Image

മുദ്ര (കവിത: രമ പ്രസന്ന പിഷാരടി)

റീമ പ്രസന്ന പിഷാരടി Published on 28 July, 2018
മുദ്ര (കവിത: രമ  പ്രസന്ന പിഷാരടി)
നിറമുകിലുകള്‍ പെയ്തുപെയ്‌തേറിയ
വഴിയിലാകെ തണുപ്പുവീഴുമ്പോഴും

പഴിപറഞ്ഞു  പ്രകമ്പനംകൊള്ളുന്ന
കടലുകള്‍ വന്നുറഞ്ഞു തുള്ളുമ്പോഴും

നെടിയ കാലുകള്‍ നീട്ടി നീട്ടി കാലമധിക
വേഗം നടന്നു പോകുമ്പോഴും

വ്യഥകളെല്ലാമൊരറ്റ ഭൂഖണ്ഡമായ്
കരളിലെന്നെ പൊതിഞ്ഞു നില്‍ക്കുമ്പോഴും

ഇടറി വീണൊരെന്‍ പ്രാണന്റെ പക്ഷികള്‍
ചിറകുകള്‍ തേടി ധ്യാനമാകുമ്പോഴും

ഉറയുമാ ശൈത്യകാലങ്ങള്‍ സന്ധ്യതന്‍
ചിമിഴിലോര്‍മ്മകള്‍ മൂടിവയ്ക്കുമ്പോഴും

മനസ്സിനുള്ളില്‍ നിരാശതന്‍ രാവുകള്‍
കരിപടര്‍ത്തിയുറഞ്ഞുതുള്ളുമ്പോഴും

പിരിയുവാന്‍ മടിച്ചെന്നുമുണര്‍വുമായ്
ഹൃദയമേറ്റിയോരക്ഷരക്കൂട്ടുകള്‍

കടലുകള്‍ രത്‌നമിഴിയില്‍ തിളങ്ങുന്ന
കനലൊളി കത്തിയാളുന്ന സന്ധ്യകള്‍,

കവിത പോല്‍ സംഗമത്തിന്‍ മുനമ്പുകള്‍
പഴയ സാമ്രാജ്യരാജകിരീടങ്ങള്‍

ജനിമൃതിയുടെ പുസ്തകത്താളിലായ്
എഴുതിസൂക്ഷിച്ചൊരാദ്യക്ഷരധ്വനി

മഴുവെറിഞ്ഞ ചരിത്രം, അഴിമുഖം
ഇതള്‍ കറുപ്പിന്റെ സ്വര്‍ണ്ണക്കുരുന്നുകള്‍

കടലതേറിയിങ്ങെത്തിയ യാത്രികര്‍
നിധിയറ, സുഗന്ധാവഹനം  നീണ്ട

പകലതില്‍ തണല്‍ തേടിയ സംസ്‌കൃതി.
പിറവിതന്‍  സൂര്യലഗ്‌നങ്ങള്‍ മേഘ

ങ്ങളൊടുവിലോടിവരുന്ന വയലുകള്‍
മണലെഴുത്തിന്റെയോര്‍മ്മതന്‍ മുദ്രകള്‍

കരമതില്‍ ചേര്‍ന്നിരിക്കുന്ന ഭൂപടം
സ്മൃതിയതക്ഷയഖനി ജന്മരാശിയെ

വ്യഥകളില്‍ നിന്നുയര്‍ത്തുന്ന മണ്‍തരി

മുദ്ര (കവിത: രമ  പ്രസന്ന പിഷാരടി)
Join WhatsApp News
വിദ്യാധരൻ 2018-07-29 00:07:24
"മനസ്സിനുള്ളിൽ നിരാശതൻ രാവുകൾ 
കരിപടർത്തിയുറഞ്ഞു തുള്ളുമ്പോഴും 

പിരിയുവാൻ മടിച്ചെന്നുമുണർവുമായ് 
ഹൃദയമേറ്റിയോർക്ഷരക്കൂട്ടുകൾ "

ഏകാന്തത എന്ന വിഷത്തെ അമൃതാക്കുന്ന വരികൾ 

"വർത്തിച്ചീടുന്നൊരിക്കൽ ഗുരുവിനു സമമായ് 
               മിത്രമായ് മറ്റൊരിക്കൽ
വർത്തിച്ചീടും പിതാവായ്, സപദി ജനനിയായ് 
              കാന്തയായും, കദാചിൽ 
വർത്തിച്ചീടുന്നു വാഗീശ്വരിയുടെ നടനാരാമ-
              മായ്, സർവകാലം 
വർത്തിച്ചീടുന്നു സാക്ഷാൽ സുരതരുസദൃശം 
              പുസ്തകം (അക്ഷരം) ഹസ്തസംസ്ഥം (ആർ . ഈശ്വരപിള്ള )

ഒരിക്കൽ ഗുരുവിനു തുല്യമായും മറ്റൊരിക്കൽ മിത്രമായും പിതാവായും മാതാവായും ഭാര്യയായും സ്ഥിതിചെയ്യും. പിന്നീടൊരിക്കൽ വാക്കുകളുടെ അധീശ്വരിയായ സരസ്വതീദേവിയുടെ വിലാസനടനത്തിനുള്ള ആരാമമായും ഇരിക്കും. കല്പദ്രുമത്തിനു തുല്യമായി എല്ലാ കാലവും വർത്തിക്കാൻ കയ്യിലിരിക്കുന്ന പുസ്തകത്തിനു ( അക്ഷരക്കൂട്ടിന്) കഴിയും   

Sapna George 2018-07-29 08:47:07
wow ............. good one Rema
Rema Prasanna Pisharody 2018-07-29 14:09:01
Thank you for reading my poem and thank you for the good words...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക