണ്‍ ഗോപി ഫേസ്‌ബുക്കില്‍ കുറിച്ചത്‌ ഇങ്ങനെ

salute
കൊച്ചി: പാലാരിവട്ടം തമ്മനം ജങ്‌ഷനില്‍ വൈകുന്നേരങ്ങളില്‍ കോളേജ്‌ യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്‌. ജീവിതത്തിലെ വെല്ലുവിളികളോട്‌ ഒറ്റയ്‌ക്കു പൊരുതി കരകയറാനുള്ള ശ്രമത്തിലാണവള്‍. പേര്‌ ഹനാന്‍. തൃശ്ശൂര്‍ സ്വദേശിനി.

പുലര്‍ച്ചെ മൂന്നുമണിക്ക്‌ ഹനാന്റെ ഒരുദിവസം തുടങ്ങുന്നു. ഒരു മണിക്കൂര്‍ പഠനം. തുടര്‍ന്ന്‌ കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്‌ബക്കര മീന്‍ മാര്‍ക്കറ്റിലേക്ക്‌. അവിടെനിന്ന്‌ മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്‌. മീന്‍ അവിടെ ഇറക്കിവെച്ച്‌ താമസസ്ഥലത്തേക്ക്‌ മടങ്ങും. ഇത്‌ രാവിലത്തെ ഒന്നാംഘട്ടം.

മാടവനയില്‍ വാടകവീട്ടിലാണ്‌ ഹനാന്റെ താമസം. മീന്‍ വാങ്ങിവെച്ച്‌ മടങ്ങിയെത്തിയാല്‍ കുളിച്ചൊരുങ്ങി 7.10-ന്‌ 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലേക്ക്‌. 9.30-ന്‌ അവിടെ മൂന്നാംവര്‍ഷ രസതന്ത്ര ക്ലാസില്‍ അവളെ കാണാം.

മൂന്നരയ്‌ക്ക്‌ കോളേജ്‌ വിടും. അവിടെ ചുറ്റിയടിക്കാന്‍ സമയമില്ല. ഓട്ടമാണ്‌ തമ്മനത്തേക്ക്‌. രാവിലെ എടുത്തുവെച്ച മീന്‍പെട്ടിയെടുത്ത്‌ കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീന്‍ അരമണിക്കൂറില്‍ തീരും.

സാമ്‌ബത്തിക പരാധീനതയാല്‍ പ്ലസ്‌ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു അന്ന്‌ സ്വപ്‌നം. അവിടെനിന്ന്‌ പോരാട്ടം തുടങ്ങി. എറണാകുളത്തെത്തി കോള്‍ സെന്ററിലും ഓഫീസിലും ഒരു വര്‍ഷം ജോലിചെയ്‌തു. കോളേജ്‌ പഠനത്തിന്‌ അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക്‌ ചെറിയ തകരാറുണ്ടായി. ശസ്‌ത്രക്രിയ വേണ്ടിവന്നു. കോളേജ്‌ അധികൃതരുടെ ആശുപത്രിയായതിനാല്‍ ചികിത്സയ്‌ക്ക്‌ പണം വേണ്ടിവന്നില്ല.

ഇതിനിടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അമ്മ മാനസികമായി തകര്‍ന്നു. സഹോദരന്‍ പ്ലസ്‌ ടുവിന്‌ പഠിക്കുന്നു. 10 മുതല്‍ പ്ലസ്‌ ടു വരെയുള്ള കാലം വീടുകള്‍തോറും കയറിയിറങ്ങി ട്യൂഷന്‍ എടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ്‌ ഹനാന്‍ പഠനത്തിന്‌ പണം കണ്ടെത്തിയത്‌. പിന്നീടാണ്‌ എറണാകുളത്തേക്കു വന്നത്‌.

ഒരു മാസത്തോളം മീന്‍വില്‍പ്പനയ്‌ക്ക്‌ രണ്ടുപേര്‍ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളര്‍ത്തിയപ്പോള്‍ കച്ചവടം ഒറ്റയ്‌ക്കായി.

ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ്‌ ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്‌. കളരിയും വഴങ്ങും. കഴിവ്‌ തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. കോളേജ്‌ ഫീസും വീട്ടുവാടകയും തൃശ്ശൂരില്‍ കഴിയുന്ന അമ്മയുടെ ആവശ്യങ്ങള്‍ക്കുള്ള ചെലവുമെല്ലാമാകുമ്‌ബോള്‍ നല്ല തുകയാകും.

പക്ഷേ, അവളുടെ കഠിനാധ്വാനത്തിനുമുന്നില്‍ കടമ്‌ബകള്‍ ഓരോന്ന്‌ വഴിമാറുകയാണ്‌. ജീവിതത്തില്‍ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യയിലേക്കും മറ്റും വഴിതിരിയുന്നവര്‍ക്ക്‌ മാതൃകയാണ്‌ ഹനാന്റെ പോരാട്ടം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക