അസുഖബാധിതനായി ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. കരുണാനിധിയുടെ മക്കളായ കെ സ്റ്റാലിനും കനിമൊഴിയും ആശുപത്രിയില്‍ ഉണ്ടായിരുന്നു. കരുണാനിധിക്ക് വേഗം സുഖം പ്രാപിക്കാനാകട്ടെ എന്ന് പിണറായി ആശംസിച്ചു.
കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന് സ്റ്റാലിന് കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അദ്ദേഹത്തെ ഗോപാലപുരത്തെ വസതിയില്‍ നിന്നും ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.