Image

ജോലിസ്ഥലത്തെ മര്‍ദ്ദനം; മലയാളി യുവാവിനെ നവയുഗം ജീവകാരുണ്യ വിഭാഗം രക്ഷപ്പെടുത്തി

Published on 29 July, 2018
ജോലിസ്ഥലത്തെ മര്‍ദ്ദനം; മലയാളി യുവാവിനെ നവയുഗം ജീവകാരുണ്യ വിഭാഗം രക്ഷപ്പെടുത്തി
ദമ്മാം: ഏറെ പ്രതീക്ഷകളുമായി പ്രവാസജോലിയ്ക്കെത്തിയ മലയാളി യുവാവിന് ജോലിസ്ഥലത്ത് നേരിടേണ്ടി വന്നത് മനുഷ്യത്വമില്ലാത്ത പീഡനങ്ങളായിരുന്നു. ഒടുവില്‍ നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

പത്തനംതിട്ട തിരുവല്ല കുടിയാടി സ്വദേശിയായ കെ.ജി.സനീഷ് എന്ന യുവാവിനാണ് പ്രവാസജീവിതം ദുരിതമയമായത്. ആറുമാസം മുന്‍പാണ് സനീഷ് ദമ്മാം ജമായിലുള്ള ഒരു സൗദി ഭവനത്തില്‍ ഹൌസ് ഡ്രൈവറായി ജോലിയ്ക്ക് എത്തിയത്. സ്‌പോണ്‍സര്‍ നല്ല ആളായിരുന്നു. എന്നാല്‍ സ്‌പോണ്‌സറുടെ മകന്‍ വല്ലാത്ത സ്വഭാവക്കാരനായിരുന്നു. ജോലിസ്ഥലത്ത് ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് ദേഷ്യപ്പെട്ട് അയാള്‍ സനീഷിനെ മര്‍ദ്ദിയ്ക്കാന്‍ തുടങ്ങി. സ്‌പോണ്‍സറോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല.

സനീഷിനെ ഇങ്ങനെ മര്‍ദ്ദിയ്ക്കുന്നതു കണ്ട പരിസരവാസികളായ ചിലര്‍ വിളിച്ച് അറിയിച്ചത് അനുസരിച്ചാണ് നവയുഗം ജീവകാരുണ്യവിഭാഗത്തിന് ഈ വിവരം ലഭിച്ചത്. നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ സക്കീര്‍ ഹുസ്സൈന്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, ഷൗക്കത്ത് പെരിന്തല്‍മണ്ണ എന്നിവര്‍ ഈ കേസില്‍ ഇടപെടുകയും, സനീഷിനെ അവിടെ നിന്നും രക്ഷിച്ച്, ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുകയും, ലേബര്‍ കോടതിയില്‍ കൊണ്ടുപോയി സ്‌പോണ്‌സര്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു.

വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ലേബര്‍ ഓഫിസര്‍ പിറ്റേന്ന് തന്നെ സ്പോണ്‍സറെ വിളിച്ചു വരുത്തുകയും, സനീഷിന് ഫൈനല്‍ എക്‌സിറ്റ് നല്‍കി നാട്ടിലേയ്ക്ക് അയയ്ക്കാന്‍ നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു. സ്‌പോണ്‍സര്‍ ആദ്യം വഴങ്ങിയില്ലെങ്കിലും, സക്കീര്‍ ഹുസ്സൈന്‍ സനീഷിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സ്പോണ്‍സറെ കാണിച്ച്, മകനെതിരെ പൊലീസില്‍ കേസ് കൈമാറിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ബോധ്യമാക്കി കൊടുത്തതോടെ, അയാള്‍ വഴങ്ങി. അങ്ങനെ സനീഷിന് ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കി.

സനീഷിന്റെ സഹോദരന്‍ വിമാനടിക്കറ്റ് അയച്ചു കൊടുത്തു. നവയുഗത്തിന് നന്ദി പറഞ്ഞു സനീഷ് നാട്ടിലേയ്ക്ക് മടങ്ങി.
ജോലിസ്ഥലത്തെ മര്‍ദ്ദനം; മലയാളി യുവാവിനെ നവയുഗം ജീവകാരുണ്യ വിഭാഗം രക്ഷപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക