Image

സൈനികരെയും ജനങ്ങളെയും രക്ഷിച്ച തനോട്ട് ദേവീ (ഡോ.(മേജര്‍)നളിനി ജനാര്‍ദ്ദനന്‍)

ഡോ.(മേജര്‍)നളിനി ജനാര്‍ദ്ദനന്‍ Published on 04 August, 2018
സൈനികരെയും ജനങ്ങളെയും രക്ഷിച്ച തനോട്ട് ദേവീ (ഡോ.(മേജര്‍)നളിനി ജനാര്‍ദ്ദനന്‍)
രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ എന്ന സ്ഥലത്തുനിന്ന് 120 കി.മീ. ദൂരെ ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള 'തനോട്ട് മാതാ ദേവീക്ഷേത്രം' വളരെ സുപ്രസിദ്ധമാണ്. രണ്ടു പ്രാവശ്യം ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധം നടന്നപ്പോള്‍ സൈനികരെയും ജനങ്ങളെയും രക്ഷിച്ച ദേവിയാണിത് എന്നു പറയപ്പെടുന്നു.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ലസ് വേല ജില്ലയിലെ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഹിംഗലാജ് ദേവിയുടെ അവതാരമാണത്രെ തനോട്ട് ദേവി. 'തനോട്ട് റായ് മാതേശ്വരി' എന്നും 'ആവഡ് മാതാ' എന്നും ഈ ദേവിക്കു പേരുകളുണ്ട്. ഭാട്ടി രാജ്പുത് രാജവംശത്തില്‍പ്പെട്ട 'തണു റാവ്' എന്ന രാജാവ് തനോട്ട് എന്ന സ്ഥലം തന്റെ രാജ്യത്തിന്റെ തലസ്ഥാനമാക്കി.(പിന്നീട് തലസ്ഥാനം ജയ്‌സാല്‍മീറിലേക്ക്ു മാറ്റി). AC 847 ലാണ് അദ്ദേഹം തനോട്ട് ദേവീക്ഷേത്രം പണികഴിപ്പിച്ചത്. 1965 ല്‍ ഇന്ത്യാ-പാക് യുദ്ധത്തില്‍ സംഭവിച്ച ഒരു അത്ഭുതത്തിനുശേഷം ഈ അമ്പലം ഭാരതീയകരസേനയിലെയും അതിര്‍ത്തിസേനയിലെയും പട്ടാളക്കാര്‍ക്ക് പ്രചോദത്തിന്റെയും ധൈര്യത്തിന്റെയും ഉറവിടമായിത്തീര്‍ന്നു. 1965 ല്‍ ഈ അമ്പലത്തിന്റെ മേല്‍നോട്ടം BSF ഏറ്റെടുത്തു.
1965 ഒക്‌ടോബറില്‍ രണ്ടു ഭാഗങ്ങളില്‍ നിന്നായി (കിഷന്‍ഗഡ്, സാഡേവാല) പാക്കിസ്ഥാന്റെ സൈന്യം ഇന്ത്യയെ ആക്രമിക്കാന്‍ തുടങ്ങി. പക്ഷേ ഈ രണ്ടു സ്ഥലങ്ങള്‍ക്കുമിടയില്‍ അതായത് തനോട്ട് ദേവീക്ഷേത്രം സ്ഥിതിചെയ്യുന്ന ഭാഗത്തുമാത്രം പാക്‌സൈന്യത്തിനു പ്രവേശിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. മൂവായിരത്തിലധികം ബോംബുകള്‍ പാക്‌സൈന്യം അങ്ങോട്ടെറിഞ്ഞുവെങ്കിലും ദേവിയുടെ ശക്തികൊണ്ട് അവയില്‍ മിക്കതും പൊട്ടിയില്ലെന്നും കാര്യമായ കുഴപ്പമൊന്നും ഉണ്ടാക്കിയില്ലെന്നുമാണ് പറയപ്പെടുന്നത്. ദേവീക്ഷേത്രത്തിന് കേടൊന്നും സംഭവിച്ചതുമില്ല. അമ്പലത്തിനടുത്തു വീണ നാനൂറ്റമ്പതോളം ബോംബുകള്‍ പൊട്ടിയില്ലത്രേ. ദേവി ഒരു കൊച്ചു പെണ്‍കുട്ടിയുടെ രൂപത്തില്‍ വന്ന് ഈ ബോംബുകള്‍ ഏറ്റുവാങ്ങി നിര്‍വീര്യമാക്കിയെന്നാണു വിശ്വാസം. യുദ്ധം നടന്ന സമയത്ത് ഭാരതീയ സൈനികരില്‍ ചിലരുടെ സ്വപ്‌നത്തില്‍ തനോട്ട് ദേവി പ്രത്യക്ഷപ്പെട്ടുവെന്നും, അമ്പലത്തിന്റെ പ്രാന്തപ്രദേശം വിട്ടുപോകാതിരുന്നാല്‍ അവരെ രക്ഷിക്കാമെന്നും ദേവി പറഞ്ഞുവെന്നുമാണ് ആ സ്ഥലത്തെ നിവാസികളില്‍ പ്രായംചെന്നവര്‍ പറയുന്നത്. സത്യം എന്തായാലും ഇവയില്‍ ചില ബോംബുകള്‍ അമ്പലത്തിലെ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുവെച്ചതായി കാണാന്‍ കഴിയും.

അന്നത്തെ പാക് ആക്രമണത്തെ ഭാരതം ചെറുത്തുനില്‍ക്കുകയും മൂന്നു ദിവസം നീണ്ടുനിന്ന യുദ്ധത്തിനുശേഷം പാക്‌സൈന്യം മടങ്ങിപ്പോവുകയും ചെയ്തു. പാക്‌സൈന്യത്തിന്റെ ഒരു വലിയ ബ്രിഗേഡിനെതിരെ പോരാടാനുമ്ടായിരുന്നത് ഭാരതീയ കരസേനയുടെ(Indian Army) ഒരു ബറ്റാലിയനും(Grenadiers), BSF ന്റെ 13-ാം ബറ്റാലിയന്റെ രണ്ടു കമ്പനികളും മാത്രമായിരുന്നു. എണ്ണത്തില്‍ വളരെ കുറവായിരുന്നിട്ടും ദേവിയുടെ അനുഗ്രഹം കൂടെയുണ്ടെന്ന വിശ്വാസത്താല്‍ അവര്‍ സാഹസികതയോടെ യുദ്ധം ചെയ്തു.
അതിനുശേഷമാണ് തനോട്ട് ദേവീക്ഷേത്രം പ്രശസ്തമായത്.

പിന്നീട് 1971 ല്‍ ഡിസംബര്‍ 4-ാം തീയ്യതി വീണ്ടും 'ലോംഗെവാല' എന്ന സ്ഥലത്ത് പാക്കിസ്ഥാന്‍ പെട്ടെന്ന് ആക്രമണം തുടങ്ങി. ആ സമയത്ത് 23 പഞ്ചാബ് റെജിമെന്റിന്റെ ഒരു കമ്പനിയും(മേജര്‍ ചാന്ദ്പുരി എന്ന ധീരനായ ഓഫീസറുടെ നേതൃത്വത്തില്‍) BSF ന്റെ 14-ാം ബറ്റാലിയന്റെ ഒു കമ്പനിയും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവര്‍ ധീരതയോടെ പോരാടി. ഭാരതീയ വായുസേനയും അവരെ സഹായിച്ചു. ആ സമയത്തും ആള്‍ബലമായിരുന്നില്ല, ദേവിയുടെ അനുഗ്രഹവും ധൈര്യവും മാത്രമായിരുന്നു അവര്‍ക്ക് പിന്തുണയായി ഉണ്ടായിരുന്നത്. ഭാരസൈന്യം പാക്കിസ്ഥാന്റെ ടാങ്ക് റെജിമെന്റിനെ മുഴുവന്‍ നശിപ്പിച്ച ആ യുദ്ധം ചരിത്രപ്രസിദ്ധമായി. ആ യുദ്ധത്തിന്റെ ഓര്‍മ്മയ്ക്കായി തനോട്ട് ദേവീക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിന്റെ അടുത്തുതന്നെ യുദ്ധസ്മാരകമായി(War Memorial) ഒരു വിജയസ്തംഭം ലോംഗെവാലെയില്‍ പണിതിട്ടുണ്ട്. ഭാരതീയ സൈനികരുടെ സാഹസികതയുടെ ഓര്‍മ്മയ്ക്കായി ഇവിടെ എല്ലാ വര്‍ഷവും ഡിസംബര്‍ 16-ാം തീയതി(വിജയദിവസം) ആഘോഷം നടത്താറുണ്ട്.
ഈ രണ്ടുയുദ്ധങ്ങളിലും തങ്ങളെ രക്ഷിച്ചത് തനോട്ട് ദേവിയാണെന്നാണ് ജനങ്ങളും സൈനികരും വിശ്വസിക്കുന്നത്. 1971 ലെ യുദ്ധത്തിന്റെ കഥ ചിത്രീകരിക്കപ്പെട്ട 'Border' എന്ന ഹിന്ദി സിനിമയില്‍ ഈ ക്ഷേത്രം കാണിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ഏപ്രിലിലും സെപ്തംബറിലും ഇവിടെ നവരാത്രി ആഘോഷം നടത്തുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ ഇവിടെയെത്താറുണ്ട്. ഈ ദേവീക്ഷ്ത്രത്തില്‍ ഉറുമാലോ ദേവിക്കു ചാര്‍ത്താറുള്ള ചുവന്ന 'ചുനരി' യോ കെട്ടിക്കൊണ്ട് ഭക്തജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതു കാണാം.

ഞാന്‍ ആര്‍മി മെഡിക്കല്‍ കോറില്‍ സേനാധികാരിയായിരുന്ന കാലത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ജോധ്പൂരില്‍ ഫീല്‍ഡ് ആംബുലന്‍സ് എന്ന സൈന്യവിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആ സമയത്ത് ലോംഗെവാലയ്ക്കടുത്ത് കുറേ ദിവസങ്ങള്‍ ജോലി ചെയ്യാനുള്ള ഒരവസരവും തനോട്ട് ദേവിയുടെ ദര്‍ശനഭാഗ്യവും എനിക്കു ലഭിച്ചിട്ടുണ്ട്. തനോട്ട് ദേവീക്ഷേത്രത്തിനടുത്തുചെല്ലുന്ന ഏതു പട്ടാളക്കാരനും അവിടെ തൊഴുതു പ്രാര്‍ത്ഥിക്കാന്‍ മടിക്കാറില്ല. പക്ഷേ എന്റെഫീല്‍ഡ് ആംബുലന്‍സില്‍ ജോലി ചെയ്തിരുന്ന ഒരു സേനാധികാരിക്കുണ്ടായ ഒരു അനുഭവം വളരെ വിചിത്രമായിരുന്നു. അദ്ദേഹത്തിന്(കേണല്‍ ഗുപ്ത) തങ്ങളുടെ ഫീല്‍ഡ് ആംബുലന്‍സില്‍ സേവനം ചെയ്തശേഷം വേറെയൊരു സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍(പോസ്റ്റിംഗ്) ചെയ്തു കൊണ്ടുള്ള ഓര്‍ഡര്‍ ലഭിച്ചു. ട്രാന്‍സ്ഫര്‍ ആയി പോകുന്ന ദിവസം, കുറച്ചു ദൂരെയുള്ള ഞങ്ങളുടെ യൂണിറ്റ് സന്ദര്‍ശിച്ച് എല്ലാവരോടും വിട പറഞ്ഞിട്ടു പോകാമെന്നു കരുതി. അദ്ദേഹം ആര്‍മി വണ്ടിയില്‍ അങ്ങോട്ടു പുറപ്പെട്ടു. രാവിലെ ഏകദേശം പത്തുമണിയോടെ തനോട്ട് ദേവീക്ഷേത്രത്തിനു മുമ്പില്‍ വണ്ടിയെത്തിയെങ്കിലും കേണല്‍ ഗുപ്ത അവിടെ ഇറങ്ങിയില്ല. 'അമ്പലത്തില്‍ ഒന്നു തൊഴുതിട്ടുപോകാം, സാര്‍' എന്ന് കൂടെയുള്ള JCO പറഞ്ഞിട്ടും അദ്ദേഹം അത് അവഗണിച്ചുകൊണ്ട് വണ്ടിവിടാന്‍ ഡ്രൈവറോട് ആജ്ഞാപിച്ചു. യൂണിറ്റിലെ പട്ടാളക്കാരെയെല്ലാം കണ്ട് യാത്രയയപ്പു സല്‍ക്കാരവും കഴിഞ്ഞു മടങ്ങുമ്പോഴും അതേപോലെ JCO യും പട്ടാളക്കാരും ദേവീക്ഷേത്രത്തില്‍ ഒരിക്കെലെങ്കിലും തൊഴിതിട്ടുപോകാമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും കേണല്‍ഗുപ്ത അതു ശ്രദ്ധിച്ചതേയില്ല. എനിക്ക് ഇന്ന് ഉച്ചയാവുമ്പോഴേക്കും ജയ്‌സാല്‍മീറിലെത്തിയേ പറ്റൂ. അതുകൊണ്ട് എനിക്കീ അമ്പലത്തില്‍ കയറോ പ്രാര്‍ത്ഥിക്കാനോ ഒന്നും സമയമില്ല'- എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം! പക്ഷേ അവിടെനിന്നും യാത്ര പുറപ്പെട്ട് അല്പനേരം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ വണ്ടിയുടെ ഒരു ടയര്‍ പങ്ങ്ചര്‍ ആയി. അത് റിപ്പയര്‍ ചെയ്തു യാത്ര തുടര്‍ന്നു. ഉച്ചയാവുമ്പോഴേക്കും ഒരു ടയറും കൂടി കേടുവന്നു. അതും ശരിയാക്കി യാത്ര തുടര്‍ന്നു. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ ഉച്ചക്കുശേഷം രണ്ടു പ്രാവശ്യമായി ബാക്കിയുള്ള ടയറുകള്‍ കൂടി കേടു വന്നു. അവ ശരിയാക്കാന്‍ സമയമെടുത്തതിനാല്‍ അവസാനം കേണ്‍ഗുപ്ത ജയ്‌സാല്‍മീറിലെത്തിയത് അന്നു രാത്രിയിലായിരുന്നു! ഒന്നു ദേവിയെ തൊഴാന്‍പോലും സമയമില്ല എന്നു പറഞ്ഞ് വേഗത്തിലെത്താന്‍ യാത്ര തുടര്‍ന്ന അദ്ദേഹത്തിന് വിചാരിച്ചതുപോലെ ഉച്ചയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞതുമില്ല എന്നത് ഒരു സത്യമാണ്.(ഭക്തപ്രിയയായ ദേവി അദ്ദേഹത്തിനെ ഒരു പാഠം പഠിപ്പിച്ചതല്ലേ അത് എന്നാണ് പട്ടാളക്കാര്‍ പറയുന്നത്!)
1965 ലെ യുദ്ധത്തില്‍ നടന്ന അത്ഭുതത്തെപ്പറ്റി പാക്കിസ്ഥാനിലെ പട്ടാളക്കാര്‍ക്കും കമാന്‍ഡര്‍മാര്‍ക്കും ബോദ്ധ്യമായി. അതിന്റെ തെളിവാണ് പാക്കിസ്ഥാനിലെ സേനാധികാരിയായിരുന്ന ബ്രിഗേഡിയര്‍ ഷാനവാസ് തനോട്ട് ദേവീക്ഷേത്രത്തില്‍ ബഹുമാനപൂര്‍വ്വം സമര്‍പ്പിച്ച വെള്ളികൊണ്ടുള്ള ചെറിയ അലങ്കാരക്കൂട! എന്തായാലും ഇത്തരം സംഭവങ്ങളിലൂടെയും കഥകളിലൂടെയും പട്ടാളക്കാര്‍ക്ക് പ്രേരണയും ധൈര്യവും നല്‍കിക്കൊണ്ട് അതിര്‍ത്തിയില്‍ കുടികൊള്ളുകയാണ് തനോട്ട് ദേവി!

സൈനികരെയും ജനങ്ങളെയും രക്ഷിച്ച തനോട്ട് ദേവീ (ഡോ.(മേജര്‍)നളിനി ജനാര്‍ദ്ദനന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക