Image

ഓര്‍മ്മയായത്‌ ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായന്‍

Published on 07 August, 2018
ഓര്‍മ്മയായത്‌ ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായന്‍
ദ്രാവിഡമുന്നേറ്റ കഴകത്തില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ ചാണക്യനായി മാറിയ കരുണാനിധി, ജീവിതം തന്നെ തമിഴകത്തിനായി സമര്‍പ്പിച്ച നേതാവാണ്‌. 

ഡിഎംകെയുടെ തലപ്പത്ത്‌ അരനൂറ്റാണ്ട്‌ കാലവും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അഞ്ചു തവണയും സേവനം അനുഷ്‌ഠിച്ച കരുണാനിധിതീക്ഷ്‌ണമായ വാക്കുകള്‍കൊണ്ട്‌ തമിഴ്‌ ജനതയുടെ സിരകളില്‍ തീപടര്‍ത്തിയ അനിഷേധ്യ നായകനാ യിരുന്നു.
ലോകത്തെങ്ങുമുള്ള തമിഴ്‌ ജനവിഭാഗങ്ങളുടെ ആരാധനാമൂര്‍ത്തിയായിരുന്നു അദ്ദേഹം.


കുറിക്കുകൊള്ളുന്ന വാക്കുകളായിരുന്നു തന്ത്രങ്ങളെക്കാളും വഴക്കങ്ങളെക്കാളും കരുണാനിധിയെ തമിഴക മനസ്സില്‍ പതിയാന്‍ തുണച്ചത്‌.

ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ അമരത്ത്‌ നീണ്ട അന്‍പത്‌ വര്‍ഷം തികച്ച കരുണാനിധി തമിഴ്‌ രാഷ്ട്രീയത്തിന്‍റെ മായ്‌ക്കാനാകാത്ത ഓര്‍മക്കുറിപ്പാണ്‌.
1953 ലെ കല്ലക്കുടി സമരത്തിലൂടെയാണ്‌ കലൈഞ്‌ജര്‍സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്‌.

വിദ്യാര്‍ത്ഥിയായിരിക്കെ ജസ്റ്റിസ്‌ പാര്‍ട്ടി നേതാവ്‌ അഴഗിരി സ്വാമിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായി രാഷ്ട്രീയത്തില്‍ തുടക്കമിട്ട കരുണാനിധി പെരിയോര്‍ ഇ വി രാമസ്വാമിയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി മാറി. നാടകം, സിനിമ, കവിതകള്‍, കഥകള്‍ അങ്ങനെ എഴുത്തുകള്‍ കൊണ്ട്‌ ജനങ്ങളുടെ വികാരത്തെ ഇളക്കിമറിച്ചായിരുന്നു കരണാനിധിയുടെ വളര്‍ച്ച.


ഈറോഡ്‌ നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ്‌ എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കരുണാനിധി ദ്രാവിഡ ആശയങ്ങളുടെ പ്രചാരണത്തിനായി മുരസൊലി എന്ന പത്രം ആരംഭിക്കുകയും ചെയതു.

അക്കാലത്താണ്‌ എംജിആറിനെ കണ്ടുമുട്ടുന്നതും ഗാന്ധിജി ആരാധകനായിരുന്ന എംജിആറിനെ ദ്രാവിഡ ആശയങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്നതും. 1969ല്‍ അണ്ണാദുരൈ മരിച്ചതോടെ ഡിഎംകെയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത കരുണാനിധി പിന്നീട്‌ വിശ്രമമറിഞ്ഞില്ല.

1957 ല്‍ തിരുച്ചിരപ്പള്ളിയിലെ കുളിതലൈ സീറ്റില്‍ നിന്നാണ്‌ കരുണാനിധി തമിഴ്‌നാട്‌ നിയമസഭയില്‍ ആദ്യം എത്തുന്നത്‌. 1961 ല്‍ ഡിഎംകെ ട്രഷററായ അദ്ദേഹം തൊട്ടടുത്ത വര്‍ഷം പ്രതിപക്ഷ ഉപനേതാവായി. 1967 ല്‍ പൊതുകാര്യമന്ത്രി. 1969 ല്‍ അണ്ണാദുരെയുടെ മരണത്തെതുടര്‍ന്ന്‌ മുഖ്യമന്ത്രി പദത്തില്‍.

അണ്ണാദുരൈയുടെ പിന്‍ഗാമിയാകാന്‍ വി ആര്‍ നെടുഞ്ചേഴിയന്‍ അടക്കമുള്ള നേതാക്കളുടെ പോരാട്ടത്തില്‍ കരുണാനിധിയ്‌ക്ക്‌ തുണയായത്‌ ഉറ്റതോഴനായ എംജിആര്‍. അതേ വര്‍ഷം ഡിഎംകെയുടെ അദ്ധ്യക്ഷ സ്ഥാനത്തും അവരോധിക്കപ്പെട്ടു.

1972ല്‍ കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ എംജിആര്‍ അണ്ണാ ഡിഎംകെ രൂപീകരിച്ചു.1977 ല്‍ ഡിഎംകെയെ പുറത്താക്കി എംജിആറിന്റെ അണ്ണാഡിഎംകെ അധികാരം പിടിച്ചു.

പിന്നീട്‌ തമിഴകം സാക്ഷിയായത്‌ കരുണാനിധി -എംജിആര്‍ പോരാട്ടത്തിനാണ്‌.
1987 ല്‍ എംജിആര്‍ വിടവാങ്ങുംവരെ കലൈഞ്‌ജര്‍ക്ക്‌ അത്ര തിളക്കം ലഭിച്ചിരുന്നില്ല.
എംജിആറിന്‍റെ കാലശേഷം അണ്ണാഡിഎംകെയെ ഏറ്റെടുത്ത ജയലളിതയും കാഴ്‌ചവെച്ചത്‌ കരുണാനിധിയുമായുളള പോരാട്ടംതന്നെ.
1991 ല്‍ ജയലളിത എഐഎഡിഎംകെയെ അധികാരത്തിലെത്തിച്ചു.

1996 ല്‍ കരുണാനിധിയുടെ തിരിച്ചുവരവിന്‌ തമിഴ്‌ രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. എന്നാല്‍ 2001ലും പാര്‍ട്ടിയ്‌ക്ക്‌ അധികാരത്തുടര്‍ച്ച ഒരുക്കാന്‍ കരുണാനിധിയ്‌ക്കായില്ല. 2006ല്‍ സഖ്യകക്ഷികളെ കൂട്ടുപിടിച്ച്‌ വീണ്ടും കരുണാനിധി മുഖ്യമന്ത്രിയായി. 2016 അവസാനം ആരോഗ്യ കാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന്‌ പിന്മാറുന്നത്‌ വരെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അവസാന വാക്കായി അദ്ദേഹം നിറഞ്ഞുനിന്നു.

ജയളിതയും ഇപ്പോള്‍ കരുണാനിധിയും ഓര്‍മയാകുമ്‌ബോള്‍ ഇനി തമിഴ്‌ രാഷ്ട്രീയത്തിന്റെ ഗതി മാറ്റത്തിന്റെ വഴിയിലൂടയാകുമെന്നുറപ്പ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക