Image

അഭിമാനം, ധന്യം, വിശ്വാസദീപ്തം (ലൗഡ് സ്പീക്കര്‍ 46: ജോര്‍ജ് തുമ്പയില്‍)

Published on 06 August, 2018
അഭിമാനം, ധന്യം, വിശ്വാസദീപ്തം (ലൗഡ് സ്പീക്കര്‍ 46: ജോര്‍ജ് തുമ്പയില്‍)
അഭിമാനപൂരിതമായിരുന്നു ആ നിമിഷങ്ങളൊക്കെയും. ധന്യത നിറഞ്ഞു നിന്ന മുഹൂര്‍ത്തങ്ങളായിരുന്നു എപ്പോഴും. കഴിഞ്ഞ രണ്ടു വര്‍ഷമായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ മലങ്കര ഓര്‍ത്തഡോക്‌സ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും പടിയിറങ്ങുമ്പോള്‍ വിശ്വാസദീപ്തമായ അഭിമാനമാണ് മനസ്സില്‍. ഹൃദയവിശുദ്ധിയോടെ ആയിരത്തിലധികം കുടുംബങ്ങളെ ചേര്‍ത്തു നിര്‍ത്താനും അവര്‍ക്ക് ആത്മീയവിശുദ്ധിക്ക് അരങ്ങൊരുക്കാനും കഴിഞ്ഞുവെന്നത് വലിയകാര്യമായി തന്നെ കരുതുന്നു. പെന്‍സില്‍വേനിയ കലഹാരി കണ്‍വന്‍ഷന്‍ സെന്ററിലാണ് രണ്ടു വര്‍ഷവും കോണ്‍ഫറന്‍സ് നടന്നത്. ശക്തമായ കെട്ടുറപ്പോടെ, വിവിധ കമ്മിറ്റികള്‍ ഏക മനസ്സോടെ, കോണ്‍ഫറന്‍സ് വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചതു കൊണ്ടാകണം, എല്ലാം ദൈവകൃപയാല്‍ വിജയമായി. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തില്‍ ഈശ്വരസാന്നിധ്യം അനുഭവിക്കാന്‍ കോണ്‍ഫറന്‍സ് പങ്കാളികള്‍ക്കു കഴിഞ്ഞുവെന്നത് വലിയൊരു കാര്യമായി. ഒപ്പം, ശക്തമായ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് മൂലം മിച്ചം പിടിച്ച ഒന്നരലക്ഷം ഡോളര്‍ നോര്‍ത്ത് ഈസ്റ്റ് ഓര്‍ത്തഡോക്‌സ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ അഭിമാനസ്തംഭമായ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്ററിനു നല്‍കുകയും ചെയ്തു. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സ്‌നേഹപൂര്‍വ്വം ചെക്ക് ഏറ്റുവാങ്ങിയതു നിറഞ്ഞ കൈയടികളോടെ സദസ്യരും അതേറ്റുവാങ്ങി. അപ്പോള്‍ മനസ്സില്‍, അവര്‍ണ്ണനീയമായൊരു ആനന്ദമായിരുന്നു. ആഹ്ലാദാരവത്തിന്റെ നിമിഷങ്ങളില്‍ സമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും വിജയമായിരുന്നു ഇത്. ഊണും ഉറക്കവുമില്ലാതെ നടത്തിയ പരിപാടിയുടെ വിജയതിലകമായി മാറി ഈ നേട്ടം. കഴിഞ്ഞവര്‍ഷവും ഒരു ലക്ഷം ഡോളര്‍ കൈമാറിയിരുന്നു. എല്ലാത്തിനും നന്ദി, ദൈവത്തിനും ഒരു മനസ്സായി പ്രവര്‍ത്തിച്ച വറുഗീസ് അച്ചനും ബേബിയങ്കിളിനും കമ്മിറ്റിക്കാര്‍ക്കും കൂടെ നിന്നവര്‍ക്കും, അഭിവന്ദ്യ തിരുമേനി- സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയ്ക്കും.

*** ***** *****
ഇന്നാര്‍സ്യൂട്ട് എന്നൊരു ദ്വീപുണ്ട്, ഗ്രീന്‍ലാന്‍ഡില്‍. താമസം 170 പേര്‍ മാത്രം. ഇവരുടെ ഇപ്പോഴത്തെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനും നടുവിലാണ്. ദ്വീപിന്റെ കരയോടു ചേര്‍ന്നു പടുകൂറ്റന്‍ മഞ്ഞുമല വന്നിരിക്കുന്നുവെന്നതാണ് അവരെ പേടിപ്പിക്കുന്നത്. 11 മില്യണ്‍ ടണ്‍ ഭാരവും 100 മീറ്റര്‍ ഉയരവുമുണ്ട് ഈ മഞ്ഞുമലയ്ക്ക്. അതായത് ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ടവറിനോളം ഉയരം. ഈ മഞ്ഞുമല പൊട്ടിപ്പിളര്‍ന്നാല്‍ ഇന്നാര്‍സ്യൂട്ട് ദ്വീപുകാര്‍ക്കു സുനാമിയാകും നേരിടേണ്ടിവരിക എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത്ര വലിയ മഞ്ഞുമല കടലില്‍താഴ്ന്നാല്‍ ഇന്നാര്‍സ്യൂട്ട് ദ്വീപ് പൂര്‍ണമായും വെള്ളത്തിലാകുമത്രേ. മഞ്ഞു മല ദ്വീപില്‍ വന്നിടിക്കുമോ എന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ദിവസം മഞ്ഞുമല അകലേക്ക് ഒഴുകിനീങ്ങിയത് ആശ്വാസത്തിനിട നല്‍കിയെങ്കിലും കനത്ത കാറ്റിനേത്തുടര്‍ന്ന് അതു വീണ്ടും ദ്വീപനടുത്തേക്കെത്തി. എത്രയും പെട്ടെന്ന് വേലിയേറ്റമുണ്ടാകണമേയെന്ന പ്രാര്‍ഥനയിലാണ് ദ്വീപിലെ താമസക്കാരായ 170 പേരിപ്പോള്‍. വേലിയേറ്റമുണ്ടായാല്‍ മഞ്ഞു മല ഒഴുകിപ്പോകുമെന്ന കണക്കുകൂട്ടലാണ് അവര്‍ക്കു പ്രതീക്ഷയാകുന്നത്. ഈ മഞ്ഞുമല പൊട്ടിത്തകരാതെ അന്റാര്‍ട്ടിലേക്ക് കടക്കുമോയെന്നു കാലാവസ്ഥ നിരീക്ഷകര്‍ ശ്രദ്ധിക്കുന്നുണ്ട്. ഈയൊരു മഞ്ഞുമല മാത്രം മതി ന്യൂയോര്‍ക്കിനെ കുറേ ദിവസത്തേക്കെങ്കിലും തണുത്ത കാറ്റില്‍ കുളിര്‍പ്പിക്കാന്‍. അതു കൊണ്ട്, ഇന്നാര്‍സ്യൂട്ട് നിവാസികള്‍ ഈ വയ്യാവേലി തങ്ങളുടെ പരിസരത്തു നിന്നൊഴിയാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും അത് പോളാര്‍ വിന്‍ഡിന്റെ ദിശയിലേക്ക് കയറി വരരുതേയെന്നാണ് അമേരിക്കക്കാരുടെ പ്രാര്‍ത്ഥന.

*** ***** *****
ജപ്പാനും റഷ്യയും തമ്മിലുള്ള നാവിക യുദ്ധത്തിനിടെ, റഷ്യന്‍ കപ്പലുകള്‍ക്കു സഹായവുമായെത്തിയ കപ്പല്‍ മുങ്ങിയിട്ട് ഇന്നേക്ക് നൂറു വര്‍ഷത്തിലധികമായി. ഈ കപ്പലില്‍ ഉണ്ടായിരുന്നതില്‍ ഏറ്റവും പ്രധാനം സ്വര്‍ണ്ണമായിരുന്നു. അതും ഒന്നു രണ്ടും ടണ്ണല്ല. ഏതാണ്ട് 200 ടണ്‍ സ്വര്‍ണം. കേള്‍ക്കുമ്പോള്‍ ആശ്ചര്യപ്പെടേണ്ട. കടലില്‍ മുങ്ങിയ ഈ കപ്പലിനു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം വിവിധ കമ്പനികള്‍. ഇപ്പോള്‍ സംഗതി കണ്ടെത്തിയിട്ടുണ്ട്. 113 വര്‍ഷം മുമ്പു മുങ്ങിയ ദിമിത്രി ഡോണ്‍സ്‌കോയ് എന്നു കപ്പല്‍ ദക്ഷിണ കൊറിയക്കാരാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്രയും സ്വര്‍ണത്തിന് ഇന്ന് 13,340 കോടി ഡോളര്‍ വിലവരും. എന്നാല്‍ ഇത് ഉയര്‍ത്തിക്കൊണ്ടു വരുന്നതാവട്ടെ, അതിലേറെ ശ്രമകരമാണു താനും. ദക്ഷിണകൊറിയയിലെ ഉല്ല്യംഗ്‌ദോ ദ്വീപിനു സമീപമാണ് കപ്പല്‍ കണ്ടെത്തിയത്. സ്വര്‍ണം അടക്കം ചെയ്തിട്ടുള്ളതെന്നു കരുതുന്ന വലിയ പെട്ടികള്‍ കപ്പലിനുള്ളില്‍ ഇപ്പോഴുമുണ്ട്. എന്നാല്‍, മുങ്ങല്‍ വിദഗ്ധര്‍ക്ക് എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ഇവ തുറക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കപ്പലിലെ സ്വര്‍ണം മുഴുവന്‍ തങ്ങള്‍ക്കു കൈമാറണമെന്നാണു റഷ്യയുടെ ആവശ്യം. പത്തു ശതമാനം റഷ്യക്കു കൊടുക്കാമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ റെയില്‍പാത നിര്‍മിക്കാന്‍ ഇതുപയോഗിക്കാമെന്നും കപ്പല്‍ കണ്ടെത്തിയ ഷിനില്‍ ഗ്രൂപ്പ് കമ്പനി പറഞ്ഞു. ജപ്പാന്‍ റഷ്യ യുദ്ധത്തിനിടെ, 1905ല്‍ റഷ്യയുടെ രണ്ടാം പസഫിക് കപ്പല്‍പ്പടയ്ക്കു മുഴുവന്‍ വേണ്ട സ്വര്‍ണവുമായി പോകവേയാണ് കപ്പല്‍ മുങ്ങിയത്. ജപ്പാന്റെ കൈയിലകപ്പെടാതിരിക്കാന്‍ റഷ്യക്കാര്‍തന്നെ മുക്കിയെന്നാണു വിശ്വസിക്കപ്പെടുന്നത്. എന്തായാലും നിധിവേട്ടക്കാര്‍ കോളടിച്ചിരിക്കുകയാണ്. നിരവധി വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് ഇപ്പോള്‍ കപ്പല്‍ കണ്ടെത്തിയിരിക്കുന്നത്. അതാവട്ടെ, കോടിക്കണക്കിനു ഭാഗ്യമാണ് അവര്‍ക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഏതാണ്ട് പത്തോളം കപ്പലുകളില്‍ റഷ്യയുടെ മാത്രമായി ലോകത്തിന്റെ പല ഭാഗങ്ങളിലായി മുങ്ങിക്കിടപ്പുണ്ടത്രേ. ഇതിന്റെ പിന്നാലെ മാത്രം വിവിധ നിധിവേട്ടക്കാര്‍ ചുറ്റിപ്പറ്റാന്‍ തുടങ്ങിയിട്ട് ഏതാണ്ട് അമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നെങ്കിലും കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തില്‍ അവര്‍ മുങ്ങിത്തപ്പി കൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ ദിമിത്രി ഡോണ്‍സ്‌കോയ് കണ്ടെത്തിയപ്പോള്‍ അവര്‍ക്ക് കൂടുതല്‍ വിശ്വാസം വന്നിരിക്കുന്നു, മുങ്ങാനുള്ള കൂടുതല്‍ ഊര്‍ജ്ജം ഉടലെടുത്തിരിക്കുന്നു.
Join WhatsApp News
കോരസൺ 2018-08-06 23:27:28
അഭിന്ദനങ്ങൾ ശ്രീ ജോർജ്!! 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക