Image

കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോം- ചില യാഥാര്‍ഥ്യങ്ങള്‍. (ജോര്‍ജ് നെടുവേലില്‍, ഫ്‌ലോറിഡ)

Published on 26 July, 2018
കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോം- ചില യാഥാര്‍ഥ്യങ്ങള്‍. (ജോര്‍ജ് നെടുവേലില്‍, ഫ്‌ലോറിഡ)

ഫാ. ഗീവറുഗീസ് പുത്തൂര്‍കുടിലിന്റ്റെ ജൂലൈ പതിനെട്ടാം തീയതിയിലെ പ്രസ്താവനയില്‍ പറയാതെ മറച്ചുവെച്ച ചില യാഥാര്‍ഥ്യങ്ങള്‍.

മേല്‍പറഞ്ഞ കമ്പനിയുടെ (ആരംഭകാല) ഓഹരിയുടമകളില്‍ ഒരുവനാണ് ലേഖകന്‍.

അമേരിക്കയിലെ 150 മലയാളികളില്‍നിന്നും ഓഹരി മൂലധനം സമാഹരിച്ചുകൊണ്ട് 2005-ല്‍ കെട്ടിപ്പടുത്തതാണ് ഈ കമ്പനി. അംഗങ്ങളില്‍ മിക്കവരും അവരുടെ തുച്ഛവരുമാനത്തില്‍നിന്നും മിച്ചിച്ചു സ്വരൂപിച്ച 25000 ഡോളറാണ് ഓഹരിയായി നിക്ഷേപിച്ചത്. ജോലിയില്‍നിന്നും വിരമിച്ചശേഷം അല്ലലില്ലാതെ, ആനന്ദകരമായി ശിഷ്ടകാലം കഴിച്ചുകൂട്ടാമെന്ന് അവര്‍ കിനാവുകണ്ടു. 2008-ല്‍ സ്വപ്നം പൂവണിയുമെന്നാണ് കമ്പനിയുടെ ചുക്കാന്‍ പിടിച്ചവര്‍ പ്രവചിച്ചതും വ്യാമോഹിപ്പിച്ചതും!

2005 ഒക്ടോബറില്‍ ന്യൂസിറ്റിയില്‍ നടന്ന ആദ്യ സമ്മേളനത്തിന്റ്റെ അദ്ധ്യക്ഷന്‍ ഫാ.പുത്തൂര്‍കുടിലില്‍ ആയിരുന്നു. 'ഏതാനും ക്രിസ്തുമത വിശ്വാസികള്‍ ന്യൂജേഴ്സിയില്‍ കാലാകാലങ്ങളില്‍ നടത്തിയിരുന്ന പ്രാര്‍ത്ഥനാസമ്മേളനത്തിലാണ് കേരള ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോം എന്ന ആശയം അങ്കുരിച്ചത്' എന്ന അദ്ദേഹത്തിന്റ്റെ പ്രസ്താവനയെ കുരിശു വരച്ചും കയ്യടിച്ചുമാണ് സമ്മേളനം സ്വാഗതം ചെയ്തത്.

കമ്പനിയുടെ വിശ്വാസപ്രമാണമായി ഫാ.പുത്തൂര്‍കുടിലില്‍ ഉദ്ധരിച്ചത്: 'how wonderful it is, how pleasant, for God's people to live in harmony' എന്ന സങ്കീര്‍ത്തന(133.1) വാക്യമാണ്

2005-ലെ കമ്പനിയുടെ ആദ്യ സമ്മേളനത്തിനുശേഷം ഒട്ടേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ഓഹരിയുടമകള്‍ തിരിച്ചു പോയതു്. 2008 പിറന്നുകഴിഞ്ഞാല്‍, ജീവിത സായാഹ്നത്തില്‍, ജീവിത ക്ലേശങ്ങളോട് വിടപറഞ്, റോയ്സിറ്റിയിലെ തടാകക്കരയില്‍ സ്‌നേഹിതരുമായി വെടിപറഞ്ഞും വീമ്പടിച്ചും വരുംകാലങ്ങലെ വരുതിയിലാക്കി വാഴാമെന്നവര്‍ വ്യാമോഹിച്ചു. 2008 പിറന്നു; വന്നപോലെ കടന്നുപോയി. എന്നാല്‍ സ്വപ്നങ്ങള്‍ക്കു ചിറകു മുളച്ചില്ല. ഇതിനിടയില്‍ ചിലര്‍ സ്വപ്നങ്ങളോടും ലോകത്തോടും യാത്ര പറഞ്ഞു. ചിലരുടെ ജീവിത പങ്കാളികള്‍ പരലോകം പൂകി. ഒരു ദശാബ്ദക്കാലത്തെ കാത്തിരിപ്പിനുശേഷം റോയ്സിറ്റി എന്ന സ്വപ്നലോകം ചിലരുടെ മനസ്സില്‍നിന്നും മാഞ്ഞുപോയി. ചിലര്‍ പുതിയ ലോകം തേടിപ്പോയി. മറ്റുചിലര്‍ വിധിയെ പഴിച്ചും, ദൈവനാമങ്ങളും, സങ്കീര്‍ത്തനങ്ങളും, സുവിശേഷ സൂക്തങ്ങളും വായ്‌തോരാതെ ഉരുവിട്ട് തങ്ങളെ ഈ ഗതിയിലാക്കിയ വെള്ളക്കുപ്പായധാരികളെ പഴിച്ചും പിരാകിയും പരിതപിച്ചും കഴിയുന്നു.

കമ്പനിയുടെ പരാജയത്തിനു കാരണമായി ഫാ. പുത്തൂര്‍കുടിലില്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണം ഓഹരിയുടമകളുടെ സഹകരണക്കുറവാണ്. ആരംഭകാലത്തു റോയ്സിറ്റിയില്‍ വീടെടുക്കാന്‍ താല്‍പര്യം കാണിച്ചവര്‍ പിന്നീട് മലക്കംമറിഞ്ഞതായി ആരോപിക്കുന്നു. ഇക്കാര്യത്തെപ്പറ്റി ഒരു വിചിന്തനം ആവശ്യമാണ്. 'റോയ്സിറ്റിയില്‍ ഒരു വാര്‍ദ്ധക്യകാലവസതി' എന്ന മോഹമാണ് ഇല്ലാത്ത കാശുണ്ടാക്കി KCAH - ല്‍ മുതല്‍മുടക്കാന്‍ 150 പേരെ പ്രേരിപ്പിച്ചത്. ഈ ആഗ്രഹത്തിനു ആക്കം കൊടുത്ത കാരണങ്ങള്‍ പലതാണ്: മൂന്നുവര്‍ഷത്തിനകം 2008 -ല്‍ വീട് തയ്യാറകാനുള്ള സാധ്യത, അത് നല്‍കുന്ന സാവകാശം. ശ്രേഷ്ഠപുരോഹിതന്റ്റെ വിശ്വസനീയമായ മേല്‍നോട്ടം, വസ്തുഇടപാടുകളില്‍ പ്രാഗല്‍ഭ്യവും പരിചയവുമുള്ളവരുടെ നേതൃത്വം. കൂടാതെ, ടെക്‌സാസ് സംസ്ഥാനത്തെ വീടുകളുടെ വിലക്കുറവ്.

2008 കടന്നുപോയി; 2009 -തും 2010 ഉം കടന്നുപോയി. റോയ്സിറ്റിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍പോലും എത്തിയില്ല. വസ്തു ഇടപാടുകളില്‍ വലിയ പിടിയില്ലാത്ത പുരോഹിതന്‍ കമ്പനിയുടെ പുരോസ്ഥാനം കൈക്കലാക്കി. കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തഴക്കവും പരിചയവുമുള്ളവര്‍ പിന്‍തള്ളപ്പെട്ടു. ഓഹരിമൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ അംഗങ്ങളെ അങ്കലാപ്പിലാക്കി. ഇതിനിടയില്‍ ഫാ. പുത്തൂര്‍കുടിലില്‍ ഓഹരിയുടമകള്‍ക്കയച്ചിരുന്ന കത്തുകളില്‍ ക്ഷമയും ത്യാഗവും അനുഷ്ഠിക്കാനും, ദൈവത്തിന്റ്റെ തീരുമാനത്തിനായി കാത്തിരിക്കാനും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ബേത്ത്‌സിഡായില്‍ (Bethesda) 38 വര്‍ഷക്കാലം യേശുവിന്റ്റെ അത്ഭുതത്തിനായി കാത്തിരുന്ന തളര്‍വാത രോഗിയെയാണ് ഫാ. പുത്തൂര്‍കുടിലില്‍ പണംമുടക്കിയവര്‍ക്കു മാതൃകയായി, 2009-ലെ ഒരു ലേഖനത്തില്‍ ഉയര്‍ത്തിക്കാണിച്ചത്. കാര്യങ്ങള്‍ ഇങ്ങനെ കൈവിട്ടുപോയപ്പോള്‍, ഗത്യന്തരമില്ലാതെ പലരും റോയ്സിറ്റി എന്ന ആശയത്തോട് വിടപറഞ്ഞതില്‍ അതിശയിക്കാനില്ല.

2008-ല്‍ അമേരിക്കയെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തിന്റ്റെ മറയില്‍, പന്ത്രണ്ടു വര്‍ഷക്കാലത്തെ തങ്ങളുടെ പിടിപ്പുകേടിനെയും പരാജയത്തെയും ഒളിപ്പിക്കാന്‍ പഴയ കമ്പനിമേധാവികള്‍ പാടുപെടുന്നു. ഒളിച്ചു കളിക്കുന്നു. 2005 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തെപ്പറ്റി അവര്‍ക്കു മിണ്ടാട്ടമില്ല. ഇക്കാലമത്രയും ഓഹരിയുടമകളെ മറന്നും മാറ്റിനിറുത്തിയും, തങ്ങളുടെ കീശകള്‍ വീര്‍പ്പിക്കാന്‍വേണ്ടി വിയര്‍ക്കുകയായിരുന്നു കമ്പനി മേലാളന്മാര്‍.

ഈ കാലഘട്ടത്തില്‍ 150 ഓഹരിയുടമകള്‍ക്ക് കിടപ്പാടം ലഭ്യമാക്കുന്നതിലായിരുന്നില്ല പ്രസിഡന്റ്‌റും പരിവാരങ്ങളും പാടുപെട്ടത്. തങ്ങളുടെ ബാങ്ക് ബാലന്‍സ് മില്യണ്‍ കടക്കുന്നതിനുതകുന്ന 700-ല്‍ പരം വീടുകള്‍ കെട്ടിവിറ്റു നേട്ടമുണ്ടാക്കാനായിരുന്നു അവരുടെ നെട്ടോട്ടം. ചീട്ടുകൊട്ടാരംപോലെ എല്ലാം തകര്‍ന്നു വീണതിന്റ്റെ കാരണംതേടി മറ്റെങ്ങും പോകേണ്ടതില്ല!

വെള്ളക്കുപ്പായമിട്ട്, വെളുത്ത ചിരിയും സുവിശേഷ സൂക്തങ്ങളും ഉരുവിട്ട് ചരിച്ചിരുന്ന കര്‍ത്താവിന്റ്റെ പ്രതിപുരുഷന്മാരുടെ തനിനിറം, പാടുപെട്ടു പണമുണ്ടാക്കിയവര്‍ ഒടുവില്‍ തിരിച്ചറിഞ്ഞു. 2017 ഡിസംബര്‍ രണ്ടാംതീയതി നൂറിലധികം അംഗങ്ങള്‍ ഒന്നുചേര്‍ന്ന്, ആജീവനാന്തം പ്രസിഡണ്ട് ആയിരിക്കാന്‍ ആശിച്ചു നോയമ്പ് നോറ്റിരുന്ന ഫാ. പുത്തൂര്‍കുടിലിനെ പ്രസിഡന്റ്റിന്റ്റെ കസ്സേരയില്‍നിന്നും ഇറക്കിവിട്ടു.

കസേര കൈവിട്ടിട്ട് ആറുമാസത്തിലധികമായിട്ടും അദ്ദേഹത്തിനെതിരായി നിയമപരമായ നടപടികള്‍ വൈകുന്നതില്‍ രോഷം കൊള്ളുന്നവര്‍ ഏറെയാണ്. ഇക്കാര്യത്തില്‍ പുതിയ പ്രസിഡന്റ്റിന്റ്റെ നീക്കങ്ങളെ അവര്‍ ഉറ്റുനോക്കുന്നു.

കമ്പനിയുടെ 2005-ലെ പ്രഥമ സമ്മേളനത്തില്‍ത്തന്നെ കല്ലുകടിച്ചു. വരാന്‍ പോകുന്ന കഷ്ടകാലത്തിന്റ്റെ നാന്ദിയായി ചിലര്‍ അതിനെ ഭയക്കുകയുണ്ടായി. അവരുടെ ഭയം അസ്ഥാനത്തല്ലായിരുന്നുവെന്ന് പില്‍ക്കാലത്തെ കമ്പനിയുടെ ദുര്‍ഗതി വെളിവാക്കി. 150 പേര്‍ ഓഹരിപ്പണമിറക്കി രൂപീകരിച്ച KCAH കമ്പനിയെ നിയന്ത്രിക്കുന്നതിനും നയിക്കുന്നതിനും ഫാ. പുത്തൂര്‍കുടിയുടെ നേതൃത്വത്തില്‍ മറ്റൊരു കമ്പനിക്കു രൂപം നല്‍കിയെന്ന വിവരം അനേകം അംഗങ്ങളെ അസ്വസ്ഥരാക്കി. അമ്മാതിരി യില്‍ നിന്നുമുള്ള ഡോക്ടര്‍ ജോര്‍ജ് നെടിയും മറ്റു പല ഓഹരിയുടമകളും ചോദ്യം ചെയ്തു. ഡോക്ടറേറ്റ് ഉള്ള, പ്രഗത്ഭനായ കമ്പനിവക്കീലിന്റ്റെ ഉപദേശപ്രകാരമാണ് പ്രസ്തുത നടപടിയെന്ന് ഫാ. പുത്തൂര്‍കുടിലില്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു. ഡോക്ടര്‍ നെടിയേ ചില അംഗങ്ങള്‍ ഡെവിള്‍ എന്നു വിശേഷിപ്പിച്ചു. തുടര്‍ന്നുണ്ടായ വാദപ്രതിവാദവും ബഹളവും സമ്മേളനത്തെ മുഖരമാക്കി. അധികം വൈകാതെ, ഡോക്ടര്‍ നെടിയെന്ന ഡെവിളിന്റ്റെ ശല്യം, ഓഹരിത്തുകയായ 25000 ഡോളറിനു പകരം 30000 ഡോളര്‍ നല്‍കിക്കൊണ്ട് ഒഴിവാക്കി.

ഫാ. പുത്തൂര്‍കുടിലില്‍ പറയാന്‍ മറന്ന യാഥാര്‍ഥ്യങ്ങളിലൊന്നാണ് ഇത്.

കമ്പനിക്ക് വ്യക്തമായ ഒരു ഭരണഘടനയുണ്ടെന്നും, ആ ഭരണഘടനക്കു വിധേയമായാണ് 2005 മുതല്‍ 2017 നവംബര്‍ അവസാനം വരെ കമ്പനിക്കാര്യങ്ങള്‍ നടന്നിരുന്നുവെന്നുള്ള ഫാ. പുത്തൂര്‍കുടിയുടെ അവകാശവാദത്തോട് യോജിക്കുന്ന ഓഹരിയുടമകള്‍ അംഗുലീപരിമിതമാണ്. ഭരണഘടനയെ മാനിക്കാതെയുള്ള അദ്ദേഹത്തിന്റ്റെ തന്നിഷ്ട്ട പെരുമാറ്റത്തില്‍ പൊറുതിമുട്ടിയ ഓഹരിയുടമകളാണ് അദ്ദേഹത്തെ പ്രസിഡന്റ്റ് പദവിയില്‍നിന്നും 2017 ഡിസംബര്‍ 2-ന് പിടിച്ചിറക്കി വിട്ടത്.

ഫാ. പുത്തൂര്‍കുടിലില്‍ പറയാന്‍ മറന്ന/മടികാണിച്ച മറ്റൊരു യാഥാര്‍ഥ്യം.

2016 ആഗസ്റ്റ് 24-നു വിളിച്ചുകൂട്ടിയ കമ്പനിയോഗം കോറമില്ലെന്ന കാരണംപറഞ്ഞു ഫാ. പുത്തൂര്‍കുടിലില്‍ നടത്താന്‍ അനുവദിച്ചില്ല. കമ്പനിവകയായ 436 ഏക്കര്‍ വസ്തുവില്‍ 400 ഏക്കര്‍ ഇതിനോടകം രണ്ടു ഉത്തമര്‍ണ്ണന്മാര്‍ നടത്തിയെടുത്തുവെന്നത് പരസ്യമായ രഹസ്യമായിരുന്നു. യോഗത്തിന് സന്നിഹിതരായിരുന്നവരുമായി മറ്റു പല കാര്യങ്ങളും അനൗപചാരികമായി ചര്‍ച്ച ചെയ്‌തെങ്കിലും ഈ സുപ്രധാന വസ്തുത വെളിപ്പെടുത്താന്‍ ഫാ. പുത്തൂര്‍കുടിലില്‍ മനപ്പൂര്‍വം മറന്നുവെന്നത് മറ്റൊരു യാഥാര്‍ഥ്യം!

ഡോക്ടര്‍ ജോഷ്വാ അബ്രഹാം, ശ്രീ. ജോസഫ് ചാണ്ടി എന്നീ രണ്ടു വ്യക്തികള്‍ക്ക്, 400 ഏക്കര്‍ കമ്പനി ഭൂമി പണയപ്പെടുത്തിക്കൊണ്ട് നാലു മില്യനിലധികം ഡോളര്‍ കടമെടുത്തുവെന്ന ഞെട്ടിപ്പിപ്പിക്കുന്ന വാര്‍ത്ത ബഹുഭൂരിപഷം ഓഹരിയുടമകളും ശ്രവിച്ചതു് കാശ് കടം കൊടുത്തവരില്‍ നിന്നുമായിരുന്നു. എന്തൊരു വിരോധാഭാസം! ഓഹരിയുടമകളെ അറിയിക്കാന്‍മാത്രം ഗൗരവമുള്ള കാര്യമായി പ്രസിഡന്റ്റ് ഫാ. പുത്തൂര്‍കുടിലില്‍ ഇതിനെ കാണാതിരുന്നതിന്റ്റെ പിന്നിലെ യാഥാര്‍ഥ്യം എല്ലാവര്‍ക്കും വ്യക്തമായിരുന്നു.

കര്‍ത്താവിന്റ്റെ പ്രതിപുരുഷന്‍, വെളുത്ത ചിരി, വെള്ളക്കുപ്പായം, ചുണ്ടുകള്‍ സദാസമയവും ഉരുവിടുന്നത് യേശുനാമവും സുവിശേഷ സൂക്തങ്ങളും. വിശ്വാസികളെ വലയിലാക്കാനും വട്ടത്തിലാക്കാനും വേറെന്തുവേണം. കമ്പനിക്കസ്സേരയില്‍ ആദ്യമായി ഇരുന്ന ദിനംമുതല്‍ പിടിച്ചിറക്കിവിടുന്ന ദിനംവരെ ഒരു സ്വേച്ഛാധിപതിയെപോലെ വാണു. 150 കുടുംബങ്ങളെ സാമ്പത്തിക ഗര്‍ത്തത്തില്‍ തള്ളിയിട്ടു. ഇപ്പോള്‍ ഞാനേതുമറിഞ്ഞില്ലെന്ന് നടിക്കുന്നു. അസത്യങ്ങളെ സത്യങ്ങളാക്കി വിളമ്പുന്നു.

2012 വന്നുപോയിട്ടും റോയ്സിറ്റിയിലെ മണ്ണില്‍ വീടുകള്‍ ഉയര്‍ന്നില്ല; നിക്ഷേപകരുടെ സ്വപ്നങ്ങള്‍ക്കു ചിറകു മുളച്ചില്ല. ദൈവം, നാഥന്‍, യേശു എന്നിങ്ങനെയുള്ള പദങളും സുവിശേഷ സൂക്തങ്ങളും ലോഭമില്ലാതെ തിരുകിയ ലേഖനങ്ങള്‍ കര്‍ത്താവിന്റ്റെ പ്രതിപുരുഷന്‍കൂടിയായ പ്രസിഡന്റ്റില്‍നിന്നും കാലാകാലങ്ങളില്‍ മുടക്കമില്ലാതെ ഓഹരിയുടമകളെത്തേടി വന്നുകൊണ്ടിരുന്നു. 2008-ല്‍ ലഭിച്ച ലേഖനത്തിന്റ്റെ തലവാചകങ്ങള്‍ 'behold how good and how pleasant it is for brethren to dwell together in unity' എന്നും 'God is our Saviour-! God is our relief-! God is definitely our project guide-!' എന്നുമായിരുന്നു.

2005 മുതല്‍ 2017 നവംബര്‍ അവസാനം വരെ ദൈവത്തെ റോയ്സിറ്റിയോടു ചേര്‍ത്ത് അദ്ദേഹം തളച്ചിട്ടിരുന്നു. 2017 ഡിസംബര്‍ രണ്ടിന്, നൂറില്‍പരം ഓഹരിയുടമകള്‍ അതിനു അറുതിവരുത്തി. 2009 - ലെ റിപ്പോര്‍ട്ടില്‍ ഫാ. പുത്തൂര്‍കുടിലില്‍ കുറിച്ചത് കാണുക.'The said three statement of my faith in God were my beginning lines of 2008 report and I chose the same for this 2009 report and it will remain the same in my future reports. My confidence in God and our Savior Jesus Christ that, 'our project will be a success at the very appropriate time is unchanged'. 2009-ലെ റിപോര്‍ട്ടിന്റ്റെ രണ്ടാമത്തെ ഖണ്ഡികയില്‍ ഫാ. പുത്തൂര്‍കുടിലില്‍ കുറിച്ചതിങ്ങനെ: 'I am aware of our members thinking concerning the delay in our project and the present economic condition. Let me inform you that this is the period that our God is testing our integrity, commitment, unity and faith. I have great confidence in the Lord that He will do the miracle in His right time to start our project. Please be aware of the importance in our Christian Vision we have towards this project: a community of Christian believers living together, worshiping God in love and harmony'.

ചിലരുടെ പണക്കൊതിയും അത്യാഗ്രഹവും അധികാരഭ്രമവും വരുത്തിവച്ച വിനയും വിഷമങ്ങളും അകറ്റാന്‍ കര്‍ത്താവ് അത്ഭുതങ്ങളുമായി ശരിയായ സമയത്തു എഴുന്നള്ളുമെന്നാണ് കര്‍ത്താവിന്റ്റെ പ്രതിപുരുഷനായ പഴയ പ്രസിഡന്റ്റ് ഫാ. പുത്തൂര്‍കുടിലില്‍ എപ്പോള്‍ പ്രവചിക്കുന്നത്. ദൈവദൂഷണത്തിന്റ്റെ ഉത്തമ ഉദാഹരണം!

അരിയും തിന്നു; ആശാരിച്ചിയേയും കടിച്ചു, എന്നിട്ടും നായക്ക് മുറുമുറുപ്പ് എന്ന് മലയാളക്കരയില്‍ ഒരു ചൊല്ലുണ്ട്. ഫാ. പുത്തൂര്‍കുടിലിന്റ്റെ യഥാര്‍ഥ്യങ്ങളുടെയും സത്യങ്ങളുടെയും ഏറ്റുപറച്ചില്‍ വായിച്ചപ്പോളാണ് മേല്‍പറഞ്ഞ ചൊല്ലിന്റ്റെ പൊരുള്‍ പിടികിട്ടിയത്.

തുല്യദുഃഖിതരായ 149 KCAH ഓഹരിയുടമകളോട് എനിക്ക് ഒരു അപേക്ഷയുണ്ട്. ദൈവനാമവും ദൈവവചനങ്ങളും സദാ ഉരുവിടുന്നവരെ സംശയത്തോടെയും ജാഗ്രതയോടെയും സമീപിക്കുക

Join WhatsApp News
sathyam 2018-07-26 21:15:47
25000 ഡോളറിനു വീട് കിട്ടുമോ? ഇല്ല.
എന്താണു പിന്നെ സംഭവിച്ചത്? 150 പേരില്‍ നിന്നു 25000 വീതം വാങ്ങി കമ്പനി രൂപീകരിച്ചു. ആ തുക കൊടുത്ത് 436 ഏക്കര്‍ സ്ഥലം വാങ്ങി.
അവിടെ വെള്ളവും വെളിച്ചവും വേണം. റോഡ് വേണം. അതിനു ഓഹരി ഉടമകളില്‍ നിന്നും പുറത്തുള്ളവരില്‍ നിന്നും കടം വാങ്ങി. അവരില്‍ കൂടുതല്‍ തുക ഇറക്കിയ രണ്ട് പേര്‍ക്ക് സ്ഥലം ഈട് നല്കി.
വഴിയും വെള്ളവും ഒക്കെ ആയപോള്‍ ഓഹരി ഉടമകള്‍ക്ക് അവിടെ വീട് വേണ്ട. ആകെ വന്നത് 17 പേര്‍.
അപ്പോള്‍ എന്തു സംഭവിക്കും? കമ്പനി പോളിയും. അല്ലാതെ തലപ്പത്തിരുന്ന്വര്‍ പണം വെട്ടിച്ചു എന്നു പറയുന്നത് ശുദ്ധ വിവരക്കേടാണ്.
ഇപ്പോള്‍ പുതിയ ഭാരവാഹികള്‍ വന്നല്ലോ. സ്ഥാപനം ഒന്നു ശരിയാക്കി കാണിക്ക്.
ശരിയാക്കാന്‍ പറ്റും, ഒരു നൂറു പേര്‍ അവിടെ വീട് വയ്ക്കാന്‍ വന്നാല്‍. ഇല്ലെങ്കില്‍ കാര്യം പോക്കു തന്നെ.
ഈ സത്യം മറച്ചു വച്ച് ഒരു വന്ദ്യ വൈദികനെ ആക്ഷേപിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരദോഷമാണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക