Image

ആശയ്ക്കു കുറുകെ വരയ്‌ക്കേണ്ട ലക്ഷ്മണരേഖ (രാമായണ ചിന്തകള്‍ 11: അനില്‍ പെണ്ണുക്കര)

Published on 28 July, 2018
ആശയ്ക്കു കുറുകെ വരയ്‌ക്കേണ്ട ലക്ഷ്മണരേഖ (രാമായണ ചിന്തകള്‍ 11: അനില്‍ പെണ്ണുക്കര)
മോഹം, ആശ, തുടങ്ങിയവ വരുത്തുന്ന കെടുതികളെപ്പറ്റി രാമായണം നമുക്ക് മുന്നറിയിപ്പ് നല്കുന്നുണ്ട്. മാനായി വന്ന് ഭ്രമിപ്പിക്കുന്ന മാരീചന്‍ നല്ലൊരു ഉദാഹരണമാണ്. സീതയുടെ ഉള്ളം കവരുന്നമാന്‍ സംസാരസാഗരത്തില്‍ നീന്തുന്ന നമ്മുടെയെല്ലാം മനസ്സിനെ വശീകരിച്ച് ആപത്തില്‍പ്പെടുത്തുന്ന ആശയാണ്. അതിനുപിന്നാലെ പായുന്ന നമ്മള്‍ ഒരു ലക്ഷ്മണരേഖയും മാനിക്കുന്നില്ല. ഒരു ലക്ഷ്മണവചനവും ശ്രവിക്കാന്‍ കൂട്ടാക്കുന്നില്ല. വിനാശകാലേ വിപരീത ബുദ്ധി എന്ന മട്ടില്‍ ഉപദേശിക്കുന്നവനെ അപഹസിച്ചു കൊണ്ട് മായാമാനിനു പിന്നാലേ പോകുന്നു.

ഇന്ന് നമ്മുടെ സമൂഹത്തില്‍ രക്ഷിതാക്കള്‍ ലക്ഷ്മണസ്ഥാനത്തു നിന്ന് മായമാനിനെപ്പറ്റി സംസാരിച്ചാല്‍ അത് അംഗീകരിക്കാന്‍ ഒരു കൊച്ചുസീതയും തയ്യാറാകുന്നില്ല. വരകള്‍ കടന്ന് ലക്ഷ്മണനെ ധിക്കരിച്ച് വെറുക്കപ്പെട്ടവനെന്ന് ഭര്‍ത്സിച്ച് കാതടപ്പിക്കുന്നവരായി മാറിയിരിക്കുന്നു അവര്‍. ഫലമോ വരവിടുന്നവര്‍ വല്ല നിശാചരന്റെയും കൈയില്‍പ്പെട്ട് കടല്‍ കടത്തപ്പെടുന്നു. ഗുരുവിന്റെ ഉപദേശം കേള്‍ക്കാത്തവര്‍ക്ക് ഇതാണ് അനുഭവം.

മാതാപിതാക്കള്‍ നമുക്ക് ഗുരുക്കന്മാര്‍ ആണ്. ജ്യേഷ്ഠന്മാരും.
ശൂര്‍പ്പണകാ വിലാപത്തിനു ഇടയാക്കി ദുരാശു തന്നെയാണ്
രാവണന്റെ ദുരിതങ്ങള്‍ക്കും കാരണമായത്. എല്ലാം വരവിട്ട ആശകള്‍.
ഇവിടെയൊക്കെ ഈ ആശാപാശത്തെ മുറിച്ചുവിടാന്‍ ശ്രമിക്കുന്നവരൊക്കെ ലക്ഷ്ണനെപോലെയും വിഭീഷണനെ പോലെയും അപമാനിതരാകുകയാണ്. അവര്‍ വരയ്ക്കുന്ന വൃത്തങ്ങള്‍ക്ക് ഒരു കാലടിയേയും തടഞ്ഞു നിര്‍ത്താന്‍ ആകുന്നില്ല. ആശാ പാശത്തില്‍ പിണഞ്ഞു പ്രമാദങ്ങളില്‍ ചെന്നു പതിയാതിരിക്കാനാണ് മാരീചലക്ഷ്മണരേഖകള്‍ നമുക്ക് ചൂണ്ടുപലകയായി നിലകൊള്ളുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക