Image

കരുണയില്ലാത്ത 'ശ്രേഷ്ഠന്മാര്‍' (വേലി തന്നെ വിളവ് തിന്നുമ്പോള്‍ -അഗസ്റ്റിന്‍ കണിയമറ്റം, റിട്ട,സെഷന്‍സ് ആന്‍ഡ് ജില്ലാ ജഡ്ജി )

Published on 29 July, 2018
കരുണയില്ലാത്ത 'ശ്രേഷ്ഠന്മാര്‍' (വേലി തന്നെ വിളവ് തിന്നുമ്പോള്‍ -അഗസ്റ്റിന്‍ കണിയമറ്റം, റിട്ട,സെഷന്‍സ് ആന്‍ഡ് ജില്ലാ ജഡ്ജി )
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും കന്യാസ്ത്രീയും, കര്‍ദ്ദിനാള്‍ ആലഞ്ചേരിയും ഉള്‍പ്പെട്ട വിവാദം വിശുദ്ധ ഗ്രന്ഥത്തിലെ ദാനിയേലിന്റെ പുസ്തകം പതിമൂന്നാം അദ്ധ്യായത്തിലേയ്ക്കാണ് എന്റെ ചിന്തയെ നയിച്ചത്:- അവരുടെ മദ്ധ്യേ നിന്നുകൊണ്ട് അവന്‍ പറഞ്ഞു: 'ഇസ്രായേല്‍ മക്കളേ, നിങ്ങള്‍ ഇത്ര ഭോഷന്‍മാരാണോ? വിചാരണ നടത്താതെയും, വസ്തുതകള്‍ ഗ്രഹിക്കാതെയും ഒരു ഇസ്രായേല്‍ പുത്രിയെ നിങ്ങള്‍ ശിക്ഷക്കു വിധിക്കുന്നുവോ? വിചാരണ സ്ഥലത്തേക്കു മടങ്ങുവിന്‍. കാരണം, ഈ മനുഷ്യര്‍ ഇവള്‍ക്കെതിരെ കള്ളസാക്ഷ്യം പറഞ്ഞിരിക്കുന്നു' (ദാനിയേല്‍ 13: 48: 49).
മേല്‍പറഞ്ഞ കേസില്‍ പീഢനം നടന്നോ എന്നത് വിചാരണ ചെയ്യപ്പെട്ട് തെളിയക്കപ്പെടേണ്ടതാണ്. പക്ഷെ ഒരു കാര്യം വളരെ വ്യക്തമാണ്; ആരോ ഈ കേസ് സംബന്ധിച്ച് കള്ളസാക്ഷ്യം പറയുന്നുണ്ട്. അതാരാണ്?

'അവള്‍ (സൂസന്ന) കൊലക്കളത്തിലേക്കു നയിക്കപ്പെട്ടപ്പോള്‍ ഡാനിയേല്‍ എന്ന് പേരുള്ള ഒരു ബാലന്റെ പരിശുദ്ധമായ ആല്‍മാവിനെ കര്‍ത്താവ് ഉണര്‍ത്തി' (ഡാനിയേല്‍ 12 -45) എന്നാണ് ബൈബിള്‍ പറയുന്നത്. ഭാരത സഭയെ മുഴുവന്‍ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന ഇത്രമാത്രം കോളിളക്കം സൃഷ്ടിച്ച ഒരു കേസ് ഉത്ഭവിച്ചിട്ടും എന്തു കൊണ്ട് ഇവിടെ ഒരു ദാനിയേല്‍ ഉണര്‍ന്നെണീയ്ക്കുന്നില്ല?

'ഡാനിയലാ'കാനുള്ള അവസരം ലഭിച്ചത് ആലഞ്ചേരി പിതാവിനായിരുന്നു. പക്ഷേ ആലഞ്ചേരി പിതാവ് ആലില പോലെ വിറച്ചുപോയി. ഞാന്‍ കന്യാസ്ത്രീയ്ക്ക് മാപ്പ് കൊടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയ്ക്കെതിരെ ജാരവൃത്തി ആരോപിച്ചു കൊണ്ടിരിക്കുന്നു. വി.യോഹന്നാന്റെ സുവിശേഷത്തില്‍ ഇങ്ങനെ പറയുന്നു. -'നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ' (യോഹ:8:8). ഈ കേസില്‍ കന്യാസ്ത്രീയ്ക്ക് എതിരെ ആദ്യത്തെ കല്ലെറിഞ്ഞത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണ്, കാരണം അദ്ദേഹം പാപമില്ലാത്തവനാണെന്ന് ഞാന്‍ കരുതുന്നു!
കര്‍ത്താവ് ആ വ്യഭിചാരിണിയായ സ്ത്രീയോടു പറഞ്ഞത്, 'ഞാനും നിന്നെ വധിക്കുന്നില്ല. പൊയ്ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്' (യോഹ 8:11) എന്നാണ് പക്ഷേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കെലിനും പാദസേവകരായ കന്യാസ്ത്രീകള്‍ക്കും അച്ചന്മാര്‍ക്കും വേണ്ടത് പ്രസ്തുത കന്യാസ്ത്രീ സ്വഭാവ ദൂഷ്യമുള്ളവളാണ് എന്നു തെളിയിക്കുകയാണ്.

1990 ജൂലൈ മാസം 13-ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ ഗജജ്റുള എന്ന സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന സെന്റ് മേരീസ് കോണ്‍വന്റില്‍ രണ്ട് കന്യാസ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി ഉയര്‍ന്നു. ഭാരതത്തിലെ ക്രിസ്ത്യാനികള്‍ സടകുടഞ്ഞെണീറ്റു. ഡല്‍ഹിയില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. അന്നത്തെ സി.ബി .സി.ഐ പ്രസിഡന്റായിരുന്ന ആര്‍ച്ച് ബിഷപ്പ് അല്‍ഫോണ്‍സ് മത്യാസ് പിതാവും, സംഘവും പ്രധാനമന്ത്രി വി.പി.സിങ്ങിന് മെമ്മോറണ്ടം കൊടുത്തു; പ്രധാനമന്ത്രി വി.പി.സിങ്ങ് സി.ബി .സി.ഐ പ്രസിഡന്റിന്റെ മുമ്പാകെ വെച്ചുതന്നെ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ്ങ് യാദവിനെ ഫോണില്‍ വിളിച്ച് വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്തു.

കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിനിത കമ്മീഷന്‍ പ്രധാന മന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ശിപാര്‍ശ നല്‍കിയതിനെതിരെ സഭ നേതാക്കളും ആല്‍മയനേതാക്കളും ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ അഭിനന്ദാര്‍ഹമാണ്.

എന്തുകൊണ്ട് ഇപ്രകാരമുള്ള നടപടികളൊന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിന്റെ കാര്യത്തില്‍ ഉണ്ടായില്ല? ആലഞ്ചേരി പിതാവും, സി.ബി.സി.ഐ പ്രസിഡന്റിറ്‌നും വത്തിക്കാനും, കേരളാ ഗവണ്‍മെന്റും, ഇന്‍ഡ്യാ ഗവണ്‍മെന്റും ഇക്കാര്യത്തില്‍ ഇതുവരെ എന്തു നടപടികളെടുത്തു? എന്തു കൊണ്ട് ആരും ഇക്കാര്യത്തില്‍ പ്രതിഷേധ പ്രകടനങ്ങളോ, മെന്മോറണ്ട സമര്‍പണങ്ങളോ ഒന്നും നടത്തുന്നില്ല?

ബഹുമാനപ്പെട്ട ആലഞ്ചേരി പിതാവിന് കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ട് 'ദാനിയേ'ലാകാന്‍ സാധിച്ചില്ലെങ്കിലും, ഒരു പോസ്റ്റുമാനെപ്പോലെ ആ പരാതിയുടെ ഓരോ കോപ്പി മേല്‍നടപടിക്കായി വത്തിക്കാനോ, സി.ബിസി.ഐ.ക്കെങ്കിലുമോ അയച്ചു കൊടുത്തു കൂടായിരുന്നോ?

പതിമൂന്നു പ്രാവശ്യം ചെയ്തിട്ട് പതിനാലാം പ്രാവശ്യം മാത്രമേ പരാതി ഉണ്ടായുള്ളോ എന്നാണ് ഒരു എം.എല്‍.എ.യ്ക്ക് അറിയേണ്ടത്? ഒരു പ്രാവശ്യം ചെയ്തു കഴിഞ്ഞാല്‍ പിന്നെ ലൈസന്‍സ് കിട്ടി എന്നായിരിക്കാം അദ്ദേഹം ധരിച്ചു വച്ചിരിക്കുന്നത്!

സാധാരണ ബലാത്സംഗ കേസുകളില്‍ പോലീസ് ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്താറുണ്ട്. പ്രതി കേസിലെ തെളിവുകള്‍ തേച്ചു മാച്ചു കളയാതിരിക്കാനും, സാക്ഷികളെ ഭീഷണിപ്പെടുത്തി കേസ് ഇല്ലാതാക്കാതിരിക്കാനും, പ്രതി രക്ഷപ്പെട്ട് പോകാതിരിക്കാനും ഒക്കെ ഇതാവശ്യമാണ്. എന്നാല്‍ ഈ കേസില്‍ പോലീസ് അറസ്റ്റിനുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചതായി കാണുന്നില്ല. ലോകചരിത്രത്തില്‍ എല്ലായ്പ്പോഴും സഭാധികാരവും, ഗവണ്‍മെന്റിന്റെ വ്യത്യസ്ത ഘടകങ്ങളും തമ്മില്‍ ഒരു രഹസ്യ ബാന്ധവം എന്നും നിലനിന്നുപോന്നിട്ടുണ്ട്. 'നീ എന്‍പുറം ചൊറിഞ്ഞീടുകില്‍ ഞാന്‍ നിന്‍ പുറം ചൊറിഞ്ഞീടാം' എന്നതാണ് അതിന്റെ ന്യായം.

ബിഷപ് ഫ്രാങ്കോ മുളയ്ക്കനെതിരായ കേസിനും, ആലഞ്ചേരി പിതാവിനെതിരായി ഉയര്‍ന്നു വന്ന ഭൂമി കുംഭകോണ കേസിന്റെ ഗതി തന്നെ വരാനാണ് സാദ്ധ്യത. 'ചെറു മത്സ്യങ്ങള്‍ മാത്രമെ വലയില്‍ കുടുങ്ങാറുള്ളൂ വന്‍ മത്സ്യങ്ങള്‍ വല പിളര്‍ത്തി രക്ഷപ്പെടും'!

സഭയില്‍ കന്യാസ്ത്രീകള്‍ക്കു മാത്രമല്ല കഴിവും ഉന്നത വ്യക്തിത്വും ദീക്ഷണശാലികളുമായിട്ടുള്ള വൈദികര്‍ക്കും ആല്‍മയാര്‍ക്കും വരെ കാലാകാലങ്ങളില്‍ പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടിവന്നിട്ടുണ്ട്. അതേക്കുറിച്ചു അടുത്ത അദ്ധ്യായത്തില്‍ .
Join WhatsApp News
Abraham 2018-07-29 14:05:25
Cardinal Theodore McCarrick, the former archbishop of Washington, was removed from ministry, when church officials announced that he has been credibly accused of sexually abusing a teenager — and that he had faced three earlier allegations of sexual misconduct with adults.
If the catholic church can remove a Cardinal, why are they afraid of Bishop Franco Mulakkal? Why don't they even investigate?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക