Image

ദുരിതമാരി (കവിത: മഞ്ജുള ശിവദാസ്)

മഞ്ജുള ശിവദാസ് Published on 28 July, 2018
ദുരിതമാരി  (കവിത: മഞ്ജുള ശിവദാസ്)
കണ്ണുനീരുപ്പും കലര്‍ത്തിയീ മഴ
പെയ്തു പെയ്തു നിറയുന്നു.
കര്‍ക്കിടകത്തെ കറുപ്പിച്ചു പെയ്യുമീ
മാരിയില്‍ കെടുതി പൂക്കുന്നു..

സകലതും തട്ടിപ്പറിച്ചുകൊണ്ടൊഴുകുന്ന
കാഴ്ചയില്‍ മരവിച്ചുനില്‍ക്കും മനുഷ്യര്‍.
 സ്വരുക്കൂട്ടിവച്ച സ്വപ്നങ്ങളല്ലേ
മഴയത്തൊലിച്ചുപോകുന്നൂ...

ഒന്നു തലചായ്ക്കാനിടത്തിനായി
ട്ടൊന്നുതൊട്ടിനിയും തുടങ്ങിടേണം,
തല്‍ക്ഷണം സ്വയമൊന്നു ചാരമായെങ്കി
ലെന്നാശിച്ചിടുന്ന നിമിഷങ്ങള്‍...

ഉദരത്തിലുണ്ണിയെപ്പേറുന്ന കുടിലിലേ 
മാതൃത്വമിന്നു മഴയെ ശപിക്കുന്നു.
വ്യാധികള്‍ മുളപൊട്ടിടുന്ന മാലിന്യത്തില്‍
ശൈശവം നിലവിളിക്കുന്നു..

ഭാസുരതയൊരു കനവിനകലത്തുപോലു 
മില്ലാശങ്കയാല്‍ വെന്തിരിക്കുന്നു ചിന്തകള്‍.
നഷ്ടങ്ങള്‍ തന്‍ ചുമടുതാങ്ങികള്‍ക്കെന്നുമീ
മഴയോര്‍മ്മകള്‍ കൈപ്പുതന്നെ...

കനവിലും നിനവിലും കനല്‍കോരി
യിട്ടൊരീ പേമാരി പെയ്തു തോരുന്നൂ,
തോരാത്ത ദുരിതമഴ ബാക്കിയാക്കിക്കൊണ്ടു 
കാര്‍മേഘക്കലി പെയ്‌തൊഴിഞ്ഞൂ....

ദുരിതമാരി  (കവിത: മഞ്ജുള ശിവദാസ്)
Join WhatsApp News
വിദ്യാധരൻ 2018-07-28 23:44:36
മഴെ മഴെ പോയീടു 
മറ്റൊരു ദിവസം വന്നീടു 
കുട്ടികളിന്നു കളിക്കട്ടെ  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക