Image

പുസ്‌തകങ്ങള്‍ നിരോധിക്കരുത്‌, അത്‌ ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കും: സുപ്രിംകോടതി

Published on 02 August, 2018
പുസ്‌തകങ്ങള്‍ നിരോധിക്കരുത്‌, അത്‌ ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കും: സുപ്രിംകോടതി


ന്യൂഡല്‍ഹി: പുസ്‌തകങ്ങള്‍ നിരോധിക്കരുതെന്ന്‌ സുപ്രിംകോടതി. അത്‌ ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും പുസ്‌തകം നിരോധിക്കുന്നത്‌ തെറ്റായ സംസ്‌കാരമാണെന്നും ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. എസ്‌. ഹരീഷിന്റെ വിവാദ നോവലായ മീശയിലെ ഭാഗം നീക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

മീശ എന്ന നോവലിലുള്ളത്‌ രണ്ട്‌ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം മാത്രമാണ്‌. രണ്ട കഥാപാത്രങ്ങള്‍ തമ്മിലുള്ള സംസാരം സര്‍ക്കാസം തന്നെയല്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ ചോദിച്ചു.

അതേസമയം, നോവലിലെ വിവാദ അധ്യായങ്ങളുടെ പരിഭാഷ അഞ്ചു ദിവസത്തികം ഹാജരാക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു. മാതൃഭൂമി ആഴ്‌ച്ചപതിപ്പ്‌ നോവലിന്റെ തര്‍ജമയാണ്‌ ഹാജരാക്കേണ്ടത്‌.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നും നോവല്‍ നിരോധിക്കരുതെന്നും കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കോടതിയില്‍ ആവശ്യപ്പെട്ടു.

നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്‌ചപതിപ്പിന്റെ പകര്‍പ്പുകള്‍ പിടിച്ചെടുക്കാനും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്‌ തടയാനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളി രാധാകൃഷ്‌ണന്‍ വരേണിക്കല്‍ എന്നയാളാണ്‌ ഹരജി നല്‍കിയത്‌.



പുസ്‌തകം ഇതിനകം വിപണിയില്‍ എത്തിയതിനാല്‍ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര മുന്‍പാകെ ഹരജിക്കാരന്റെ അഭിഭാഷകന്‍ ഉഷാ നന്ദിനി സൂചിപ്പിച്ചത്‌ പ്രകാരമാണ്‌ കേസ്‌ ഇന്നത്തേക്ക്‌ വച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക