Image

'പ്രസംഗിക്കാന്‍ ഒരുസഭയും കുറെമാധ്യമങ്ങളും ഉമ്മവയ്ക്കാനൊരു മോദിയേയും തരൂ, ഞാന്‍ ഇവിടെ ഒരു മന്ത്രിസഭയുണ്ടാക്കാം.'

അനില്‍ പെണ്ണുക്കര Published on 01 August, 2018
'പ്രസംഗിക്കാന്‍ ഒരുസഭയും കുറെമാധ്യമങ്ങളും ഉമ്മവയ്ക്കാനൊരു മോദിയേയും തരൂ, ഞാന്‍ ഇവിടെ ഒരു മന്ത്രിസഭയുണ്ടാക്കാം.'
മഹാഭാരതത്തില്‍ ധൃതരാഷ്ട്രര്‍ ഭീമനെ ആലിംഗനംചെയ്ത് കഥ നമുക്കറിയാം. പക്ഷേ ഭീമന്‍ കണ്ണുപൊട്ടനായ ധൃതരാഷ്ട്രറെ അപ്പോഴും പറ്റിച്ചു. ഇരുമ്പുപ്രതിമയെ കെട്ടിപ്പിടിച്ച് പൊടിയാക്കി അന്ധനായവൃദ്ധന്‍ കിതയ്ക്കുമ്പോള്‍ അദ്ദേഹം ആശ്വസിച്ചുകാണും തന്റെ പുത്രന്മാരെകൊന്നൊടുക്കിയ പാണ്ഡവഹുങ്ക് ഇല്ലാതായല്ലോ. പക്ഷേ ഇരുമ്പുകീടം പോടിച്ചുഭസ്മമാക്കി എന്നഗമയില്‍ കൗരവപക്ഷത്തേക്കുനോക്കി കണ്ണിറുക്കിക്കാട്ടാന്‍ അദ്ദേഹത്തിനു കണ്ണില്ലാതെപോയി. അതുകണ്ടുചിരിക്കാന്‍ കൗരവപക്ഷത്ത് ആരുമുണ്ടായിരുന്നില്ല.

കഥ ഇതിഹസമാണ്. വ്യാസന്‍ പറഞ്ഞത് മറക്കണ്ട. ഇതില്‍ ഇല്ലാത്തത് മറ്റെങ്ങുമില്ല, ഇതില്‍ ഉള്ളത് മറ്റെവിടെയും ഉണ്ട്. വ്യാസന്‍ പറഞ്ഞതിനെ അപഹസിക്കുന്ന ചില ആധുനികനിരുപകപുംഗവന്മാര്‍ ഉണ്ട്. വ്യാസനെ കാവ്യരചനപഠിപ്പിക്കാന്‍ പുറപ്പെട്ടിരിക്കുന്ന ഇവരുടെകാലത്ത് ഒരു അഭിനവധൃരാഷ്ട്രാലിംഗനം നടമാടിയത് ഈയടുത്തിടെ നാം കണ്ടു.

രാഹുല്‍ധൃരാഷ്ട്രര്‍ മോദീഭീമനെ സഭയില്‍കെട്ടിപ്പിടിച്ചു. ഭീമന്‍ ഇരുമ്പാണെന്നകാര്യം രാഹുല്‍ജിയയും കൂടെയുള്ള ടുജിമാരും മറന്നുപോയി. ടുജിമാരും കൂടെയുള്ളകൗരവന്മാരും ചാര്‍ച്ചക്കാരും രാഹുലാലിംഗനത്തിന്റെ 'വാല്യൂ' കൂട്ടിയുംകിഴിച്ചും അടുത്തതിരഞ്ഞെടുപ്പില്‍ ലഭിക്കാവുന്ന വോട്ടുംസീറ്റും കണക്കൂട്ടിയിരിക്കുമ്പോഴാണ് രാഹുല്‍ജിതന്നെ തന്റെ ആലിംഗനത്തിനത്തിലെ വ്യാജം വെളുപ്പെടിത്തിക്കൊണ്ട് ടുജിമാരെയും കൗരവമാരെയുംനോക്കി 'അളിയന്മാരെ ഇതൊക്കെ ജിയുടെ ഒരു ട്രിക്ക്' എന്നവിധം കണ്ണിറുക്കിയത്.

സംഗതി നിസ്സാരമല്ല. നമ്മുടെ യുവസഖാന്മാര്‍ കേരളത്തില്‍നടത്തിയ നനഞ്ഞ ഉമ്മസമരമല്ല ഇത്. അത് കുറെപ്പേരുടെ ചുണ്ടുമുറിച്ചതല്ലാതെ നാട്ടില്‍ ചെറുപ്പക്കാര്‍ അനുഭവിക്കുന്ന ഉമ്മദാരിദ്രത്തിന് ഒരുകുറവമുണ്ടാക്കിയില്ല. മഹാത്മജിയുടെ ഉപ്പിനെയും സത്യാഗ്രഹത്തെയും പഴഞ്ചന്‍രീതിയാക്കി, ഉമ്മ ഒരുസമരമാക്കി നവയുഗത്തിനു തുടക്കമിട്ടിരിക്കുകയാണ് രാഹുല്‍ജി. ഉമ്മയോളം വരില്ല ഒരു ഉപ്പുമെന്ന് വൈതാളികന്മാരും അവലോകനകന്മാരും വാഴ്ത്തി. അവര്‍ ആലിംഗനത്തിനെ ക്വിറ്റ് ഇന്ത്യാ സമരത്തെക്കാള്‍ ശ്രേഷ്ഠമെന്നു വിലയിരുത്തി. എച്ചൂരിസഖാവ് 'അന്ത ഉമ്മയ്ക്ക് ഇന്ത അരിവാള്‍ അടിയറവ്്' എന്നുപറഞ്ഞ് തലകുനിച്ചു.

ഒരു ഉമ്മകൊണ്ട്... ഒരു സിങ്കിള്‍ ഉമ്മകൊണ്ട് ജി ഇന്ത്യയില്‍ മതേതരത്വും ജനാധാപത്യവും ഭണമാറ്റവും അരിക്കിട്ടുറപ്പിച്ചു. ഒരു ഉമ്മ മതി ഒരു ഭരണംമാറാനെന്നു പിസിസി അദ്ധ്യക്ഷന്മാര്‍ വാര്‍ത്തസമ്മേളനം നടത്തി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം ഉറങ്ങിക്കിടന്ന പ്രതിപക്ഷത്തെ ഒരു ഉമ്മകൊണ്ടു ഉണര്‍ത്തിക്കളഞ്ഞു രാഹുല്‍ജി. രക്തംചൊരിയാതെ ഒരുസര്‍ക്കാര്‍വിരുദ്ധസമരവും നടത്താതെ ഭരണമാറ്റം ഉറപ്പിച്ച് അഭിനവകൗരവര്‍ പാണ്ഡവന്മാരെ ഞെട്ടിക്കളഞ്ഞു. എന്നാല്‍ ഭീമനുംകൂട്ടരും ഈ ഉമ്മസമരത്തെ അപഹസിച്ചുചിരിക്കുകയാണ്.

ജനാധിപത്യവും പ്രജാക്ഷേമവും ഇപ്രകാരം ഒരു ഉമ്മകൊണ്ട് ഉറപ്പുവരുത്താമെന്ന് ലോകചരിത്രത്തില്‍ ഇദംപഥമായി തെളിച്ച് റിക്കാറിട്ട നേതാവാണ് രാഹുല്‍ജി. മത്സരപ്പരീക്ഷകളില്‍ ചോദ്യമായി വരാം. 'നില്ക്കാനൊരിടവും ഒരു ഉത്തോലകവും തരൂ, ഞാനീ ഭൂഗോളം തിരിച്ചുവയ്ക്കാം' എന്നുപറഞ്ഞ ശാസ്ത്രജ്ഞനുശേഷം ഇത്ര ആത്മവിശ്വാസം മറ്റാരും പ്രകടപ്പിച്ചിട്ടില്ല. ഇതാ രാഹുല്‍ജി പറയുന്നു 'പ്രസംഗിക്കാന്‍ ഒരുസഭയും കുറെമാധ്യമങ്ങളും ഉമ്മവയ്ക്കാനൊരു മോദിയേയും തരൂ, ഞാന്‍ ഇവിടെ ഒരു മന്ത്രിസഭയുണ്ടാക്കാം.'

ഏതായാലും ധൃതരാഷ്ട്രറെയും വ്യാസനേയും പൊളിച്ചടുക്കി, ഗാന്ധിയേയും മറ്റും നിഷ്പ്രഭമാക്കി പുതിയസമരം തുറന്നിരിക്കുകയാണ് രാഹുല്‍ജി. വേണമെങ്കില്‍ ബംഗാളില്‍ സിപിഎമ്മിനു ഈ ആയുധം മമതയ്ക്കുനേരെ പ്രയോഗിക്കാം. തമിഴ്‌നാട്ടില്‍ സ്റ്റാലിനും. കേരളത്തില്‍ ചെന്നിത്തലയ്ക്കും. ഒരു വടക്കന്‍ ഉമ്മാസ്ത്രം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക