Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-10: സാംസി കൊടുമണ്‍)

Published on 29 July, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-10: സാംസി കൊടുമണ്‍)
ബാബുക്കുട്ടി കടയിലെ ജോലി കളഞ്ഞു. അല്ല പിരിച്ചു വിട്ടതാണെന്നു പറയുന്നു. മാനേജരുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. അവരൊക്കെ കഷ്ടപ്പാടുകള്‍ അറിഞ്ഞു വളര്‍ന്നവരല്ല. ചെറു വേദനകള്‍ താങ്ങാന്‍ ത്രാണിയില്ലാത്തവര്‍. കുഞ്ഞമ്മ തുടരെ രണ്ട ു ജോലികള്‍ ചെയ്യുന്നു. അവളുടെ വീട്ടുകാരെ കാര്യമായി സഹായിക്കുന്നു.

ബാബുക്കുട്ടി യെല്ലോ ടാക്‌സി ഓടിക്കാന്‍ തുടങ്ങി. ദിവസം അന്‍പതറുപതു ഡോളര്‍ ഉണ്ട ാക്കും. പക്ഷേ അല്പം അപകടം പിടിച്ച പണിയാണ്. ദിവസവും ടാക്‌സിക്കാര്‍ മക്ഷ് ചെയ്യപ്പെടുകയും കൊല ചെയ്യപ്പെടുകയും ഒക്കെ പതിവാണ്. എന്നാലും ഒരുത്തന്റെയും കീഴില്‍ തല കുനിയ്ക്കണ്ട ല്ലോ അതാണു ബാബുക്കുട്ടിയുടെ പ്രചോദനം.

കുഞ്ഞമ്മയെ തുടര്‍ന്ന് ഓരോരുത്തരായി അപ്പാര്‍ട്ടുമെന്റുകള്‍ വിടാന്‍ തയ്യാറെടുക്കുകയായിരുന്നു. പുതിയ പുതിയ മേച്ചില്‍ പുറങ്ങളും, താവളങ്ങളും അവരെ മാടി വിളിക്കുന്നു. ആരും അറച്ചു നില്‍ക്കാതെ അവരവരുടെ ആത്മാവ് പ്രേരിപ്പിച്ച വഴികളിലൂടെ നടന്നു. പലര്‍ക്കും വഴികാട്ടികള്‍ ഇല്ലായിരുന്നു.

മേരിക്കുട്ടിയും സൂസിയും ഏതേതോ വഴികളിലൂടെയായിരുന്നു യാത്ര. സൂസി സ്റ്റീഫന്‍ മറവന്‍ ചേരിയുടെ അപ്പാര്‍ട്ടുമെന്റില്‍ താമസമാക്കിയെന്നാരോ പറഞ്ഞിരുന്നു. മേരിക്കുട്ടി നാട്ടില്‍നിന്നും ഒരു ബി.എ.ക്കാരനെ കല്യാണം കഴിച്ചു. എല്ലാവരും വല്ലപ്പോഴും ഒന്നു വിളിച്ചെങ്കിലായി. എവിടെയെങ്കിലും വെച്ചു കണ്ട ാല്‍ വിശേഷങ്ങള്‍ കൈമാറും. കുഞ്ഞമ്മ മാത്രം ഇടവിട്ടു വിളിക്കും. അവള്‍ക്ക് വല്ലപ്പോഴും ഹെലനെ കാണണം. ഹെലനില്‍ അവള്‍ ഒരവകാശം സ്ഥാപിച്ചതുപോലെയാണ്. ഡല്‍ഹിയിലെ അവളുടെ കിടക്കയിലാണ് ഹെലന്‍ ഉരുവായതെന്നവള്‍ വിശ്വസിക്കുന്നു. അതിന്റെ പേരിലുള്ള ഒരു വൈകാരിക അടുപ്പം. ഉള്ളിന്റെയുള്ളില്‍ മറ്റൊരു നൊമ്പരം അവളെ അലട്ടുന്നുണ്ട ായിരുന്നു. അതെ കിടക്കയില്‍ എത്ര കിടന്നിട്ടും അവളുടെ ഗര്‍ഭം അവളോടു കലഹത്തിലായിരുന്നു. പുതിയ വീട്ടില്‍, പുതിയ സാഹചര്യങ്ങളിലെങ്കിലും അവളുടെ.... വീടു മാറ്റത്തിന് അവര്‍ പോയിരുന്നു. കുറെ ഡല്‍ഹി പരിചയക്കാര്‍. അവരെയൊക്കെ വീണ്ട ും കണ്ട പ്പോള്‍ കാലം ഓര്‍മ്മകളില്‍ തുടികൊട്ടി. പിന്നെ കുറെ പള്ളിക്കാര്‍. കുഞ്ഞമ്മ പള്ളി മാറിയിരുന്നു. ഇപ്പോള്‍ ഇവിടെ പല പള്ളികളും ഉണ്ട ായിരിക്കുന്നു. പണ്ട ് ഒരു മലയാളിയെ തിരക്കി, ഒരു മലയാളം പള്ളി തിരക്കി നടന്ന കാലമല്ല. മലയാളി ഒരു വലിയ സമൂഹമായി മാറുകയാണ്. അതിനനുസരിച്ച് അവനു കൂട്ടായ്മ ആചരിക്കുവാനുള്ള സ്ഥലങ്ങളും അവന്‍ കണ്ടെ ത്തുന്നു. ബ്രോണ്‍സിലും യോങ്കേഴ്‌സിലും എല്മണ്ട ിലും ഒക്കെ പുതിയ പള്ളികള്‍ ആയിരിക്കുന്നു.

“”എല്ലാവരും പിരിഞ്ഞു. ഇനി ഞങ്ങളും ഇറങ്ങട്ടെ.’’ ജോണി ബാബുക്കുട്ടിയോടനുവാദം ചോദിച്ചു.

അളിയാ നിങ്ങള്‍ ഇന്നിവിടെ കിടക്ക്.... ആ പഴയ നല്ല നാളുകള്‍ നമുക്കൊന്നു തിരിച്ചു പിടിക്കാം. ജോണി ആലീസിനെ നോക്കി. നമുക്കു പോകാം എന്ന മട്ടില്‍ ആലീസ് കണ്ണു കാണിച്ചു. അപ്പോള്‍ കുഞ്ഞമ്മ പറഞ്ഞു.

“”ഇന്നിനി നിങ്ങള്‍ പോകണ്ട . ബസ്സും ട്രെയിനുമൊക്കെ എടുത്തങ്ങു ചെല്ലുമ്പോഴേക്കും ഒരു സമയമാകും.’’ ആലീസ് ഒന്നും പറഞ്ഞില്ല. രാത്രി താമസസ്ഥലത്തു ചെന്നിറങ്ങുന്നത് ഒരു പേടി സ്വപ്നം തന്നെയാണ്. എത്രയോ പേരെ മക്ഷ് ചെയ്യുന്നതു നേരില്‍ കണ്ട ിരിക്കുന്നു. പിടിച്ചുപറി സംഘത്തില്‍ രണ്ടേ ാ മൂന്നോ പേര്‍ കാണും. ഇരയെ കണ്ട ുകഴിഞ്ഞാല്‍ അവര്‍ മൂന്നു കോണുകളിലായി സ്ഥാനം പിടിക്കുന്നു. ഒരാള്‍ അടയാളം പറയും ഒരു ചൂളം വിളി. ഒരുവന്‍ ആരെങ്കിലും വരുന്നുണ്ടേ ാന്നു നോക്കും. ഏറ്റവും ആരോഗ്യമുള്ളവന്‍ ഇരയുടെ മേല്‍ ചാടി വീഴുന്നു. പലരും ചോദിക്കുന്നതിനു മുമ്പേ ഉള്ളതും കൊടുത്ത് ജീവനും കൊണ്ടേ ാടും. അപൂര്‍വ്വം ചില ചെറുത്തു നില്‍പ്പുകാര്‍ ഉണ്ട ാകാറുണ്ട ്. അവരെ സംഘം ചേര്‍ന്നാക്രമിക്കുന്നു. അത്തരമൊരു ചെറുത്തു നില്‍പ്പിന്റെ ധീര ചരിതമാണ് പാപ്പച്ചന്റേത്. പാപ്പച്ചന്റെ സ്വര്‍ണ്ണ മോതിരത്തിനായി അവര്‍ രണ്ട ു പേര്‍ ചേര്‍ന്ന് ആകുന്നത്ര പിടിച്ചു. പാപ്പച്ചന്‍ ഒട്ടും വിട്ടുകൊടുത്തില്ല. ഒടുവില്‍ അവര്‍ മോതിരവിരല്‍ മുറിച്ചു മാറ്റാന്‍ നോക്കി. പാപ്പച്ചന്‍ കത്തിക്ക് ഒരു പിടുത്തം. അവര്‍ എത്ര ശ്രമിച്ചിട്ടും പാപ്പച്ചന്‍ വിട്ടില്ല. ആരോ പോലീസിനെ വിളിച്ചു. പോലീസു വണ്ട ിയുടെ നിലവിളി കേട്ട് അവന്മാര്‍ ഓടി. പാപ്പച്ചന്‍ കൈയ്യില്‍ പതിനാറു കുത്തിക്കെട്ടുമായി ആശുപത്രിയില്‍ നാലു ദിവസം കിടന്നു. ആശുപത്രിയില്‍ നിന്നും വന്നതിന്റെ പിറ്റെ ദിവസം, ഉള്ളതെല്ലാം വാരിക്കെട്ടി സ്ഥലം വിട്ടു. ഫിലദെല്‍ഫിയായിലേക്ക്.

സക്കറിയ മറ്റൊരു ജീവിക്കുന്ന സാക്ഷി. തോളില്‍ വെടിയേറ്റിട്ടും പേഴ്‌സ് വിട്ടു കൊടുത്തില്ല. അന്നും ആരൊക്കെയോ ബഹളം വെയ്ക്കുന്നതു കേട്ടാണു കള്ളന്മാര്‍ ഓടി രക്ഷപെട്ടത്. സക്കറിയായെ അവര്‍ പിന്നെ ആശുപത്രിയിലും ഉന്നം വെച്ചെന്നാണു കേട്ടത്. എല്ലാം കണ്ണിന്‍ മുമ്പില്‍ നടന്ന സംഭവങ്ങള്‍. ആലീസ് ഓര്‍ക്കുകയായിരുന്നു. ആ സംഭവം എല്ലാവരെയും നന്നായി ഉലച്ചു. എന്നിട്ടും എങ്ങോട്ടും മാറണമെന്നു തോന്നിയില്ല. എങ്ങോട്ടു പോകണമെന്നറിയില്ലായിരുന്നു. ദൈവം ഇതുവരെ കാത്തു. താന്‍ ജോലിയില്‍ നിന്നു വരാറുകുമ്പോഴേക്ക് ജോണിച്ചായന്‍ വെളിയില്‍ വന്നു കാവല്‍ നില്‍ക്കും. തിരിച്ചും ജോണിച്ചായന്‍ എത്താറാകുമ്പോഴേക്കും തന്റെ രണ്ട ു കണ്ണുകള്‍ നിരീക്ഷണത്തിലായിരിക്കും. കൈയില്‍ ഫോണ്‍ ഒരു കരുതല്‍ പോലെ. അതിജീവനത്തിനു മനസ്സും ശരീരവും സ്വയം തയ്യാറാകുന്നു. ധൈര്യം എവിടെനിന്നോ വരുന്നു. ഇപ്പോള്‍ ഇവിടം കണ്ട പ്പോള്‍ ഏതോ മായാലോകത്തിലെത്തിയപോലെ. അടുത്തടുത്ത വീടുകളാണെങ്കിലും ഒച്ചയും അനക്കവും ഒന്നും ഇല്ല. തെരുവുകള്‍ വിജനം. ഇനി ഇതുപോലൊരു വീട് എന്നൊക്കും. ആലീസ് ഓര്‍ത്തു നെടുവീര്‍പ്പിട്ടു.

“”ആലീസേ നീ കുളിയ്ക്കുന്നോ?’’ “”ഇല്ല.’’ “”എന്നാ കുഞ്ഞിനെ കൊണ്ട ുപോയി മുകളിലെ ബെഡ്‌റൂമില്‍ കിടത്ത് അവരു മൂഡായി വരുന്നതേയുള്ളൂ. സമയമെടുക്കും. കുഞ്ഞിനെ ഉറക്കിയിട്ടു വാ.... എന്തെങ്കിലും മിണ്ട ിയും പറഞ്ഞും ഇരിയ്ക്കാം ഒത്തിരി നാളായില്ലേ.’’ കുഞ്ഞമ്മ പറഞ്ഞു.

“”ബാബുച്ചായോ ഗാര്‍ബേജെല്ലാം കെട്ടിവെയ്ക്കണം.’’ കുഞ്ഞമ്മ അകത്തോട്ടു നോക്കി വിളിച്ചു പറഞ്ഞു.

“”അളിയാ എത്ര നാളായി ഒന്നു കൂടിയിട്ട്.’’ ബ്ലാക്കില്‍ ഐസുക്യൂബുകള്‍ ഇട്ടുകൊണ്ട ു ബാബുക്കുട്ടി ചോദിച്ചു.

“”അളിയാ....’’ ജോണി വിളിച്ചു. അവന്റെ സ്വരം വ്യക്തതയുടെ അതിരുകള്‍ വെട്ടിമാറ്റിയിരുന്നു. അവന്‍ തുടര്‍ന്നു. “”എന്റെ ജീവിതം പട്ടി നക്കി. ഇനി അതൊന്നിനും കൊള്ളില്ല. ഇവിടെ ജീവിതമുണ്ടേ ാ അളിയാ. കഴുതയെപ്പോലെ പണിയെടുക്കണം. കന്നാലിയെപ്പോലെ വഴിനീളെ നടന്നു തിന്നണം. നായ്ക്കളെപ്പോലെ തെരുവില്‍ ഇണ ചേരണം. ഇതാണോ അളിയാ ജീവിതം. നമ്മളൊക്കെ സ്വപ്നം കണ്ട ജീവിതം ഇതാണോ? ഒക്കെ പട്ടി നക്കി. ഞാനും ഇവിടെ ജീവിക്കുന്നു. ഇനി ഒരു കാറു വാങ്ങണം. എന്നു നടക്കും ആവോ?....’’

ബാബുക്കുട്ടി നാരങ്ങ അച്ചാര്‍ തൊട്ടു നാക്കില്‍ വെച്ച് അതിന്റെ എരിവ് ആസ്വദിച്ചുകൊണ്ട ു ചോദിച്ചു.

“”അളിയനു കാറുവേണോ? ഞാന്‍ വാങ്ങിച്ചു തരാം. നാളെത്തന്നെ.... ഒരഞ്ഞൂറു ഡോളര്‍ ഡൗണ്‍ പേമെന്റില്‍ നാളെത്തന്നെ കാറു വീട്ടില്‍ കൊണ്ട ുപോകാം. ബാക്കി നാലോ അഞ്ചോ വര്‍ഷം കൊണ്ട ് അടച്ചാല്‍ മതി. ഞാന്‍ ഇതൊക്കെ പിന്നെങ്ങനാ സാധിക്കുന്നത്.’’ ബാബുക്കുട്ടി നില തെറ്റിയവനെപ്പോലെ ആടുന്നുണ്ട ായിരുന്നു. കുഞ്ഞമ്മയും ആലീസും ലിവിങ് റൂമിലെത്തി. കുഞ്ഞമ്മ പറഞ്ഞു “”അളിയന്മാര്‍ ഇന്നു പോയിക്കിടന്നുറങ്ങ്. കാറൊക്കെ നാളെ രാവിലെ വാങ്ങിക്കാം.’’

“”ഗുഡ്‌നൈറ്റ്.’’ അവര്‍ പരസ്പരം ശുഭ രാത്രി നേര്‍ന്നു. വളരെ നാളത്തെ വരള്‍ച്ചയ്ക്കു ശേഷം പെയ്ത പുതുമഴയുടെ കുളിര്‍മ അനുഭവിച്ചവരെപ്പോലെ അവര്‍ അവരവരുടെ മുറികളിലേക്കു പോയി.

നേരം നന്നായി പുലര്‍ന്നശേഷമാണ് എല്ലാവരും ഉണര്‍ന്നത്. കുഞ്ഞമ്മ മാത്രം നേരത്തെ എഴുന്നേറ്റ് കാപ്പിയുണ്ട ാക്കി, ആലീസിനെ വിളിച്ചു. “”കാപ്പി തണുത്തു പോകണ്ട .’’ അവള്‍ പറഞ്ഞു.

“”ഞാന്‍ താഴേക്കു വരുകയായിരുന്നു’’ അല്പം കുറ്റബോധത്തോടെ ആലീസ് പറഞ്ഞു.

“”ഞാന്‍ എന്നും രാവിലെ എഴുന്നേല്‍ക്കുന്നതു ശീലമാ... രാവിലെ അഞ്ചിനെഴുന്നേറ്റെങ്കിലേ സമയത്തു ജോലിക്കെത്താന്‍ കഴിയൂ.’’ കുഞ്ഞമ്മ പറഞ്ഞു. അവര്‍ ലിവിങ്ങ് റൂമില്‍ സോഫയില്‍ ഇരുന്നു. മറ്റുള്ളവരൊക്കെ നല്ല ഉറക്കത്തിലായിരുന്നു. ആലീസിനെന്തൊക്കെയോ ചോദിക്കണമെന്നുണ്ട ായിരുന്നു. അവള്‍ എങ്ങും തൊടാതെ ചോദിച്ചു.

“”നാട്ടില്‍ എല്ലാവരും സുഖമായിരിക്കുന്നുവോ? കത്തുകളൊക്കെ വരാറുണ്ടേ ാ?’’ “”എല്ലാവരും സുഖമായിരിക്കുന്നു. പൂരപണി അല്പം കൂടി ബാക്കിയുണ്ടെ ന്ന് അപ്പന്‍ എഴുതിയിരുന്നു. നിനക്കറിയാമല്ലോ.... ഒരേക്കറു സ്ഥലവും പുരയും പിന്നെ ഇവിടുത്തെ കാര്യങ്ങളും എല്ലാംകൂടി കൈ കുഴഞ്ഞു. പിന്നെ പഴയതുപോലെ അല്ലല്ലോ. ഇപ്പോ എല്ലാത്തിനും ബാബുച്ചായന്റെ അനുവാദം ചോദിക്കണം. എന്റെ വീട്ടില്‍ കൊടുക്കുന്നതിനൊന്നും പറയത്തില്ല. എന്നാലും....’’

“”നീ എല്ലാവര്‍ക്കും വേണ്ട ി, എല്ലാത്തിനും വേണ്ട ി ജീവിച്ചാല്‍ മതിയോ?’’ ആലീസ് പെട്ടെന്നു ചോദിച്ചു. കുഞ്ഞമ്മ ജനാലയുടെ വകഞ്ഞു മാറ്റിയ കര്‍ട്ടനിടയിലൂടെ വെളിയിലേക്കു നോക്കിയിരുന്നു. അവളുടെ ഉള്ളില്‍ എന്തൊക്കെയോ മഥിക്കുന്നുണ്ട ായിരുന്നു.

ആലീസ് കുഞ്ഞമ്മയുടെ വലതു കരം കൈയിലെടുത്ത്, തലോടിക്കൊണ്ട ് ചോദിച്ചു.

“”നീ വേണ്ടെ ന്നു വെച്ചതാണോ?’’

കുഞ്ഞമ്മയുടെ കണ്ണുകള്‍ പെട്ടെന്നു ഉരുണ്ട ുകൂടി. അല്പനേരത്തെ മൗനംകൊണ്ട ് സ്വയം വീണ്ടെ ടുത്തിട്ടവള്‍ പറഞ്ഞു

“”ആദ്യമൊക്കെ ഇപ്പോള്‍ വേണ്ട എന്നുണ്ട ായിരുന്നു. എല്ലാം ഒന്നു ശരിയായിട്ടു മതിയെന്നായിരുന്നു. ആദ്യത്തെ രണ്ട ുമൂന്നുമാസം ഭയമായിരുന്നു. പിന്നെ ഒന്നും സംഭവിക്കുന്നില്ലെന്നറിഞ്ഞപ്പോള്‍ ഉള്ളില്‍ ചെറിയ സന്തോഷം.... പക്ഷേ ഇപ്പോള്‍.... എത്ര ശ്രമിച്ചിട്ടും..... എന്തോ..... എന്റെ ജീവിതം ഇങ്ങനെയൊക്കെയായിരിക്കാം.’’ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ശൂന്യമായ ഗര്‍ഭപാത്രവും തേങ്ങുകയായിരുന്നു.

“”കുഞ്ഞമ്മേ നിരാശപ്പെടാന്‍ മാത്രം സമയമൊന്നും ആയിട്ടില്ലല്ലോ.... നല്ല ഒരു ഡോക്ടറെ പോയി കാണണം. എല്ലാം നേരെയാകും. ദൈവം നമ്മളെയൊന്നും കൈ വിടില്ല.’’ ആലീസ് കുഞ്ഞമ്മയെ ആവുന്നത്ര സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. “”കുഞ്ഞമ്മേ....’’ ബാബുക്കുട്ടി വിളിച്ചു. കുഞ്ഞമ്മ കണ്ണു തുടച്ച് എഴുന്നേറ്റു പോയി. ഛേ... ഒന്നും ചോദിക്കേണ്ട ിയിരുന്നില്ല. ആലീസ് ഓര്‍ത്തു. ഹെലന്‍ എഴുന്നേറ്റ് കരയുന്നു. അവള്‍ ഹെലന്റെ ലോകത്തേക്ക് അലിഞ്ഞു. കുഞ്ഞമ്മ ഹെലന് ഒരു ബാര്‍ബി ഡോളിനെ വാങ്ങിക്കൊടുത്തു. ഇന്നാളില്‍ കടയില്‍ കണ്ട പ്പോള്‍ വെറുതെ വാങ്ങിച്ചതാ. കുഞ്ഞമ്മ ആരോടെന്നില്ലാതെ പറഞ്ഞു. താലോലിക്കാന്‍ ഒരു കുഞ്ഞിനു വേണ്ട ിയുള്ള അവളുടെ ദാഹം ആലീസ് അറിയുന്നുണ്ട ായിരുന്നു.

തിരികെ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ബാബുക്കുട്ടി പറഞ്ഞു. “”ഞാന്‍ കൊണ്ട ുവിടാം.’’ അവര്‍ വേണ്ടെ ന്നു പറഞ്ഞില്ല. പോകുന്ന വഴിയില്‍ ബാബുക്കുട്ടി ഒരു കാര്‍ ഡീലറിന്റെ അടുത്തു നിര്‍ത്തി. പലതരം കാറുകള്‍. ഒരു ബ്യൂക്ക് കാര്‍. പിന്തീരായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പത്. ജീവിതം പോലെ വിചിത്രമായ വിലയിടീല്‍. അതൊരു തന്ത്രമാണ്. വാങ്ങുന്നവനെ വിഡ്ഢിയാക്കുന്ന തന്ത്രം. ബാബുക്കുട്ടി വിലപേശി. ഇരുനൂറ്റിതൊണ്ണൂറ്റിയൊമ്പതു കുറച്ചു. “”അളിയാ ഇഷ്ടമായോ?’’ ബാബുക്കുട്ടി ചോദിച്ചു. ജോണി പറഞ്ഞു. “”അളിയാ എന്റെ കൈയ്യില്‍ ഒന്നും…. പിന്നീടാകട്ടെ.’’ “”അതു സാരമില്ല. നമുക്ക് അഞ്ഞൂറ് ഡൗണിടാം.... അതെന്റെ കൈയ്യിലുണ്ട ്. ബാക്കി മാസാമാസം കൊടുക്കണം.’’ ജോണി ആലീസിനെ നോക്കി. കാര്‍ ഒരു സ്വപ്നമായി കൂടെ കൂടിയിട്ട് കുറച്ചു നാളുകളായി. ആലീസിന്റെ മൗനം സമ്മതമായെടുത്ത് കാര്‍ എന്ന ആവശ്യം സ്വപ്നത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്കിറങ്ങി വന്നിരിക്കുന്നു. ബാബുക്കുട്ടിയുടെ ഇന്‍ഷുറന്‍സ് കമ്പനിയെ വിളിച്ച് ഇന്‍ഷുറന്‍സ് എടുക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. കാര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇന്‍ഷുറന്‍സ് പേപ്പറുകള്‍ മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ ഹാജരാക്കണം. എല്ലാം ഡീലര്‍ തന്നെ ചെയ്തുകൊള്ളും.

കാര്‍ ഇന്നു തന്നെ കൊണ്ട ുപോകാം. പക്ഷെ ജോണിയുടെ മനസ്സില്‍ മറ്റു ചില വേവലാതികള്‍ ആയിരുന്നു. ചെന്നായ്ക്കളുടെ മുന്നില്‍ മാന്‍ കുട്ടിയെ ഇറക്കിവിട്ടാലത്തെ അവസ്ഥപോലെയായിരിക്കും. എല്ലും തോലുമേ മിച്ചം കാണുകയുള്ളൂ. വണ്ട ിയുടെ ഭാഗങ്ങള്‍ ഒന്നൊന്നായി അരമണിക്കൂറു കൊണ്ട ് അപ്രത്യക്ഷമാകും. ഏതെങ്കിലും ജംഗ് യാര്‍ഡുകാരന്റെ അലമാരകളില്‍ അത് ആവശ്യക്കാരെയും കാത്തിരിക്കുന്നുണ്ട ാവും. കാര്‍ മോഷണം വലിയ ഒരു മാഫിയ വലയത്തിലും സംരക്ഷണയിലുമാണു നടക്കുന്നത്. പഴയ കാറുകളില്‍ കേടായ പാര്‍ട്ട്‌സ് മാറ്റിയിടേണ്ട ി വരുമ്പോള്‍ ഇത്തരം മോഷണ വസ്തുക്കള്‍ അല്പം കുറഞ്ഞ വിലയ്ക്ക് കിട്ടുന്നു. കച്ചവടക്കാരനും ഉപഭേക്താവിനും ലാഭം. മോഷ്ടാവിന് അന്നത്തെ ചെലവിനുള്ളതില്‍ കവിഞ്ഞൊന്നും കിട്ടില്ല. ഓരോ തെരുവും ഓരോ സംഘങ്ങള്‍ കയ്യടക്കിയിരിക്കുന്നു. കേവലം ഇന്നുമാത്രമാണവരുടെ മുന്നില്‍. പുതിയ പ്രഭാതത്തെ വരവേല്‍ക്കാന്‍ അവരുടെ പ്രജ്ഞ ഉണര്‍ന്നെങ്കില്‍ തെരുവ് അവര്‍ക്കായി എന്തെങ്കിലും കരുതിയിട്ടുണ്ട ായിരിക്കും. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഒരു രാജ്യത്തിന്റെ അവസ്ഥ…

“”ഞാന്‍ സൂപ്പറിനെ കണ്ട ് ഒരു ഗരാജ് ഏര്‍പ്പാടാക്കിയിട്ട് നമുക്ക് കാറു കൊണ്ട ുപോകുന്നതല്ലേ നല്ലത്.’’ ജോണി ചോദിച്ചു. അത് പൊതു അഭിപ്രായമായി അംഗീകരിക്കപ്പെട്ടു.

ഓര്‍ക്കാപ്പുറത്തു വന്ന സൗഭാഗ്യമായി ആലീസ് ചിരിച്ചു. ഒരു കാറുണ്ട ായിരുന്നെങ്കിലെന്ന് കൊതിച്ച നിമിഷങ്ങള്‍ എത്ര! ഗ്രോസറി വാങ്ങാന്‍ വേണ്ട ി മന്‍ഹാട്ടനിലേക്കുള്ള യാത്ര. ബ്രോണ്‍സ്സിലെങ്ങും ഇന്ത്യന്‍ കടകള്‍ ഉള്ളതായി അറിവില്ല. മന്‍ഹാട്ടനില്‍ ഇരുപത്തിമൂന്നാം തെരുവില്‍ ഒരു കടയുണ്ട ്. അവിടെ മുകളുപൊടി, മല്ലിപ്പൊടി, അരി, മീന്‍, കാള, കോഴി മുതലായ അത്യാവശ്യ സാധനങ്ങളൊക്കെ വാങ്ങി ട്രെയിനിലും ബസ്സിലും കയറിവരുന്ന ആ കഷ്ടപ്പാടില്‍ കാറ് ഒരു സ്വപ്നമായിരുന്നു. ഇനി ബാബുക്കുട്ടിയുടെ അഞ്ഞൂറിന്റെ കൂടെ മാസാമാസം കാര്‍ ലോണ്‍, ഇന്‍ഷുറന്‍സ്, എല്ലാം കൂടി ഭാരം ഏറുകയാണല്ലോ? അവള്‍ മനസ്സില്‍ ഓര്‍ത്തു.

പിറ്റെ ഞായറാഴ്ച സ്വയം കാറോടിച്ച് പള്ളിമുറ്റത്തെത്തിയ ജോണിയുടെ തല അല്പം നിവര്‍ന്നു നിന്നു. പള്ളിയില്‍ ആകെ പത്തു പേര്‍ക്കേ കാറുള്ളൂ. തിരിച്ചു പോക്കില്‍ കാറില്‍ കൊള്ളാവുന്നത്ര പേരെ കുത്തിനിറയ്ക്കും. എല്ലാവരെയും അവരവരുടെ വീട്ടുവാതുക്കല്‍ ഇറക്കി വിടും. ചുറ്റുവട്ടത്ത് കാറില്ലാത്തവര്‍ക്ക് അതൊരാശ്വാസമായി. ജോണി എല്ലാവരെയും സഹായിക്കാന്‍ എപ്പോഴും തല്പരനായിരുന്നു. പള്ളിയില്‍ പോകുമ്പോഴും വരുമ്പോഴും ആ കാര്‍ നിറവിലായിരുന്നു. അമ്മയുടെ മടിയില്‍ നിന്ന് ഹെലന്‍ പുറം ലോകത്തെ കാഴ്ചകള്‍ കണ്ട ് ഒരു പുതുലോകത്തെ അവള്‍ അറിയുകയായിരുന്നു.

ആഗ്രഹങ്ങള്‍ തിരമാലപോലെയാണ്. ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ട ിരിയ്ക്കും. ഇനി ഒരു വീട്. കൂടെ ഉണ്ട ായിരുന്നവരൊക്കെ വീടുവാങ്ങി. ഓരോരോ സ്ഥലങ്ങളിലേക്കു മാറുന്നു. നമുക്കും ഇവിടെനിന്നു മാറണം. ഹെലന്‍ വളര്‍ന്നു വരുന്നു. അവളെ നല്ല സ്കൂളില്‍ ചേര്‍ക്കണം. ഇവിടെന്നും അടിയും വഴക്കുമാണ്. കറുത്തവനും, പിന്നെ പോട്ടോറിക്കന്‍സുമാണ് മുഖ്യ എതിരാളികള്‍. തെരുവിന്റെ ആധിപത്യത്തെക്കുറിച്ചോ, അതിര്‍ കയ്യേറിയതിനെചൊല്ലിയോ ഒക്കെയായിരിക്കാം തര്‍ക്കങ്ങള്‍ അല്ലെങ്കില്‍ പുതിയ ഗ്യാങ്ങുകള്‍ രൂപപ്പെടുകയായിരിക്കാം. അടിയും വെടിയുമില്ലാത്ത ദിവസങ്ങള്‍ ഇല്ലാതായിരിക്കുന്നു. പിടിച്ചു പറിക്കാര്‍ ഒരു കോണില്‍. ഹെലന്‍ നഴ്‌സറിയിലാണ്. സ്കൂള്‍ ബസ്സില്‍ കയറ്റിവിടാനും, തിരികെ വിളിക്കാനും പുറത്തിറങ്ങുമ്പോള്‍ ചങ്ക് പടാപടാ എന്ന് ഇടിക്കുകയാണ്. ഇരയുടെമേലുള്ള വേട്ടക്കാരന്റെ തുറിച്ചു നോട്ടം കണ്ട ില്ലെന്നു നടിക്കും. ഉള്ളില്‍ എല്ലാ ദൈവങ്ങളെയും വിളിക്കും. ഇതു നമുക്ക് പറ്റിയ സ്ഥലമല്ലെന്നൊരു തോന്നല്‍ കുറെ ദിവസമായി ഉള്ളില്‍ കിടന്നു തികട്ടുന്നു.

“”നമുക്കെങ്ങോട്ടെങ്കിലും മാറണം’’ ഒരു ദിവസം ആലീസ് ജോണിയോടായി പറഞ്ഞു.

“”എങ്ങോട്ട്?’’ ജോണി അങ്ങനെ ഒരു വിഷയത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ലായിരുന്നു.

ആലീസ് എല്ലാത്തിനും ഉത്തരമുണ്ട ായിരുന്നു. “”കൂടെ ജോലി ചെയ്യുന്ന ഗോമതി ബ്രുക്ലിനില്‍ വീട് വാങ്ങി. നാല്പതിനായിരമേ ആയുള്ളൂന്നാ പറഞ്ഞത്.’’

ഗോപാലന്‍ നായര്‍ വഴികാട്ടിയായി. ബുഷ്‌വിക്ക് അവന്യൂവില്‍ സാമാന്യം തിരക്കുള്ള സ്ഥലം. എങ്കിലും നമ്മുടെ സ്വകാര്യതകള്‍ക്കു തടസ്സമില്ല. ചുറ്റും വെള്ളക്കാരാണ്.

അയ്യായിരം ഡൗണ്‍പേയ്‌മെന്റ്. അതിനുള്ളത് എങ്ങനെയും തപ്പിപ്പെറുക്കണം. ബാക്കി ലോണ്‍.

താഴെ കയറി ചെല്ലുന്നിടത്ത് ലിവിങ്ങ് റൂം, കിച്ചന്‍, ബാത്ത് റൂം മുകളില്‍ മൂന്ന് ബഡ് റൂംസ്. ഏറ്റവും താഴെ ബെയ്‌സ്‌മെന്റ്, ബോയിലര്‍ റൂമാണ്. . അവിടെ ബോയിലര്‍, വാഷിങ്ങ് മെഷീന്‍, ഡ്രൈയര്‍. പിന്നെ വേണമെങ്കില്‍ ഓരോഫീസ് മുറി തിരിയ്ക്കുവാനുള്ള സൗകര്യവും ഉണ്ട ്. മറ്റുള്ളവരുമായി തട്ടിച്ചു നോക്കുമ്പോള്‍ സൗകര്യങ്ങള്‍ കുറവായിരിക്കാം. നമുക്കുള്ളതില്‍ സന്തോഷിക്കുക അതല്ലേ നല്ലത്. ഒന്നുമല്ലേല്‍ സമാധാനമായി വഴി നടക്കാം. പേടിക്കാതെ കിടന്നുറങ്ങാം. ജോലിയിലെത്താന്‍ ഒരു പതിനഞ്ച് മിനിറ്റ് ഡ്രൈവിംഗ്. പിന്നെ രണ്ട ുവീടുകള്‍ക്കപ്പുറം ഗോമതിയും ഗോപാലന്‍ നായരും. ആകെയുള്ള ഒരു പോരാഴിക തൊട്ടു തൊട്ടു വീടുകളാണെന്നുള്ളതാണ്. ആലീസിന്റെ ചിന്തകള്‍ അങ്ങനെ പോയി. സ്വയം പ്രതിരോധങ്ങള്‍ കണ്ടെ ത്തുകയായിരുന്നു.

ജീവിതം അടച്ചു തീര്‍ക്കുവാനുള്ള ബില്ലുകളുടെ ഒരു ഘോഷയാത്രയാണ്. കടങ്ങളും കെണികളും ജീവിതത്തെ വരിഞ്ഞുമുറുക്കുകയാണ്. പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല.

“”നമ്മള്‍ അന്യനാട്ടുകാരാണ്. ഒരു പുതിയ ഭൂമിയിലേക്ക് പറിച്ചു നട്ടവര്‍. ഇവിടെ വേരു പിടിക്കണമെങ്കില്‍ അത്ര എളുപ്പമല്ല.’’ ഗോപാലന്‍ നായര്‍ പറഞ്ഞു. പുതിയ അയല്‍വാസികള്‍, ഒത്തുകൂടിയപ്പോള്‍ അവര്‍ കഥകള്‍ പങ്കുവെയ്ക്കുകയായിരുന്നു.

ഗോപാലന്‍നായരും ഒരു വലിയ കുടുംബത്തിന്റെ അത്താണിയാണ്. മൂത്ത മകന്‍, തിരുവനന്തപുരം സ്വദേശി. മറ്റെല്ലാവരെയുംപോലെ പട്ടാളത്തില്‍ ചേര്‍ന്നു. വീട്ടില്‍ പറയത്തക്ക സൗകര്യങ്ങളൊന്നുമില്ല. അച്ഛന്‍ സംബന്ധക്കാരനായിരുന്നു. വല്ലപ്പോഴും കയറിവരും. കുട്ടികള്‍ എങ്ങനെ വളരുന്നു എന്ന് സംബന്ധക്കാര്‍ തിരക്കാറില്ലല്ലോ. അമ്മയില്‍ എട്ടുപേര്‍ ജനിച്ചപ്പോള്‍ അച്ഛന്‍ അമ്മയെ മറന്നു. ആരും തിരക്കിപ്പോയില്ല. അച്ഛന്‍ അന്ന് ഒരവശ്യ വസ്തു ആയിരുന്നില്ല. ഓരോ കാലത്തിന്റെ സംസ്കൃതി. അമ്മാവന്മാര്‍ കുറെയൊക്കെ നോക്കി. അവര്‍ സ്വയം പ്രാരാബ്ദക്കാരായിരുന്നു. അമ്മ നന്നേ കഷ്ടപ്പെട്ടു. മൂത്തമകനെ പഠിപ്പിച്ച് പത്ത് പാസ്സാക്കി. പിന്നെ അവനായി ഒരാശ്രയം. അവന്‍ ഇളയ അമ്മാവനെ പിന്‍തുടര്‍ന്ന് പട്ടാളത്തില്‍ ചേര്‍ന്നു. അമ്മാവന്‍ ആരുടെയൊക്കെയോ കയ്യോ കാലോ പിടിച്ച് പോസ്റ്റിംങ്ങ് സപ്ലൈസിലാക്കി. അതുകൊണ്ട ് അധികം ട്രെയിനിങ്ങിനൊന്നും പോകേണ്ട ി വന്നില്ല. പിന്നെ കൂടെക്കൂടെയുള്ള സ്ഥലമാറ്റം. അങ്ങനെയൊരു സ്ഥലമാറ്റത്തിനിടെ, വന്‍ നഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ എപ്പോഴോ ഗോമതി ഗോപാലന്‍നായരുടെ കണ്ണില്‍ പെടുകയായിരുന്നു. ക്രമേണ അതൊരു പ്രണയമായി. ഗോമതി തൃശൂര്‍ക്കാരിയാണ്. അമ്മാവന്റെ മകനുമായി കല്യാണം പറഞ്ഞു വെച്ചിരുന്ന പെണ്ണ്. കൃഷിക്കാരനായ അയാളെക്കാള്‍ എന്തുകൊണ്ടേ ാ ഗോമതിക്ക് കണ്ണില്‍ പിടിച്ചത് ഗോപാലന്‍ നായരെയായിരുന്നു.

അമേരിക്കയില്‍ വന്ന അവര്‍ മറ്റെല്ലാവരെയുംപോലെ കഷ്ടപ്പാടുകളും ദുരിതങ്ങളും പങ്കുവച്ചു. ഗോപാലന്‍നായര്‍ക്ക് ഒരു ഗ്യാസ് സ്റ്റേഷനില്‍ അറ്റന്ററായി ജോലി കിട്ടി. പ്രായമുള്ള ഒരിറ്റാലിയന്‍ ആയിരുന്നു അതിന്റെ ഉടമസ്ഥന്‍. ഗോപാലന്‍ നായരെ അയാള്‍ “നേയര്‍’ എന്നു വിളിച്ചു. നല്ലവനായ അയാള്‍ക്ക് ഗോപാലന്‍ നായരെ ഇഷ്ടമായി. അല്ലെങ്കിലും വളവും തിരിവും ഇല്ലാത്തവരെ എല്ലാവരും ഇഷ്ടപ്പെടുമല്ലോ. പ്രവൃത്തിയിലെ ആത്മാര്‍ത്ഥതകൊണ്ട ും, പെരുമാറ്റത്തിലെ വിനയം കൊണ്ട ും ഗോപാലന്‍ നായര്‍ എല്ലാവര്‍ക്കും പ്രിയങ്കരനായി. ഇന്ന് അയാള്‍ അവിടുത്തെ മാനേജരാണ്. മൂന്നു ലിഫ്റ്റുകളുള്ള ഒരു വര്‍ക്ക് ഷോപ്പു കൂടിയാണത്. മുതലാളി ഗോപാലന്‍ നായരോടു സൂചിപ്പിച്ചു. അയാള്‍ക്കു മതിയായി. പതിനാറാം വയസ്സില്‍ തുടങ്ങിയ അദ്ധ്വാനമാ. ഇനി വിശ്രമിക്കണം. ന്യായവിലയ്ക്ക് ഞാനിതു നിനക്കു തരും. ഗോപാലന്‍ നായര്‍ ചില കണക്കു കൂട്ടലുകള്‍ ജോണിയുമായി പങ്കുവച്ചു.

ഗോപാലന്‍ നായര്‍ക്കും ഗോമതിക്കും ഒരു മകന്‍ ഗോപന്‍. നാലു വയസ്സ്. ഹോലനും ഗോപനും ഒരേ സ്കൂളില്‍ പോയി. അവരെ രാവിലെ ഒരു കൂട്ടര്‍ സ്കൂളില്‍ കൊണ്ട ുവിടും. വൈകിട്ട് മറ്റേക്കൂട്ടര്‍ തിരികെ വിളിച്ചു കൊണ്ട ുവരും. അയല്‍ക്കാര്‍ രണ്ട ു കൂട്ടര്‍ക്കും അത് ആശ്വാസമായിരുന്നു. അവര്‍ നല്ല അയല്‍വാസികള്‍ ആയിരുന്നു. കുട്ടികള്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നു.

ആലീസ് വീണ്ട ും ഗര്‍ഭിണി ആയി. ജീവിതം പടരുകയാണ്. പലരും പല തൊഴില്‍ മേഘലകള്‍ തേടി. തുടര്‍ പഠനത്തിനു കഴിയുന്നവരൊക്കെ ആ വഴിക്കു തിരിഞ്ഞു. പള്ളിയായിരുന്നു കൂട്ടായ്മയ്ക്കുള്ള പൊതുസ്ഥലം. അവിടെ അവര്‍ അറിവുകള്‍ പങ്കുവച്ചു. വര്‍ക്കിയാണ് പറഞ്ഞത് സബ്‌വേയില്‍ സ്റ്റോര്‍ ക്ലാര്‍ക്കിനെ എടുക്കുന്നുണ്ടെ ന്ന്. പേഴ്‌സണലില്‍ പോയി ആപ്ലിക്കേഷന്‍ കൊടുക്കണം.

കേട്ടവര്‍ കേട്ടവര്‍ ആപ്ലിക്കേഷന്‍ കൊടുത്തു. പലര്‍ക്കും സബ്‌വേയില്‍ ജോലിയായി. ജോണിയും ഗോപാലന്‍ നായരുമൊക്കെ അറിഞ്ഞു വന്നപ്പോഴേക്കും, വളരെ താമസിച്ചു പോയി. ഇനി ഒഴിവു വരുമ്പോള്‍ അറിയിക്കാം എന്ന നല്ല വാക്ക് കേട്ട് അവര്‍ മടങ്ങിപോന്നു. കുടിയേറ്റ ഭൂമിയില്‍ ഒരു പുതിയ തൊഴില്‍ വിഭാഗം ഉദയം കൊള്ളുകയായിരുന്നു. ഇറ്റാലിയന്‍സിന്റെ കുത്തകയായിരുന്ന തൊഴിലിടമായിരുന്നു സബ്‌വേ. അവിടെ പുതിയ കയ്യേറ്റക്കാര്‍. ഭാഷാപരമായ പ്രശ്‌നങ്ങള്‍, തിരിച്ചു പറയുമ്പോഴുള്ള ഉച്ചാരണ പിശകുകള്‍. അപമാനവും അവഗണനയും എല്ലാം സഹിച്ച് അവര്‍ തങ്ങളുടെ സഹനത്തിന്റെ ബലം കാട്ടി. വേരുകള്‍ നഷ്ടപ്പെട്ടവരെന്ന ചിന്ത അവരെ പിടിച്ചു നില്‍ക്കുവാന്‍ പ്രേരിപ്പിച്ചു.

ആലീസിന്റെ പ്രസവമടുക്കാറായപ്പോള്‍, ഒരു സഹായത്തിന് നാട്ടില്‍ നിന്നും അമ്മയെക്കൂടി കൊണ്ട ു വന്നാലോ എന്നൊരാലോചന അവര്‍ക്കുണ്ട ായി. അപ്പോഴേക്കും ചിലരെല്ലാം അവരുടെ അമ്മമാരെ കൊണ്ട ുവന്നു തുടങ്ങിയിരുന്നു. അമ്മമാര്‍ക്ക് തങ്ങളുടെ അവിവാഹിതരായ മക്കളെ വേഗത്തില്‍ കൊണ്ട ുവരാന്‍ ചില അവകാശങ്ങള്‍ അനുവദിച്ചിരുന്നു. അതു പ്രയോജനപ്പെടുത്താനും, മക്കളുടെ പ്രസവമെടുക്കാനും ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ ഏറെ.

പക്ഷേ അമ്മ വരുന്നില്ല; മറ്റു മക്കള്‍ ഒറ്റയ്ക്കായി പോകും. ശരിയാണ്. “ആലീസേ നമ്മള്‍ എന്നും ഒറ്റയ്ക്കല്ലേ. എന്നും അങ്ങനെ തന്നെ മതി.’ അവര്‍ പ്രതികരിച്ചു. രണ്ട ാമത്തേത് ആണ്‍കുട്ടി. ഇനി ഒരു പ്രസവം വേണ്ട . ആ അദ്ധ്യായം അവിടെ അടഞ്ഞു.

ഹെലനും എബിയും വളരുകയാണ്. ചുറ്റുപാടുമുള്ള ജീവിതങ്ങളും. കുഞ്ഞമ്മ അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍, പുതിയ രാജ്യത്തെ പൗരത്വം എടുത്തു. വീട്ടിലുള്ളവര്‍ക്കൊക്കെ ഫയല്‍ ചെയ്തു. മുന്‍ഗാമികളില്‍ നിന്നു കിട്ടിയ പാഠങ്ങള്‍ പിന്‍ഗാമികള്‍ക്ക് മാര്‍ക്ഷരേഖയാകുന്നു. അവരും അനുഗാമികളാകുന്നു. അമേരിയ്ക്കയില്‍ അവര്‍ ഇതിനു മുമ്പ് കണ്ട ിട്ടില്ലാത്ത ഒരു പുതു നാഗരീകത ഉടലെടുക്കുകയായിരുന്നു. സാരിയുടുത്ത സ്ത്രീകള്‍ തെരുവുകളില്‍ അവരുടെ കണ്ണുകള്‍ക്കു കൗതുക കാഴ്ചയായി. ഇത്രയും തുണി എങ്ങനെ വാരി ചുറ്റും എന്നവര്‍ ആശ്ചര്യപ്പെട്ടു. അധിവേശത്തിന്റെ ഒരു പുതുമുഖം.

മഞ്ഞുകാലം പലതും കടന്നുപോയി. ജീവിതം എണ്ണയിട്ട ചക്കുപോലെ കറങ്ങുന്നു. യാന്ത്രികതയുടെ തനിയാവര്‍ത്തനങ്ങള്‍. ഒരേ താളം. പലരും ന്യൂയോര്‍ക്കിന്റെ പല പ്രവിശ്യകളിലായി ചിതറി. ക്യൂന്‍സ്, ന്യൂഹൈഡ് പാര്‍ക്ക്, ഫ്‌ളോറല്‍ പാര്‍ക്ക്, ബെല്‍ റോസ് അങ്ങനെ അവരവരുടെ ആസ്തി അനുവദിക്കുന്ന തരത്തിലുള്ള വീടുകള്‍ വാങ്ങി. വെളുത്ത തൊലിയുള്ളവര്‍, കാക്കക്കൂട്ടില്‍ വിരിഞ്ഞ കുയിലിനെ എന്നവണ്ണം അവരെ നോക്കി. പലയിടത്തും പ്രശ്‌നങ്ങള്‍ ഉണ്ട ായിരുന്നു. അയല്‍ക്കാര്‍ വീടിന്റെ ജനാലകള്‍ പൊട്ടിക്കുകയും കാറിന്റെ ടയര്‍ കുത്തിക്കീറുകയും ചീത്ത പറയുകയും ചെയ്തു. ചെറിയ ചെറുത്തുനില്‍പ്പുകളിലൂടെ അവര്‍ അതെല്ലാം സഹിച്ചു. വളരാന്‍ തുടങ്ങിയ പുതിയ തലമുറ അവകാശങ്ങളെക്കുറിച്ചു ബോധമുള്ളവരായിരുന്നു. അവര്‍ ചെറുത്തു നില്‍പ്പുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. പിന്നെ സഹനം എന്ന മന്ത്രവും അവര്‍ കൂടെ കൊണ്ട ു നടന്നു. സ്കൂളുകളില്‍ കുട്ടികള്‍ വല്ലാതെ മാനസ്സികമായി പീഡിപ്പിക്കപ്പെട്ടു. “ഗാണ്ഡി’ എന്നു വിളിച്ചവര്‍ കുട്ടികളെ കളിയാക്കി. ഗാന്ധി ആരായിരുന്നുവെന്ന് വിളിച്ചവനോ കേട്ടവനോ അറിയില്ലായിരുന്നു. കുട്ടികള്‍ കരുത്തു നേടുന്നതനുസരിച്ച് പൊരുതിക്കൊണ്ടേ യിരുന്നു.

സ്വന്തക്കാരെയും ബന്ധുക്കളെയും നാട്ടുകാരെയുമൊക്കെ കാണുകയെന്ന ആഗ്രഹം ഓരോരോ കാരണങ്ങളാല്‍ നാളേയ്ക്കു മാറ്റി വെച്ച തിളയ്ക്കുന്ന വികാരമായിരുന്നു. എല്ലാവര്‍ക്കും ഉപഹാരങ്ങള്‍ കൊടുക്കണം; കൈമടക്കിനുള്ള പണം വേറെ. ഏതെടുത്താലും നയന്റി നയന്‍ സെന്റു കടയില്‍നിന്നും രണ്ട ുമൂന്നു പെട്ടി നിറയെ സാധനങ്ങള്‍ വാങ്ങും. പിന്നെ വിലകുറഞ്ഞ ചില പെര്‍ഫ്യൂമുകള്‍, രണ്ട ു വീട്ടിലേക്കും ഓരോ ടേപ്പു റിക്കാര്‍ഡുകള്‍. ആരെയും പിണക്കാന്‍ പാടില്ലല്ലോ. അതിനുള്ള പാങ്ങേ ഉണ്ട ായിരുന്നുള്ളു. ആരും അകത്തെ ഇല്ലായ്മ പുറമേ കാണിച്ചില്ല. കുടിയേറ്റ ഭൂമിയിലെ അവരുടെ പ്രൗഢിയും പത്രാസും മറ്റുള്ളവരും അറിയണമെന്നവര്‍ ആഗ്രഹിച്ചു. ചിലരെങ്കിലും സാരിയ്ക്കു പകരം പാന്‍സും ഷര്‍ട്ടുമായി തിരുവനന്തപുരത്തും കൊച്ചിയിലും വന്നിറങ്ങി. “തങ്ങളുടെ പുതിയ വേഷം എങ്ങനെ’ എന്ന മട്ടില്‍ മറ്റുള്ളവരെ നോക്കി. ഷെയ്പ്പില്ലാത്ത ശരീരത്തിലെ ചീര്‍പ്പുകളും മുഴപ്പുകളും കണ്ട ് മറ്റുള്ളവര്‍ ചിരച്ചതവരറിഞ്ഞില്ല. അര്‍ദ്ധരാത്രിയില്‍ പിടിച്ച കുട! എന്ന് ചിലരൊക്കെ ഉള്ളില്‍ പറഞ്ഞു. എയര്‍പോര്‍ട്ടില്‍ വെച്ചു തന്നേ അമേരിയ്ക്കക്കാരായ കുട്ടികള്‍, മൂക്കുപൊത്തി, മൂക്കു കയറിട്ട കാളക്കുട്ടിയെപ്പോലെ അവര്‍ പുറകോട്ടു ബലം പിടിയ്ക്കുന്നു. ചൂടും ആവിയും കൊണ്ട ് അവരുടെ മുഖം ചുവന്നു തുടുത്തു. എയര്‍പോര്‍ട്ടിനു വെളിയിലെ മാലിന്യങ്ങളില്‍ കാല്‍ വെയ്ക്കാനറച്ചവര്‍ ആരുടെയെല്ലാമോ കണ്ണുകളിലേക്ക് ദയനീയമായി നോക്കുന്നു. രണ്ടേ ാ മൂന്നോ ആഴ്ചകള്‍ കഴിഞ്ഞ് ഗൃഹാതരത്വത്തിന്റെ പേടകവും പേറി അവര്‍ തിരികെ പോരുന്നു. കുറെ ഉപ്പേരി വകകള്‍, ഉപ്പിലിട്ടത്, ഇടിച്ചമ്മന്തി, മീന്‍പുളി മുതലായി അവര്‍ക്കു നഷ്ടപ്പെട്ടതൊക്കെ പെട്ടിയില്‍ തിരികി കയറ്റുന്നു. തിരികെ വന്നു കുട്ടികള്‍ പറയുന്നു. ഞങ്ങളിനിയാ മാലിന്യ കൂമ്പാരത്തിലേക്കില്ലെന്ന്. അതൊരു കാലം.

ടക്.... ടക്..... കതകില്‍ ആരോ മുട്ടുന്നു. കുളിക്കാന്‍ കയറിയിട്ടധികം സമയമായോ? ജോളിയുടെ മുഖത്തെ പരിഭ്രമം കണ്ട ് ആലീസ് സ്വയം ചോദിച്ചു.

“”നീ എന്താ വല്ലാതിരിക്കുന്നത്.’’ ആലീസ് ചോദിച്ചു.

“”അമ്മാമ്മ കുളിക്കാന്‍ കയറിയിട്ട് എത്ര സമയമായെന്നാ വിചാരം’’ ജോളി ചോദിച്ചു.

കാലത്തില്‍ കൂടിയുള്ള ഒരു തിരിച്ചു നടത്തമായിരുന്നു. അവന്റെ ഓര്‍മ്മകള്‍ എന്നെ എവിടേക്കെല്ലാമോ കൂട്ടിക്കൊണ്ട ു പോകുന്നു. ആലീസ് ഓര്‍ത്തു. അവള്‍ അനുജത്തിയോടൊന്നും പറഞ്ഞില്ല.

“”ഒരാള്‍ ഫോണില്‍’’ ജോളി പറഞ്ഞു.

“”ആരാ....?’’

“”ഇന്നലെ വിളിച്ച അമ്മിണി....’’ ജോളി പറഞ്ഞു.

“”ഹലോ അമ്മിണി....’’

“”ആ...ലീ....സേ....’’ അമ്മിണി അങ്ങേ തലയ്ക്കല്‍ തേങ്ങി. അവര്‍ക്കല്പ സമയം വേണ്ട ി വന്നു നിയന്ത്രണം വീണ്ടെ ടുക്കാന്‍.

“”ഞാന്‍ ഇന്നലെയാ അറിഞ്ഞത്. മേരിക്കുട്ടി വിളിച്ചിരുന്നു. വൈകിപ്പോയി. ഒന്നു കാണാന്‍ കഴിഞ്ഞില്ലല്ലോ....’’ അമ്മിണി വീണ്ട ും കരഞ്ഞു.

“”സാരമില്ല അമ്മിണി.... മൃതനായ ജോണി അമ്മിണിയുടെ മനസ്സിലില്ലല്ലോ. അവിടെ ജീവനുള്ള, ചിരിച്ചു കളിക്കുന്ന എല്ലാവരുടെയും മുന്നില്‍ കോമാളിയായി ജീവിച്ച എന്റെ ജോണിച്ചായന്റെ ചിത്രം അല്ലേ അതു മായിച്ചു കളയണ്ട . ഓരോരുത്തര്‍ അവനവന്റെ വിധിയുമായുള്ള പോരാട്ടത്തിലാണല്ലോ.’’ ആലീസിന്റെ മനസ്സില്‍ക്കൂടി പലതും കടന്നുപോകുന്നുണ്ട ായിരുന്നു.

“”അതേ, അവിടെ നമ്മുടെ സ്വപ്നങ്ങളും കണക്കുകളും പിഴയ്ക്കുന്നു.’’ അമ്മിണി ബാക്കിയെന്ന പോലെ കൂട്ടിച്ചേര്‍ത്തു.

“”നിനക്കു സുഖമാണോ?’’ ആലീസ് ഇനി എന്തു പറയണമെന്നറിയാതെ ചോദിച്ചു.

“”സുഖം. അതൊക്കെ നമ്മള്‍ എന്നേ ഉപേക്ഷിച്ച വാക്കുകളല്ലേ. അതൊരവസ്ഥയാണ്. അല്ലേ...? അങ്ങനെയൊരവസ്ഥ ഇന്നുവരെ നമ്മുടെ ജീവിതത്തിലുണ്ട ായിട്ടുണ്ടേ ാ? ഞാനും നീയുമൊക്കെ മാടുകളെപ്പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവര്‍. നമ്മളാല്‍ മറ്റുള്ളവര്‍ സുഖമനുഭവിക്കുന്നതു കണ്ട ് നമുക്ക് സന്തോഷിക്കാം.’’ അമ്മിണിയുടെ ഉള്ളില്‍ നിന്നും എന്തൊക്കെയോ പെയ്തിറങ്ങാന്‍ കൊതിയ്ക്കുന്നതുപോലെ. അമ്മിണി വിഷയം മാറ്റാനെന്നപോലെ പറഞ്ഞു. “”എനിക്ക് ജോണിയെ ഒന്നു കാണാന്‍ കഴിഞ്ഞില്ല. നിങ്ങളെയെല്ലാം വന്നൊന്നു കാണണമെന്നുണ്ട ്. വയ്യ. യാത്ര ചെയ്യാന്‍ വയ്യ. ഇനി എന്നെങ്കിലും കാണാമെന്നു രക്ഷകനില്‍ പ്രത്യാശിക്കുന്നു.... പിന്നെ എനിക്കൊന്നു കാണണമെന്നുണ്ട ്...’’ അവളുടെ നിയന്ത്രണം എവിടെയോ നഷ്ടപ്പെട്ടപോലെ. പറയാന്‍ വന്നതെന്തോ വിഴുങ്ങി അമ്മിണി പെട്ടെന്നു പറഞ്ഞു. “”ആലീസേ നീ വിശ്രമിക്ക്, ഞാന്‍ പിന്നെ വിളിയ്ക്കാം.’’ അവള്‍ ഫോണ്‍ വെച്ചു.

അവള്‍ ആരെ കാണണമെന്നാ പറഞ്ഞത്....! ആലീസ് അല്പനേരം കൂടി ഫോണ്‍ ചെവിയോടു ചേര്‍ത്തു പിടിച്ചിരുന്നു. പിന്നെ അവളും ഫോണ്‍ വെച്ചു.

(തുടരും...)
Join WhatsApp News
Amerikkan Mollaakka 2018-07-29 13:41:06
ജീവിക്കാൻ വേണ്ടി അമേരിക്കയിൽ വന്നു
ഒന്ന് മുതൽ പൂജ്യം വരെ എല്ലാ സ്വരുക്കൂട്ടി
കഴിയുന്ന കുറെ മനുഷ്യരെ ഇമ്മടെ സാംസി
സാഹിബ് വരച്ചു കാണിക്കുന്നു. ഇവിടെ ഒന്ന്
കാലുറച്ച് കിട്ടാൻ എന്തെല്ലാം വൈതരണികൾ.
വരും അധ്യായങ്ങൾ അവയെല്ലാം പറയുന്നതാകുമല്ലോ
സാംസി സാഹിബ് ഇങ്ങക്ക് കഥ പറയാൻ
അറിയാം. . കമന്റുകൾ
കാണാത്തതുകൊണ്ട് ആളുകൾ  ബായിക്കുന്നില്ല
എന്ന് കരുതണ്ട.  ഞമ്മളെപോലെ അനേകർ
ബായിക്കുന്നുണ്ട് സാഹിബേ .അസ്സാലാമു അലൈക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക