Image

ലോകത്തെ രൂപാന്തരപ്പെടുത്തുന്ന മാതൃകകളായി വിശ്വാസ സമൂഹം മാറണം: റൈറ്റ്.റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ്

പി.പി.ചെറിയാന്‍ Published on 30 March, 2012
ലോകത്തെ രൂപാന്തരപ്പെടുത്തുന്ന മാതൃകകളായി വിശ്വാസ സമൂഹം മാറണം: റൈറ്റ്.റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ്
മസ്‌കിറ്റ്(ഡാളസ്): കണ്ണുണ്ടായിട്ടും അന്ധന്മാരായും, ചെവിയുണ്ടായിട്ടും ബധിരന്മാരായും ജീവിക്കുന്ന വലിയയൊരു ജനവിഭാഗത്തിന് ഈശ്വരനില്‍ നിന്നുള്ള യാഥാര്‍ത്ഥ വെളിച്ചവും, ശബ്ദവും പകര്‍ന്ന് നല്‍കി ലോകത്തെ സമൂലം രൂപാന്തരപ്പെടുത്തുന്ന മാതൃകകളായി വിശ്വാസ സമൂഹം മാറണമെന്ന് നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാധിപന്‍ റൈറ്റ്.റവ.ഡോ. ഗീവറുഗീസു മാര്‍ തെയോഡോഷ്യസ് എപ്പിസ്‌ക്കോപ്പാ ഉദ്‌ബോധിപ്പിച്ചു.

വഴിയരുകില്‍ ഇരുന്നിരുന്ന അന്ധനായ ബര്‍ത്തിമായി യെരുശലേമിലേക്ക് പീഢാനുഭവത്തിനും, കുരിശുമരണത്തിനുമായി കടന്നു പോകുന്ന ദൈവപുത്രനായ ക്രിസ്തുവിന്റെ ശബ്ദത്തിന് കാതോര്‍ക്കുകയും, ആന്തരിക നേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കുകയും ചെയ്തപ്പോള്‍ തന്നെ അതുവരെ ബന്ധിയാക്കി വെച്ചിരുന്ന അന്ധതയില്‍ നിന്ന് വിമോചനം ലഭിച്ചു.ക്ഷണഭംഗുരമായ മനുഷ്യായുസ്സില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന കയ്‌പേറിയ ജീവിതാനുഭവങ്ങളെ വിജയകരമായി അതിജീവിക്കുവാന്‍ ബര്‍ത്തിമായിയുടെ ജീവിതാനുഭവം നാം മാതൃകയായി സ്വീകരിക്കണം.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിചേര്‍ന്ന അഭിവന്ദ്യ എപ്പിസ്‌ക്കോപ്പ മാര്‍ച്ച് 25 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷ മദ്ധ്യേ ധ്യാന പ്രസംഗം നടത്തുകയായിരുന്നു.

തുടര്‍ന്ന് ഇടവകയില്‍ നിന്നുള്ള 14 കുട്ടികളുടെ ആദ്യ കുര്‍ബ്ബാന സ്വീകരണശുശ്രൂഷ നടന്നു. വിശ്വാസ സമൂഹത്തിന് നേരെ തിരിഞ്ഞ് നിന്ന് വിശുദ്ധ വേദപുസ്തകവും, എരിയുന്ന മെഴുകുതിരിയും ഇരുകൈകളിലും ഏന്തികൊണ്ട് മാമോദീസാ സമയത്ത് മാതാപിതാക്കള്‍ കുട്ടികള്‍ക്കുവേണ്ടി ഏറ്റുപറഞ്ഞ പ്രതിജ്ഞാ വാചകം(യേശുവിനെ ഞാന്‍ സ്വീകരിക്കുന്നു)സ്വയം ഏറ്റു പറഞ്ഞു സഭയുടെ സജ്ജീവ അംഗത്വത്തിലേക്ക് പ്രവേശിച്ചു.

തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബ്ബാനക്ക് ഭദ്രാസന എപ്പിസ്‌ക്കോപ്പാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. റവ.ബിജി. പി. സൈമണ്‍(ന്യൂയോര്‍ക്ക് യൂത്ത് ചാപ്ലൈയന്‍) റവ. എ.പി. നോബിള്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ആദ്യകുര്‍ബ്ബാന പരിശീലന പഠന ക്ലാസ്സുകളില്‍ ക്രമമായി പങ്കെടുക്കുകയും, മത്സര പരീഷകളില്‍ വിജയിക്കുകയും ചെയ്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പാ വിതരണം ചെയ്തു.

രാജന്‍ കുഞ്ഞുചിറയില്‍, കുരിയന്‍ ഈശോ, വിന്‍സന്റ് ജോണി കുട്ടി, നോമ്പിള്‍ ഫിലിപ്പ്, എബ്രഹാം മേപ്പുറം(അനിയന്‍), ജോണ്‍ തോമസ്, ലീലാമ്മ ജെയിംസ്, ജെയിംസ് മേപ്പുറം എന്നിവരെ വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ഇടവകയുടെ സെക്രട്ടറിയായി താല്ക്കാലിക ചുമതല നിര്‍വ്വഹിക്കുന്ന ഭദ്രാസന അസംബ്ലി മെമ്പര്‍ നന്ദി പറഞ്ഞു.
ലോകത്തെ രൂപാന്തരപ്പെടുത്തുന്ന മാതൃകകളായി വിശ്വാസ സമൂഹം മാറണം: റൈറ്റ്.റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ്
ലോകത്തെ രൂപാന്തരപ്പെടുത്തുന്ന മാതൃകകളായി വിശ്വാസ സമൂഹം മാറണം: റൈറ്റ്.റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക