Image

സനാതന ധര്‍മത്തിന്റെ ഏറ്റവും വലിയ ശത്രു ആര്‍.എസ്.എസാണെന്ന് സ്വാമി അഗ്‌നിവേശ്

Published on 06 August, 2018
സനാതന ധര്‍മത്തിന്റെ ഏറ്റവും വലിയ ശത്രു ആര്‍.എസ്.എസാണെന്ന് സ്വാമി അഗ്‌നിവേശ്

കൊച്ചി: സനാതന ധര്‍മത്തിന്റെ ഏറ്റവും വലിയ ശത്രു ആര്‍.എസ്.എസാണെന്ന് സ്വാമി അഗ്‌നിവേശ്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും അതിക്രമങ്ങള്‍ക്കും ഹിന്ദുത്വം ഉപയോഗപ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കരുതിക്കൂട്ടിയുള്ള ഈ നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രതയോടെ അണിനിരക്കണം. മോദിയും ഗോദ്‌സെയും നിലകൊള്ളുന്നത് ഒരേ ആശയത്തിന്റെ വക്താക്കളായാണ്. എറണാകുളത്ത് ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസിന്റെ സംഘപ്രചാരകാണ് ഇപ്പോള്‍ പ്രധാനമന്ത്രി പദത്തിലിരിക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗുജറാത്ത് കലാപമുണ്ടായത്. സ്വന്തം ആളുകളെ തന്നെ കൊലപ്പെടുത്തി അതിന്റെ കുറ്റം മറ്റുള്ളവര്‍ക്ക് മേല്‍ ചുമത്താന്‍ അവര്‍ക്ക് മടിയില്ല.

രാജ്യം അഭിമുഖീകരിക്കുന്ന വിപത്തിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി ഉണരണമെന്നും അദ്ദേഹം പറഞ്ഞു. മോദിയും അമിത് ഷായും ഗാന്ധിക്ക് വെറും ചൂല്‍ നല്‍കി സ്വച്ഛ് ഭാരതിന്റെ ചിഹ്നമാക്കി. എന്നാല്‍, അവര്‍ ഗാന്ധിയുടെ വാക്കുകളെ വകവെക്കുന്നില്ല. അഹിംസയാണ് ഗാന്ധിജി പഠിപ്പിച്ചത്. എന്നാല്‍, അത് സര്‍ക്കാര്‍ ഗൗനിക്കുന്നില്ല. യുവാക്കള്‍ മഹാത്മ ഗാന്ധിയുടെ സനാതനധര്‍മവും ജീവിതവും സ്വതന്ത്രമായും വ്യക്തിപരമായും പഠിക്കണം. പ്രധാനമന്ത്രിയും സര്‍ക്കാറും പലകാര്യങ്ങളിലും കള്ളം പറയുകയാണ്. ഇവിടെയുള്ള സമൂഹങ്ങള്‍ തമ്മിലോ മറ്റ് മതക്കാരുടെ ഇടയിലോ പ്രശ്‌നങ്ങളൊന്നുമില്ല.

അവയെല്ലാം സര്‍ക്കാറിന്റെ സൃഷ്ടികളാണ്. തനിക്കെതിരെയുണ്ടായ അക്രമത്തില്‍ ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ പലവട്ടം ചോദിച്ചിട്ടും ഇക്കാര്യത്തില്‍ മറുപടി കിട്ടിയിട്ടില്ല. ആദിവാസികള്‍ക്ക് വേണ്ടി നിലകൊണ്ടത് കൊണ്ടാണ് താന്‍ ആക്രമിക്കപ്പെട്ടത്. അത് കേവലം ഒരു വ്യക്തിക്കെതിരായ അതിക്രമമായി കാണാന്‍ കഴിയില്ല. ഭരണഘടനക്കും ഗാന്ധിജിയുടെ ആശയങ്ങള്‍ക്കും ആദിവാസി അധസ്ഥിത ജനതക്കുമെതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക