Image

മേശയ്ക്ക് വില 78 കോടി ! (ലൗഡ് സ്പീക്കര്‍ 41: ജോര്‍ജ് തുമ്പയില്‍)

Published on 30 July, 2018
മേശയ്ക്ക് വില 78 കോടി ! (ലൗഡ് സ്പീക്കര്‍ 41: ജോര്‍ജ് തുമ്പയില്‍)
ഒരു മേശയ്ക്ക് എന്തു വില വരും പരമാവധി വിലയെന്നത് ഒരു 500 ഡോളറില്‍ താഴെ. എന്നാല്‍ ലക്ഷങ്ങള്‍ വിലയുള്ള ചില മേശങ്ങള്‍ ചില സെലിബ്രിറ്റികളുടെ വീട്ടില്‍ ഉള്ളതായി കേട്ടിട്ടുണ്ട്. ശരിയായിരിക്കാം, പക്ഷേ അതിന്റെ വിശദാംശങ്ങളെക്കുറിച്ച് വലിയ പിടിയില്ല. എന്നാല്‍ അടുത്തിടെ ഇറ്റലിയില്‍ ഒരു മേശ ലേലത്തിനു വച്ചു. ലേലത്തിനു വയ്ക്കുന്നു എന്നു പറഞ്ഞാല്‍ അറിയാമല്ലോ, പഴക്കമുണ്ടാവാന്‍ സാധ്യതയുണ്ട്. അതു കൊണ്ട് തന്നെ ചിലപ്പോള്‍ ലക്ഷങ്ങള്‍ വില കിട്ടിയേക്കാം. എന്നാല്‍, എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് മേശ ലേലത്തില്‍ പോയി. എത്ര രൂപയ്‌ക്കെന്നോ ഏതാണ്ട് 78 കോടി രൂപയ്ക്ക്! അത്ഭുതം എന്നല്ലാതെ എന്തു പറയാന്‍ ! ആദ്യം കേട്ടപ്പോള്‍ സംഗതി സത്യമാണോയെന്നു പോലും സംശയിച്ചു പോയി. വെറുതെ അക്കങ്ങളും എണ്ണിനോക്കി. ശരിയാണ്, ഉറപ്പിച്ചു കോടികള്‍ തന്നെ. ലണ്ടന്‍ ആര്‍ട്ട് ഫെയറിലായിരുന്നു മേശ ലേലം. അഞ്ചടി നീളവും മൂന്നര അടി വീതിയുമാണ് ഈ മേശയ്ക്കുള്ളത്. 1568-ല്‍ നിര്‍മ്മിച്ച ഈ മേശയ്ക്ക് വളരെയധികം പ്രത്യേകതകളുണ്ട്. പ്രശസ്ത ഇറ്റാലിയന്‍ കലാകാരനും ശില്പിയുമൊക്കെയായിരുന്ന ജിയോര്‍ജിയോ വസാരിയാണ് ഇതു രൂപകല്‍പ്പന ചെയ്തത്രേ. ഇറ്റലിയില്‍ അക്കാലത്ത് ജീവിച്ചിരുന്ന ഏറ്റവും മികച്ച ശില്‍പ്പിയായിരുന്നുവത്രേ വസാരി. അദ്ദേഹത്തെ കൊണ്ട് ഒരു മേശ നിര്‍മ്മിപ്പിക്കുക എന്നത് അതിലേറെ വലിയ കാര്യവും. പത്തുവര്‍ഷമെടുത്താണ് ഈ മേശയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നാണ് വിവരം. അന്ന് ഇതിന്റെ ചെലവ് എത്രയാണെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ അക്കാലത്ത് ഇതിന്റെ ചെലവ് തീര്‍ച്ചയായും ഒരു റിക്കാര്‍ഡായിരിക്കാമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. ഇറ്റലിയിലെ പ്രശസ്തമായ ഒരു രാജകുടുംബം ഒരിക്കലൊരു അവധിക്കാലം ചെലവഴിക്കാന്‍ വേണ്ടി ഒരു വസതി നിര്‍മ്മിച്ചു. അതിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളുടെയും നിര്‍മാണ ചുമതല വസാരിക്കായിരുന്നു. വസാരി തന്നെ വികസിപ്പിച്ചെടുത്ത പ്രത്യേകമായ നിര്‍മ്മാണ രീതി അനുസരിച്ചാണ് മേശ നിര്‍മിച്ചത്. അതു കൊണ്ട് തന്നെ ഈ മേശ അതിജീവിച്ചത് ഏതാണ്ട് 450 വര്‍ഷങ്ങളായിരുന്നു. അതിശയം എന്നല്ലേ പറയേണ്ടൂ. വളരെ വിലകൂടിയ, അപൂര്‍വങ്ങളായ നിരവധി കല്ലുകള്‍ മേശയുടെ നിര്‍മ്മാണത്തിനു വേണ്ടി ഉപയോഗിച്ചിരുന്നു. വെളുത്ത മാര്‍ബിളിന്റെ മുകളില്‍ വിലയേറിയ കല്ലുകള്‍ മനോഹരമായി കൊത്തിയെടുത്ത് അലങ്കരിച്ചിരിക്കുന്നു. മേശയ്ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല.ഊരി മാറ്റാന്‍ കഴിയുന്ന വെള്ളിയില്‍ തീര്‍ത്ത കാലുകളും മേശയ്‌ക്കൊപ്പമുണ്ട്.

*** ***** *****
പൊക്കമില്ലായ്മയാണ് എന്റെ വലിയ പൊക്കമെന്നു പാടിയ കുഞ്ഞുണ്ണിമാഷ് ഷിയായൂ എന്ന കുട്ടിയെ കണ്ടാല്‍ എന്തു പറഞ്ഞേനെ. പൊക്കം കൊണ്ടു ലോകവാര്‍ത്തകളില്‍ നിറയുകയാണ് ഈ ആറാം ക്ലാസുകാരന്‍. സംഭവം, ചൈനയിലാണ്. ഏറ്റവും ഉയരമേറിയ കൗമാരക്കാരന്‍ എന്ന ഗിന്നസ് ലിസ്റ്റിലേക്കാണ് ഷിയായൂ വളര്‍ന്നുകയറുന്നത്. ആശാന് ഇപ്പോള്‍ തന്നെ രണ്ടു മീറ്ററിലേറെ ഉയരമുണ്ട്. കൃത്യമായി പറഞ്ഞാല്‍, 2.06 മീറ്റര്‍. നിത്യേന ഉയരം കൂടുകയും ചെയ്യുന്നു. വളരുകയാണ്, വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഷിയായൂ. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ലേഷന്‍ സിറ്റിയിലാണ് ഷിയായൂവിന്റെ താമസം. ഷിയായൂവിന്റെ മാത്രം പ്രശ്‌നമല്ലിത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും സാമാന്യം നല്ല ഉയരമുണ്ട്. ഇരുവര്‍ക്കും യഥാക്രമം 1.9 മീറ്റര്‍, 1.8 മീറ്റര്‍ എന്നിങ്ങനെയാണ് ഉയരം. മാതാപിതാക്കള്‍ക്കു മാത്രമല്ല, മുത്തച്ഛനും മുത്തശ്ശിയും യഥാക്രമം 1.9 മീറ്റര്‍, 1.75 മീറ്റര്‍ ഉയരമുള്ളവരാണ്. അപ്പോള്‍ പിന്നെ ഷിയായൂവിന് ഉയരം കൂടിയില്ലെങ്കിലേ അത്ഭുതമുള്ളു. പക്ഷേ, ചൈനയിലുള്ളവര്‍ പൊതുവേ പൊക്കം കുറഞ്ഞവരാണെന്നും അവര്‍ക്ക് ഇങ്ങനെ ഉയരം വരുന്നതില്‍ അസ്വാഭാവിതയുണ്ടെന്നും പലരും പറയുന്നു. കുട്ടിയുടെ അനിയന്ത്രിത വളര്‍ച്ച ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കുട്ടിയുമായി ആശുപത്രിയില്‍ ചെന്നെങ്കിലും പരിശോധനയില്‍ അകാരണമായി ഒന്നും കണ്ടില്ല. ഇതെല്ലാം പാരമ്പര്യമായി സംഭവിച്ചതാണ് അതു കൊണ്ട് പ്രത്യേകമായ ഉത്കണ്ഠയുടെയൊന്നും ആവശ്യമില്ലെന്നും ഉയരക്കൂടുതലില്‍ പേടിക്കാനില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ക്ലാസിലും ഷിയായൂ സൂപ്പര്‍ താരമാണ്. ഒപ്പം പഠിക്കുന്നവരേക്കാള്‍ ഇരട്ടി ഉയരമുണ്ട് കക്ഷിക്ക്. അതു കൊണ്ടു തന്നെ സാധാരണ കുട്ടികളെ പോലെ, ക്ലാസ് റൂമില്‍ ഇരിക്കാനുള്ള കസേരയും മേശയും പ്രത്യേകം പണിയിപ്പിച്ചിട്ടുണ്ട്. ബെയ്ജിംഗില്‍ നിന്നുള്ള റിപ്പോര്‍ട്ടനുസരിച്ച് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൗമാരക്കാരന്റെ ഉയരം 215.9 സെന്‍റീമീറ്ററാണ്. 11 വയസില്‍ 206 സെന്‍റീമീറ്റര്‍ ഉയരമുള്ള ഷിയായൂവിന് റിക്കാര്‍ഡ് മറിടകടക്കാന്‍ അധികം കാലം കാത്തിരിക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

*** ***** *****
ഈ ജൂലൈ 25-ന് പോപ് താരം മൈക്കിള്‍ ജാക്‌സന്‍ മരിച്ചിട്ട് ഒമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതല്ല വാര്‍ത്ത. മൈക്കിള്‍ ജാക്‌സണ്‍ ജീവിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വസതിയോട് ചേര്‍ന്ന് ഒരു സ്വകാര്യ മൃഗശാല സ്ഥാപിച്ചിരുന്നു. കടുവയും ചിമ്പാന്‍സിയും അടക്കം നിരവധി മൃഗങ്ങള്‍ അവിടെയുണ്ടായിരുന്നു. അവിടെ അദ്ദേഹം ഓമനിച്ചു വളര്‍ത്തിയിരുന്ന ഒരു ആനയുണ്ടായിരുന്നുവത്രേ, പേര് അലി. ജാക്‌സണ്‍ മരിക്കുന്നതിനു തൊട്ടു മുന്‍പ് അദ്ദേഹം തന്റെ ആനയെ ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്‍ മൃഗശാലക്കു സമ്മാനിച്ചിരുന്നു. ഇവിടെയാണ് ആനയെ പാര്‍പ്പിച്ചിരുന്നത്. മൃഗശാലയില്‍നിന്ന് അലി ചാടിപ്പോയതാണ് വാര്‍ത്ത. സ്ഥലത്തെ ഗേറ്റ് അബദ്ധത്തില്‍ ആരോ തുറന്നിട്ടതാണ് പ്രശ്‌നമായത്. തുറന്നിട്ട ഗേറ്റിലൂടെ പുറത്തിറങ്ങിയ ആന സമീപത്തുള്ള മൃഗങ്ങളെയെല്ലാം ഒന്നു നടന്നു കണ്ടു. മര്യാദക്കാരനായ അലി പുറത്തുചാടിയെങ്കിലും കുസൃതി ഒന്നും ഒപ്പിച്ചില്ലെന്ന് അലിയുടെ ട്രെയിനര്‍ പറഞ്ഞു. ആന ചാടിപ്പോയെന്ന് മനസിലാക്കിയ മൃഗശാല അധികൃതര്‍ ഉടന്‍തന്നെ ഭക്ഷണം കാട്ടി മയക്കി അലിയെ കൂട്ടിലേക്കു തിരിച്ചെത്തിക്കുകയായിരുന്നു. എന്തായാലും മൃഗശാല കാണാനെത്തിയിരുന്നവര്‍ ആന നടന്നു വരുന്നതു കൊണ്ടു സമീപപ്രദേശത്തെ സുരക്ഷിതമായ ഭാഗത്തേക്കു മാറിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക