Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-16: ഏബ്രഹാം തെക്കേമുറി)

Published on 03 August, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-16: ഏബ്രഹാം തെക്കേമുറി)
പ്രഭാതഭക്ഷണത്തിനായി മേശയ്ക്കു സമീപം ഇരിക്കുമ്പോള്‍ അടുക്കളയില്‍ നിന്നും കേട്ട പ്രോഗ്രാം ഈവിധമായിരുന്നു.
"എടീ സരോജിനി എനിക്കു് പത്തു മണിക്കു് ബ്ലോക്കാഫീസില്‍ എത്തണം. ഇന്നവിടെ വനിതാ സെല്ലിന്റെ ഉദ്ഘാടനമാ. ബ്ലോക്കടിസ്ഥാനത്തില്‍ ജില്ലാ തലത്തിലേക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പാണു്. ഈ റെയ്ച്ചല്‍ മാത്യൂസിനെതിരേ ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെടീ.’
പെറ്റതള്ളയുടെ കീര്‍വാണം കേട്ടു് റ്റൈറ്റസു് സ്തംഭിച്ചിരുന്നു പോയി. ഈ അറുപതാം വയസ്സില്‍ അധികാര സ്ഥാനങ്ങളിലേക്കുള്ള ആകാംക്ഷകള്‍. എന്തോ പരിജ്ഞാനം ഉണ്ടായിട്ടാ? നെല്ലുണങ്ങുന്ന സമ്പന്നരാഷ്ട്രങ്ങളെ വാലുണങ്ങി പകര്‍ത്തുകയല്ലേ ഇന്നാട്ടില്‍? ചിന്തകള്‍ കാടുകയറുമ്പോള്‍ എരിതീയിലെണ്ണപോല്‍ ലിസിയുടെ ശബ്ദം.
"മമ്മീ എനിക്കും രാവിലെ പോകണം. നാളെ മുനിസിപ്പാലിറ്റിയിലേക്കു് നോമിനേഷന്‍ കൊടുക്കണം. സംവരണവാര്‍ഡായിരുന്നേല്‍ യാതൊരു പ്രയാസവുമില്ലാതെ കേറിപ്പോയേനേം. ഇതു അല്‍പം ബുദ്ധിമുട്ടാ. എന്നാലും വനിതാമജോരിട്ടിയുള്ള വാര്‍ഡാ.’
"അയ്യോ, കൊച്ചു പെങ്ങളെ വനിതാ മജോറിട്ടി കൊണ്ടു് നിന്നെപ്പോലുള്ളവര്‍ക്കു് ജയിക്കാന്‍ പാടാ. പുരുഷ മജോറിട്ടി യുള്ള വാര്‍ഡില്‍ നില്‍ക്കു് കണ്ടാല്‍ കൊള്ളാവുന്ന പെണ്ണുങ്ങള്‍ക്കു് ഏതു പുരുഷന്ം വോട്ടു് ചെയ്യും.’ റ്റൈറ്റസു് മനസില്‍ പിറുപിറുത്തു.
എല്ലാംകൊണ്ടും മനസിനൊരു അസ്വസ്ഥത. ഒന്നിനോടും ഒരു വിധത്തിലും യോജിച്ചു പോകാനാവുന്നില്ല. സ്വന്തഭാര്യക്കുപോലും എന്തോ ഒരു ഭൂതബാധപോലെ. എപ്പോഴും ദേഷ്യം. കുട്ടികളോടു് കയര്‍ക്കുന്നു. അസമയത്തു് കിടന്നു് ഉറങ്ങുന്നു. ശരീരശുദ്ധിപോലും ഗൗനിക്കാതെ ഊണും ഉറക്കവുമെല്ലാം.
പരിചരിക്കാന്‍ ആളേറിയാല്‍ രാജ്ഞിസ്ഥാനമലങ്കരിക്കാന്‍ മിഴവുള്ളവരാണല്ലോ ഈ സ്ത്രീകള്‍. അമ്മയും പെങ്ങളും ഭാര്യയും എല്ലാം കൂടി തീര്‍ക്കുന്ന അഗ്മികുണ്ഡത്തിലൊരു ഈയ്യലായിത്തീരുകയാണു് താനെന്ന തോന്നല്‍. ഏതായാലും വരുന്നിടത്തുവച്ചു് കാണാം. റ്റൈറ്റസു് ഡ്രസു് ചെയ്തു് വെളിയിലിറങ്ങി. തിരുവനന്തപുരത്തിന് യാത്രയല്ലേ. വഴി ദുര്‍ഘടം.
"എടാ ബാബു അല്‍പം വെള്ളവും ഐസും കരുതിക്കോ.’
ബാബു ഝടുതിയില്‍ എല്ലാം കാറിന്ള്ളിലാക്കി.
അഖിലലോക മലയാളി സമ്മേളനത്തിലേക്കു് ക്ഷണിക്കപ്പെട്ട അമേരിക്കന്‍ മലയാളിയായി താന്‍ പോകയാണു്. വേണ്ടുന്ന ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി യാത്ര തിരിച്ചു.
നിശബ്ദതകളിലൂടെ കാര്‍ ഇഴഞ്ഞു നീങ്ങി. സുഗമമായ റോഡിലേക്കു് വാഹനം ഇറങ്ങിയതോടെ റ്റൈറ്റസു് വാചാലനായി.
"ബാബു നിന്റെ അഭിപ്രായമെന്താണു് ഈ നാട്ടിലെ ഭരണസമിതികളെപ്പറ്റി?’
"അച്ചായാ, എനിക്കു് പത്താം ക്‌ളാസിന്റെ പഠിപ്പേ ഉള്ളു. എങ്കിലും കുറെയൊക്കെ ലോകപരിജ്ഞാനവും നേടി. ഇവിടെയൊന്നും ശരിയാകാന്‍ പോകുന്നില്ല. ലൈംഗികതയുടെ മറവിലിന്നു വ്യക്തികള്‍ വളരുകയാണു്. പുരുഷന്റെമേല്‍ ആധിപത്യം വിളിച്ചോതുന്ന സ്ത്രീകളുടെ കൈയില്‍ വെറും `അമ്മാനക്കല്ലു്’ ആണു് അധികാരികള്‍. സൗന്ദര്യവതികളുടെ കടക്കണ്ണിന്‍മുനയില്‍ സകലതും ഉടക്കിക്കിടക്കുന്ന ഒരു അവസ്ഥ ഇവിടെ സംജാതമായിരിക്കന്നു.’ ബാബു പറഞ്ഞു.
"ലോകത്തിലേക്കും ഏറ്റവും കൂടുതല്‍ എയ്ഡുസു് ഇന്നു് ഇന്ത്യാമഹാരാജ്യത്തു് ആണെന്ന സത്യം ആര്‍ക്കു നിഷേധിക്കാനാവും?. ഉപജീവനത്തിനായുള്ള ലൈംഗീകബന്ധത്തെ വ്യഭിചാരമായി തരംതാഴ്ത്തി കരിതേപ്പിക്കുമ്പോള്‍ സ്ഥലകാലഭേദം ഇല്ലാതെ പണക്കൊഴുപ്പില്‍ പരസംഗം ചെയ്തു് സുഖിക്കുന്ന വനിതകള്‍ ഏറ്റവും ഇന്നു് പെരുകിയിരിക്കുന്നു. വ്യഭിചാര പ്രക്രിയയിലൂടെ ഉള്ളതിനേക്കാളേറെ അവിഹിതബന്ധങ്ങളിലൂടെ എയ്ഡു്‌സു് പകരുന്നു. എന്നിട്ടും യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരേ പുകമറ സൃഷ്ടിച്ചും കൊണ്ടു് വര്‍ക്ഷീയ രാഷ്ട്രീയ കക്ഷികളിവിടെ അന്തര്‍ദേശീയ സൗന്ദര്യമത്‌സരത്തിനെതിരേ കൊടി പിടിപ്പിച്ചു് നല്ലപിള്ള ചമഞ്ഞില്ലേ? ആര്‍ഷഭാരതസംസ്കാരത്തിന് സ്ത്രീകളുടെ സ്വിമ്മിംഗ് സൂട്ടു യോജിച്ചതല്ലപോലും. ആഗോളലോകത്തിന്റെ മുമ്പില്‍ പതിവ്രത ചമയാന്ള്ള ശ്രമം നാണക്കേടില്‍ പര്യവസാനിച്ചില്ലേ?.’ ചിന്തകളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേയ്ക്കു് മടങ്ങിയ റ്റൈറ്റസു് പറഞ്ഞു.
"എടാ ബാബു ഞാന്‍ ചോദിച്ചതു് ഈ പഞ്ചായത്തും, ജില്ലാഇലക്ഷന്മൊക്കെയാ?’
"ഞാന്‍ പറേന്നതും അതുതന്നെയാണു് അച്ചായാ. പെണ്ണുങ്ങളെ പൊക്കിക്കൊണ്ടു നടക്കാന്‍ എല്ലാക്കാലത്തും എല്ലായിടത്തും ആണുങ്ങള്‍ ഉണ്ടാകുമല്ലോ. അതു തന്നെ ഇവിടെയും. `ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’. യൗവനപ്രായത്തില്‍ ലൈംഗീകമല്ലാതെ മന്ഷ്യനോ മൃഗത്തിനോ മറ്റുവല്ല ചിന്തയുമുണ്ടോ അച്ചായാ? ഇക്കാലത്തെ പെണ്ണുങ്ങള്‍ക്കാണെങ്കില്‍ എല്ലാത്തിലും സ്വാതന്ത്രമല്ലിയോ? രണ്ടാമത്തെപ്രസവം കഴിയുന്നതോടെ ഫുള്‍സ്‌റ്റോപ്പു്. കൊഴുത്തു തടിച്ച ശരീരവുമായി സാമൂഹ്യപ്രവര്‍ത്തനത്തിന് എല്ലാ തുറകളിലുള്ള പുരുഷന്മാരോടൊപ്പം ഇറങ്ങുകയല്ലേ. `ഗര്‍ഭധാരണം’മെന്ന പൊല്ലാപ്പില്‍ നിന്നും സ്ത്രീ വിമുക്തയായോ അവളെ സത്യധര്‍മ്മാദി വെടിയുന്ന പുരുഷനേക്കാളും ക്രുദ്ധനായ സര്‍പ്പത്തേക്കാളും ഏറ്റവും പേടിക്കണം. വനിതാവിമോചനത്തിലൂടെ വനിതകള്‍ അരങ്ങു് വാഴുകയും അതോടൊപ്പം `പുരുഷപീഡനം’ വര്‍ദ്ധിക്കയുമാണു് ചെയ്യുന്നതു്. ശോഭനഭാവിയെ സ്വപ്നം കണ്ടു് അഹോരാത്രം അദ്ധ്വാനിക്കുന്നവരെയും, സുബോധമുള്ളവരെയും ദുഃഖത്തിന്റെ നടുക്കയത്തിലേക്കു് ചവുട്ടിത്താഴ്ത്തുന്ന ഒരു സംവിധാനം ഇന്നു രൂപപ്പെട്ടിരിക്കുന്നു.’ ബാബു പറഞ്ഞു നിര്‍ത്തി..
ബാബുവിന്റെ അഭിപ്രായം കേട്ട റ്റൈറ്റസിന്റെ ചിന്താലോകം ചിറകടിച്ചുയരുകയായിരുന്നു.
ജീവിതയാഥാര്‍ത്ഥങ്ങളെ വിലയിരുത്താന്‍ ഒരുവന്‍ വിദ്യാസമ്പന്നനാകണമെന്നില്ല. ഉലകം ചുറ്റണമെന്നുമില്ല. ജന്മനാല്‍ ചിലതൊക്കെ ലഭിക്കയും അതോടൊപ്പം സമശിഷ്ടങ്ങളോടു് ഇടപെടുകയും ഉള്ള ജ്ഞാനത്തിനൊത്തവണ്ണം ചിന്താശക്തി ശരിക്കുപയോഗിക്കയും ചെയ്യുന്നവനാണു് മഹാന്‍. അതുകൊണ്ടാണല്ലോ ജീവിതമൂല്യ ങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടുള്ളവരില്‍ നിന്നുപോലും കുറിച്ചിടപ്പെട്ടിട്ടുള്ള സാഹിത്യ സംഭാവനകള്‍ എക്കാലത്തും നിലനില്‍ക്കുന്നതു്. ധനവാന്റെ ധനവും, വിദ്യസമ്പന്നന്റെ വിദ്യയും, രാഷ്ട്രീയക്കാരന്റെ പദവിയും, ആത്മീയന്റെ ആത്മീയപ്രഭാഷണങ്ങളും എല്ലാമെല്ലാം കല്ലറയ്ക്കുള്ളില്‍ അടക്കപ്പെടുമ്പോള്‍ സാഹിത്യകാരന്റെ ശബ്ദം കാലാന്തരങ്ങളിലൂടെ തലമുറകളിലൂടെ അലയടിച്ചു് ഒഴുകുന്നതു്. പ്രപഞ്ചത്തെപ്പറ്റിയും ജീവന്റെ നിലനില്‍പ്പിനെപ്പറ്റിയും ഏറ്റക്കുറച്ചിലുകളെപ്പറ്റിയും ചിന്തിക്കുന്നതിനാല്‍ ജീവിച്ചിരിക്കുമ്പോള്‍ ജീവിക്കാന്‍ മറന്നു പോകയും മരണശേഷം വാക്കുകളില്‍കൂടി ഈ ലോകത്തില്‍ നിലനില്‍ക്കയും ചെയ്യുന്ന മഹാന്‍ എന്ന വിശേഷണം സാഹിത്യകാരന് മാത്രമായി നില്‍ക്കുന്നതു്. സാഹിത്യകാരന്‍ സമ്പന്നനാകുന്നില്ല. കാരണം അവന്‍ പ്രപഞ്ചത്തെ സ്‌നേഹിക്കുന്നു.
അതിനാല്‍ വഞ്ചന നിറഞ്ഞ ജീവിതത്തെ നിഷേധിക്കുന്നു. സകല വൈഭവങ്ങളുടെയും ഉദയവും അസ്തമനവും അവന്റെ മസ്തിഷ്കത്തില്‍ പ്രശോഭിക്കപ്പെടുന്നതിനാല്‍ സ്‌നേഹമെന്നതൊഴികെ ഒന്നിനെയും ജീവിതധര്‍മ്മമായി ഗണിക്കുന്നില്ല.
ഗതിമാറിയൊഴുകുന്ന നദീമുഖത്തു് വന്‍വൃക്ഷങ്ങള്‍പോലും കടപുഴകി ഒഴുകുന്നു. വഴിമുട്ടി നില്‍ക്കുന്ന ജീവിതപന്ഥാവു് എല്ലാ തുറകളിലും ഇന്നിവിടെ ദൃശ്യമല്ലേ? പാമ്പിന്‍ പടം കണ്ടു് പാമ്പെന്നു കരുതി അറെച്ചുനില്‍ക്കുന്നവരും, അതേപടം പൊക്കിപ്പിടിച്ചു് ഞാന്‍ പാമ്പിനെ പിടിച്ചെന്നു് വീമ്പിളക്കുന്നവരും അല്ലാതെ യാഥാര്‍ത്ഥ്യമെന്തെന്നു് ഇവിടെ ആരു ഗ്രഹിക്കുന്നു?.
"അച്ചായാ കൊട്ടാരക്കരയെത്തി.’. ബാബുവിന്റെ ശബ്ദം കേട്ടു് റ്റൈറ്റസു് ചിന്തയില്‍ നിന്നുണര്‍ന്നു.
"സൈഡൊതുക്കി നിര്‍ത്തു. ഒന്നു മുറുക്കിക്കളയാം. നാലുംകൂട്ടി മുറുക്കുന്നതു് നസ്രാണിക്കു യോജ്യം, വെറ്റിലത്താലം നായര്‍ വക എങ്കിലും, എന്നാ ചൊല്ലു്.’
അടുത്തു കണ്ട മാടക്കടയില്‍ക്കയറി . പണ്ടു കാലത്തു് നോര്‍ത്തിന്‍ഡ്യയില്‍ മാത്രം കണ്ടിരുന്ന അഷ്ടാംഗകൂട്ടുകളെല്ലാം നിരത്തി വച്ചിരിക്കുന്നു. ഹിന്ദുസ്ഥാനിയെന്ന പദത്തിലെ ഏകത്വം മുറുക്കാന്‍ തുപ്പലിലും കൂടെ യോജിക്കുംപോലെ. ഒറ്റമുറുക്കിനാല്‍ മൂന്നു ദിവസം സമാധിയിലാകാന്‍ കഴിയുന്ന വിഭവങ്ങളും പരസ്യചന്തയില്‍.
മുറുക്കാന്‍കടക്കാരന്റെ കോഡുഭാഷ പലതും റ്റൈറ്റസിന്് മനസ്സിലായില്ല. ബാബുവാണു് സംശയങ്ങള്‍ തീര്‍ത്തു കൊടുത്തതു്. നാലുംകൂട്ടി മുറുക്കി വണ്ടിയില്‍ കയറി. യാത്ര തുടരവേ ഇന്നാട്ടിലെ പൊല്ലാപ്പിന്റെ ന്ൂലാമാലകള്‍ ബാബു വിവരിച്ചു.
" അച്ചായാ കോഡുഭാഷ മറക്കരുതു്. വെള്ളം ചേര്‍ക്കാത്ത സോഡാ ചോദിച്ചാല്‍ അരപട്ടയും സോഡയും എന്നര്‍ത്ഥം. വെറും വെള്ളം ചോദിച്ചാല്‍ പട്ടയും വെള്ളവും. `ഡബിള്‍ ഫില്‍റ്റര്‍’ എന്നുവച്ചാല്‍ വലിയ ബീഡി. അതായതു് കഞ്ചാവു്. എ പ്ലസു് ബി യെന്നാല്‍ കുടിയും വലിയും. ഇനിയുമുണ്ടു് വേറെ. അല്‍പംകൂടി കടന്ന കൈകള്‍. `ഭക്തവത്സലന്‍’ മൂവിക്കടയില്‍ ചെന്നാല്‍ ത്രീഎക്‌സു് മൂവിയെന്നു സാരം. പിന്നെ ഹോട്ടലുകളിലൊക്കെ താമസിക്കുകയാണെങ്കില്‍ മറ്റൊരു കോഡു് ഉണ്ടു്. വിവരവും വിദ്യാഭ്യാസവുമുള്ള ഫ്രെണ്ട്‌സിനേ വേണോ?യെന്ന ചോദ്യം. അതിന്റെയര്‍ത്ഥം വിവരമെന്ന പദം മാറിടത്തെയും വിദ്യാഭ്യാസമെന്നതു് നിതംബത്തെയും കുറിക്കുന്നു. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ തുടങ്ങി നാളിതുവരെ പ്രസിദ്ധീകരിച്ച ഒരു നിഘണ്ടുവില്‍പ്പോലുമില്ലാത്ത പദങ്ങള്‍ ഇന്നാട്ടില്‍ സുലഭം.’
വഴിയാത്രയ്ക്കിടയില്‍ കേട്ട ഫലിതത്തിലൂറിച്ചിരിക്കവേ ഇന്നാട്ടില്‍ മന്ഷ്യന്‍ വഴിയാധാരമാകുന്ന കപടപ്രവര്‍ത്തികള്‍ ദിനന്തോറുമേറി വരുന്നതോര്‍ത്തു് റ്റൈറ്റസു് ചിന്താമഗ്മനായി.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക