Image

വീട്ടിലെ ബൈബിളില്‍ നിന്നും കണ്ടെടുത്ത സിം ഉപയോഗിച്ചത്‌ ജസ്‌ന അല്ലെന്ന്‌ സഹോദരന്‍

Published on 04 August, 2018
വീട്ടിലെ  ബൈബിളില്‍ നിന്നും കണ്ടെടുത്ത സിം ഉപയോഗിച്ചത്‌ ജസ്‌ന അല്ലെന്ന്‌ സഹോദരന്‍
പത്തനംതിട്ട: മുണ്ടക്കയത്ത്‌ നിന്നും ജസ്‌ന മരിയ ജെയിംസിനെ കാണാതായ സംഭവത്തില്‍ ഏറ്റവും പുതിയ തെളിവായി പോലീസിന്‌ ലഭിച്ചിരിക്കുന്നത്‌ ഒരു സിം കാര്‍ഡ്‌ ആണ്‌. ജസ്‌ന രണ്ട്‌ ഫോണുകള്‍ ഉപയോഗിച്ചിരുന്നു എന്ന പോലീസിന്‌റെ സംശയത്തെ സാധൂകരിക്കുന്നതാണ്‌ ഈ തെളിവ്‌.

ജസ്‌നയെ ആരും തട്ടിക്കൊണ്ട്‌ പോയതാവാന്‍ സാധ്യത ഇല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം വീട്‌ വിട്ട്‌ പോയതാവാനാണ്‌ സാധ്യത എന്നാണ്‌ പോലീസ്‌ കരുതുന്നത്‌. ആണ്‍സുഹൃത്തുമായുള്ള അടുപ്പത്തിന്‌ ജസ്‌നയുടെ തിരോധാനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതും പോലീസ്‌ പരിശോധിക്കുന്നു.

ജൂലൈ മൂന്നിനാണ്‌ ജസ്‌നയുടെ വീട്ടിലുള്ള ബൈബിളിന്‌ അകത്ത്‌ സൂക്ഷിച്ചിരിക്കുന്ന നിലയിലുള്ള സിം കാര്‍ഡ്‌ പോലീസിന്‌ ലഭിച്ചത്‌. വീട്ടുകാര്‍ക്കാണ്‌ ജസ്‌ന ഉപയോഗിച്ചിരുന്ന ബൈബിളിന്‌ അകത്ത്‌ നിന്ന്‌ സിം കാര്‍ഡ്‌ ലഭിച്ചത്‌. ഇക്കാര്യം കുടുംബാംഗങ്ങള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഈ സിം കാര്‍ഡ്‌ പോലീസ്‌ പരിശോധിച്ച്‌ വരികയാണ്‌

വീട്ടില്‍ ഉപയോഗിച്ചിരുന്ന സാധാരണ ഫോണ്‍ കൂടാതെ ജസ്‌ന രഹസ്യമായി ഒരു സ്‌മാര്‍ട്ട്‌ ഫോണ്‍ കൂടി ഉപയോഗിച്ചിരുന്നതായി പോലീസ്‌ സംശയിക്കുന്നു. അതേസമയം വീട്ടില്‍ നിന്ന്‌ ലഭിച്ച സിം കാര്‍ഡ്‌ അമ്മ ഉപയോഗിച്ചതാവും എന്നാണ്‌ ജസ്‌നയുടെ സഹോദരന്‍ ജെയ്‌സ്‌ ജോണ്‍ ജെയിംസ്‌ പറയുന്നത്‌.

സിം കാര്‍ഡ്‌ കിട്ടിയ വിവരം പോലീസ്‌ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്‌. പത്തനംതിട്ട ഡിവൈഎസ്‌പി എസ്‌ റഫീഖ്‌ കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയിലാണ്‌ ഈ വിവരമുള്ളത്‌. ജസ്‌ന മറ്റേതെങ്കിലും മൊബൈല്‍ നമ്‌ബറുകള്‍ ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിന്‌ വേണ്ടി അന്വേഷണം നടത്തുന്നതായും പോലീസ്‌ ഹൈക്കോടതിയെ അറിയിച്ചു.

ജസ്‌നയുടെ സഹോദരന്‍, സഹോദരി, ആണ്‍ സുഹൃത്ത്‌ എന്നിവരുടെ ഫോണ്‍ വിവരങ്ങളും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. ഇവരുടെ മൊബൈല്‍ ഫോണുകളിലെ ഡാറ്റ വീണ്ടെടുക്കുന്നതിന്‌ വേണ്ടി തിരുവനന്തപുരം ഫോറന്‍സിക്‌ സയന്‍സ്‌ ലാബിലേക്ക്‌ അയച്ചിരിക്കുകയാണ്‌. മാത്രമല്ല ജസ്‌നയുടെ വീടിന്‌ സമീപത്തുള്ള മൊബൈല്‍ ടവര്‍ വിശദാംശങ്ങള്‍ നല്‍കാന്‍ സേവന ദാതാക്കളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ജസ്‌ന സഞ്ചരിച്ചുവെന്ന്‌ കരുതപ്പെടുന്ന എരുമേലി, മുണ്ടക്കയം െ്രെപവറ്റ്‌ ബസ്‌ സ്റ്റാന്‍ഡ്‌, പുഞ്ചവയല്‍, പരുത്തുംപാറ എന്നിവിടങ്ങളിലേയും മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച്‌ വിശദമായ അന്വേഷണം നടത്തിയെന്നും പോലീസ്‌ ഹൈക്കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക