Image

കേരള ഹൗസില്‍ കത്തിയുമായെത്തിയ മലയാളി യുവാവ്‌ പിടിയില്‍

Published on 04 August, 2018
കേരള ഹൗസില്‍ കത്തിയുമായെത്തിയ മലയാളി യുവാവ്‌ പിടിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി തങ്ങുന്ന ഡല്‍ഹി കേരള ഹൗസിനു മുന്നില്‍ കത്തിയുമായെത്തിയ മലയാളി യുവാവ്‌ പിടിയില്‍. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ്‌ അറസ്റ്റിലായത്‌. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്കു മുന്നിലാണ്‌ യുവാവ്‌ ആയുധവുമായി എത്തിയത്‌. കത്തി വീശിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി ഡല്‍ഹി പോലീസിനു കൈമാറി.
ജീവിക്കാന്‍ മറ്റ്‌ മാര്‍ഗമില്ലെന്നും ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും തന്റെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും യുവാവ്‌ ആരോപിച്ചു.

രാവിലെ 9.25ഓടുകൂടിയാണ്‌ ഇയാള്‍ എത്തിയത്‌. ഇയാളുടെ കയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണണമെന്നു പറഞ്ഞാണ്‌ ഇയാള്‍ എത്തിയത്‌. ഇതിനിടയിലാണ്‌ ബാഗ്‌ തുറന്ന്‌ കത്തി പുറത്തെടുക്കുകയും മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന്‌ ആരോപിച്ച്‌ ബഹളം വെക്കുകയും ചെയ്‌തത്‌. ജോലി ചെയ്‌ത്‌ ജീവിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുവെച്ച്‌ കണ്ടിരുന്നതായും തനിക്ക്‌ ജീവിക്കാന്‍ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്നും മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടിരുന്നെന്ന്‌ ഇയാള്‍ പറയുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന പൊളിറ്റ്‌ ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ്‌ മുഖ്യമന്ത്രി ഡല്‍ഹിയില്‍ കേരള ഹൗസില്‍ താമസിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക