Image

ജനിക്കാന്‍ വരി നില്‍ക്കുമ്പോള്‍ (കവിത:സി.സന്തോഷ് കുമാര്‍)

Published on 02 August, 2018
ജനിക്കാന്‍ വരി നില്‍ക്കുമ്പോള്‍ (കവിത:സി.സന്തോഷ് കുമാര്‍)
ജനിക്കാന്‍
ക്യൂ നില്‍ക്കുമായിരുന്നവരെക്കുറിച്ചാണ്.

വെര്‍ച്വല്‍ ക്യൂ ഒക്കെ നിലവില്‍ വരുന്നതിനും
മുമ്പുള്ള കാലമായിരുന്നു.

ഏതു ക്യൂവിലുമെന്നപോലെ
മുന്നില്‍ നില്‍ക്കുന്നവരോട് അസൂയയും പിന്നിലുള്ളവരോട് സഹതാപവും തോന്നുമായിരുന്നു.

ക്യൂ നിന്ന് സാധിച്ചെടുക്കേണ്ടുന്ന കാര്യമായതുകൊണ്ട്
ജന്മം
എന്തോ മഹാ സംഭവമാണെന്നൊക്കെയായിരുന്നു പൊതുവെ ധാരണ.

എത്ര തന്നെ നിന്നു മടുത്താലും ജനിക്കാന്‍ വേണ്ടി ഒറ്റത്തവണ ക്യൂ നിന്നാല്‍ മതിയല്ലോ എന്നതായിരുന്നു ഒരേയൊരു ആശ്വാസം.

ക്യൂവില്‍ ഏറ്റവും അസഹ്യം
മുന്നില്‍ നില്‍ക്കുന്നവന്‍ തന്റെ ഊഴമെത്തി എന്നെന്നേയ്ക്കുമായി ജനിച്ചു പോകുന്നതോടെ തൊട്ടു പിന്നില്‍
നില്‍ക്കുന്നവരില്‍ നിന്ന് ഉയരുന്ന കൂട്ടക്കരച്ചിലായിരുന്നു.

എന്നായാലും ഒരു ദിവസം ജനിച്ചു പോവേണ്ടതാണ്, പിന്നെ പേടിച്ചിട്ട് എന്തു കാര്യം എന്നൊക്കെ പറയുമെങ്കിലും ജനിക്കാനുള്ള ഊഴമാകുമ്പോള്‍ ആര്‍ക്കും തന്നെ ഇപ്പറയുന്ന ധൈര്യമൊന്നും ഉണ്ടാവുമായിരുന്നില്ല.

നിന്നു കാലു കഴയ്ക്കാതെ ജനിക്കാമെന്നായത്
വെര്‍ച്വല്‍ ക്യൂ നിലവില്‍ വന്നതോടെയാണ്. എങ്കിലും അധികം പേരും നേരിട്ടു തന്നെ വന്ന് ക്യൂവില്‍ നില്‍ക്കുന്നവരായിരുന്നു. കഷ്ടപ്പെടാതെ ജനിച്ചാല്‍ ഒരു
വിലയുണ്ടാവില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.

എല്ലാവരും നിര്‍ബ്ബന്ധമായും ജനിച്ചിരിക്കണം എന്ന നിയമമൊക്കെ ഭേദഗതി ചെയ്യപ്പെട്ടതോടെ കാര്യങ്ങള്‍ക്ക്
ഒരയവ് വന്നിട്ടുണ്ട്. ഇപ്പോള്‍
ജനിക്കണോ വേണ്ടയോ എന്നൊക്കെ
അവരവര്‍ക്ക് തീരുമാനിക്കാം എന്നായിട്ടുണ്ട്.

ജനിക്കാന്‍ വേണ്ടി ക്യൂ നില്‍ക്കുമ്പോള്‍ മരിച്ചാല്‍
മരണമെങ്കിലും അര്‍ത്ഥവത്തായിക്കൊള്ളുമല്ലോ
എന്ന ദുരുദ്ദേശ്യമുള്ളവരാണ്
ഇപ്പോള്‍ ജനിക്കാന്‍ വരുന്നവരേറെയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക