Image

വിശ്വ വിഖ്യാതമായ മീശ (ജെയിന്‍ ജോസഫ്)

Published on 07 August, 2018
വിശ്വ വിഖ്യാതമായ മീശ (ജെയിന്‍  ജോസഫ്)
അന്ന് ഒരു സാധാരണ സ്കൂള്‍ ദിവസമായിരുന്നു. പതിവുപോലെ രാവിലെ ആറുമണിക്ക് അലാറം വച്ചുണര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടയിലാണ് അവള്‍ അത് ശ്രദ്ധിച്ചത്. മൂക്കിനു താഴെ ചുണ്ടിനു മുകളില്‍ എന്തോ കറുത്ത നിറം. അവള്‍ വെള്ളമൊഴിച്ച് നന്നായി തിരുമ്മി കഴുകി. കണ്‍മഷി പടര്‍ന്നതാവാം. വീണ്ടും കണ്ണാടി അവള്‍ മുഖത്തോട് ചേര്‍ത്തു പിടിച്ചു. കറുത്ത കുറ്റിരോമങ്ങള്‍; നിരനിരയായി.

""അമ്മേ'' അവള്‍ ഉറക്കെ വിളിച്ചു. അമ്മ അടുക്കളയില്‍ നിന്ന് ഓടി വന്നു; പുറകെ അച്ഛനും. ഒറ്റ മകളാണ്!

പൊന്നുപോലെ വളര്‍ത്തിക്കൊണ്ടുവരുന്നവള്‍!

""മീശ തന്നെയാണ്.'' അമ്മ സ്ഥിരീകരിച്ചു.

""മീശയോ?'' അച്ഛന്‍ ഞെട്ടി.

""സാരമില്ല, ഈ പ്രായത്തില്‍ ഇതൊക്കെ പതിവാ. ഹോര്‍മോണിന്റെ കളിയാണിതൊക്കെ. അതല്ലേ പ്രായം!'' അഛന് ആശ്വാസമായി.

""എനിക്കിന്ന് സ്കൂളില്‍ പോവേണ്ട.'' പെണ്‍കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു.

""വേണ്ട, പോവേണ്ട. നമുക്കിന്നൊരു ബ്യൂട്ടി പാര്‍ലറില്‍ പോകാം. അവര്‍ വേണ്ടത് ചെയ്യും.'' അമ്മ മകളെ ആശ്വസിപ്പിച്ചു.

ബ്യൂട്ടീഷന്‍ അവളുടെ മീശ സൂക്ഷ്മമായി പരിശോധിച്ചു. നല്ല കട്ടിയുണ്ട്. ത്രെഡ് ചെയ്യേണ്ട, വേദനിക്കും. നമുക്ക് വാക്‌സ് ചെയ്തു നോക്കാം. ബ്യൂട്ടീഷന്‍ ചൂടുള്ള വാക്‌സ് പെണ്‍കുട്ടിയുടെ കറുത്ത നനുത്തതല്ലാത്ത മീശ രോമങ്ങളില്‍ പുരട്ടി. പിന്നെ ഒരു വശത്ത് പിടിച്ച് ഒരൊറ്റ വലി.

""അമ്മേ'' പെണ്‍കുട്ടി കരഞ്ഞു പോയി. വാക്‌സ് ചെയ്ത ഭാഗത്ത് ബ്യൂട്ടീഷന്‍ ഐസ് വച്ച് തണുപ്പിച്ചു. നന്നായി ചുവന്നിട്ടുണ്ട്. അമ്മ സൂക്ഷിച്ച് പരിശോധിച്ചു. അവിടവിടെയായി കുറച്ച് കുറ്റി രോമങ്ങള്‍ ബാക്കി. ""അത് സാരമില്ല, ഞാന്‍ ത്രെഡ് കൊണ്ടെടുക്കാം.'' ബ്യൂട്ടീഷന്റെ കൈവിരലുകള്‍ നൂലിലൂടെ ദ്രുതഗതിയില്‍ ചലിച്ചു. പെണ്‍കുട്ടി വേദന കടിച്ചു പിടിച്ചു സഹിച്ചു. ""ഇനിയിപ്പോള്‍ ഉടനെയൊന്നും വരില്ല. വന്നാല്‍ തന്നെ ഇത്ര കട്ടിയുണ്ടാവില്ല. ഇത്ര വേദനിക്കുകയുമില്ല കേട്ടോ. ഈ പ്രായത്തില്‍ ഇതൊക്കെ സാധാരണയാണ്. അപ്പര്‍ ലിപ്‌സ് ത്രെഡ് ചെയ്യാന്‍ എത്ര പെണ്‍കുട്ടികളാണെന്നോ സ്ഥിരം വരുന്നത്.'' ബ്യൂട്ടീഷന്‍ അവളെ ആശ്വസിപ്പിച്ചു.

അമ്മയും മകളും സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയ ഉടന്‍ അച്ഛന്റെ വിളി വന്നു. വിവരങ്ങളറിഞ്ഞ അഛനും ആശ്വാസമായി. ദിവസത്തിന്റെ ബാക്കി സമയം പെണ്‍കുട്ടി വരാനിരിക്കുന്ന പരീക്ഷയ്ക്ക് വേണ്ടി പഠിച്ചും ടി.വി കണ്ടുമൊക്കെ ചിലവഴിച്ചു.

പിറ്റെ ദിവസം കുറച്ചു കൂടി നേരത്തെ അലാറം വച്ച് അവള്‍ എഴുന്നേറ്റു. സ്കൂളില്‍ കുറച്ച് നേരത്തെയെത്തണം. ഇന്നലത്തെ നോട്ട്‌സ് ഒക്കെ എഴുതിയെടുക്കണം. അവള്‍ ബാത്‌റൂമിലെ കണ്ണാടിയുടെ മുമ്പില്‍ എത്തി. കണ്ണാടിയില്‍ ഒന്നേ നോക്കിയുള്ളൂ. ""അമ്മേ...'' എന്നുറക്കെ വിളിച്ചു കൊണ്ട് അവള്‍ അടുക്കളയിലേക്കോടി. രണ്ടു കൈകള്‍ കൊണ്ടും മുഖം പൊത്തി ഓടിവരുന്ന മകളെക്കണ്ട് അമ്മ അമ്പരന്നു.

സിറ്റൗട്ടില്‍ പത്രം വായിച്ചു കൊണ്ടിരുന്ന അഛനും ഞൊടിയിടയില്‍ അടുക്കളയിലെത്തി.

""എന്താ? എന്തു പറ്റി മോളേ?'' രണ്ടുപേരും മാറി മാറി ചോദിച്ചിട്ടും മകള്‍ കരച്ചില്‍ നിര്‍ത്തുന്നില്ല. ഒടുവില്‍ അവള്‍ മുഖം പൊത്തിയിരുന്ന കൈകള്‍ മാറ്റി. അഛനും അമ്മയും സ്തബ്ധരായി. മകളുടെ മുഖത്ത് കറുത്ത തഴച്ച ഒരു കട്ടിമീശ!

""ഇത്... ഇതെങ്ങിനെ?'' അമ്മ അഛനെ നോക്കി. മകള്‍ വീണ്ടും മുഖം പൊത്തി കരയാന്‍ തുടങ്ങി. അഛന്‍ അമ്മയെ മാറ്റി നിര്‍ത്തി സംസാരിച്ചു. ""ഉടന്‍ തന്നെ ഡോക്ടറുടെ അടുത്ത് പോകണം. എന്തോ കാര്യമായ ഹോര്‍മോണ്‍ പ്രശ്‌നം തന്നെയാവും.'' അമ്മയും അത് ശരി വച്ചു. ചെറിയ നനുത്ത കറുത്ത രോമങ്ങള്‍, പിഴുതു കളയാവുന്നവ ഒക്കെ പല പ്രായത്തില്‍ താനും കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലൊരു കട്ടമീശ... അമ്മയുടെ മനസ് പിടഞ്ഞു.

കൃത്യം പത്തുമണിയായപ്പോള്‍ അഛനും അമ്മയും മകളും ഡോക്ടറുടെ അടുത്തെത്തി. ഡോക്ടറുടെ മുറിയുടെ പുറത്ത് നല്ല തിരക്ക്. മകള്‍ ചുരീദാറിന്റെ ഷോള്‍ കൊണ്ട് തലയില്‍ കൂടി ചുറ്റി മുഖം ഏതാണ്ട് പകുതിയോളം മറച്ച് അമ്മയുടെ അരികില്‍ മറഞ്ഞിരുന്നു.

""ഒരു ദിവസം കൊണ്ടാണോ ഇത്രയും വളര്‍ച്ച?'' ഡോക്ടര്‍ ചോദിച്ചു. അമ്മ കാര്യങ്ങള്‍ വിശദീകരിച്ചു. ""ഇത്രയും പെട്ടെന്ന് ഇത്രയും രോമവളര്‍ച്ച ഉണ്ടാവുന്നത് ഞാനാദ്യമായിട്ടാണ് കാണുന്നത്. ഹോര്‍മോണ്‍ ഇംബാലന്‍സ് തന്നെയാണ് കാരണം. ബ്ലഡ് വര്‍ക്ക് ചെയ്യണം. ഇന്നുതന്നെ ഈ മരുന്ന് സ്റ്റാര്‍ട്ടു ചെയ്യണം.''

""ഡോക്ടര്‍ ഇതിപ്പോള്‍ എങ്ങിനെയാണ് ഇത് കളയേണ്ടത്? എന്നും വാക്‌സ് ചെയ്യുക എന്നു വച്ചാല്‍...'' അമ്മ നിസ്സഹായയായി ചോദിച്ചു.

""ഇത്രയും വളര്‍ച്ച ഉള്ളതു കൊണ്ട് ഷേവു ചെയ്യുന്നതാണ് നല്ലത്.'' ഡോക്ടര്‍ പറഞ്ഞു.

അഛന്‍ ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു. മകള്‍ തല കുമ്പിട്ടിരുന്നു; ഷോള്‍ കൊണ്ട് ചുണ്ടുകള്‍ മറച്ചു.

വീട്ടിലെത്തിയ ഉടന്‍ അമ്മ അഛന്റെ ഷേവിംഗ് കിറ്റുമായി മകളുടെ ബാത്‌റൂമിലെത്തി. റേസറില്‍ പുതിയ ബ്ലേഡിട്ട് നന്നായി കഴുകി. പിന്നെ മകളെ ബാത് റൂമില്‍ ഒരു കസേരയിട്ട് ഇരുത്തി.

""അമ്മേ... മകള്‍ മുഖം പൊത്തി. കറുത്ത കട്ടിരോമങ്ങള്‍ കൈയിലുരസിയപ്പോള്‍ അവജ്ഞയോടെ അവള്‍ കൈകള്‍ മാറ്റി.

""വേഗം, വേഗം ഷേവു ചെയ്തു കള.'' അമ്മ ഷേവിംഗ് ലോഷന്‍ അവളുടെ മീശയുടെ മുകളില്‍ പുരട്ടി. പിന്നെ റേസറെടുത്ത് വിറയ്ക്കുന്ന കരങ്ങളോടെ ഷേവു ചെയ്തു തുടങ്ങി. മീശ പോകുന്നിടത്തെ മകളുടെ മൃദുവായ മിനുസമേറിയ ചര്‍മ്മം അമ്മയുടെ കൈയ്യുടെ വിറ മാറ്റി. നിമിഷങ്ങള്‍ക്കകം അമ്മ മകളെ പൂര്‍വ്വ രൂപത്തിലാക്കി. കുടുംബത്തില്‍ വീണ്ടും സമാധാനം സംസ്ഥാപിതമായി. പക്ഷെ പിറ്റെ ദിവസം രാവിലെ മകളുടെ കരച്ചില്‍ തലേ ദിവസത്തേതിലും ഉച്ചത്തിലായിരുന്നു. ഇന്നലത്തേതു പോലെയുള്ള മീശയല്ല ഇന്ന്. നല്ല കപ്പടാ മീശ! പിരിച്ചു വയ്ക്കാവുന്ന നീളം. അമ്മ ഡോക്ടറെ വിളിച്ചു. ""മരുന്നു തുടങ്ങിയല്ലോ. കുറച്ചു ദിവസം എടുക്കും ഇഫക്ടുണ്ടാവാന്‍. അതുവരെ ഷേവു ചെയ്താല്‍ മതി.'' ഡോക്ടര്‍ കൈകഴുകി. അമ്മ മകളെ ഷേവു ചെയ്ത് റെഡിയാക്കി അഛന്‍ അവളെ കാറില്‍ സ്കൂളില്‍ കൊണ്ടാക്കി. കാറില്‍ നിന്നിറങ്ങുന്നതിനു മുമ്പ് അവള്‍ ഒരിക്കല്‍ കൂടി കാറിന്റെ കണ്ണാടിയില്‍ നോക്കി. കുഴപ്പമൊന്നുമില്ലായെന്നുറപ്പു വരുത്തി. പിന്നെ കാറില്‍ നിന്നിറങ്ങി സ്കൂളിലേക്ക് നടന്നു.

കുറച്ചു കഴിഞ്ഞ് അവളുടെ ക്ലാസിലെ ആണ്‍കുട്ടികള്‍ തന്നെയാണ് ആദ്യം ആ കാഴ്ച കണ്ടത്. മണിക്കൂറുകള്‍ കൊണ്ട് വീണ്ടും മീശ ആര്‍ത്തു വളര്‍ന്നിരിക്കുന്നു. ക്ലാസില്‍ കൂക്കുവിളികള്‍ ഉയര്‍ന്നു. കൂട്ടുകാരികള്‍ അവളെ ടീച്ചേഴ്‌സ് റൂമിലെത്തിച്ചു. കാഴ്ച കണ്ട് അദ്ധ്യാപകരും ഞെട്ടി. അരമണിക്കൂറിനകം അഛനുമമ്മയും സ്കൂളിലെത്തി. ക്ലാസ് ടീച്ചറും പ്രിന്‍സിപ്പലും അവരോട് സംസാരിച്ചു.

മരുന്നു കഴിച്ച് മീശ വളര്‍ച്ച കുറയുന്നതു വരെ കുട്ടിയെ വീട്ടിലിരുത്തി പഠിപ്പിക്കാം എന്ന ധാരണയില്‍ അവര്‍ അവളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. വീട്ടില്‍ വന്നതേ അവള്‍ ബാത്‌റൂമിലേക്ക് കയറി വാതിലടച്ചു പൊട്ടിപ്പൊട്ടി കരഞ്ഞു. അഛനുമമ്മയും വാതിലില്‍ മാറി മാറി മുട്ടി വിളിച്ചു. അവള്‍ തുറന്നില്ല. അരമണിക്കൂറിന് ശേഷം അവള്‍ പുറത്തു വന്നപ്പോള്‍ മുഖത്ത് മീശയുണ്ടായിരുന്നില്ല.

അന്ന് വൈകുന്നേരത്തോടെ അവളുടെ മീശക്കഥ സോഷ്യല്‍ മീഡിയയിലൂടെ സൈബര്‍ ലോകത്താകെ പാട്ടായി. അവളുടെ ഒരു സഹപാഠി തന്നെ ഫോട്ടൊയെടുത്ത് പല സോഷ്യല്‍ സൈറ്റുകളില്‍ പോസ്റ്റിയിരുന്നു. മണിക്കൂറുകള്‍ കൊണ്ട് "പോസ്റ്റ്' വൈറലായി. അങ്ങിനെ അന്ന് സൂര്യനസ്തമിക്കുന്നതിന് മുമ്പ് അവളുടെ മീശ വിശ്വവിഖ്യാതമായി.

പിറ്റേ ദിവസം രാവിലെ ഉറക്കമുണര്‍ന്ന അഛന്‍ കണ്ടത് ഒരു ജനക്കൂട്ടത്തേയായിരുന്നു. നാട്ടുകാരും, അഭ്യുദയകാംക്ഷികളും, അസൂയാലുക്കളും, മീഡിയക്കാരും ഒക്കെ വളരെ ശാന്തമായി സൗഹാര്‍ദ്ദപരമായി അവളെ, അവളുടെ മീശയെ ഒരു നോക്ക് കാണാനായി കാത്തു നിന്നു. അഛന്‍ ദേഷ്യപ്പെട്ട് വാതിലടച്ചു. അധികം വൈകാതെ തന്നെ സ്ഥലത്തെ പ്രധാനികള്‍ അവളുടെ വീട്ടിലെത്തി. ആദ്യം വന്നത് ജനപ്രതിനിധിയായിരുന്നു. അയാളുടെ മുമ്പില്‍ അച്ഛന് വാതിലു തുറക്കേണ്ടി വന്നു. മീശ കാണാമെന്ന് മോഹിച്ചു വന്ന അയാള്‍ നിരാശനായി. അവള്‍ അതിരാവിലെ തന്നെ ഉറക്കമുണര്‍ന്ന് ഷേവു ചെയ്തിരുന്നു. അയാള്‍ അവളുടെ കുടുംബത്തിന് എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്ത് യാത്രയായി. പിന്നെ വന്നത് മതനേതാക്കളായിരുന്നു; അവര്‍ അവള്‍ക്കു വേണ്ടി, മീശ വളരാതിരിക്കാനായി പ്രത്യേകം പ്രാര്‍ത്ഥനകളും മന്ത്രങ്ങളും ചൊല്ലി ഓരോരുത്തരായി പിരിഞ്ഞു.

മുറ്റത്ത് കൂടിയ മീഡിയക്കാര്‍ക്കും ജനങ്ങള്‍ക്കും അവളെ കാണാനായില്ല.

""എല്ലാവരോടും പോകാന്‍ പറ. എനിക്കു വിശക്കുന്നു.'' അവളുടെ സ്വരം ഉയര്‍ന്നു. അച്ഛന്‍ എല്ലാവരേയും ഒരുവിധത്തില്‍ പറഞ്ഞയച്ചു. പിന്നെ അവര്‍ ഉച്ചഭക്ഷണം കഴിച്ചു. കഴിച്ചു കഴിഞ്ഞയുടന്‍ വീണ്ടും കോളിംഗ് ബെല്ലടിച്ചു. വനിതാ കമ്മിഷന്‍ പ്രസിഡന്റാണ്. അഛന്‍ അവരെ സ്വീകരണമുറിയിലേക്കാനയിച്ചു. ആ ബഹുമാന്യ വനിത അവളോട് പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് ഘോരഘോരമായി സംസാരിച്ചു. പെണ്‍കുട്ടി അതൊന്നും ശ്രദ്ധിക്കാതെ അവരെത്തന്നെ നോക്കിയിരുന്നു. ആ സംസാരത്തിന്റെ മൂന്നാംഘട്ടത്തില്‍ പെണ്‍കുട്ടിയുടെ മുഖത്ത് മീശ പൊടിഞ്ഞു തുടങ്ങി. പെട്ടെന്നത് വളര്‍ന്നു; കട്ടിമീശയായി; കപ്പടാ മീശയായി; പിന്നെയും താഴോട്ട് വളരാന്‍ തുടങ്ങി.

അനിതരസാധാരണമായ ഈ കാഴ്ച കണ്ട് പേടിച്ചരണ്ട് വനിതാ കമ്മിഷന്‍ പ്രസിഡന്റ് ചായ കുടിക്കാന്‍ നില്‍ക്കാതെ ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടി ബാത്‌റൂമില്‍ കയറി കത്രികയെടുത്ത് താഴോട്ട് തൂങ്ങിക്കിടന്ന മീശ മുറിച്ച് വേസ്റ്റ് ബിന്നിലിട്ടു, പിന്നെ റേസറെടുത്ത് ബാക്കി മീശ ഷേവു ചെയ്യാന്‍ തുടങ്ങി.

പിറ്റെ ദിവസം അതിരാവിലെ അവള്‍ ഉണര്‍ന്നു. പിന്നെ കണ്ണാടിയില്‍ നോക്കി. മീശ വീണ്ടും ശക്തിയായി തിരിച്ചു വന്നിരിക്കുന്നു, നല്ല കട്ടി മീശ!!

തിളക്കമുള്ള കറുകറുത്ത മിനുസമുള്ള ആ മീശരോമങ്ങളില്‍ കൂടി അവള്‍ വിരലോടിച്ചു. ഷാമ്പൂ ചെയ്ത് മിനുക്കിയതുപോലുള്ള മിനുസം, മൃദുത്വം; പിന്നെ സാവധാനം അവള്‍ മീശയുടെ ഒരു വശം മുകളിലേക്കാക്കി. വിരലുകള്‍ പ്രത്യേക താളത്തില്‍ ചലിപ്പിച്ച് ഒരു വശത്ത് മീശയെ മുകളിലേക്ക് പിരിച്ചു; അതിന്റെ അറ്റം ചുരുട്ടി അതേ പോലെ തന്നെ മീശയുടെ മറുവശവും പിരിച്ചു; ചുരുട്ടി. അവള്‍ കണ്ണാടിയില്‍ നോക്കി. ഇതുവരെ തോന്നാത്ത ഒരു പ്രത്യേക സൗന്ദര്യം അവളുടെ മുഖത്ത് തെളിഞ്ഞു വന്നു. അവളുടെ കണ്ണുകള്‍ തിളങ്ങി. നിഗൂഢമായ ഒരു പുഞ്ചിരി അവളുടെ ചുണ്ടില്‍ വിരിഞ്ഞു. അവളുടെ ആത്മവിശ്വാസം വാനോളം ഉയര്‍ന്നു.

യൂണിഫോമിട്ട് ഒരുങ്ങി ബ്രേക് ഫാസ്റ്റ് കഴിച്ച് അത്ഭുതത്തോടെ അവളെത്തന്നെ നോക്കി നില്‍ക്കുന്ന അമ്മയുടെ കവിളത്ത് മീശയുരസി ഒരുമ്മ കൊടുത്ത് അവള്‍ മുറ്റത്തേയ്ക്കിറങ്ങി. മുറ്റത്ത് അവളെക്കാത്തു നിന്ന മീഡിയക്കാര്‍ക്കു നേരെ അവള്‍ കൈവീശി; പോസ് ചെയ്തു. ക്യാമറാ ഫ്‌ളാഷുകള്‍ മിന്നിത്തെളിഞ്ഞു. പിന്നെ അഛന്റെ കൂടെ കാറില്‍ക്കയറി സ്കൂളിലേക്ക് യാത്ര തിരിച്ചു. കാറില്‍ നിന്നിറങ്ങിയപ്പോള്‍ അഛനും മകളും പരസ്പരം നോക്കി ചിരിച്ചു. പിന്നെ കൈവീശി യാത്ര പറഞ്ഞു.

സ്കൂളിന്റെ നടപ്പാതയില്‍ അവളെ വരവേറ്റ കൂക്കുവിളികള്‍ക്ക് കളിയാക്കലുകള്‍ക്കിടയിലൂടെ മീശ പിരിച്ച് അവള്‍ നടന്നു.

മുമ്പോട്ട് നടക്കുന്നതിനിടയില്‍ കൂക്കുവിളികള്‍ കുറയുകയും മീശ വളരുകയും ചെയ്യുന്നതവളറിഞ്ഞു. വളരുന്നതിനനുസരിച്ച് അവള്‍ മീശ പിരിക്കുകയും പിരിക്കുന്നതിനനുസരിച്ച് അവളുടെ മീശ വളരുകയും ചെയ്തു.
Join WhatsApp News
മീശക്കാരൻ കേശവൻ 2018-08-08 00:16:48
ഒരു മീശ നിങ്ങൾ വടിച്ചു നീക്കിയാൽ 
മീശകൾ ഇല്ലാതെ ആകുകില്ല 
വടിക്കുന്ന കുറ്റിയിൽ നിന്ന് ഞങ്ങൾ
ആർത്തു തഴച്ചു വളർന്നു കേറും 
നിങ്ങടെ മൃദുലമാം മേൽചുണ്ടുകളിൽ  
നിങ്ങടെ കാലിൽ കൈ തണ്ടുകളിൽ 
ഞങ്ങൾ പടർന്നു കേറും 
റേസറും വാക്സും കൊണ്ട് നിങ്ങൾ 
ഞങ്ങളെ ഒതുക്കാൻ നോക്കിടേണ്ട 
ഞങ്ങൾ മീശകൾക്ക് ജാതിയില്ല 
ഞങ്ങൾക്ക് പ്രത്യേക മതവുമില്ല 
ഞങ്ങൾക്ക് സ്ത്രീയോ പുരുഷനെന്നില്ല 
ഹിന്ദുവോ ക്രിസ്തിയാനിയോ യോനകനൊ
എന്നുള്ള വ്യതാസം ഒട്ടുമില്ല 
ശണ്ഠയും ശുണ്ഠിയും വിട്ടു നിങ്ങൾ 
മീശ മിനുക്കി വിലസിടുക 

benny 2018-08-08 02:41:02
മനോഹരമായ പ്രതീകാന്മ കഥ... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക