Image

ഹനാനെ കുറിച്ച്‌ മന്ത്രി തോമസ്‌ ഐസകിന്‍റെ കുറിപ്പ്‌ വൈറല്‍

Published on 28 July, 2018
ഹനാനെ കുറിച്ച്‌ മന്ത്രി തോമസ്‌ ഐസകിന്‍റെ കുറിപ്പ്‌ വൈറല്‍
മീന്‍ വില്‍പന നടത്തി ഉപജീവന മാര്‍ഗം കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയായ ഹനാന്‌ നേരെ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ ഹനാന്‌ പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഹനാന്‍റെ ജീവിതാനുഭവങ്ങള്‍ മനസിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നു എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്‌. കേരളം മുഴുവനും ഹനാന്‌ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു. പിമറായിക്ക്‌ പിന്നാലെ ഹനാന്‌ പിന്തുണയുമായി എത്തിയിരിക്കുകയാണ്‌ മന്ത്രി തോമസ്‌ ഐസക്‌.
മന്ത്രിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ ഇങ്ങനെ


ഒന്നാന്തരമൊരു സംരംഭകയ്‌ക്കു വേണ്ട ഗുണങ്ങളെല്ലാം ഹനാന്‍ എന്ന കൊച്ചുമിടുക്കിയ്‌ക്കുണ്ട്‌. സിനിമാമോഹം, ആങ്കറിംഗ്‌, പാചകം, കച്ചവടം എന്നിങ്ങനെ ഹനാന്‍ കൈവെയ്‌ക്കാത്ത മേഖലകളില്ല. ആലുവ മണപ്പുറം ഫെസ്റ്റിലെ ചെറുകിട കര്‍ഷകരുടെ സ്റ്റാളിലേയ്‌ക്കുള്ള രംഗപ്രവേശം മുതല്‍ മീന്‍ കച്ചവടത്തിന്റെ കാര്യത്തില്‍വരെ, ഇടിച്ചുകയറി സ്വന്തം ഇടം സ്ഥാപിച്ചെടുക്കുന്ന തന്റേടിയായൊരു സംരംഭകയുടെ ചുറുചുറുക്ക്‌ ദൃശ്യമാണ്‌

കപ്പയും പായസവും പലഹാരങ്ങളുമൊക്കെയായി മണപ്പുറം ഫെസ്റ്റിലെത്തുമ്പോള്‍ ഇതെവിടെ വെച്ച്‌ വില്‍ക്കുമെന്നൊന്നും അറിയുമായിരുന്നില്ല. കുലുക്കി സര്‍ബത്ത്‌ വില്‍ക്കുന്ന സ്റ്റാളിന്റെ ഒരു ഭാഗം സംഘടിപ്പിച്ച്‌ രണ്ടായിരം രൂപയ്‌ക്ക്‌ കച്ചവടവും ചെയ്‌തേ ഹനാന്‍ അവിടുന്നു പിരിഞ്ഞുള്ളൂ.


മീന്‍കച്ചവടത്തിനിറങ്ങിയപ്പോള്‍ നടത്തിയ മുന്നൊരുക്കത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ആ കൈയൊന്നു പിടിച്ചു കുലുക്കി, മിടുക്കിയെന്ന്‌ ആരും പറഞ്ഞുപോകും. വലക്കാരോടും വള്ളക്കാരോടുമൊപ്പം മീന്‍ കച്ചവടം നടത്തിയതും അതിനിടയ്‌ക്ക്‌ അമാന്യമായി പെരുമാറിയൊരു ചേട്ടനെ നൈസായി ഒഴിവാക്കിയതുമൊക്കെ എത്ര രസമായാണ്‌ ആ കുട്ടി വിവരിക്കുന്നത്‌.

ആലംബമില്ലാത്ത ഒരു പെണ്‍കുട്ടിയല്ല അവള്‍. ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച, ആവോളം തന്റേടമുള്ളൊരു മിടുമിടുക്കി.കേരളം ഒരു മനസോടെ അവളെ പിന്തുണയ്‌ക്കണം. സത്യം അറിയാതെ അവളെ കുറ്റം പറഞ്ഞവര്‍, തെറ്റുതിരുത്തുന്ന കാഴ്‌ചയും സോഷ്യല്‍ മീഡിയയില്‍ കണ്ടു.

അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളും ദുഷ്‌പ്രചരണങ്ങളുമൊക്കെ അവളെ കൂടുതല്‍ കരുത്തയാക്കുകയേ ഉള്ളൂ. ഓരോ തിക്താനുഭവവും മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജത്തിന്റെ ഉറവിടമാകട്ടെ. ഹനാന്‌ എല്ലാ വിജയാശംസകളും... ധൈര്യമായി മുന്നോട്ടു പോവുക. കേരളം ഒപ്പമുണ്ട്‌..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക