Image

ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ അതി ജീവനത്തിന്റെ കഥ (ജോസഫ് പടന്നമാക്കല്‍)

Published on 30 July, 2018
ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ അതി ജീവനത്തിന്റെ കഥ (ജോസഫ് പടന്നമാക്കല്‍)
തകര്‍ന്ന ഒരു കുടുംബത്തില്‍നിന്നുമുള്ള പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ജീവിത കഥ അടുത്തയിടെ മാദ്ധ്യമങ്ങളില്‍ വന്‍വാര്‍ത്തയായിരുന്നു. 'ഹനാന്‍' എന്നാണ് അവളുടെ പേര്. അവള്‍ പഠനവും ഒപ്പം മത്സ്യക്കച്ചവടവും ചെയ്തുകൊണ്ട് ഉപജീവനവുമായി അനാഥയെപ്പോലെ ജീവിക്കുന്നു. തൊടുപുഴയിലുള്ള 'അല്‍ അസര്‍ കോളേജില്‍' കെമിസ്ട്രി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. ഹനാന്റെ പിതാവ് ഒരു മദ്യപാനിയായിരുന്നു. 'അമ്മ മാനസിക രോഗിയും. അവള്‍ക്കു ഒരു ഇളയ സഹോദരനുമുണ്ട്. രണ്ടു മക്കളെയും വഴിയാധാരമാക്കിക്കൊണ്ടു അവളുടെ ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ വിവാഹമോചനം നേടിയിരുന്നു.

ബാല്യത്തില്‍ അവള്‍ അപ്പനും അമ്മയും അവളുടെ കുഞ്ഞങ്ങളായുമൊത്തു വാടക വീട്ടില്‍ താമസിച്ചിരുന്നു. കാര്‍മേഘങ്ങള്‍ നിറഞ്ഞ ജീവിതവുമായി നിത്യവും ഏറ്റുമുട്ടി പഠനവും തുടര്‍ന്നു. സാമൂഹിക മാദ്ധ്യമങ്ങളുടെയിടയില്‍ 'ഹനാന്‍' ഒരു തിളങ്ങുന്ന നക്ഷത്രമായത് മാതൃഭൂമി പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയില്‍ക്കൂടിയായിരുന്നു. ഇന്ന്, അവളെപ്പറ്റി നല്ലതും ചീത്തയുമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയാകളില്‍ വൈറല്‍ പോലെ പ്രചരിക്കുന്നു. കോളേജ് യൂണിഫോമില്‍ മത്സ്യം വില്‍ക്കുന്ന ഈ യുവതിയുടെ വീഡിയോകള്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ക്കു ഒരു ഹരമാണ്. അതേ സോഷ്യല്‍ മീഡിയാ തന്നെ അവളെ അപമാനിക്കാനും മുന്നില്‍ത്തന്നെ നില്‍ക്കുന്നു. 'ഹനാന്‍റെ കഥ കെട്ടി ചമച്ചതെന്നായിരുന്നു ചിലരുടെ വാദം. ഒരു സിനിമയില്‍ അഭിനയിക്കാനുള്ള അവസരം കിട്ടിയതിന്റെ പേരില്‍ ട്വിറ്ററും ഫേസ്ബുക്കും പോലുളള സോഷ്യല്‍ മീഡിയാകള്‍ അവള്‍ക്കെതിരെ അപവാദ പ്രചാരണങ്ങളും വ്യാജവാര്‍ത്തകളും നിത്യം തൊടുത്തുവിട്ടുകൊണ്ടിരിക്കുന്നുമുണ്ട്.

എന്താണ് ഹനാന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ആ സത്യം. ആരാണ് ഹനാന്‍? അവള്‍ എന്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നു? സ്വന്തം ജീവിതം കരുപിടിപ്പിക്കാനായി പൊരുതുന്നു? പത്തൊമ്പതു വയസുകാരിയായ അവളുടെ ജീവിതാനുഭവങ്ങളെപ്പറ്റി അവള്‍ തന്നെ വാര്‍ത്താ വീഡിയോകളില്‍ പറയുന്നുണ്ട്. അവളുടെ സ്വപ്നങ്ങളും ഉച്ചത്തില്‍ വിളിച്ചു പറയുന്നു. ദൈനം ദിന ജീവിതത്തിനുള്ള പണം മാത്രമല്ല അവള്‍ തേടുന്നത്. ഭാവിയെ കരുപിടിപ്പിക്കാനായും അഭിലാഷങ്ങളെ പൂര്‍ത്തിയാക്കാനും പണം കണ്ടെത്തണം. അവള്‍ക്കൊരു ഡോക്ടറാകണം. അതിനുവേണ്ടി കൂലിപ്പണി ചെയ്തും മത്സ്യം വിറ്റും ജീവിക്കാനുള്ള പോരാട്ടത്തിലാണ്.

ഹമീദിന്റെയും സൈറബിയുടെയും രണ്ടു കുട്ടികളില്‍ മൂത്തവളാണ് അവള്‍. ഹമീദ് ഇലക്ട്രീഷ്യനും സൈറാബി കുടുംബിനിയുമായിരുന്നു. തൃശൂരില്‍ സാമ്പത്തികമായി മെച്ചപ്പെട്ട ഒരു കൂട്ടുകുടുംബമായിരുന്നു പിതാവിന്റേത്. ബാല്യകാലത്ത് അവളുടെ കസിന്‍ സഹോദരികളുമൊത്ത് കളിച്ചു വളര്‍ന്നെങ്കിലും മുതിര്‍ന്നപ്പോള്‍ അവരെല്ലാം ആ കുട്ടിയ അറിഞ്ഞ ഭാവം പോലും നടിക്കാതെ അകന്നു പോയിരുന്നു. അവര്‍ക്കൊപ്പം അവള്‍ക്ക് ആഡംബര വേഷങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. അവരെപ്പോലെ നല്ല ഭക്ഷണം കഴിച്ചിരുന്നില്ല.

കുടുംബത്തില്‍ നിന്നും വീതം ലഭിച്ച ശേഷം ഹമീദ് ഭാര്യയുമൊത്ത് ഒരു വാടക വീട്ടില്‍ താമസം തുടങ്ങി. ഹനാന് അന്ന് എട്ടു വയസു മാത്രം പ്രായം. ഹനാന്‍ പറയുന്നു, "ബാപ്പയ്ക്ക് നിരവധി ബിസിനസുകളുണ്ടായിരുന്നു. പിക്കിളുണ്ടാക്കുന്ന കമ്പനി, ഇലക്ട്രോണിക്‌സ് ബിസിനസ്സ്, ജൂവലറി ഉണ്ടാക്കല്‍, എന്നിങ്ങനെ ബിസിനസ്സുകളുമായി കുടുംബത്തിന്റെ അന്നത്തിനായി കഠിനാധ്വാനം ചെയ്തിരുന്നു. ഞാനും എന്റെ ഉമ്മയും കഴിയും വിധം ബാപ്പായെ സഹായിക്കുമായിരുന്നു. പട്ടണത്തിലെ ഏറ്റവും നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഞങ്ങളെ പഠിപ്പിച്ചു. അവിടെ പണമുള്ള വീട്ടിലെ കുട്ടികളുമായി ഇടപെട്ടിരുന്നു. ഒരു പ്രസിദ്ധമായ ബാര്‍ ഹോട്ടലിന്റെ ഇലക്ട്രിക്കല്‍ ജോലിക്കുശേഷം എന്റെ പിതാവ് ഒരു മുഴുക്കുടിയനായി മാറി. അന്നുമുതല്‍ ദിവസവും കള്ളു കുടിക്കാന്‍ തുടങ്ങി. ഞങ്ങളുടെ കുടുംബം പൊട്ടിയൊഴുകുന്ന ഒരു വോള്‍ക്കാനയ്ക്ക് തുല്യമായി തീര്‍ന്നു. എന്റെ ബാപ്പ വടി ഒടിയുന്നതുവരെ കയ്യില്‍ കിട്ടുന്നതു വെച്ച് പാവം ഉമ്മയെ അടിക്കാനും ഉപദ്രവിക്കാനും തുടങ്ങി. ഒരിക്കല്‍ ഉമ്മയുടെ തലയ്ക്കിട്ടു ഒരു സീലിംഗ് ഫാന്‍ വെച്ച് അടിച്ചു. അന്നുമുതലാണ് 'ഉമ്മ മാനസികമായി തകര്‍ന്നതും പെരുമാറാനും തുടങ്ങിയത്. എന്നിട്ടും ബാപ്പായില്‍ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ടു ഞാന്‍ ബാപ്പായുടെ ബിസിനസായ ജൂവലറി ഏറ്റെടുത്തു. മുത്തുകള്‍ കൊണ്ടുള്ള മാലകളും സ്വര്‍ണ്ണ നിറമുള്ള കമ്മലുകളും നെക്‌ലേസുകളും വിറ്റു ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയിരുന്നു. എന്റെ അദ്ധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും അയല്‍വക്കക്കാര്‍ക്കും ജൂവലറി വിറ്റു ജീവിച്ചു വന്നു. െ്രെപമറി സ്കൂളിലെ കുട്ടികള്‍ക്ക് ട്യൂഷനും എടുക്കുമായിരുന്നു. അന്ന് ഞാന്‍ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്."

അങ്ങനെ, കുട്ടിയായ ഹനാന്‍ അവളുടെ വിദ്യാഭ്യാസത്തിനും അമ്മയുടെ മരുന്നിനും അനുജന്റെ സ്കൂള്‍ ഫീസിനും വീട്ടിലെ ചെലവുകള്‍ക്കുമായി കഷ്ടിച്ച് പണം ഉണ്ടാക്കിയിരുന്നു. 'സായിറാബി' ഒരു അക്കൗണ്ട് കമ്പനിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. എന്നാല്‍ ഹമീദിന്റെ ക്രൂര പെരുമാറ്റം മൂലവും രോഗിയായതിനാലും വീട്ടില്‍ തന്നെ മറ്റു ജോലികളില്ലാതെ താമസിക്കേണ്ടി വന്നു. ഹനാന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിക്കുന്ന സമയം അവളുടെ മാതാപിതാക്കള്‍ നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തി. ഹമീദ് മകനെ ഒപ്പം കൊണ്ടുപോയി. സൈറാബിയുടെ സഹോദരന്‍ ഹനാന്റെ ചുമതല ഏറ്റെടുത്തിരുന്നെങ്കിലും കാര്യമായ സഹായങ്ങളൊന്നും ലഭിച്ചിരുന്നില്ല.

അവള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന സമയം സ്വന്തമായി വീടില്ലാത്ത സ്ഥിതിവിശേഷവും വന്നുകൂടി. ഹനാന്‍ പറയുന്നു, "വീടില്ലാത്ത ഞാന്‍ ആദ്യം എന്റെ ഉത്തമ സുഹൃത്തായ ആതിരയുടെ വീട്ടില്‍ ഏകദേശം ഒരു മാസത്തോളം താമസിച്ചു. എന്റെ പരീക്ഷാഫലം വന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ കൊച്ചിയില്‍ ജോലി അന്വേഷിച്ചു പുറപ്പെട്ടു. ഒരു കാള്‍ സെന്ററില്‍ രാത്രിയും പകലും ഷിഫ്റ്റുകള്‍ മാറിമാറി ജോലി ചെയ്തു. ആദ്യത്തെ മാസത്തെ ശമ്പളം കിട്ടുന്നവരെ എനിക്ക് താമസിക്കാനായി ഒരു മുറിയുടെ വാടക കൊടുക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ഒരു മാസം പണമോ പാര്‍പ്പിടമോ ഇല്ലാതെയുള്ള ക്ലേശം മൂലവും തുടര്‍ച്ചയായ ചെവിയിലേക്കുള്ള ടെലിഫോണിലെ സൗണ്ട് മൂലവും എന്റെ ഇടത്തെ ചെവിക്ക് തകരാറു സംഭവിച്ചിരുന്നു. ഭാഗികമായി എന്റെ ചെവിയുടെ കേള്‍വി നഷ്ടപ്പെട്ടു. ആദ്യത്തെ ജോലിയില്‍നിന്ന് എന്നെ പുറത്താക്കി. അതിനുശേഷം 'ഡേറ്റ എന്‍ട്രി' സ്റ്റാഫായി ഒരു െ്രെപവറ്റ് കമ്പനിയില്‍ ജോലി തുടങ്ങി."

അവളുടെ ഉമ്മയെ കൊച്ചിയില്‍ ഒരു അതിഥി മന്ദിരത്തില്‍ താമസിപ്പിച്ചു. മടവനയില്‍ പിന്നീട് ഒരു വീട് വാടകയ്‌ക്കെടുത്തു. ഉമ്മയുമൊത്ത് ആ വീട്ടില്‍ താമസമാക്കി. ജീവിക്കാന്‍ വേണ്ടി വിശ്രമമില്ലാതെ പഠനവും മീന്‍കച്ചവടവുമായി നടക്കുന്ന ഹനാനു തന്റെ സ്വന്തം ഭാവി കരുപിടിപ്പിക്കുമെന്നുള്ള ശുപാപ്തി വിശ്വാസവുമുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ അവള്‍ക്ക് ഒരു ഡോക്ടറാകണമെന്ന ആഗ്രഹമാണുള്ളത്. അവള്‍ പറയുന്നു, "ഞാന്‍ ഒരു മെഡിക്കല്‍ ഡോക്ടറാകാന്‍ സ്വപ്നം കാണുന്നു. എങ്കിലും എന്റെ സാഹചര്യങ്ങള്‍ അതിന്റെ വഴിയേ പോവുന്നു. മാടവന വീട്ടിലേക്ക് മാറിയ ശേഷം ഞാന്‍ തൊടുപുഴയിലുള്ള 'അല്‍ അസര്‍ കോളേജില്‍' കെമിസ്ട്രി ബിഎസ്സി യ്ക്ക് ചേര്‍ന്നു. എന്നാല്‍ എന്റെ പഠനം തുടരാനും രോഗിയായ ഉമ്മയെ നോക്കാനും വരുമാനം തേടി പോവണമായിരുന്നു."

അവള്‍ ചിക്കന്‍ ഫ്രയ് (ഇവശരസലി എൃ്യ) ഉണ്ടാക്കി കോളേജ് കാന്റീനില്‍ വില്‍ക്കുമായിരുന്നു. നല്ലൊരു പാചകക്കാരിയെന്നും അവകാശപ്പെടുന്നു. അവളുടെ കെഎഫ്‌സി സ്റ്റയിലില്‍ ഉണ്ടാക്കുന്ന 'ചിക്കന്‍' കോളേജിലെ കുട്ടികളുടെയിടയില്‍ പ്രസിദ്ധമാണ്. അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ചിക്കന്‍ വില്‍ക്കുന്ന സമയത്താണ് അവള്‍ക്ക് ചെവിക്കു കേള്‍വി കുറവുണ്ടെന്ന് അവളുടെ ഗുരുക്കള്‍ മനസിലാക്കിയത്. കോളേജ് മാനേജ്‌മെന്റിന്റെ ഹോസ്പിറ്റലില്‍ സൗജന്യമായി ചീകത്സ നല്‍കുകയും ചെവി സര്‍ജറി ചെയ്യുകയും ചെയ്തു.

ആലുവാ ബീച്ചില്‍ ഒരു ആഘോഷ വേളയില്‍ 'ഏത്തക്കാ ബോളി' വിറ്റിരുന്ന സമയം രണ്ടു ചെറുപ്പക്കാരായ യുവാക്കളെ അവള്‍ കണ്ടുമുട്ടി. പതിനായിരം രൂപ മീന്‍ കച്ചവടത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും അതിനു തയ്യാറെങ്കില്‍ അവരെ വിളിക്കാനും പറഞ്ഞു. അവര്‍ അവളെ മീന്‍ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ കൊണ്ടുപോയി. അതിന്റെ അടുത്ത മാസം തന്നെ അവള്‍ മാര്‍ക്കറ്റില്‍ മത്സ്യ വില്‍പ്പന തുടങ്ങി. ആ സമയത്ത് തെരുവില്‍ എങ്ങനെ കച്ചവടം നടത്താമെന്ന പ്രാഥമിക ജ്ഞാനവും നേടിയിരുന്നു. സിനിമകളിലും സീരിയലുകളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തൊഴിലില്‍ ഏര്‍പ്പെടാനും അവസരങ്ങള്‍ ലഭിച്ചിരുന്നു.

ഹനാന് വലിയ സ്വപ്നങ്ങളാണുള്ളത്. അവള്‍ കഠിനാദ്ധ്വാനം ചെയ്യുന്നത് ഒരു മെഡിക്കല്‍ ഡോക്ടറാകാനാണ്. അതിനായി നിരവധി ജോലികള്‍ ചെയ്യുന്നു. അവളുടെ അമ്മയെ ശുശ്രുഷിച്ചാല്‍ മാത്രം പോരാ അവള്‍ക്ക് അവളുടെ വിദ്യാഭ്യാസ കാര്യങ്ങളും നോക്കണം. കൂടാതെ മൗറീഷ്യസില്‍ എംബിബിഎസ് പഠനത്തിനായി മുപ്പത്തിയഞ്ചു ലക്ഷം രൂപ കണ്ടെത്താനും ശ്രമിക്കുന്നു. നീറ്റ് (ചഋഋഠ)പരീക്ഷ പാസായ ശേഷം മൗറിഷ്യസില്‍ പോയാല്‍ മെഡിക്കല്‍ ബിരുദമെടുക്കാമെന്ന് ഒരു സുഹൃത്തുവഴിയാണ് അവള്‍ അറിഞ്ഞത്. ശാസ്ത്രീയ വിഷയമായ കെമിസ്ട്രി മേജര്‍ ചെയ്യുന്നു.

ഹനാന്‍ പറഞ്ഞു, "എന്റെ കഷ്ടപ്പാടുകള്‍ക്കിടയിലും സ്വന്തമായി വരുമാനമുണ്ടാക്കി കോളേജ് വിദ്യാഭ്യാസം നടത്തുന്നതുകൊണ്ടാണ് മീഡിയായില്‍ എന്നെപ്പറ്റിയുള്ള ശ്രദ്ധ പതിഞ്ഞത്. എന്നെപ്പോലെ അനേകം പെണ്‍കുട്ടികള്‍ എന്റെ പ്രായത്തിലുള്ളവരും എന്നെക്കാള്‍ പ്രായം കുറഞ്ഞവരും ഈ തെരുവുകളില്‍ മീന്‍ കച്ചവടം നടത്തുന്നുണ്ട്. പച്ചക്കറികളും മാംസവും വില്‍ക്കുന്നുണ്ട്. ഇരുപതു കുട്ടികളെയെങ്കിലും വ്യക്തിപരമായി എനിക്കറിയാം. ഓരോരുത്തര്‍ക്കും അവരുടെ പ്രയാസങ്ങളുടെയും ദുഖങ്ങളുടെയും കഷ്ടപ്പാടുകളുടെയും കഥകള്‍ പറയാനുണ്ടാകും. ധനികരായ പലരും എന്നെ വന്നു സഹായിച്ചിട്ടുണ്ട്. എന്റെ പഠനാവശ്യത്തിനായി പണം തന്നിട്ടുണ്ട്. എനിക്ക് ആവശ്യത്തിന് പണം ലഭിച്ചിട്ടുണ്ട്. എന്നെ സഹായിച്ചപോലെ ഹൃദയ വിശാലരായവര്‍ തെരുവില്‍ക്കൂടെ നടക്കുന്ന കുട്ടികളെ സഹായിക്കണമെന്ന ഒരു അപേക്ഷ മാത്രമേ എനിക്ക് പറയാനുള്ളൂ."

ഹനാന്റെ കഥകള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചതോടെ അവള്‍ക്ക് സഹായ ഹസ്തങ്ങളുമായി അനേകര്‍ മുമ്പോട്ട് വന്നു. ചിലര്‍ നല്ല ജോലികള്‍ വാഗ്ദാനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും സാമ്പത്തിക വാഗ്ദാനങ്ങളും നടത്തി. അവരില്‍ ഒരാള്‍ ഫിലിം നിര്‍മ്മാതാവായ അരുണ്‍ ഗോപിയായിരുന്നു. 'രാമ ലീല' എന്ന സിനിമയുടെ നിര്‍മ്മാണത്തോടെ കേരളത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ് അരുണ്‍ ഗോപി. തന്റെ അടുത്ത സിനിമയില്‍ ഹനായ്ക്ക് സുപ്രധാനമായ നടി സ്ഥാനം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹനായുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അവള്‍ പറഞ്ഞു, "എനിക്ക് ഒരു നടിയാകണമെന്ന് കുഞ്ഞുനാള്‍ മുതലുള്ള മോഹമായിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കാനുള്ള എന്റെ ശ്രമങ്ങള്‍ എന്നും പരാജയപ്പെടുകയാണുണ്ടായത്. അരുണ്‍ ഗോപിയുടെ സിനിമയില്‍ എനിക്ക് അഭിനയിക്കാനുള്ള അവസരം തരുമെന്ന വാഗ്ദാനം വളരെയധികം സന്തോഷത്തോടെയാണ് ഞാന്‍ സ്വീകരിച്ചത്. ആ വാഗ്ദാനം സ്വീകരിക്കാന്‍ രണ്ടാമതൊന്ന് എനിക്ക് ചിന്തിക്കേണ്ടി വന്നില്ല."

മാതൃഭൂമി പത്രമാണ് െ്രെപവറ്റ് കോളേജില്‍ കെമിസ്ട്രി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ഹനായുടെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം ലോകത്തെ അറിയിച്ചത്. കോളേജില്‍ പോവുന്ന ഈ കൊച്ചു കച്ചവടക്കാരത്തിയുടെ കഥകള്‍ മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അനേകായിരങ്ങള്‍ സ്‌നേഹാദരവോടെ ആ വാര്‍ത്തകള്‍ വായിച്ചു. വായിച്ചവരില്‍ ഭൂരിഭാഗം പേരും അവളെ ആദരവോടെ കണ്ടു. അതെ സമയം അവളെ അപമാനിക്കാന്‍ വലിയ ഒരു വിഭാഗം മുമ്പോട്ട് വരുകയും ചെയ്തു.

മാതൃഭൂമിയിലെ വാര്‍ത്തയനുസരിച്ച് ഹനാന്റെ ദിവസം ആരംഭിക്കുന്നത് വെളുപ്പാന്‍ കാലം മൂന്നുമണി മുതലാണ്. 'മടവനയിലുള്ള വാടക വീട്ടില്‍ അവള്‍ ആ സമയം പഠിക്കാന്‍ എഴുന്നേല്‍ക്കുന്നു. ഒരു മണിക്കൂറിലെ പഠന ശേഷം അവള്‍ ചമ്പക്കരയിലുള്ള മത്സ്യ മൊത്ത മാര്‍ക്കറ്റില്‍ മീന്‍ മേടിക്കാന്‍ പോകുന്നു. മൂന്നു കിലോമീറ്റര്‍ സൈക്കിള്‍ ചവുട്ടിയാണ് പോവുന്നത്. മത്സ്യം സ്‌റ്റോക്ക് ചെയ്യാന്‍ അവിടെനിന്നും ഒരു ഓട്ടോ റിക്ഷയില്‍ കൊച്ചിയിലെ തമ്മനത്തുള്ള ഒരു ബിസിനസ്സ് പങ്കാളിയുടെ വീട്ടില്‍ എത്തുന്നു. വീണ്ടും വീട്ടില്‍ മടങ്ങി വരുകയും സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ അറുപതു കിലോമീറ്റര്‍ ബസ് യാത്ര ചെയ്തു അവള്‍ തൊടുപുഴയിലുള്ള അല്‍ അസര്‍ കോളേജില്‍ എത്തുന്നു. ഒരു പകല്‍ മുഴുവന്‍ കഌസില്‍ ഇരുന്ന ശേഷം ഹനാന്‍ വീണ്ടും തമ്മനത്ത് എത്തുന്നു. വീട്ടില്‍ മടങ്ങി പോവുന്നതിനുമുമ്പ് രാവിലെ മേടിച്ച മത്സ്യങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നു. അവിടെ അഞ്ചര വരെ മത്സ്യ കച്ചവടം ചെയ്യും. ഹനാന്റെ 'അമ്മ ഡിന്നര്‍ ഉണ്ടാക്കാനായി അവിടെ അവളെ കാത്തിരിക്കുന്നുണ്ടാവും. ഇളയ സഹോദരനും ചിലപ്പോള്‍ കൂടെ താമസിക്കാന്‍ വരാറുണ്ട്.അതാണ്, അവളുടെ ഒരു ദിവസത്തെ പ്രവര്‍ത്തനമണ്ഡലങ്ങളുടെ കഥ.

ക്യാമറായുടെയും മൈക്കുകളുടെയും മുമ്പില്‍ അവള്‍ വിങ്ങുന്ന ഹൃദയത്തോടെ പറഞ്ഞു "എന്നെ തേജോവധം ചെയ്യുന്ന പ്രിയപ്പെട്ടവരേ, നിങ്ങളൊന്നു മനസിലാക്കണം. ജീവിക്കാന്‍ വേണ്ടി പട്ടിണിയുടെ നാളുകളില്‍ക്കൂടി കടന്നുപോയ ഒരു പാവം പെണ്‍കുട്ടിയാണ് ഞാന്‍. വിശക്കുന്ന വയറുകളുമായി രാത്രിയും പകലും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ലോകത്തുള്ള എല്ലാ പെണ്‍കുട്ടികളെ പ്പോലെ ഞാനും സ്വപ്നങ്ങളുടെ കൂമ്പാരങ്ങള്‍ പടുത്തുയര്‍ത്തിയിരുന്നു. നിങ്ങളെപ്പോലെ ജീവിക്കാന്‍ എനിക്കും മോഹങ്ങളുണ്ട്. സോഷ്യല്‍ മീഡിയാകള്‍ എന്നെ കല്ലെറിയരുതേ! മാദ്ധ്യമങ്ങളില്‍ അവാസ്തവങ്ങളായ കമന്റുകള്‍ കാണുമ്പോള്‍ ഞാന്‍ തളര്‍ന്നു പോവുന്നു. എനിക്കു ചുറ്റുമുള്ള എന്റെ സമപ്രായക്കാര്‍ തത്തിക്കളിച്ച് കോളേജുകുമാരികളായി അടിച്ചുമിന്നുമ്പോള്‍ ഞാന്‍ ഇവിടെ ഈ മത്സ്യമാര്‍ക്കറ്റിലെ തിരക്കുപിടിച്ച ജീവിതത്തില്‍ ജീവിതവുമായി മല്ലിടുന്നു. ഏഴാം ക്ലാസ് മുതല്‍ മുത്തുമാല വിറ്റും ട്യൂഷനെടുത്തും ഞാന്‍ എന്റെ രോഗിണിയായ അമ്മയെ നോക്കുകയും വിദ്യാഭ്യാസം തുടരുകയും ചെയ്തിരുന്നു. ഇങ്ങനെയൊക്കെ ജീവിച്ചു വന്ന എന്നെയാണ് ഇന്ന് സാമൂഹിക മാദ്ധ്യമങ്ങള്‍ വിസ്തരിക്കുന്നത്."

സത്യത്തിന്റെ നിജസ്ഥിതി മനസിലാക്കാതെയാണ്, സോഷ്യല്‍ മീഡിയാകള്‍ അവളെ ക്രൂശിച്ചുകൊണ്ടിരിക്കുന്നത്. തന്റെ ഉമ്മയ്ക്ക് മരുന്നിനു പൈസക്കായി അവള്‍ തെരുവുകളില്‍ക്കൂടി മുത്തുമാല വിറ്റു നടന്നിട്ടുണ്ട്. നാടകത്തില്‍ അഭിനയിക്കാന്‍ പോയിട്ടുണ്ട്. സിനിമയില്‍ തുച്ഛമായ പണത്തിനുവേണ്ടി ചെറിയ റോളുകളില്‍ അഭിനയിച്ചിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ഫഌര്‍ ഗേള്‍ ആയും ജോലി ചെയ്തുകൊണ്ട് അലഞ്ഞു നടന്നിട്ടുണ്ട്. മനസ് നിറയെ ആഗ്രഹങ്ങള്‍ കുമിഞ്ഞു കൂടിയിരുന്നെങ്കിലും സിനിമയില്‍ ഒരു അവസരം തേടി നാളിതുവരെ ഒരു സ്ഥലത്തും അവള്‍ പോയിട്ടില്ലെന്നും പറഞ്ഞു. ജീവിത ക്ലേശങ്ങളുമായി ഏറ്റുമുട്ടുന്ന സമയങ്ങളില്‍ സ്വാന്തന വാക്കുകളുമായി ഓടിവന്ന് അവളെ സഹായിച്ചത് കലാഭവന്‍ മണി മാത്രമായിരുന്നു.

മാദ്ധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് ഹനാനെയെപ്പറ്റി സംസാരിക്കാന്‍ അവളുടെ കോളേജ് പ്രിന്‍സിപ്പാള്‍ രംഗത്തു വന്നിരുന്നു. 'സാമൂഹിക മാദ്ധ്യമങ്ങള്‍ പച്ചക്കള്ളങ്ങള്‍ തൊടുത്തു വിടുന്നുവെന്ന്' അദ്ദേഹം പറഞ്ഞു. അവള്‍ വളരെ കഷ്ട്ടപ്പെട്ടു കോളേജില്‍ പഠിക്കുന്നവളെന്നും 'അമ്മ ഒരു മാനസിക രോഗിയെന്നും അവളുടെ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചു പോയിരുന്നുവെന്നുമുള്ള യാഥാര്‍ഥ്യം പ്രിന്‍സിപ്പാള്‍ സോഷ്യല്‍ മീഡിയാകള്‍ വഴി പ്രസ്താവിക്കുകയുമുണ്ടായി.

ക്രൂരവും നിന്ദ്യവുമായ ആരോപണങ്ങളാണ് അവള്‍ക്കെതിരെ കുബുദ്ധികളായവര്‍ സാമൂഹിക മാദ്ധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചിരുന്നത്. ഒരു സിനിമയുടെ പ്രചാരണത്തിനു വേണ്ടിയായിരുന്നു ഈ വ്യാജ വാര്‍ത്തകളെന്ന് സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ചിരുന്നു. സിനിമ താരങ്ങള്‍ക്കൊപ്പം അവള്‍ നില്‍ക്കുന്ന ഫോട്ടോകള്‍ കണ്ടാണ് പലരും അവളെ വിമര്‍ശിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള ഫോട്ടോകള്‍ ചേര്‍ത്താണ് ഈ പെണ്‍കുട്ടിയെ നിര്‍ദ്ദയരായ ഒരു സമൂഹം അപമാനിച്ചുകൊണ്ടിരിക്കുന്നത്.

ഹനാനയ്ക്ക് ചെവിയില്‍ കടുത്ത അസുഖമുണ്ട്. പോരാഞ്ഞു പുറം വേദനയും അലട്ടുന്നുണ്ട്. അല്‍ അസര്‍ കോളേജില്‍ പഠിക്കാനെത്തിയത് കലാഭവന്‍ മണിയുടെ നിര്‍ദേശപ്രകാരമായിരുന്നു. എം.ജി യുണിവേസിറ്റിയില്‍ ഒരു കലോത്സവത്തില്‍ ഒപ്പന ഡാന്‍സിന് പോയ സമയം അവള്‍ സ്‌റ്റേജില്‍ വീഴുകയുണ്ടായി. ചെവിയുടെ സമ്മര്‍ദ്ദമായിരുന്നു കാരണം. കോളേജിന്റെ ഉത്തരവാദിത്വത്തില്‍ അവള്‍ക്ക് സൗജന്യമായ ചീകത്സ നല്‍കിക്കൊണ്ടിരിക്കുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോവുന്ന ഒരു കുട്ടി എന്തുകൊണ്ട് മീന്‍ കച്ചവടം ചെയ്തുവെന്നാണ് സാമൂഹിക മാദ്ധ്യമങ്ങള്‍ അവളോടു ചോദിക്കുന്നത്. ആര്‍ട്ടിസ്റ്റായി എല്ലാ സമയത്തും അവള്‍ക്ക് അവസരങ്ങള്‍ ലഭിക്കാറില്ല. മാത്രമല്ല അവധി ദിവസങ്ങളില്‍ മാത്രമേ അവള്‍ക്ക് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. തുച്ഛമായി ലഭിക്കുന്ന ആ പണം കൊണ്ട് ജീവിക്കാന്‍ സാധിക്കുമായിരുന്നില്ല. മീന്‍കച്ചവടം ആദായകരമായ ഒരു തൊഴിലായതിനാല്‍ ഈ പെണ്‍കുട്ടി അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നു. അതുമൂലം അവളുടെ പ്രാരാബ്ധങ്ങള്‍ക്ക് ആശ്വാസവും ലഭിച്ചിരുന്നു.

മാതൃഭൂമിയില്‍ ഹനാനെയെപ്പറ്റി വാര്‍ത്തകള്‍ വന്ന ശേഷമാണ് സിനിമയില്‍ അവള്‍ക്ക് അവസരങ്ങള്‍ തേടി വന്നത്. വാര്‍ത്ത വരുന്നതിനുമുമ്പ് സിനിമയില്‍ അഭിനയിക്കാനായി അവസരങ്ങളൊന്നും ഒരു സംവിധായകരും നല്‍കിയിട്ടില്ല. ജീവിതത്തില്‍ ആശകള്‍ നല്‍കിയിരുന്നത് കലാഭവന്‍ മണിയായിരുന്നുവെന്നു അവള്‍ പറയുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം കൊതിച്ചുപോയ അവളുടെ ആശകളും ഒപ്പം അസ്തമിച്ചുപോയിരുന്നു. കാര്യങ്ങള്‍ പ്രശ്‌ന സങ്കീര്‍ണ്ണമായതോടെ ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആ പെണ്‍കുട്ടി മീന്‍ കച്ചവടത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഹനാന്‍ പറയുന്ന വാക്കുകള്‍ കോളേജ് പ്രിന്‍സിപ്പാളും അവളുടെ ഡോക്ടറും പ്രൊഫസര്‍മാരും ഒരുപോലെ ശരിവെക്കുന്നുണ്ട്. പലപ്പോഴും കോളേജിലെ ഫീസ് അടക്കാന്‍ നിവൃത്തിയില്ലാതെ വരുന്ന സമയങ്ങളില്‍ കോളേജ് മാനേജ്‌മെന്റ് അവള്‍ക്ക് ഇളവുകള്‍ നല്‍കാറുണ്ട്. അവളുടെ പ്രിന്‍സിപ്പാള്‍ പറഞ്ഞു, "ഹനാന്‍ പറയുന്നത് സത്യമാണ്. ഹൃദയം നിറഞ്ഞുള്ള അവളുടെ ക്യാമറായുടെ മുമ്പിലുള്ള ആ പൊട്ടിക്കരച്ചിലുകള്‍ യഥാര്‍ത്ഥ ജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. ഇത്തരത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ സമൂഹം ആക്രമിക്കുന്ന ലക്ഷ്യങ്ങളും മനസിലാകുന്നില്ല."

ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കുമുമ്പില്‍ പകച്ചുപോയ ഒരു പെണ്‍കുട്ടി അതിജീവനത്തിനു വേണ്ടി പോരാടുമ്പോള്‍ അവളോട് സ്‌നേഹവാത്സ്യങ്ങള്‍ പ്രകടിപ്പിക്കുന്നതിനു പകരം ദയയില്ലാത്ത ട്രോളര്‍മാരുടെ അപവാദ കഥകള്‍ തികച്ചും ദുഃഖകരവും സാമൂഹിക ദ്രോഹവുമാണ്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതാണ്. അവള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഒരു സമൂഹത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. സാമൂഹിക മാദ്ധ്യമങ്ങളില്‍ അസംബന്ധം പ്രചരിപ്പിച്ച ഏതാനും കുത്സിത ചിന്താഗതിക്കാരുടെ പേരുകളില്‍ കേസുകള്‍ ചാര്‍ജ് ചെയ്തതും ആശ്വസകരമാണ്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ നമ്മള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രവര്‍ത്തിച്ചെങ്കില്‍ അതിനൊരു പുനര്‍ചിന്തനം ആവശ്യമാണ്. അറിഞ്ഞും അറിയാതെയും കൂട്ടുനിന്നവര്‍ ആ പാവം പെണ്‍കുട്ടിയുടെ ഹൃദയ വികാരങ്ങള്‍ മനസിലാക്കിയില്ല. സോഷ്യല്‍ മീഡിയാകളുടെയും മുഖ്യമാദ്ധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ ആധികാരികമായി അന്വേഷിക്കാതെ സ്വീകരിക്കുന്ന നയവും ശരിയല്ല. ഒരു വാര്‍ത്ത കണ്ടാലുടന്‍ അതിന്റെ സത്യാവസ്ഥ മനസിലാക്കാതെ ഫോര്‍വേര്‍ഡ് ചെയ്യുന്നതിനു മുന്നെ വാര്‍ത്തയുടെ നിജസ്ഥിതി ഉറപ്പു വരുത്തുകയും വേണം. സഹായിച്ചില്ലെങ്കിലും ഒരു കൊച്ചു പെണ്‍കുട്ടിയെ ഇങ്ങനെ ഉപദ്രവിക്കുന്നതും മനുഷ്യത്വരഹിതമാണ്.

ഹനാന്‍ന്റെ ജീവിതാനുഭവങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയുണ്ടായി. കേരളം മുഴുവന്‍ അവളെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് സാമൂഹിക മാദ്ധ്യമങ്ങള്‍ മനുഷ്യനെ ദ്രോഹിക്കാനുള്ള ഇരുതല വാളുകളേക്കാള്‍ ശക്തിയേറിയതായിരിയ്ക്കുന്നു. സോഷ്യല്‍ മീഡിയയിലെ ഇടപെടലില്‍ അതി സൂക്ഷ്മത പാലിക്കേണ്ടതായുമുണ്ട്.

അനുഭവങ്ങളുടെയും പാളിച്ചകളുടെയും മദ്ധ്യേ നിറഞ്ഞ പുഞ്ചിരിയോടെ ജീവിതം തള്ളി നീക്കുന്ന ഈ മലയാളി പെണ്‍കുട്ടിയെ ഇന്ന് സ്വന്തം മകളാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനവധി. തിരക്കുപിടിച്ച ജനജീവിതത്തിനിടയില്‍ പാലാരി വട്ടം തമ്മനം കവലയില്‍ മീന്‍ വില്‍ക്കുന്ന അവളെ അടുത്ത ദിവസം വരെ ആരും ശ്രദ്ധിച്ചിരുന്നില്ല. ഇന്ന് പതിനായിരങ്ങള്‍ അവളുടെ വാക്കുകളെ ശ്രവിക്കുന്നു. പേരിന്റെ അര്‍ത്ഥം പോലെ ആര്‍ദ്രയാണവള്‍. മനസുനിറയെ ദുഃഖങ്ങള്‍ പേറുന്നുണ്ടെങ്കിലും അവളുടെ നിഷ്കളങ്കമായ മുഖഭാവങ്ങളില്‍ അതൊന്നും പ്രകടമാവുന്നില്ല. മീന്‍ വില്‍ക്കാനായി അവള്‍ സൈക്കിള്‍ ചവിട്ടുന്നു. ഉമ്മയെയും അവളുടെ ആങ്ങളയെയും പോറ്റുന്നു. നാളത്തെ ശുഭദിനങ്ങളുടെ പ്രതീക്ഷകളുമായി കാലചക്രങ്ങളും അവള്‍ക്കൊപ്പം ചലിക്കുന്നു. വലിയ ഭാഗ്യശാലിയായി അവളിനി കുതിച്ചുയരുന്നത് പരിഹസിച്ചവരും കളിയാക്കിയവരും അറിയുന്ന സമയം അതി വിദൂരമല്ല. കേരളമണ്ണിന് അഭിമാനമായ ഹനാന്‍ എന്ന ഈ ചുണക്കുട്ടീ യുവ തലമുറകള്‍ക്ക് മാതൃകയാണ്. ഉണര്‍വും ആവേശവും നല്‍കുന്നു. അവള്‍ പ്രകാശത്തിന്റെ കൈത്തിരിയും തെളിയിക്കുന്നു.
ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ അതി ജീവനത്തിന്റെ കഥ (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക