Image

രാമായണം :കരുത്താര്‍ന്ന ഒരു വംശ വൃക്ഷത്തിന്‍റെ കഥ (രാമായണ ചിന്തകള്‍ 15)

അനില്‍ പെണ്ണുക്കര Published on 02 August, 2018
രാമായണം :കരുത്താര്‍ന്ന ഒരു വംശ വൃക്ഷത്തിന്‍റെ കഥ (രാമായണ ചിന്തകള്‍ 15)
പുരാണ ഇന്ത്യയിലെ രണ്ട് ഇതിഹാസങ്ങളില്‍ ഒന്നാണ് രാമായണം, രാമന്റെ യാത്ര (രാമന്റെ അയനം)എന്നാണ് രാമായണത്തിനര്‍ത്ഥം. വാല്മീകി മഹര്‍ഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്.അതുകൊണ്ട് തന്നെ ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം എന്ന് വിവക്ഷിക്കുന്നു.ധാര്‍മ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധര്‍മ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് വാല്മീകിരാമായണത്തില്‍ നിന്ന് ലഭിക്കുന്നത്. വാല്മീകിരാമായണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങള്‍ പലതും പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലാത്തതിനാലാണ് വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീര്‍ന്നത് എന്നകാര്യത്തില്‍ സംശയംഇല്ല..പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂര്‍വേഷ്യയിലെയും സംസ്കാരങ്ങളില്‍ പ്രതിഫലിച്ചുകാണാം.
വാത്മീകി രാമായണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പല പ്രാദേശിക ഭാഷകളിലും രാമായണം രചിക്കപ്പെട്ടിട്ടുണ്ട്,അത് കൂടാതെ,എഴുതപ്പെടാത്ത ചൊല്‍രാമായണവും,ഇസ്ലാമികരാമായണവുംഉള്ളതായി പറയപ്പെടുന്നു വടക്കേ മലബാറിലെ മുസ്ലിം സമുദായക്കാരില്‍ ചിലര്‍ക്കെങ്കിലും ഇപ്പോഴും വാമൊഴിയായി കിട്ടിയ ഈ രാമായണ ശീലുകള്‍ അറിയാം.
കൂടാതെ ടിബറ്റന്‍ രാമായണം,ഇന്തോനേഷ്യന്‍ രാമായണം,ഖോത്താനീ രാമായണം,ബര്‍മ്മീസ് രാമായണം,തായ് ലാന്‍ഡ് രാമായണം,ഫിലിപ്പീന്‍സ് രാമായണം,മലേഷ്യന്‍ രാമായണം തുടങ്ങി ഏഷ്യന്‍ ഭാഷകളില്‍ പലതിലും രാമകഥ രചിക്കപ്പെട്ടിട്ടുണ്ട്.
രാമായണം പലതുണ്ടെങ്കിലും എഴുത്തച്ഛന്റെ അധ്യാത്മ രാമായണമാണ് പ്രദോഷഷസന്ധ്യയില്‍ വിളക്കത്തുവച്ചു വായിക്കപ്പെടുന്നത് .ഈ രാമായണമാണ് കര്‍ക്കിടകരാവുകള്‍ക്ക് കളങ്കരഹിതമായ കാന്തി പകരുന്നത് ആഷാടസന്ധ്യയിലെ അശാന്തി ഈ രാമായണത്തിന്റെ പുനര്‍വായനയിലൂടെയാണ് ഇല്ലാതെയാകുന്നത്.അതിനു കാരണമുണ്ട് .ആ പഴയകാല നാട്ടെഴുത്തച്ഛന്റെ നാരായം പനയോലയില്‍ എഴുതിയത് അധ്യാത്മ രാമായണം ആയിരുന്നു..ആദ്ധ്യാത്മികമായ ചിന്തയുടെയും കീര്ത്തനത്തിന്റെയും പാതയിലൂടെ മാത്രമേ പരമമായ മോക്ഷം ലഭിക്കു എന്ന ഒരു അച്ഛന്റെ കര്‍ക്കശമായ താക്കീത് നല്‍കിയ ശേഷമാണ് തുഞ്ചന്‍പറമ്പിലെ കാഞ്ഞിര മരത്തില്‍ എഴുത്തച്ഛന്റെ ശാരിക വിശ്രമിച്ചത് .ആ നാവുതന്നെയായിരുന്നല്ലോ ശാരിക പൈതലും .ശാരികയുടെ നാവിന്‍ തുമ്പില്‍ രാമനാമം തുളസീദളപവിത്രതയോടെ എഴുത്തച്ഛന്‍ പാടിച്ചത് പരമപാവനമായ ഒരു അനുഷ്ട്ടാനത്തിന്റെ തുടക്കത്തിനു കാലത്തെയും ജനത്തെയും സജ്ജമാക്കുവാന്‍ വേണ്ടിയായിരുന്നു .
"രാമനെ നിത്യം ദശരഥനെന്നുള്ളി
ലാമോദമോടെ നിരൂപിച്ചു കൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ "
എന്ന സുമിത്രാ വചനത്തില്‍ അപൂര്‍വമായ പിതൃ പുത്ര പാരസ്പര്യമുണ്ട് .ആത്മബന്ധങ്ങളും രക്തബന്ധങ്ങളും മൂല്യങ്ങളും നശിച്ചുപോകാത്ത ഒരു കാലത്താണ് ഇത്രയും കരുത്താര്‍ന്ന ഒരു വംശ വൃക്ഷത്തിന് എഴുത്തച്ഛന്‍ നനവും നിനവും നല്കിയതെന്നും ഓര്‍മ്മിക്കുക.ഇത് ഒരു പിതാവിന്റെ മുന്നറിയിപ്പുകൂടിയാകുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക